Sunday, December 23, 2012

കാപാലികരുടെ ലോകം



മിനിക്കഥ                                         മിനി പി സി
 
           കാപാലികരുടെ ലോകം
ടെലിവിഷനിലെ  ന്യൂസ്‌ചാനലുകളില്‍ കൊടിഭേദമില്ലാതെ ഉയര്‍ന്നു കേട്ട പ്രതിക്ഷേധ പ്രകടനങ്ങള്‍ക്ക്‌ ഐക്യധാര്‍ട്യം പ്രകടിപ്പിച്ചുകൊണ്ട് അവളും  ആവേശത്തോടെ മുഷ്ടിചുരുട്ടി .
"കുറ്റം തെളിഞ്ഞാല്‍ ഇവനെയൊക്കെ പൊതുജനമധ്യത്തില്‍ നിരത്തി നിര്‍ത്തി വെടിവെച്ചുകൊല്ലുകയാണ് വേണ്ടത് !അല്ലെങ്കി വേണ്ട വെടിവെച്ചാ വേഗം ചാവും...കല്ലെറിഞ്ഞു കൊല്ലണം ,ചതഞ്ഞു ചതഞ്ഞു ,വേദനിച്ചു വേദനിച്ചു ഇവനൊക്കെ ഒടുങ്ങണം .അതെങ്ങനാ ഇവിടുത്തെ ദുര്‍ബലമായ നിയമവ്യവസ്ഥിതിയാണ് ഇത്തരം നരാധമാന്മാരെ തുണയ്‌ക്കുന്നത്.ഇവനൊക്കെ അറിയാം എന്ത് ക്രൂരത ചെയ്താലും ,ഇത്രയൊക്കെയേ സംഭവിക്കൂ എന്ന് ...."അവളുടെ വാക്കുകള്‍ വലിയൊരു കിതപ്പില്‍ അമര്‍ന്നുപോയി .
"ഈശ്വരാ,എന്താ കുട്ടീ ഇത് ? നിറവയറോടെ ഇരിക്കുമ്പോ ഇങ്ങനെ ടെന്‍ഷന്‍ അടിയ്ക്കാന്‍ പാടില്യാന്നറിയില്ലേ ?ആദ്യം ആ ടി .വി ഓഫ് ചെയ്യ് ,എന്നിട്ട് നല്ല,വല്ല പുസ്തകങ്ങളും എടുത്തു വായിക്ക്."
മുത്തശ്ശി അവളെ ശാസിച്ചു .
"എന്‍റെ മുത്തശ്ശി...,ഗര്‍ഭിണികള്‍ക്ക് പ്രതിക്ഷേധം പാടില്യാന്നുണ്ടോ?പ്രായഭേദമില്ലാതെ ,സ്ഥലകാലഭേതമില്ലാതെ ഇതിങ്ങനെ തുടര്‍ക്കഥയായാല്‍ എങ്ങിനെയാ ഈ രാജ്യത്ത് ജീവിക്ക്യാ ?"
അവള്‍ പുകയുന്ന നെറ്റിയില്‍ അല്‍പ്പം ടൈഗര്‍ ബാം എടുത്തു തടവി .
"എന്‍റെ അഭിപ്രായം എന്താച്ചാല്‍ എട്ടു വയസ്സ് തുടങ്ങി ,മുകളിലേയ്ക്കുള്ള എല്ലാ സ്ത്രീകള്‍ക്കും ഓരോ തോക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം ,അങ്ങനെയാവുമ്പോ കേസിനും ,വിചാരണയ്ക്കും ,തടവിനുമൊന്നും ഇവനെയൊന്നും വിട്ടുകൊടുക്കണ്ടല്ലോ !shoot at sight  അതാ വേണ്ടത് ."
അച്ഛന്‍ ആത്മരോക്ഷത്തോടെ പിറുപിറുത്തു.
"പീഡനം.....പീഡനം ഈ പീഡനവും പ്രതിക്ഷേധവുമൊക്കെ ഒരു വാര്‍ത്തയുമല്ലാതാവുന്ന കാലം വരണു.  മക്കളില്ലാത്തവര്‍ ഭാഗ്യവാന്മാര്‍ എന്ന് പറയുന്ന ഒരു കാലമാവും അത് , അവര്‍ക്ക് ആരെയോര്‍ത്തും വേവലാതിപ്പെടെണ്ടല്ലോ ."
അമ്മ വേദനയോടെ നെടുവീര്‍പ്പിട്ടു .മനസ്സിനെ മഥിയ്ക്കുന്ന അസ്വാരസ്യങ്ങളകറ്റാനായി പതിവുപോലെ അവള്‍ മുത്തശ്ശിയുടെ മടിയില്‍ തലവെച്ചു കിടന്നിട്ടും  പേടികൂടാതെ ഒന്ന് കണ്ണടയ്ക്കാന്‍ പോലും ഇന്നവള്‍ക്ക് കഴിഞ്ഞില്ല ...കണ്ണടയ്ക്കുമ്പോഴൊക്കെ ഒരു കുഞ്ഞിന്‍റെ അലറിക്കരച്ചില്‍ അവള്‍ കേട്ടു ..
"എനിക്ക് പേടിയാവുന്നമ്മേ..., കാപാലികരുടെ ആ ലോകത്തേയ്ക്ക് വരാന്‍ എനിക്ക് പേടിയാവുന്നമ്മേ ."
ആ കരച്ചില്‍ തന്‍റെ ഉദരത്തില്‍ നിന്നും ആത്മാവിലേക്ക് പടരവെ അവള്‍ നിസ്സഹായതയോടെ കൈമലര്‍ത്തി "എനിക്കെന്തു ചെയ്യാനാവും കുഞ്ഞേ ?"

