Saturday, June 30, 2012

ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും സ്നേഹപൂര്‍വ്വം


ഇന്ദ്രപ്രസ്ഥത്തില്‍  നിന്നും സ്നേഹപൂര്‍വ്വം  
            
ചെറുകഥ                              മിനി.പി.സി



ഉമകുട്ടിയുടെ ഇരുപതാമത്തെ കത്തുമായി ഒരു ശിലാപ്രതിമ കണക്കെ അല്പ്പനേരമിരുന്നു. ഇത്തവണയും അവളെ നിരാശപെടുത്തണോ ? 
അവിചാരിതമായി കണ്ടുമുട്ടുക ,വാഗ്ദാനങ്ങളും ,മോഹങ്ങളും കൈമാറുക ....
ജീവിതത്തിന്‍റെ പേരറിയാവഴിത്താരയില്‍സ്വയം മറന്നുകളയുക.....
ഇതാണ് സാധാരണ ജനം !
പക്ഷെ ഉമ ഇവിടെ അതിന് ഒരപവാദമാകുന്നു.താനിതുവരെ ഒരു മറുപടി പോലുംഅവള്‍ക്കെഴുതിയിട്ടില്ല; എങ്ങനെയൊക്കയോ എഴുത്തില്‍താനിപ്പോള്‍ വിശ്വസിക്കാതായിരിക്കുന്നു .
           
_മെയിലും ,ഇന്റര്‍നെറ്റും ഫാഷനായ ഇക്കാലത്ത് , കത്തെഴുതാന്‍താല്പര്യം പ്രകടിപ്പിക്കുന്ന അസാധാരണ വ്യക്തിത്വമുള്ളഒരു പെണ്‍കുട്ടിയാണ് ഉമ! എന്നില്‍നിന്നും ഒരു മറുപടി അവള്‍പ്രതീക്ഷിക്കുന്നു... അവളെ അവഗണിക്കുന്നതെങ്ങനെ ? ലെറ്റര്‍പാഡും പേനയുമെടുത്ത് അടുക്കുംചിട്ടയുമില്ലാത്ത മനസ്സോടെ ...
വിശേഷങ്ങള്‍ക്കായി പരതി ....
അടുത്ത മുറിയില്‍നിന്നും വീരേന്ദര്‍സിങ്ങിന്‍റെ താളനിബദ്ധമായ പാട്ടിനൊപ്പം മകളുടെ ചിലങ്കയുടെ താളവുമുയരുമ്പോള്‍ ഞാന്‍ എഴുതി തുടങ്ങി .   
                              
എന്‍റെ പ്രിയപ്പെട്ട കുട്ടീ ..., 
ഓരോ ദിവസവും കാര്യമായിത്തന്നെ നിനക്ക് എഴുതണമെന്ന് കരുതും ,പക്ഷെ വ്യവച്ഛേദിച്ചറിയാനാവാത്ത നിയോഗങ്ങളിലൂടെ മനസ്സ് പായുമ്പോള്‍ആ നിമിഷം മാത്രം വിധിക്കപ്പെടുന്നില്ല .ഈ മഹാനഗരത്തിലെ ആള്‍ക്കൂട്ടത്തിലെവിടെയോ  ഞാന്‍നഷ്ട്ടപെട്ടു പോയിരിക്കുന്നു ! അസ്ഥികളില്‍തുളച്ചു കയറുന്ന തണുപ്പിന് ദല്‍ഹി കാത്തിരിക്കുകയാണ് ! 

ഹേമന്തത്തില്‍ഇലപൊഴിക്കുന്ന വൃക്ഷങ്ങളെ താലോലിച്ച്‌ഞാനീ മഞ്ഞുകാലം കഴിച്ചുകൂട്ടും .ഇവിടെ ഒരു നിമിഷം പിറന്നു വീഴാന്‍ ,അതിനെ എന്‍റെതാക്കാന്‍ ഞാന്‍ കൊതിക്കുകയാണ് ! 
ചതഞ്ഞരഞ്ഞ  അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കും ഇടയില്‍പെട്ട് യാന്ത്രികമായ മൌനം എന്‍റെ ആത്മാവിനെ ഞെരുക്കുമ്പോള്‍ഒരു മോചനത്തിനായി മനം കൊതിക്കുന്നു! 

പക്ഷെ  എല്ലാം അപ്രാപ്യമായ ഏതോ നിഗൂഡതയുടെ ആഴത്തില്‍ ,ശൂന്യതയുടെ മറവില്‍കൊഴിഞ്ഞു വീഴപ്പെടുന്നു. ഞാനെല്ലാം ഇന്ത്യ മഹാരാജ്യത്തിലെ വ്യക്തിത്വം നഷ്ട്ടപെട്ട യുവാക്കളുടെ ഗണത്തില്‍പെട്ടവനാണ്.ഭാസുരമായ സ്വപ്നങ്ങള്‍ക്ക് ചിറകുമുളപ്പിച്ച് ദല്‍ഹിയിലേക്ക് വലിച്ചെറിയപെട്ട എനിക്കിന്ന് രണ്ടു ചോയിസുണ്ട് .,ഒന്നുകില്‍ ഈ ജീവിതത്തില്‍നിന്നും ഒളിച്ചോടുക.,
അല്ലെങ്കില്‍ കാലമെന്ന അവധൂതന് പുറകെ ജീവിതത്തിന്‍റെ വിഴുപ്പു ഭാന്‍ഡവുമായി അലയുക !

