Thursday, January 8, 2015

കവിത – തോന്നല്‍



                                                                       മിനി.പി.സി
സ്വപ്നങ്ങളുടെ സമഭൂവില്‍
ഉയരെയുയരെ .....................
പ്രണയശൃംഗങ്ങളില്‍
മഞ്ഞുറയ്ക്കുന്നതും
ഉരുകുന്നതും നോക്കി
കൊതിയോടിരിക്കും നാളിലാണ്
അവന്‍ വന്നത്
യക്ഷനോ....... കിന്നരനോ....?
അവനെന്‍റെ കരം പിടിച്ച്
ഇന്ദ്രവല്ലരികള്‍  പൂക്കും
 മലമടക്കുകള്‍ താണ്ടി
ദേവതരുക്കള്‍ തന്‍
മയക്കും സുഗന്ധത്തിലൂടെ
കല്ലടര്‍ന്ന വഴികളിലിടറാതെ..........
മഞ്ഞുപുതച്ച
 കൊടും ഗര്‍ത്തങ്ങളിലമരാതെ
അരുമയോടെന്നെ
മുകളിലേയ്ക്ക് നടത്തി
പാതി വഴി പിന്നിടെ ,
ഹിമദംശനമേറ്റു വിണ്ടോരെന്‍
തുടുത്ത പാദങ്ങള്‍
കരിനീലമാര്‍ന്നു വിങ്ങെ
വിരിഞ്ഞ തോളിലേറ്റിയാണവന്‍
യാത്ര തുടര്‍ന്നത്
ചെങ്കുത്തായ വഴികളില്‍
ആ നെഞ്ചിന്‍റെ മിടിപ്പും
കരലാളനങ്ങളും
പ്രണയത്തിന്‍റെ ഉഷ്ണവും
യാത്രയുടെ ദൈര്‍ഘ്യം
കൂട്ടിയോ കുറച്ചോ?
ഞങ്ങളെത്തിയത്
പ്രണയശൃംഗങ്ങളിലെ
മഞ്ഞുരുകും കാലത്തായിരുന്നു
പ്രണയം ഉറപൊട്ടിയൊഴുകി
നവരത്നങ്ങളായ് ചിതറെ
ഇനിയൊരു മടങ്ങിപ്പോക്കില്ലെന്ന്
പലവട്ടം അവന്‍  പറഞ്ഞു....
 നീഹാരമണികളെ നക്ഷത്രമാക്കി 
 വിളര്‍ത്ത മഞ്ഞുപാളികളില്‍
സപ്തസ്വരങ്ങളാലപിച്ച്
മഞ്ഞുരുകും കാലം തീര്‍ന്നു
ആദ്യത്തെ  മഞ്ഞുറയും കാലം
ഒരു ഗ്രീഷ്മനിദ്രയ്ക്കായ്
കൊതിയോടെ അവനെ ഞാന്‍ വിളിയ്ക്കെ
അവന്‍ പറഞ്ഞു
"ഒരു തോന്നല്‍ നമുക്ക് മടങ്ങിയാലോ?"
ഇനിയൊരു മടക്കമോ ? ഞാനന്തിച്ചു
തോന്നലുകള്‍,തോന്നലുകള്‍,,തോന്നലുകള്‍  
അരുതാത്ത തോന്നലുകള്‍....അവ
ഇനിയുമിനിയും വരുമോ ?
ഇനി  എന്‍റെ പ്രണയം ?
എന്‍റെ ആത്മാവിന്‍റെ പിടച്ചില്‍
ഒരാര്‍ത്തനാദമായ്
താഴെ സമഭൂമിയും കടന്നു പോകെ
അവന്‍ ചിരിച്ചു
"വെറുമൊരു തോന്നലല്ലേ..."
ആയിരുന്നോ?
ആ തോന്നലിനപ്പുറം ഇനിയെന്ത് ?