Sunday, December 2, 2012

സറോഗേററ് മദര്‍



ചെറുകഥ                                                    മിനി പി സി


             സറോഗേററ് മദര്‍

സേക്രട്ട്ഹാര്‍ട്ട് സ്കൂളിന്‍റെ നീളന്‍  വരാന്തയിലൂടെ ഹെഡ്‌മിസ്ട്രെസ്സ് സിസ്റ്റര്‍ ജെമ്മയ്ക്ക് പിറകെ ആലോചനാഭാരത്തോടെ കോശിച്ചായന്‍ നടന്നു. പുതിയതായി പണിതുകൊണ്ടിരിക്കുന്ന ക്ലാസ്‌മുറികളെ കുറിച്ച് സിസ്റ്റര്‍ പറഞ്ഞതൊക്കെ മൂളിക്കേട്ടതൊഴിച്ചാല്‍  ഒന്നും തന്നെ ആ മനസ്സില്‍   കയറിക്കൂടിയില്ല .അയാള്‍ ചിന്തിച്ചത് മുഴുവന്‍ക്രിസ്റ്റിനെക്കുറിച്ചായിരുന്നു . എങ്ങനെയെങ്കിലും അവളെ പറഞ്ഞു സമ്മതിപ്പിക്കണം.അടുത്ത ആഴ്ച്ച തന്നെ അഡ്മിറ്റാവാനാണ് ഡോക്ടര്‍.സാമുവേല്‍  പറഞ്ഞിരിക്കുന്നത് . എത്രയും പെട്ടന്ന് സര്‍ജറി ആവശ്യമാണത്രേ ! താനും സൂസനും തിരിച്ചെത്തും വരെ ബെല്ലമോളെ ക്രിസ്റ്റിന്‍റെ അടുത്ത് നിര്‍ത്താനാണ് ആഗ്രഹിക്കുന്നത് അവളുടെ അടുത്ത് നിര്‍ത്തുമ്പോഴുള്ള സുരക്ഷിതത്വം വേറെവിടെ കിട്ടാനാണ് ?അവളതിന് സമ്മതിച്ചാല്‍  മതിയായിരുന്നു .ഒരാഴ്ച്ചത്തെ ചെന്നൈവാസം കഴിഞ്ഞ് ഇന്നലെയാണ് അവള്‍  എത്തിയത് . പോകുമ്പോഴുള്ള മൂഡാവില്ല തിരിച്ചെത്തുമ്പോള്‍! അവളുടെ വല്ലാത്ത പ്രകൃതമോര്‍ത്ത് അദ്ദേഹം നെടുവീര്‍പ്പിട്ടു .

" ആ, കോശിച്ചാ, ലാസ്റ്റ്‌ബെല്ലടിക്കാന്‍ സമയമായി ഞാന്‍ ഓഫീസ് റൂമിലോട്ടു ചെല്ലട്ടെ..പിന്നെ ഞങ്ങളെല്ലാവരുടെയും പ്രാര്‍ത്ഥന കോശിച്ചനു കൂടെ എപ്പോഴും ഉണ്ടാവും!കര്‍ത്താവ് അനുഗ്രഹിക്കട്ടെ  ബെല്ലമോളെ നിങ്ങള് വരും വരെ ഒന്ന് നോക്കാമോ എന്ന്  ഞാന്‍  ക്രിസ്റ്റിനോട് ചോദിച്ചിട്ടുണ്ട് ,കോശിച്ചനും ഒന്ന് ചോദിച്ചു നോക്ക് . ”

സിസ്റ്റര്‍ജെമ്മ മനോഹരമായ ഒരു ചിരി കോശിച്ചായന് സമ്മാനിച്ച്‌ നടന്നു നീങ്ങി . കോശിച്ചായന്‍  തന്‍റെ “എറ്റിയോസ്‌ ”  ‘സ്കൂള്‍ബസ്സിനു തടസമുണ്ടാക്കാതെ സ്റ്റാഫ്‌റൂമിനരുകിലെ ഓറഞ്ചുമരചോട്ടിലേക്ക് മാറ്റിയിട്ട് അവളെയും കാത്തിരുന്നു .കുട്ടികളെല്ലാം പോയിക്കഴിഞ്ഞും അവളെ കാണാഞ്ഞ് അച്ചായന്‍ സ്റ്റാഫ്‌റൂമിലേക്ക്‌ ചെന്നു.അവിടെ തിരക്കിട്ട നോട്ട് കറക്ഷനിലായിരുന്നു  അവള്‍. ആ മുഖഭാവം കണ്ടപ്പോഴെ കോശിച്ചായനു മനസിലായി കക്ഷി നല്ല മൂഡിലല്ല.

” കൊച്ച് ഇന്നലെ എപ്പോഴാ വന്നേ ?ഒന്ന് വിളിച്ചു പോലുമില്ലല്ലോ പോയ കാര്യം എന്തായി ? ”
കടുപ്പിച്ച് എന്തോ പറയാന്‍ അവള്‍ ആഞ്ഞതും സിസ്റ്റര്‍ജെമ്മ അങ്ങോട്ട്‌ വന്നു .ഇനി രണ്ടു ദിവസം അവധിയല്ലേ ഈ നോട്ട്സ് നോക്കാന്‍വേണ്ട സമയമുണ്ടല്ലോ ,കോശിച്ചനെത്ര നേരമായി ടീച്ചറെ നോക്കി നില്‍ക്കുന്നു ! ”

ഒരു കൃതൃമചിരിയോടെ നോട്ട്സ് മുഴുവന്‍ബിഗ്‌ ഷോപ്പറിലാക്കി അവള്‍ കാറില്‍കയറിയിരുന്നു. ക്രിസ്റ്റിന്‍റെ മുഖഭാവം കൂടുതല്‍ കടുപ്പമാവുന്നത് കണ്ട് തന്‍റെ സ്വതസിദ്ധമായ നര്‍മ്മബോധത്തോടെ  കോശിച്ചായന്‍  പറഞ്ഞു ,

