Sunday, May 26, 2013

മിനിക്കഥകള്‍



മിനിക്കഥകള്‍         മിനി പി സി



        മ്യൂട്ടേഷന്‍

ഗലികളിലെ കുപ്രസിദ്ധരുടെ ചോര കുടിച്ചാണ് അവന്‍ വളര്‍ന്നത്‌ . കൊമ്പുകളുടെ , ക്രൗര്യവും  മൂര്‍ച്ചയും അളവിലധികമായ ഒരു സന്ധ്യയില്‍ അവന്‍ തന്‍റെ പതിവ് വഴിയൊന്നു മാറ്റാന്‍ കൊതിച്ചു . ...ശബ്ദമുഖരിതമായ രാത്രിയുടെ അലോസരങ്ങളിലൂടെ ഒത്തിരിയലഞ്ഞാണ് അവന്‍ ഒരുവളെ കണ്ടെത്തിയത് .ഉറങ്ങുമ്പോള്‍ പോലും പുഞ്ചിരിതൂകുന്ന അവളുടെ നിഷ്ക്കളങ്കമായ ചുണ്ടുകളില്‍ നിന്ന് മതിയാവോളം ചോരയൂറ്റിക്കുടിച്ച അവന്‍ പിറ്റേന്ന് തനിക്ക് ചുറ്റും കൂടി നിന്ന് ചങ്ങാതിമാര്‍ “  മ്യൂട്ടേഷന്‍...മ്യൂട്ടേഷന്‍ ” എന്ന് ആര്‍ത്തു വിളിക്കുന്നത്‌ കേട്ടാണ് ഉറക്കമുണര്‍ന്നത്‌ . കാര്യമെന്തെന്നറിയാന്‍ ഒരു ചങ്ങാതി നീട്ടിയ കണ്ണാടിയിലെ തന്‍റെ രൂപം കണ്ട് അവന്‍ സ്തബ്ധനായി ....തന്‍റെ ശോഷിച്ച ദേഹത്തിനും ക്രൂരത കിനിയുന്ന കൊമ്പുകള്‍ക്കും പകരം  പറക്കാന്‍ മാത്രമറിയാവുന്ന ഒരു സ്വര്‍ണ്ണത്തുമ്പിയായി താന്‍ മാറിയിരിക്കുന്നു !  

                  

            
         റാഗ്ഗിംഗ്

അന്ന് അമ്മ പ്രാര്‍ഥിച്ചത് തന്‍റെ മകനെ റാഗ്ഗിംങ്ങില്‍ നിന്നും കാത്തോളണെ എന്നായിരുന്നുവെങ്കില്‍ ഇന്നവര്‍ പ്രാര്‍ഥിച്ചത് മകന്‍റെ റാഗിംഗ് ക്രൂരതകളില്‍ നിന്നും മറ്റു കുഞ്ഞുങ്ങളെ കാത്തുരക്ഷിക്കണേ..എന്നായിരുന്നു !


Tuesday, May 21, 2013

മിനിക്കവിതകള്‍

  മിനിക്കവിതകള്‍                         മിനി .പി .സി

               

                     ചില്ല 



   



 " നീലാകാശത്തിലൂടെ പാറിപ്പറക്കുമ്പോഴും
പറവ കൊതിച്ചത് ഒരു ചില്ലയായിരുന്നു !
ചിറകു തളരവേ വിശ്രമിക്കാനൊരു ചില്ല
താനിരുന്നാല്‍ ഒടിയാത്തൊരു ചില്ല
തനിക്കു താങ്ങാവുമൊരു ചില്ല
തന്നെ കാത്തിരിക്കുമൊരു ചില്ല
തണലിലകളില്ലെങ്കിലും
വാസനപ്പൂക്കളില്ലെങ്കിലും
സ്നേഹത്തിന്‍റെ താങ്ങും
സൌമനസ്യത്തിന്‍റെ തണലും തരുമൊരു ചില്ല !"