മനസ്സില്‍ സംഘര്‍ഷം തുടരുകയാണ് ഒരു നിശ്ചയത്തിനു വേണ്ടി ! 
മാര്‍ക്സും,ഏ൦ഗല്‍സും,ലെനിനും ...
അവരുടെ സ്വപ്നങ്ങളുമെല്ലാം എന്‍റെ സഖാക്കള്‍
സമസ്യയാക്കുകയും ,ബൂര്‍ഷ്വകളുടെ തോളില്‍കയ്യിട്ടും ,പോക്കറ്റില്‍,
തെരുപ്പിടിച്ചും ..ഐക്യദാര്‍ഡിയപ്രഖ്യാപനം നടത്തുകയും ചെയ്യുമ്പോള്‍
ആദ്യമൊക്കെ എനിക്ക് ഉറക്കെ കരയണമെന്നു തോന്നിയിട്ടുണ്ട്, 

But  nobody
Is , here  to  wipe  out  my  tears ;   
അതുകൊണ്ട് ഇന്ത്യന്‍മുതലാളിത്ത വ്യവസ്ഥിതിയുടെ കളിത്തൊട്ടിലില്‍എന്‍റെ അന്തസത്തയെ ഉറക്കികിടത്താന്‍
ഞാന്‍നിര്‍ബന്ധിതനായിരിക്കുന്നു !
കുട്ടീ ,നിനക്കറിയ്വോ ..ജീവിക്കാനുള്ള വ്യഗ്രതയില്‍വീടും നാടും വിട്ട്
മൈലുകള്‍ക്കപ്പുറം, പറിച്ചു  നടപ്പെട്ട പല അഭ്യസ്തവിദ്യരും  ,struggle,
ചെയ്യുകയാണ് ചെയ്യുകയാണ്.
Survival   of  the  fittest “എന്നതാണല്ലോ
ഡാര്‍വിന്‍ തിയറി !ഇതൊക്കെ വായിച്ചു നിനക്ക് ബോറടിക്കുന്നുണ്ടോ ?

നിനക്ക് സുഖമാണോ?
കലാലയത്തിലെ എല്ലാ മണല്‍ത്തരികളും ,ഉമകുട്ടിയെഅറിയുമോ?
നിന്റെ കത്തുകളിലെ ഭാഷ വളരെ മനോഹരമാണ് !
കഥകളും കവിതകളുമൊക്കെ പ്രസിദ്ധീകരിച്ചു,വന്നുതുടങ്ങിയോ ?
ഒരുപാടെഴുതണം .സി .രാധാകൃഷ്ണന്‍റെ നോവലുകള്‍ വായിക്കുകയാണെങ്കില്‍ സയന്‍സും മാനുഷികതയും തമ്മില്‍ എങ്ങനെ
ബന്ധപെട്ടിരിക്കുന്നു എന്ന് മനസിലാക്കാം ! 
അപ്പോള്‍  വിദൂരമായ നീലാകാശത്തിലെ നക്ഷത്രങ്ങള്‍ നോക്കി കഥ പറയാനും ,അനന്തമായ നീലിമയില്‍ നിന്‍റെ വര്‍ണ്ണം രചിക്കുവാനും നിനക്ക് കഴിയും !
     
 “H2+o  =H2O   ഈ തിയറികളിലൊന്നും നിന്‍റെ ബോധം ഒതുങ്ങി
നില്‍ക്കരുതെന്ന് ഞാന്‍ ആശിക്കുന്നു .കുട്ടീ....,
നീ ആരെയും ആരാധിക്കരുത്!നീ തന്നെയാണ്,നിന്‍റെ ഗുരു.
നിഷേധിക്കാന്‍ നിന്‍റെ മനസാക്ഷി തയ്യാറാണെങ്കില്‍ എന്തിനെയും നിഷേധിക്കുക. എല്ലാറ്റിനുമുപരിയായി നല്ലൊരു സമൂഹജീവിയാവുക .....
       

പീഡനങ്ങളും,സ്വാര്‍ത്ഥ താല്പര്യങ്ങളും അരങ്ങുവാഴുന്ന,
അനാവശ്യ വിവാദങ്ങള്‍ വികസനം മുടക്കുന്ന കേരളത്തിന്‍റെ ചിത്രം നിന്‍റെ കത്തുകളില്‍ നീയറിയാതെ അടര്‍ന്നുവീണ..
കണ്ണുനീര്‍ത്തുള്ളികളില്‍ നിന്നും വായിച്ചെടുക്കാമെനിക്ക്. പ്രതികരണശേഷിയുള്ള മനുഷ്യജീവിയായിരിക്കുക! മരണം വരെ...