“എന്‍റമ്മോ ,നിന്‍റെയീ നോട്ടമുണ്ടല്ലോ ,ഇതേയ് സിയോണിസ്റ്റ്കളെ കണ്ട സദ്ദാംഹുസൈന്‍റെ നോട്ടാ...ദഹിപ്പിക്കുന്ന നോട്ടം ! ”
അതുകേട്ട് അവള്‍ക്കു പെട്ടെന്ന് ചിരി വന്നെങ്കിലും അത് മറച്ചു വെച്ച് ഗൌരവത്തോടെ അവള്‍പറഞ്ഞു ,

“ കോശിച്ചായാ....ഞാന്‍പലതവണ പറഞ്ഞിട്ടുള്ളതാ എന്നെ എന്‍റെ പാട്ടിനു വിടാന്‍. ആരുടേം സ്വസ്ഥതേലും സ്വകാര്യതേലുമൊന്നും  ഞാന്‍നുഴഞ്ഞു കയറാറില്ലല്ലോ ,അതുപോലെതന്നെ എനിക്ക് ചുറ്റിലും ഞാനും ഒരു ബോര്‍ഡ്‌ വെച്ചിട്ടുണ്ട് ട്രെസ് പാസ്സേര്‍സ്സ് ഷുഡ് ബി പ്രൊഹിബിറ്റെഡ് എന്ന് ! വിവരമുള്ളോര്‍ക്ക് അത് മനസ്സിലാകും . ”
“ എന്‍റെ കൊച്ചേ കര്‍ത്താവിന്‍റെ  ക്രൂശില്‍മനുഷ്യര്‍ക്ക്‌ മനസ്സിലാകണ ഭാഷേലാ കാര്യങ്ങളൊക്കെ എഴുതി വെച്ചെക്കുന്നെ ,നീന്‍റെ മുഖത്ത് ഏതു ഭാഷേലാ എഴുതി വെച്ചേക്കണേ ,നീ പറഞ്ഞത് ഇംഗ്ലീഷ് ആണെങ്കിലും അത് വായിച്ചെടുക്കാന്‍ആര്‍ക്കും പറ്റുന്നില്ല കേട്ടോ ”
കോശിച്ചായന്‍ചിരിയായി .

“ഓ മതി ഒരു തമാശ ! ” അവള്‍ സ്റ്റിരിയോ ഓണ്‍ചെയ്ത് പാപ്പാ റോച്ചെയുടെ “കട്ട് മൈ ലൈഫ് ഇന്‍റ്റു പീസെസ് .............”ആസ്വദിച്ചു ചാരിക്കിടന്നു .
“ആട്ടെ ,പൊന്നുമോള് പറ,എന്തായി ചെന്നെയിലെ കാര്യങ്ങളൊക്കെ ?ആ തമിഴ് മകനെ നീയെങ്ങനെ ഒതുക്കി ?പോലീസോ ,പട്ടാളമോ വേണ്ടി വന്നോ?”

“പിന്നേ....ഒന്നും വേണ്ടി വന്നില്ല.ആ ടെക്സ്റ്റയില്‍ഷോപ്പ്‌ കിട്ടാന്‍വേണ്ടിയാണല്ലോ അവന്‍ എന്‍റെ പുറകെ നടന്നത് ?അത് ഞാന്‍ഒ രു മാര്‍വാഡിക്ക് വിറ്റു.പണം മുഴവന്‍ ഇവിടുത്തെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു ...കട പോയീന്നറിഞ്ഞതോടെ അവന്‍റെ അന്‍പും പാശവുമൊക്കെ അന്റാര്‍ട്ടിക്കയിലെ മഞ്ഞു പോലെ ഫ്രീസായിപ്പോയി”

“ആരുടെ ഐഡിയയാ ഇതൊക്കെ ?ഇലയ്ക്കും മുള്ളിനും കേടില്ലാതെ !”

“അതാ അച്ചായാ എന്‍റെ ഭാഗ്യമെന്നു പറയുന്നത് ..ജീവിതം വീണ്ടും വീണ്ടും എന്നോട് ക്രൂരത കാട്ടുമ്പോഴും എന്‍റെ ക്ലയന്‍റ്സിന് എന്നോട് വളരെ സ്നേഹമാ! ഐഡിയ ആ  ഗൌണ്ടര്‍ഫാമിലീടെ തന്നെയാ .ഞാനൊരു സറോഗേറ്റ് മദറായിട്ടു കൂടി, നിങ്ങളൊക്കെ എന്നെ ചുമ്മാ കേറിയങ്ങ് കരുതുവല്ലേ .ഇവിടാണെങ്കി സംഭവം നടന്നിട്ട് പന്ത്രണ്ടു വര്‍ഷം കഴിഞ്ഞും എന്നെ വിടാതെ പിന്തുടരുവാ ഒരപ്പനും അമ്മേം .എന്നെയൊന്നു സ്വസ്ഥമായി ശ്വാസം കഴിക്കാന്‍പോലും സമ്മതിക്കാതെ ,നോക്കണേ ഒരു സറോഗേറ്റ് മദറിന്‍റെ പങ്കപ്പാട്!”

അവള്‍  ചെറുചിരിയോടെ കോശിച്ചായനെ പ്രകോപിപ്പിക്കാനൊരു വൃഥാ ശ്രമം നടത്തി .അയാള്‍ ഒന്നും പറഞ്ഞില്ല ,കുറെ ഓര്‍മ്മകള്‍ മൂടല്‍മഞ്ഞലകള്‍പോലെ അയാളെ പൊതിഞ്ഞിരിക്കുകയായിരുന്നു .എല്ലാ ചികില്‍സകളും പ്രാര്‍ഥനയും മടുത്ത നിമിഷത്തിലാണ് സറോഗസിയെക്കുറിച്ച്  ഡോക്ടര്‍  പറയുന്നത് .ഉടനെ തന്നെ ആളെയും കിട്ടി .വിശദമായ ചര്‍ച്ചകള്‍ക്കും എഗ്രിമെന്‍റിനും ശേഷം അഡ്വാന്‍സ് തുക അഞ്ചു ലക്ഷം രൂപയും വാങ്ങി പത്തൊന്‍പതു വയസ്സ് മാത്രം പ്രായമുള്ള ക്രിസ്റ്റിനെ ഹോസ്പിറ്റലില്‍വിട്ട് ഭര്‍ത്താവ് പോകുന്നു .ഒരാഴ്ച്ച കഴിഞ്ഞ് പത്രം വഴിയാണ് അയാള്‍ ആക്സിഡന്റില്‍ മരിച്ച വിവരം ഞങ്ങളറിയുന്നത്...ട്രീറ്റ്മെന്‍റ് തുടങ്ങിയത് കൊണ്ട് അവളെ  അറിയിച്ചാല്‍ ഉണ്ടായേക്കാവുന്ന പ്രോബ്ലെങ്ങളോര്‍ത്ത് ഒന്നും പറയേണ്ടെന്നു ഞാനും ഡോക്ടറും തീരുമാനിച്ചെങ്കിലും സൂസമ്മയ്ക്ക് മനസ്സായില്ല .