                                  സ്വര്‍ഗത്തിനും നരകത്തിനും വേണ്ടാത്തവര്‍
" സ്വര്‍ഗവാതില്‍ തള്ളിത്തുറക്കാനാഞ്ഞ എന്നെ
മാലാഖമാര്‍ തള്ളി താഴെ നരകത്തിലെ
കെടാത്തീയിലേയ്ക്കിട്ടു !
ഞാന്‍ വീണതും അണഞ്ഞുപോയ തീയും
ചത്ത പുഴുക്കളും കണ്ട്
സാത്താന്‍ ആദ്യം ഞെട്ടി
പിന്നെ എന്നെപ്പിടിച്ച് പുറത്തേയ്ക്ക് തള്ളി ."


Saturday, May 11, 2013

മൈക്രോ കവിതകള്‍



മൈക്രോ കവിതകള്‍             മിനി പി .സി

               





               മനസ്സ്



"  മാനം പോലെ മനസ്സുണ്ടെന്നു പറഞ്ഞവര്‍
    മനസ്സില്ലെന്നിന്നു പറയുമ്പോള്‍
    മനസ്സിലാക്കാനാവുന്നില്ലെനിക്കവരുടെ
    മാനസികാവസ്ഥ  !   "

              



          അവസ്ഥാന്തരങ്ങള്‍


"   ഞാനൊരു കൊക്കൂണായിരിക്കെ  
 എന്‍ നേര്‍ക്കു  നീണ്ട നിങ്ങടെ കണ്‍കളില്‍
 പുച്ഛത്തിന്‍റെ ചുവപ്പുരാശിയായിരുന്നു !
 പിന്നൊരു പുഴുവായപ്പോഴോ ?
 അവജ്ഞയോടെന്നെ തുറിച്ചുനോക്കി !
 ഒടുവിലൊരു ശലഭമായ് പറന്നുപൊങ്ങെ ....
 ആകാംഷയോടെന്നെ നോക്കി നിന്ന നിങ്ങളറിഞ്ഞില്ല
 അവസ്ഥാന്തരങ്ങളില്‍ വിണ്ടു കീറിപ്പോയൊരീ
  'പാവം മനസ്സ് '  !   "

Sunday, May 5, 2013

ഒരു വട്ടം കൂടി


കവിത                                                       മിനി പി സി







                 ഒരു വട്ടം കൂടി
                


                 "  ഒരു  വട്ടം  കൂടി   നാമൊരുമിച്ചില്ലെങ്കിലും
                      
                      ഒരുമിച്ചീ    തണലിലിരിയ്ക്കാം
                     
                       ഒരു കൊച്ചു പുസ്തകത്താളിന്‍റെ   ഹൃദയത്തിന്‍
           
                       ചുടുനൊമ്പരം  പങ്കിട്ടെടുക്കാം !
         
                      വലുതും വിശാലവുമീ   ലോകമെന്നാലും

                       ഒടുവില്‍ നാം കണ്ടെത്തിയില്ലെ  !

                       ഒരു വേനല്‍ മഴ പോലെയന്തരാത്മാവിലേ-

                      യ്ക്കൊരു  പോലെ പെയ്തിറങ്ങീലേ  .....

                     ഇനിയും  നാം  വേര്‍പിരിഞ്ഞിരുധ്രുവം പൂകിടും

                      നാഴികയെത്തീടും  മുന്‍പേ ........

                       ഒരു  വട്ടം  കൂടി   നാമൊരുമിച്ചില്ലെങ്കിലും
                      
                      ഒരുമിച്ചീ    തണലിലിരിയ്ക്കാം
                     
                       ഒരു കൊച്ചു പുസ്തകത്താളിന്‍റെ   ഹൃദയത്തിന്‍
           
                       ചുടുനൊമ്പരം  പങ്കിട്ടെടുക്കാം !           "