ഈ നോര്‍ത്തേണ്‍ കള്ച്ചറുമായി എനിക്ക് ഇഴകിചേരാനാവുന്നില്ല ...
എല്ലാറ്റില്‍നിന്നും ഒരന്യത ഫീല്‍ ചെയ്യുന്നു...
വേരുകളില്ലാതെ ഭൂമിയുടെ ഊഷരതയിലേക്ക് ആഴ്ന്നിറങ്ങുക പ്രയാസമല്ലേ ?

          ഇവിടെ നിന്ന്   ഒരു മടക്കം ഉണ്ടാവില്ലെന്ന് മനസ് പറയുമ്പോഴും നിന്നെ കാണണമെന്ന് മനസ്സ് കൊതിക്കും.അപ്പോള്‍
റഷ്യന്‍ കവയത്രി അന്ന ആഹ്മത്തോവയുടെ ഈ വരികള്‍ ഞാനോര്‍ക്കും! !

“.U    AND    I    ARE     A    MOUNTAIN OF    GRIEF  ..........,

U   AND I   WILL   NEVER MEET...

ONLY    TRY AT MIDNIGHT    ,
 
SEND ME A GREETING   THROUGH   THE   STARS”

                                                           
                                                                   എന്ന് ,സ്നേഹത്തോടെ ...................
മഷി തീര്‍ന്ന പേനയും ,ആശ്വാസം ലഭിച്ച മനസ്സുമായി ഉറങ്ങാന്‍ കിടക്കുമ്പോഴും അടുത്ത മുറിയിലെ ലൈറ്റ് അണഞ്ഞിരുന്നില്ല.....
വീരേന്ദര്‍സിങ്ങിന്‍റെ പാട്ടും ,മകളുടെ കാല്ചിലമ്പൊലികളും ഒരു
ഉറക്കു പാട്ടായി എന്നിലേക്ക് ഒഴുകിയെത്തികൊണ്ടിരുന്നു .  

Friday, June 29, 2012

പ്രിസം



കവിത                                               മിനി.പി.സി



                  പ്രിസം

"നിറങ്ങളുണ്ടാവുന്നത് എങ്ങിനെയാണ്?

തന്നിലൂടെ കടന്നുപോകുന്ന വിളര്‍ത്ത _

പ്രകാശനൂലുകള്‍ഭിത്തിയില്‍സപ്തവര്‍ണ്ണങ്ങള്‍

രചിയ്ക്കവേ ഹൃത്തടങ്ങളിലെങ്ങോ പൊടിയുന്ന 

ആശ്ച്ച്ചര്യമവളോട് ഇങ്ങിനെയാണ് ചോദിക്കുക !

അവളിലൂടെ കടന്നുപോകേണ്ടി വന്നവര്‍

തങ്ങള്‍ഒളിച്ചുപിടിച്ച പലതും 

ഘടകവര്‍ണ്ണങ്ങളായ് പിരിയുന്നതു കണ്ട് 

വിസ്മയിച്ചു !

ആ വര്‍ണ്ണങ്ങളിലോരോന്നിലും നന്മയും ,

സ്നേഹവും ,ദീനാനുകമ്പയുമുണ്ടെന്നറിയവെ

ഒരു തിരിച്ചറിയലിനു പാകപ്പെടുത്തിയ 

അവളെന്ന മാധ്യമത്തെ നന്ദിയോടെ അവരോര്‍ത്തു!

വിളര്‍ത്ത പ്രകാശകിരണങ്ങളെ 

മഴവില്ലാക്കി മാറ്റുന്ന അവളെ 

ഭൌതികശാസ്ത്രാധ്യാപകന്‍"പ്രിസ"മെന്നാണ് വിളിച്ചത് !

പ്രപഞ്ചം മുഴുവനും മഴവില്ലുകള്‍സൃഷ്ട്ടിക്കുവാന്‍

വെമ്പുന്ന അവളിലൂടെ ................

ഒരു വിളര്‍ത്ത പ്രകാശനൂലായ് കടന്ന് ...

ഒരു "മഴവില്ലായ്" പരിണമിക്കാന്‍

അയാളും കൊതിക്കുകയായിരുന്നു ! 
     

Wednesday, June 27, 2012

ശലഭം


ചെറുകഥ                              മിനി.പി.സി           ശലഭം

കൈപ്പിടിയിലൊതുക്കാവുന്നതിനും അല്‍പ്പം മാത്രം ഉയരങ്ങളിലൂടെ
പൊങ്ങിയും താഴ്ന്നും പറക്കുമ്പോഴുള്ള ആ ചിറകുകളുടെ നിറഭേദം
എന്നില്‍  വിസ്മയത്തിന്റെ ചെറുതരികളുണര്‍ത്തെ അവളെ  ഞാന്‍ 
ശലഭമെന്നു വിളിച്ചു !  