.”അത് വേണ്ടിച്ചായാ പാവം പെണ്‍കൊച്ചാ നമക്കതിനോട് കാര്യങ്ങളൊക്കെ പറയാം അതിന് വേറാരും ഇല്ലാന്നാ തോന്നണെ .”
അങ്ങനെ കാര്യങ്ങള്‍പേടിച്ചു പേടിച്ച്  അറിയിച്ചപ്പോള്‍അവളുടെ റിയാക്ഷന്‍കണ്ടു  ഞങ്ങള്‍ ഞെട്ടിപ്പോയി .ആശ്വാസത്തോടെ  കുരിശു വരച്ച് ഞങ്ങളെ നോക്കി ആദ്യമായവള്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു .

“ എന്‍റെ മനസ്സില്‍ എന്നേ അയാള്‍മരിച്ചതാ ! എനിക്കൊരു  ഗ്രാന്‍ഡ്‌ഫാദര്‍ മാത്രേ ഉണ്ടായിരുന്നുള്ളൂ .അപ്പാപ്പന്‍ മരിക്കും മുന്‍പ് ആരാ ഏതാ എന്നൊന്നും തിരക്കാതെ പിടിച്ചു കെട്ടിച്ചതാ ...അയാള്‍ക്ക്‌ വേറേം ഭാര്യേം മക്കളുമൊക്കെ ഉണ്ട്,മരിച്ചത് നന്നായി ഇല്ലെങ്കി ഇത് കഴിയുമ്പോ എന്നെ വല്ല റെഡ്‌സ്ട്രീറ്റിലും  വിറ്റു കാശാക്കിയേനെ ! ’’
അവളുടെ തുറന്ന സമീപനവും,അഭിമാനബോധവും,മാന്യമായ പെരുമാറ്റവും  ഞങ്ങളെ അവളിലേക്ക് അടുപ്പിച്ചു,പക്ഷെ  അവള്‍ അകന്നു തന്നെ നിന്നു.ഒരു വാടക അമ്മയുടെ സകലപരിമിതികളും ഉള്‍ക്കൊണ്ടുകൊണ്ട് !.ഒടുവില്‍ഡെലിവറി കഴിഞ്ഞ് ഇവിടെ  നില്‍ക്കാന്‍ ഒട്ടും താല്പ്പര്യപ്പെടാതിരുന്ന അവളെ വളരെ നിര്‍ബന്ധിച്ചാണ്  സൂസന്‍ ചെന്നൈ എത്തിരാജ് യൂണിവേഴ്സിറ്റിയില്‍ചേര്‍ത്ത് പഠിപ്പിച്ചത് .ഗ്രാജുവേഷനും ,പോസ്റ്റ്‌ഗ്രാജുവേഷനും ,യു.ജി.സിയും റിസേര്‍ച്ചും അങ്ങനെ പഠനം മുറുകിയ സമയത്താണ് ,കൂട്ടുകാരിക്കു വേണ്ടി വീണ്ടുമൊരു സഹായം ചെയ്യാനുറച്ചത്.ലക്ഷ്മിപ്രിയയുടെ ചേച്ചിക്ക് കുട്ടികളുണ്ടാകാത്തതിനെതുടര്‍ന്ന് ചേച്ചിയുടെ ഭര്‍ത്താവിനെ കൊണ്ട് ലക്ഷ്മിയെ  കെട്ടിക്കാന്‍ ചേച്ചിയും വീട്ടുകാരും കൊണ്ട് പിടിച്ച ശ്രമം നടത്തുമ്പോഴാണ് സഹായഹസ്തവുമായി .ക്രിസ്റ്റിന്‍ചെല്ലുന്നത്.

അതുകൊണ്ട് ലക്ഷ്മിപ്രിയയ്ക്ക് സ്നേഹിച്ച ആളുമൊത്ത് ഒരു ജീവിതം  കിട്ടിയപ്പോള്‍ചേച്ചിയ്ക്കും ചേട്ടനും കിട്ടിയത്  ഒരു പുനര്‍ജന്മവും! .അവളുടെ  ചേട്ടന്‍ ഗൌണ്ടെര്‍   പ്രതിഫലമായി കൊടുത്ത ടെക്സ്റ്റയില്‍ഷോപ്പും ,പഠനവുമൊക്കെയായി അങ്ങനെ കുഴപ്പമില്ലാതെ ജീവിതം മുന്നോട്ടു പോകുമ്പോഴാണ് അനിയന്‍ ഗൌണ്ടരുടെ ശല്യം ,അവനു ക്രിസ്റ്റിനെ വിവാഹം കഴിച്ച് ആ സ്ഥാപനം സ്വന്തമാക്കണം എന്നേയുണ്ടായിരുന്നുള്ളു .ആളുകളെ പെട്ടന്ന്  തിരിച്ചറിയാന്‍ക്രിസ്റ്റിനുള്ള കഴിവ് വേറാര്‍ക്കുമില്ലെന്നു പലപ്പോഴും തോന്നിയിട്ടുണ്ട് അവള്‍കോഴ്സ്  പൂര്‍ത്തിയാക്കി ഇങ്ങോട്ട് പോന്നതു തന്നെ അവനെ ഒഴിവാക്കാനായിരുന്നു ...അങ്ങനെ ആ ശല്യവും തീര്‍ന്നു. കുറച്ചു നാളത്തേക്ക് മാത്രമേ അവള്‍ ഈ സ്കൂളില്‍ ജോലി നോക്കൂ .. കോളേജില്‍ ജോലി കിട്ടി ഇവിടെ നിന്ന് പോകും മുന്‍പ് അവളോട്‌ മനസ്സ് തുറന്നു സംസാരിക്കണം .

പാട്ട്കേട്ട് അവള്‍ ഉറങ്ങിത്തുടങ്ങിയിരുന്നു .

“ക്രിസ്റ്റിന്‍ നീ ഉറങ്ങിയോ ? നീയിവിടെ വന്നിട്ട് അഞ്ചു മാസം കഴിഞ്ഞു ,ഇതുവരെ നീ വീട്ടില്‍ വരികയോ ബെല്ല മോളെ കാണാന്‍ താല്പ്പര്യപ്പെടുകയോ ചെയ്തിട്ടില്ലല്ലോ നീ ഇന്ന് വീട്ടിലേക്കു വരണം  ” 
അയാള്‍ പറഞ്ഞു മുഴുമിപ്പിക്കും മുന്‍പെ  അവള്‍ തറപ്പിച്ചു പറഞ്ഞു .

“ ഇല്ല ,വെറുതെ എന്നെയതിനു നിര്‍ബന്ധിക്കരുത് ,എനിക്കീ ദശരഥം കളിക്കാന്‍ താല്‍പ്പര്യമില്ലാത്തോണ്ടാ .എനിക്ക് ആ കൊച്ചിനെ കണ്ടിട്ട് ഒരു കാര്യോമില്ല കോശിച്ചായാ...അതിനോട് എനിക്ക് ഒരിഷ്ടമോ കാണാന്‍ താല്‍പ്പര്യമോ തോന്നണ്ടേ ?കൂലി പറഞ്ഞുറപ്പിച്ച് വാങ്ങിയ മുതല്‍ പത്തുമാസം കഴിയുമ്പോ കേടുപാട് കൂടാതെ  തിരിച്ചേല്‍പ്പിക്കാന്‍പറ്റണെ എന്ന പ്രാര്‍ത്ഥന മാത്രേ എനിക്കുണ്ടായിരുന്നുള്ളു , എന്തിനാ എപ്പോഴും ഇതും പറഞ്ഞ്  സൂസാന്റിയും അച്ചായനും എന്നെ ശല്യം ചെയ്യുന്നത് ?എന്നെ എന്‍റെ താമസസ്ഥലത്ത് ഇറക്കി വിട്ടേരെ. ”
അസ്വസ്ഥതയോടെ അവള്‍മുഖം കുടഞ്ഞു.കോശിച്ചായന്‍ അവളെ നോക്കി വേദനയോടെ പറഞ്ഞു ,

“ക്രിസ്റ്റിന്‍,നിന്നെ ശല്യം ചെയ്യാന്‍ ഞാനിനി ഉണ്ടാവുമെന്ന് തോന്നുന്നില്ല .അടുത്ത ആഴ്ച്ച ആദ്യം തന്നെ ഞാന്‍ അഡ്മിറ്റാവും.പെട്ടന്ന് തന്നെ ബൈപാസ് സര്‍ജറി വേണമെന്നാണ് പറയുന്നത് .എനിക്ക് എഴുപതു വയസ്സായി തിരികെ വരുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു ,വരാതിരിക്കാന്‍ എനിക്ക് പറ്റില്ലല്ലോ. എട്ടും പൊട്ടും തിരിയാത്ത എന്‍റെ മോളെയും,സൂസനെയും തനിച്ചാക്കി ഞാന്‍ പോയാല്‍ അവര്‍ക്ക്‌ പിന്നെ ആരാ ഉള്ളത്? ആ ഒത്തിരി സമ്പാദിച്ചുകൂട്ടി അതുകൊണ്ട് എന്തു പ്രയോജനം? അഥവാ ഞാന്‍ തിരിച്ചു വന്നില്ലെങ്കില്‍ നീ വല്ലപ്പോഴുമൊക്ക അവരുടെ കാര്യമൊക്കെ അന്വേഷിക്കണേ ..എന്‍റെ .സ്വന്തബന്ധങ്ങളുടെ കാര്യൊക്കെ നിനക്കും അറിയാലോ ..അവരെ പേടിച്ചാ ഞങ്ങള്‍ ഇങ്ങോട്ട് പോന്നത് .എന്‍റെ വെടി തീര്‍ന്നാ ഒക്കെ വരും എന്‍റെ സൂസനേം ബെല്ലമോളെയും ക്രൂശിക്കാന്‍. ഇതൊക്കെ നിന്നോട് പറഞ്ഞിട്ട് എന്താ കാര്യം അല്ലെ ! നീയിപ്പോഴും ആ ബോര്‍ഡും തൂക്കിയിട്ടു നടക്കുവല്ലേ എത്ര വാടകത്തള്ളയാന്നു പറഞ്ഞാലും സ്വര്‍ഗത്തിനും ഭൂമിയ്ക്കുമിടയ്ക്കുള്ള ആ പത്തുമാസക്കാലത്തെ ഇടവേളയില് നിന്നോട് മിണ്ടീം പറഞ്ഞും കിടന്ന കൊച്ചാ അത് !അതിനെ നിനക്ക് വെറുതെയൊന്നു സ്നേഹിച്ചൂടെ? അവളോട്‌ ഞങ്ങളൊക്കെ പറഞ്ഞിട്ടുണ്ട് !ഞാന്‍ ഉറപ്പു തരാം ഒരിക്കലും അവള്‍ നിന്‍റെ ജീവിതത്തില്‍ നിനക്കൊരു ശല്യമാവില്ല.”