ആ വിളി കേട്ട മാത്രയില്‍ തന്‍റെ ചിറകിലെ
നാനോ വര്‍ണകങ്ങള്‍ നാനോ എന്‍ജിനുകളായി പ്രവര്‍ത്തിപ്പിക്കുന്നത്
സമര്‍ത്ഥമായി ഒളിപ്പിച്ചുവെച്ച് അവളെന്നെ പറക്കാന്‍ ക്ഷണിച്ചു.

ഒരുപാട
പരീക്ഷണ പറക്കല്‍ നടത്തിയിട്ടും നിറഭേദം വരാത്ത എന്‍റെ  ചിറകുകള്‍ നോക്കി അവളെന്നെ ലജ്ജിപ്പിക്കാന്‍ ശ്രമിക്കവേ....നാനോവര്‍ണ്ണകങ്ങളില്ലാത്ത
എന്‍റെ കറുത്ത  ചിറകുകള്‍ എന്നെ നോക്കി നെടുവീര്‍പ്പിട്ടു 
ഉദ്യാനങ്ങളിലെ പൂക്കളില്‍ നിന്നും  തേനുണ്ണാന്‍ അവളെന്നെ ക്ഷണിച്ചപ്പോള്‍ എന്‍റെ അധരങ്ങള്‍  അതിനായി ഞാന്‍ പാകപ്പെടുത്തി .എന്നാല്‍ പൂക്കളുടെ ഉള്ളറകളില്‍ നിന്നുപോലും നിഗൂഡതകളോടെ
തേന്‍ ഊറ്റി കുടിച്ച് കാന്‍ഡിലിവറിന് തുല്യമായ തന്‍റെ “സക്കേഴ്സ്”
മറച്ചു പിടിച്ച് അവളെന്നെ വീണ്ടും ലജ്ജിപ്പിച്ചു! എനിക്കായി അല്‍പ്പം പോലും  തേന്‍  കാത്തുവെയ്ക്കാത്ത പൂക്കളെ ഞാന്‍ കുറ്റപ്പെടുത്തവെ
അവര്‍ നിസ്സഹായതയോടെ കൈ മലര്‍ത്തി !
അവളുടെ ചിറകിന്‍റെ നിറഭേദവും ,നിഗൂഡതകളോടെയുള്ള
തേന്‍ നുകരലും എന്നില്‍ അലോസരങ്ങളുടെ ഭ്രമരമുണര്‍ത്തവെ ഒരു എപ്പിസ്റ്റമോളോജിസ്റ്റാണ്‌  അനിതരസാധാരണമായ അവളുടെ പ്രസരിപ്പിന്‍റെ രഹസ്യമെന്നോട് പറഞ്ഞത് !

പൂക്കളുടെ ഉള്ളറകളില്‍ നിന്നും അവള്‍ ഊറ്റിക്കുടിക്കുന്ന  തേനില്‍ നിന്നുമുള്‍കൊള്ളുന്ന ആ പ്രസരിപ്പിനായി
അവള്‍ക്കു മുന്‍പേ ഉദ്യാനത്തിലേക്ക്  പറന്ന എന്നെ നോക്കി  പൂക്കള്‍  പരിതപിച്ചു “എന്തിനാ വണ്ടേ  ഈ പാഴ്ശ്രമം ?”

Monday, June 25, 2012

പാവം കുട്ടികള്‍


ഇടവഴിയില്‍പൊഴിഞ്ഞുവീണ ഇലഞ്ഞിപൂക്കളെ  ചവിട്ടിമെതിച്ച് കുട്ടികള്‍കുറേനേരം കണ്ണാരം പൊത്തി കളിച്ചു. 

കളിച്ചു തളരുമ്പോള്‍കണ്ണന്‍ചിരട്ടയില്‍സൂക്ഷിച്ചുവെച്ച  കണ്ണിമാങ്ങ തിന്നും കടംകഥകള്‍പറഞ്ഞും അവര്‍ക്ഷീണം മാറ്റി.

അവരുടെ ലോകം പൂക്കളും ,പൂമ്പാറ്റകളും ,കാടും,മേടും ,യക്ഷിയും,ഭൂതവുംകാളനും,കൂളനും,കരിങ്കണ്ണന്മാരും,പുഴയും ,പൂമരങ്ങളും,പൂതപ്പാട്ടും നിറഞ്ഞതായിരുന്നു.”
നോക്ക്യേ കുട്ട്യേ ,ദാ .......ആനേനെ പോലൊരു മേഘം കിഴക്കോട്ട് നീങ്ങണ കണ്ടോ ?ആണ്‍കുട്ടി പെണ്‍കുട്ടിയോട് പറഞ്ഞു .”

“ശരിയ്ക്ക് നോക്ക് അത് ആനെനെ പോലല്ല ,ഒരു താടിക്കാരനെ പോലുണ്ട് ! അവള്‍വിസ്സമ്മതിച്ചു .
     