“ഇനി എനിക്കെന്ത് ജീവിതം കോശിച്ചായാ ! ഒക്കെ തീര്‍ന്നു....അതൊന്നുമല്ല പ്രശ്നം എനിക്ക് ആരെയും  സ്നേഹിക്കാന്‍ കഴിയുന്നില്ല. എന്‍റെയുള്ളാകെ വറ്റി വരണ്ടു കിടക്കുകയാ ഞാനെന്താ ചെയ്യണ്ടേ ?   ഞാന്‍ വരാം അച്ചായനും,സൂസാന്റിയും വരും വരെ നോക്കുവേം ചെയ്യാം,പക്ഷെ അവളോട്‌ സ്നേഹം തോന്നാന്‍ അച്ചായന്‍ പ്രാര്‍ത്ഥിക്കണെ ”
അവള്‍ തേങ്ങിത്തേങ്ങി കരഞ്ഞു !അപ്പോള്‍ ആ  തേങ്ങല്‍ വീണു പൊള്ളിയ നെഞ്ചോടെ കോശിച്ചായന്‍ അവള്‍ക്കു വേണ്ടി മുട്ടിപ്പായി പ്രാര്‍ഥിക്കുകയായിരുന്നു ,

“ ദൈവമേ എന്നോ വറ്റി വരണ്ടു പോയ ഇവളുടെ മനസ്സിലേക്ക് മഞ്ഞുപോലെ  മഴ പോലെ ,നീ സ്നേഹമായ്‌പെയ്തിറങ്ങണേ ” എന്ന് .


Sunday, November 18, 2012

ഓറോറോ ബോറിയാലിസ്‌



ചെറുകഥ                                      മിനി പി സി


            ഓറോറോ ബോറിയാലിസ്‌



പ്രശാന്തതയുടെ തീരമണയാന്‍ അക്ഷമയോടെ അയാള്‍ കാത്തിരുന്നു .അയാളുടെ കണ്ണുകളിലെ അഗ്നി അവളെ എന്തോ ചിലത് ഓര്‍മ്മിപ്പിക്കുകയായിരുന്നു...എന്താണത് ?...........ഉവ്വ് , ഇത് അത് തന്നെയാണ്
"ഓറോറോ ബോറിയാലിസ്‌! " അയാളത് കേട്ടില്ല .അയാള്‍ മനസ്സില്‍ ആയുധങ്ങള്‍ സ്വരുക്കൂട്ടുകയായിരുന്നു ...പല മൂര്‍ച്ചയിലും ,ശക്തിയിലും ഉള്ളവ! അവയോരോന്നും ഓരോ കിരാത ശരീരങ്ങളിലും ആഴ്ന്നിറങ്ങുന്ന ആയാസം ഭാവനയില്‍ കണ്ട്‌ ആ കണ്ണുകള്‍ വീണ്ടും വീണ്ടും തിളങ്ങി ...ആ തിളക്കത്തില്‍ അവളുടെ കയ്യിലിരുന്ന " നോത്രദാമിലെ കൂനനിലെ "  ജിപ്സി പെണ്‍കൊടിയുടെ ഉടയാടകള്‍ വര്‍ണ്ണദീപ്തമായി !

              രാത്രിയുടെ കരിമ്പടക്കെട്ടിനകത്ത് നിന്നും വെളിച്ചത്തിലേക്കില്ലെന്ന് പ്രഖ്യാപിക്കുന്ന ചീവിടുകളുടെ സംഗീതം  അവളില്‍ വിഷാദത്തിന്‍റെ അലകളുയര്‍ത്തി ! വെളിച്ചത്തെ അവള്‍ക്കും  ഭയമായിരുന്നു ...അയാളെ കണ്ടെത്തും വരെ ! ഒരു പകലിന്‍റെ  മുഴുവന്‍ പ്രകാശവും സാക്ഷി നിര്‍ത്തിയാണ് ഒരു കൂട്ടം  നരാധമാന്മാര്‍ പലയിടങ്ങളില്‍വെച്ച് അവളെ കടിച്ചു കീറിയത് .ആ ഷോക്കില്‍ തളര്‍ന്ന നട്ടെല്ലും ,തകര്‍ന്ന മനസ്സുമായി ഒരു പുരുഷന്‍റെ പാദപതനം പോലും ഭയമേല്‍പ്പിച്ച അവളെ മരണമുഖത്ത് നിന്നും തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് അയാളായിരുന്നു .അയാള്‍ക്ക്‌ ചുറ്റിലും പിറന്നു വീണത്‌ മുതല്‍ പട്ടടയിലേക്ക് എടുക്കാറായത് വരെയുള്ള  നിരവധി സ്ത്രീ ജന്മങ്ങളുണ്ടായിരുന്നു ! നിന്ദിതരും,പീഡിതരും ,മുറിവേറ്റവരുമായി നിരവധി പേര്‍....അയാള്‍ ഒരു ശക്തിദുര്‍ഗ്ഗമായി അവര്‍ക്ക്  മുന്‍പില്‍   നെഞ്ച് വിരിച്ചു നില്‍ക്കെ അവര്‍ സുഖമായി ഉറങ്ങി..


ആലോസരങ്ങളുയര്‍ത്തിക്കൊണ്ട് മുന്‍പോട്ടൊഴുകുന്ന ആ നൌകയില്‍ അയാള്‍ക്ക്‌ തുണയായി ഉറങ്ങാതെ അവളിരുന്നു. തങ്ങള്‍ക്കു ചുറ്റിലുമായി  സാല്‍മണ്‍ മല്‍സ്യങ്ങള്‍  ഉയര്‍ന്നു  ചാടുന്നതും , അവയെ കൊത്തിയെടുക്കാനായി  ആല്‍ബട്രോസ്സുകള്‍ വട്ടമിട്ടു പറക്കുന്നതും നോക്കിയിരിക്കെ അവള്‍ ചിന്തിച്ചത് അയാളെക്കുറിച്ചാണ് !അയാള്‍  ഒരു പിതാവോ ,ഭ്രാതാവോ ആയിരുന്നില്ല ...എന്നാല്‍ മാതൃത്വത്തിന്‍റെ മഹനീയത നെഞ്ചിലേന്തിയ ഒരു പുത്രനായത് കൊണ്ട് മാത്രമാണ് വായും ,വയറും ഭോഗാസക്തിയുമായി മാത്രം പിറവികൊള്ളുന്ന പുരുഷജന്മങ്ങള്‍ക്ക് ശക്തമായ താക്കീതാവുകയാണ് തന്‍റെ  ജന്മനിയോഗങ്ങളിലൊന്നെന്നു  അയാള്‍ക്ക്‌ തിരിച്ചറിയാനായത് .ഓരോ പുരുഷനും ഈ തിരിച്ചറിവുണ്ടാകുമ്പോഴെ ഈ നാട് രക്ഷപ്പെടൂ  എന്നതില്‍ അയാള്‍ക്ക്‌ ഒരു സംശയവുമുണ്ടായിരുന്നില്ല .

വളര്‍ന്നുവരുന്ന പുത്തന്‍തലമുറകളെ തന്‍റെ രചനകളിലൂടെ അയാള്‍ ഓര്‍മ്മിപ്പിച്ചു ...പൌരുഷമെന്നത് സ്ത്രീത്വത്തെ ആദരിക്കലാണ് ചവിട്ടിയരയ്ക്കലല്ല .കാമമെന്നത് കാമിനിയോടു മാത്രം തോന്നേണ്ട വികാരമാണ് ...അല്ലാതെ കാണുന്നവരോടെല്ലാം കാമം തോന്നുന്നവന്‍ കാമുകനല്ല , കാപാലികനാണ് ! .ജന്മം കൊടുക്കാതെയും പിതൃ ഭാവവും ഉദരം പങ്കിടാതെയും സഹോദരസ്നേഹവും നമ്മിലുണ്ടാവണം....കാരണം നാം ശിശിര നിദ്രയിലായിരുന്ന ആ കാലയളവില്‍ നമ്മെ ഊട്ടിയത് ആ പൊക്കിള്‍ക്കൊടിയിലൂടെയാണ്,നമ്മെ ചുമന്നത് ആ കനിവും ,നിറവുമാണ് അയാള്‍ക്ക്‌ അതിനു ലഭിച്ച പ്രതികരണങ്ങള്‍ വായിച്ച് അവളുടെ  കണ്ണുകളില്‍ ആനന്ദാശ്രുക്കള്‍ പൊടിഞ്ഞു .ഈ ലോകം മുഴുവനായും ചീത്തയായിട്ടില്ലെന്നും നന്മയും കരുതലുമുള്ള പൌരുഷങ്ങള്‍ക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്നുമുള്ള തിരിച്ചറിവ് തളര്‍ന്ന തന്‍റെ നട്ടെല്ലില്ലൂടെ അഞ്ജാതാവേഗങ്ങള്‍ പായിക്കുന്നതായി അവള്‍ക്കു തോന്നിച്ചു !


         ജീവിതം സമ്മാനിക്കുന്ന പോസിറ്റീവ് അപ്പ്രോച്ചിലൂടെ സ്വന്തം അസ്തിത്വം പ്രൂവ് ചെയ്യപ്പെടുന്നത് മനസ്സിലാക്കി തന്‍റെ ഹൃദയം വിശാലമാക്കി വെയ്ക്കാന്‍ അവള്‍ ശ്രമിച്ചു .അവളെ ആ മാനസികാവസ്ഥയിലേക്ക്  ഉയര്‍ത്തുന്നതോടൊപ്പം സ്വന്തം ശരീരം പ്രദര്‍ശന വസ്തുവാക്കുവാനും ,ചീഞ്ഞഴുകിയ പാശ്ച്യാത്യസംസ്കാരത്തിന് പിറകെ പാഞ്ഞ് കുടുംബബന്ധങ്ങള്‍ ശിഥിലമാക്കാനുമുള്ള സ്ത്രീയുടെ വ്യഗ്രതയും,വിവരമില്ലായ്മയും ,ചുട്ടുതള്ളേണ്ടവയാണെന്ന് അയാള്‍ തന്‍റെ തോക്കിന്‍കുഴലിനോട് മന്ത്രിച്ചു .അയാള്‍ സദാ കര്‍മ്മനിരതനായിരുന്നു ..വികസിത രാഷ്ട്രമായി വളരാന്‍ വെമ്പുന്ന ഇന്ത്യയെ തളര്‍ത്താന്‍  എന്തൊക്കെ വേണമെന്നുള്ള സാമ്രാജിത്വ ശക്തികളുടെ കണ്ടുപിടുത്തമാണ് ഇവിടെ ലഹരിയും ,ഭീകരതയുമായി വന്‍തോതില്‍ വിറ്റഴിയുന്നതെന്ന് വേദനയോടെ അയാള്‍ ഓര്‍ത്തു .പ്രകൃതിയെയും സ്വന്തം പരിസ്ഥിതിയെയും വികലമാക്കുന്ന കണ്ടുപിടുത്തങ്ങള്‍ക്കായി ലബോറട്ടറികളില്‍ അശ്രാന്ത പരിശ്രമം നടത്തുന്ന ശാസ്ത്ര മനസ്സുകളോട് അയാള്‍ക്കെന്നും പുച്ഛമായിരുന്നു !ലോക നന്മ കണക്കിടാതെ ,പരിവര്‍ത്തനപ്പെടുത്തിയെടുക്കുന്ന പുത്തന്‍ജീനുകളിലൂടെ ഉരുത്തിരിയപ്പെടുന്ന പുതുവിളകളും , മനുഷ്യനും... ഇയാന്‍വില്‍മുട്ടും,മോണ്‍സാന്ടോയും.......അയാളില്‍ അമര്‍ഷം പതഞ്ഞു പൊങ്ങി .
               