 “നിനക്ക് കണ്ണില്ലേ കുട്ട്യേ ?” അവന്‍വീണ്ടും തര്‍ക്കിച്ചു.
  “എനിക്ക് കണ്ണുണ്ട് കുട്ടിക്കാ കൊഴപ്പം ,അത് ആനയല്ലന്നെ !”

അവളും വിട്ടുകൊടുത്തില്ല .
 “എങ്കി നീയെന്നോട് കൂടണ്ട”. 
അവന്‍പുറം തിരിഞ്ഞിരുന്നു.
  
 “കൂടണ്ടെങ്കി വേണ്ട .യ്യോ !എന്താ പത്രാസ് “അവള്‍പരിഹാസത്തോടെ മുഖം കോട്ടി .
പിന്നെ കയ്യിലെ കുപ്പിവള കഷ്ണം കൊണ്ട് നിലത്ത് കളം വരച്ച്

ഒറ്റയ്ക്ക് തൊങ്ങി കളിച്ചു തുടങ്ങി .കളിക്കുമ്പോള്‍നിറയെ
മുത്തുകളുള്ള പാദസരം കിലുക്കി അവള്‍ അവനെ പരിഹസിച്ചു.  “കണ്ടാ മതി കോങ്കണ്ണി “. അവന്‍ദേഷ്യത്തോടെ മുഖം തിരിച്ചിരുന്നു.    നിമിഷങ്ങള്‍മണ്ണിരകളെ പോലെ ഇഴഞ്ഞു നീങ്ങി .....

ഇടയ്ക്കിടെ അവള്‍അവനെയും അവന്‍അവളെയും
നോക്കി .നേരാം മധ്യാഹ്നമാവുന്നു ! ആകാശം  ഇരുണ്ടു തുടങ്ങി ......
      ഒരു മഴയും ഒരു രാത്രിയും കഴിഞ്ഞാവും ഇനി കാണുന്നത്  പിണങ്ങിപോയാല്‍ഒരു സമാധാനവും ഉണ്ടാവില്ല !ഓരോ മഴത്തുള്ളിയും അവരുടെ ഇണക്കത്തിനായി കാര്‍മേഘങ്ങള്‍ക്കിടയില്‍പതുങ്ങി  നിന്നു.
ഉള്ളിലെ അനിയന്ത്രിതമായ സ്നേഹം അവനു മുന്‍പില്‍
ഒരുപാട്‌താഴ്ന്നുകൊടുക്കാന്‍അവളെ പാകപെടുത്തി .
അവള്‍പറഞ്ഞു “ കുട്ടി പറഞ്ഞതാ ശരി! ആ  മേഘത്തി
നേയ് ശരിക്കും ആനേടെ ഷെയ്പ്പാ ,സാക്ഷാല്‍മനിശേരി
കണ്ണന്‍റെ !  അവന്‍റെ ഉള്ളം കാര്‍മേഘം കണ്ട മയിലിനെ
പോലായി .അവന്‍പറഞ്ഞു “എന്‍റെ കുട്ട്യേ എന്‍റെ കാഴ്ചയ്ക്കാ കുഴപ്പം !ആ മേഘത്തിന് തനി താടിക്കാര
ന്‍റെ ഷെയ്പ്പാ !  ഇതുകേട്ട് മുത്തുകിലുങ്ങും പോലെ
അവള്‍ചിരിച്ചു ...കൂടെ അവനും .ഇതുകണ്ട് ആശ്വാസത്തോടെ മേഘക്കീറുകള്‍ക്കിടയില്‍പതുങ്ങി
നിന്നിരുന്ന മഴത്തുള്ളികള്‍ഓരോന്നായി പെയ്തിറങ്ങി!


“കുട്ട്യേ ...ഇനി നാളെ കാണാട്ടോ” 


അവര്‍ പരസ്പരം യാത്ര പറഞ്ഞ്
വീടുകളിലേയ്ക്കോടി .അപ്പോള്‍ മഴ ചിരിച്ചു ,പിന്നെ  അതിലെ വന്ന
മിന്നലിനോട് മന്ത്രിച്ചു “പാവം കുട്ടികള്‍ !”

Thursday, June 21, 2012

കൌതുകം




 കവിത                                      മിനി പി.സി 
                 കൌതുകം


    "ആല്‍മരത്തിന്‍റെ  താഴ്ന്ന ചില്ലയിലിരുന്ന

         സ്വര്‍ണ്ണനിറമാര്‍ന്ന  കിളിയെ

         അവന്‍  കയ്യെത്തിപ്പിടിച്ചു .

         അതിന്‍റെ  തൂവലുകള്‍ക്ക്

         ഇന്ദ്രനീലത്തിന്‍റെ കാന്തി  !

         കണ്ണുകളില്‍ പുഷ്യരാഗകല്ലുകളുടെ  തിളക്കം !