             അവള്‍ പുസ്തകങ്ങളെ സ്നേഹിച്ചു തുടങ്ങിയത് അയാളുടെ സ്നേഹപൂര്‍ണ്ണമായ  പ്രേരണ കൊണ്ട് മാത്രമായിരുന്നു. “ആന്‍ഡ്‌ക്വയറ്റ്‌ഫ്ലോവ്സ് ദി ഡോണിനും ”, “നോത്രധാമിലെ കൂനനുമൊപ്പം”, റേച്ചല്‍കഴ്സന്‍റെ “സൈലന്റ് സ്പ്രിങ്ങും ” എല്ലാവരും വായിക്കണമെന്ന് അയാള്‍ ആഗ്രഹിച്ചു .ശാസ്ത്രത്തെ ശരിയായി ഉപയോഗിക്കുമ്പോഴാണ് മനുഷ്യന് ജീവിതത്തില്‍ സ്വസ്ഥതയും ആരോഗ്യവുമുണ്ടാവുക എന്ന യാഥാര്‍ഥ്യം പുതു തലമുറയിലെക്കെത്തിക്കാനുള്ള അഭിവാന്ജയിലൂടെ കടന്നുപോകവേ തന്‍റെ നാടിനെ വരിഞ്ഞു മുറുക്കി ശ്വാസംമുട്ടിക്കുന്നത് ഇവ മാത്രമല്ലെന്നും   അതിലും ഭയാനകമായ ഒരവസ്ഥാ വിശേഷം ഇവിടെ സംജാതമായിട്ടുണ്ടെന്നും അയാളറിഞ്ഞു ....’’സ്വവര്‍ഗലൈംഗികത !

സ്ത്രീത്വവും ,പൌരുഷവും നഷ്ടപ്പെടും വിധം വസ്ത്രധാരണം ചെയ്യുന്ന പുതുതലമുറയ്ക്ക് ഇന്ന് നേരിടേണ്ടി വരുന്ന ഐഡന്റിറ്റി ക്രൈസിസ് അവരെ കൊണ്ടെത്തിക്കുന്നത് എവിടെയാണ് ? ആണ് ആണിനെയും ,പെണ്ണ് പെണ്ണിനെയും ജീവിതപങ്കാളികളാക്കുന്ന കാഴ്ചയും മറ്റു പല വൈകൃതങ്ങളും  കണ്ട് സോദോം ഗോമോറ പോലും ലജ്ജിക്കുന്നു ! ഒരിക്കല്‍ സ്വവര്‍ഗ ലൈഗികതയെ പ്രോല്‍സാഹിപ്പിക്കുകയും അവര്‍ക്കായി പെന്‍ഷനും നിയമ പരിരക്ഷയും വരെ ഒരുക്കിയ അമേരിക്കയുടെ ഗതി  ഇന്നെന്താണ് ?എല്ലാ പ്രത്യാഘാതങ്ങളും അറിഞ്ഞിട്ടും ഇതിനെ ഒരു രോഗാവസ്ഥയായി കണ്ട് ചികില്സിക്കുന്നതിനു പകരം നമ്മുടെ നാടും  അതിന് നിയമത്തിന്‍റെ ഒത്താശ ചെയ്യുന്നത്  വോട്ടുബാങ്കില്‍മാത്രം കണ്ണ് വെച്ചാണെന്ന് ആര്‍ക്കാണ് അറിയാത്തത് ....അയാള്‍ക്ക് വല്ലാത്ത ധാര്‍മിക രോക്ഷം തോന്നി . 


 തളിര്‍ക്കുകയും, പൂക്കുകയും ,കായ്ക്കുകയും ചെയ്യാത്ത ഭോഗാസക്തികളുടെ തീരങ്ങള്‍വിട്ട് അവരുടെ നൗക പ്രശാന്തതയുടെ തീരത്തോടടുത്തു തുടങ്ങി. പീഡനങ്ങളും,ഭീകരതയും,സ്വവര്‍ഗപ്രേമവുമില്ലാത്ത,മോണ്‍സാന്ടോയുടെ കുത്തക വിളകളെ പേറാത്ത,തെളിഞ്ഞ ബുദ്ധിയും,ഉയര്‍ന്ന ചിന്തകളുമുള്ള പുത്തന്‍തലമുറ കാത്തു സൂക്ഷിക്കുന്ന ആ പുതു തീരത്തേയ്ക്ക് കടക്കും മുന്‍പ് അയാള്‍ താന്‍ മനസ്സില്‍ സ്വരുക്കൂട്ടിയ  ആയുധങ്ങളോരോന്നായ് താഴേയ്ക്ക് വലിച്ചെറിഞ്ഞു. ഓരോ ആയുധവും ജലഹൃദയത്തിലൂടെ കടലിന്‍റെ അടിത്തട്ടിലേയ്ക്ക് ഊളിയിടവേ അയാള്‍ക്ക്‌ ചുറ്റിലുമുള്ളവര്‍ ഉറക്കമുണര്‍ന്ന് പ്രശാന്തയുടെ ആ പുതുതീരം നോക്കിക്കാണുകയായിരുന്നു ! അപ്പോള്‍ അയാളുടെ കണ്ണുകളിലെ  നിശ്ചയദാര്‍ഡിയത്തിന്‍റെയും,  ശുഭാപ്തി വിശ്വാസത്തിന്റെയും അഗ്നിത്തിളക്കം ആസ്വദിച്ച് അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു “ ഈ  കണ്ണുകളില്‍ ഞാന്‍ കാണുന്നത് അത് തന്നെയാണ്

ഓറോറോ ബോറിയാലിസ്‌...........”

അതുകേട്ട് അയാള്‍ പുഞ്ചിരിച്ചു ആദ്യമായി ! ആ പുഞ്ചിരിയില്‍ ഉത്തരധ്രുവത്തില്‍ അത്യപൂര്‍വമായി കാണുന്ന ആ വര്‍ണ്ണ പ്രതിഭാസത്തിന്‍റെ  മുഴുവന്‍ പ്രസരിപ്പും സമ്മേളിച്ചിരുന്നു .