         അവനതിനെ  മാറോട് ചേര്‍ത്തു

         പിന്നെ പറന്നുപോകാതെ

         ഒരു ചില്ലുകൂട്ടിലിട്ടു .


ദിനരാത്രങ്ങള്‍  കൊഴിഞ്ഞു വീണു ,

അവന്‍റെ  കൌതുകം പടിഞ്ഞാറേ
     
ചക്രവാളങ്ങളില്‍ അസ്തമിച്ചു.

അവന്‍ കിളിയുടെ തൂവലുകള്‍ പറിച്ചെടുത്തു ,

കണ്ണുകളിലൊന്ന് ചൂഴ്ന്നെടുത്തു .

കൊക്കുകള്‍ മഷിയെഴുതി കറുപ്പിച്ചു .

ശിശിരവും ഹേമന്തവും കടന്നു പോയി

ഒരു ഗ്രീഷ്മത്തില്‍  മുറ്റത്തെ പാരിജാതചോട്ടില്‍

ചോറ് കൊത്തിത്തിന്നാനെത്തിയ

കാക്കയെ ചൂണ്ടി അവന്‍ പറഞ്ഞു
" നോക്ക് നിന്നെക്കാള്‍സുന്ദരിയായ പക്ഷി !” "

Tuesday, June 12, 2012

ക്രോമോസോമുകള്‍


      ചെറുകഥ                      മിനി.പി.സി.

           ക്രോമോസോമുകള്‍ 


ആപ്രിക്കോട്ടില്‍ ,ലൈലാക്കും ,പിങ്കും  പൂക്കള്‍ .തുന്നിയ  ചുരിദാറും ഞാന്നു കിടക്കുന്ന നീളന്‍ കമ്മലുകളും ,മാലയുമണിഞ്ഞ് ,നിലക്കണ്ണാടിയ്ക്കു ,മുന്‍പില്‍ നിത  റെ നേരം  ,   നോക്കിനിന്നു .,

തന്‍റെ "ലേഡിബേര്‍ഡില്‍  അഡ്വക്കേറ്റ്  ഗെയ്‌ക്വാദി ന്‍റെ  ഉദ്യാനം  കടന്നു പോകവേ ;അവളുടെ ,കണ്ണുകള്‍ തോട്ടക്കാരന്‍       " ഋഷികേശിനെ
                                      ' തിരയുകയായിരുന്നു   കാക്കി ,ഷര്‍ട്ടും പാന്‍റ്സും ,ധരിച്ച് ,മഞ്ഞറോസാപൂക്കള്‍ ,ഇടതിങ്ങിയ  ഭാഗത്തെ  ഇളംപുല്ലു  പറിച്ചു കളയുകയായിരുന്നു

അവന്‍ .ഒരു തോട്ടക്കാരന്‍ പയ്യനു വേണ്ടാത്ത സൌകുമാര്യം  അവനുണ്ടായിരുന്നു ......അത് കൊണ്ടാണ് "ടീനേജ് ഗേള്‍സ്‌ " ആ  വഴി ചുറ്റുന്നതെന്ന് അവനറിയാം .
സ്വപ്നങ്ങളിലല്ലാതെ  നിത അവനോട് സംസാരിച്ചിരുന്നില്ല .രണ്ടും കല്‍പ്പിച്ച്  അവള്‍ ,
ചോദിച്ചു  

" ഒരു പൂ തരാമോ  ?"

"ഏതു  വേണം ?"

"ആ  ജെറിബ്ര ! "

" പൂ തന്നാല്‍  എനിക്കെന്തു  തരും ?"

"എനിക്കറിയില്ല !"..........അവള്‍ നാണത്തില്‍  കുതിര്‍ന്ന
ഒരു മൂളിപാട്ടോടെ  ജെറിബ്രയുമായ്  പോകുന്നത്
തന്‍റെ  മുറിയുടെ  ജാലകത്തിലൂടെ  കണ്ട
അഡ്വ: ഗ്യ്ക്വാദ്  ഋഷികേശിനെ  വിസ്തരിച്ചു .

"ദിവസവും  ഇങ്ങനെ എത്ര  പൂക്കള്‍  കൊടുക്കാറുണ്ട് ?"

"എണ്ണിയിട്ടില്ല ."

"ആര്‍ക്കെല്ലാം ?"

"എല്ലാം  പെണ്‍കുട്ടികള്‍ക്കാണ് !"

"അവരുടെ പേര് ?"

"കൊടുത്ത പൂക്കളെയാണ്  ഞാനോര്‍ക്കാര് !"

" എന്താ  നിന്റെ പ്രോബ്ലം ?"

"സാബ്‌ , പ്രോബ്ലം എന്‍റെതല്ല ,എന്‍റെ ക്രോമോസോമിന്റെതാണ് 
!"..............................
അവനിലെ "  Y   ''ക്രോമോസോമും  
പെണ്‍കുട്ടികളിലെ "   X "ക്രോമോസോമുകളും

തമ്മിലുള്ള  ആകര്‍ഷണത്തില്‍ പെട്ട് തന്‍റെ ഉദ്യാനത്തിലെ ചെടികളെല്ലാം  പുഷ്പിക്കുന്നതോര്ത്ത് അഡ്വ:ഗൈക്വാദ്
അപ്പോള്‍  ഉള്ളില്‍ ചിരിക്കുകയായിരുന്നു

നീ വന്നുവോ ?


കവിത                               മിനി.പി.സി

        നീ  വന്നുവോ ?

ചന്ദ്രകാന്തങ്ങള്‍    പൊഴിക്കുമീ  
സാനുവില്‍ ഇന്ദ്രനീലങ്ങള്‍ തിളങ്ങും മിഴിയുമായ്
കാശ്മീര  സന്ധ്യകള്‍  പിന്നിട്ടു പിന്നിട്ടു        
നീ വന്നുവോ  ? എന്‍റെ തേങ്ങലായ് ....ഹര്‍ഷമായ് !

                               
മഞ്ജു മയൂരങ്ങള്‍  പീലി വിടര്ത്തുമീ
അഞ്ജന ശില്‍പ്പ മനോജ്ഞ കവാടത്തില്‍
നൂപുരനാദമിയലാത്ത  നോവായി
നീ വന്നുവോ ? എന്‍റെ തേങ്ങലായ്‌....  ഹര്‍ഷമായ് !
                                

സ്വര്‍ണ്ണമരാളങ്ങളര്‍ച്ചന  ചെയ്യുമീ
വര്‍ണ്ണ വിലാസ വിലോല തടങ്ങളില്‍
അര്‍ച്ചനാ പുഷ്പമായ് , രാഗമായ്, മാല്യമായ്
നീ വന്നുവോ ?എന്‍റെ തേങ്ങലായ്.  .. ഹര്‍ഷമായ് !



കൃഷ്ണ ശിലകളെ കോള്‍മയിര്‍ കൊള്ളിക്കുമീ
കഞ്ജബാണന്‍റെ  നര്‍ത്തനവേദിയില്‍  
ചെമ്പട്ടുധാരിയായ് ദാഹമായ്‌,ചാപമായ്
നീ വന്നുവോ ? എന്‍റെ തേങ്ങലായ്....   ഹര്‍ഷമായ്




സ്വപ്ന വിഹാരികള്‍ ഒന്നിളവേല്‍ക്കുമീ
രമ്യ സുരഭിയാം മാലിനീ തീരത്തും
ഏകനായ് മൌനിയായ്‌ ,നോവിന്‍റെ ശീലുമായ്
നീ വന്നുവോ ?എന്‍റെ തേങ്ങലായ് ....  ഹര്‍ഷമായ്  !  "

Saturday, June 9, 2012

കളഞ്ഞു പോയ ഹൃദയം


       
     കളഞ്ഞു പോയ ഹൃദയം



" സഖീ , പഴയ  ഗുഹാക്ഷേത്ര കവാടത്തിലൂടെ ....
ഇന്നലെകളിലേക്കൊരു  യാത്ര പോകാം !
അന്ന് നീ കൈതട്ടിത്തൂവിയ ചെഞ്ചായക്കൂട്ടുകളിലെങ്ങോ
എന്‍റെ ഹൃദയം  കളഞ്ഞുപോയിരിക്കുന്നു
ഇന്ന് നീ എന്നോടൊപ്പം വരിക ....
അതെനിക്കായ് കണ്ടെടുത്തു തരിക !
                                                         യാത്രയ്ക്കായൊരുങ്ങവേ വന്നൂ  ദ്വാരപാലകര്‍ ........
ചോദിച്ചു വാങ്ങി ഇന്നിന്‍റെയെല്ലാമെല്ലാം !
ആരതിയുഴിഞ്ഞു സാലഭഞ്ജികകള്‍ മൊഴിഞ്ഞു ,
മൃദു സ്മേരത്തോടെ ...........
ഇനി ഇന്നിന്‍റെ   നിങ്ങളില്ല ......
ഇന്നലകളിലെ നിങ്ങളിലേക്കാണ്  യാത്ര !

പുറപ്പെടും മുന്‍പ് പുറത്തെ വെട്ടത്തില്‍
നോക്കി നിന്നൂ അവരൊരുവേള മുഖാമുഖം !
പിന്നെ .....നടന്നൂ ....അകത്തെയിരുട്ടിലൂടെ ഇന്നലകളിലേയ്ക്ക് .....!
ഉള്ളില്‍ ..നീണ്ട ഇടനാഴികളില്‍ മുനിഞ്ഞു കത്തും
മണ്‍ ചെരാതുകള്‍  കടന്നുപോകെ അവളാരാഞ്ഞു ,
"എവിടെ  ഞാനത് കൈതട്ടിത്തൂവി ?
         
        പോകും വഴികളില്‍ കാണായ് പ്രഭാപൂരം !
        കേള്‍ക്കാറായ്  വസന്തമര്‍മ്മരങ്ങള്‍
         പൊട്ടിച്ചിരികള്‍ ..ആരവങ്ങള്‍ ....
          ഇന്നലയുടെ ഉള്‍ത്തുടിപ്പാര്‍ന്ന  സൌഹൃദങ്ങള്‍
          അവിടെല്ലാം അവള്‍ തിരഞ്ഞു ആ ഹൃദയം !
         പൊടുന്നനെ മാനം മേഘാവൃതമായ് ..........
          മഴ  പെയ്തിറങ്ങി ......
          ആ മഴത്തുള്ളികളോരോന്നും ...
       പണ്ടെന്നോ മാനത്തെ കറുത്ത ക്യാന്‍വാസില്‍ 
      അവള്‍ ,കോറിയിട്ട അജ്ഞാത ചിത്രങ്ങളെ  പേറി
     അയാളിലേക്ക് പെയ്തിറങ്ങെ
      അയാള്‍ മന്ത്രിച്ചു
            '"സഖീ ....നീയതു കണ്ടെടുത്തിരിക്കുന്നു !
     ഇനിയുള്ള യാത്രകളില്‍ അത് 
      നിന്നോടൊപ്പം ചേര്‍ത്തു കൊള്‍ക ."  


ഒരു മൊബൈല്‍ പ്രണയത്തിന്‍റെ അന്ത്യം


ഒരു മൊബൈല്‍ പ്രണയത്തിന്‍റെ  അന്ത്യം


" സുഹൃത്തേ .,ഇന്നലെ  എവിടായിരുന്നു നീ ?

ആരായിരുന്നു നിന്‍റെ സഹയാത്രിക  ?

എന്‍റെ മൊബൈലിന്‍ റിംഗ്‌ടോണും

എന്‍റെ മിസ്കോള്‍സും  ടോണിക്കു പോലെന്ന് ................

എന്‍റെ  മെസേജുകള്‍ സുഖം പകരും മസാജുകളെന്ന്‍

പണ്ടു നീ പറഞ്ഞിരുന്നു !

ഇന്നലെ ഏതു ദ്വീപില്‍ ചേക്കേറിയാണ് ,

നീയവ ഔട്ട്‌ ഓഫ് റേഞ്ച്  ആക്കിയത് ?

ഒരു  പ്രീ -പെയ്ഡ്‌ കണക്ഷനായ് ഞാനിരിക്കെ ,

ഒരു പോസ്റ്റ്‌ -പെയ്ഡ്‌  കണക്ഷന്‍ വേണ്ടിയിരുന്നോ ?

ഇന്ന് തര്‍ക്കങ്ങള്‍ക്കു നില്‍ക്കാതെ

ഞാനീ മൊബൈലില്‍ നിന്നും നിന്‍റെ നമ്പര്‍ ഡിലീറ്റ് ചെയ്യുന്നു ....

ഇന്നേയ്ക്കായല്ല ........എന്നെന്നേയ്ക്കുമായി ."

സ്വര്‍ഗം നഷ്ട്ടമാക്കുന്നവര്‍


കവിത                                      മിനി.പി.സി

           സ്വര്‍ഗം  നഷ്ട്ടമാക്കുന്നവര്‍

"
ചില മാലാഖമാരങ്ങിനെയാണ് ..................

സിറസ്‌  മേഘം പോലെ  ചിറകുകള്‍  ഉണ്ടായാലും

മനം  നിറയാന്‍ ' ഹല്ലേലുയ്യാ ' സ്തുതികളുന്ടെന്നാലും

അസംതൃപ്തിയുടെ മിന്നല്‍പൊട്ടുകള്‍ ,ഉള്ളില്‍ നിറയവേ

അത്യുന്നതന്‍റെ  ഇരിപ്പിടം  നോക്കിയവര്‍

ഉള്ളില്‍  അനീതി  നിരൂപിക്കും !

ഫ്രാത്തും ,ഹിദേക്കലും  ഹവീലാ ദേശവും വിട്ട്‌

വിഷലിപ്തമായ പെരിയാറും  ചാലിയാറും നോക്കിയവര്‍ ,

നെടുവീര്‍പ്പിടും !

ജീവവൃക്ഷത്തിന്‍  ഫലം നുകര്‍ന്ന അവരുടെ  നാവില്‍ ,

ഓര്‍ഗാനിക്‌  പഴങ്ങളെയോര്‍ത്ത്  വെള്ളമൂറും.......!

ലൂസിഫറുടെ  ഹൃദയങ്ങള്‍  ആവര്‍ത്തിക്കപ്പെടവേ

മിന്നലിന്‍ തിളക്കമാര്‍ന്ന  വാളിനാല്‍ അവര്‍ വെട്ടിവീഴ്ത്തപ്പെടും !

സ്വര്‍ഗം  നഷ്ടമാകുമ്പോള്‍ മാത്രം  അവരറിയും
അതിമോഹത്തിന്‍റെ  വിലയും  വിലക്കും !        "