Monday, October 29, 2012

ആരാണ് ക്രിസ്ത്യാനി ?





കവിത                        മിനി പി സി



ആരാണ് ക്രിസ്ത്യാനി ?

" വസന്തം വന്നൂ .......പള്ളിയങ്കണത്തിലെ
ആരാമ ലതകള്‍ മോടിയോടണിഞ്ഞൊരുങ്ങി .
ഒരു ശാബതില്‍ കുര്‍ബ്ബാനയ്ക്കായാളുകള്‍
പള്ളിയകത്തേയ്ക്കൊഴുകിത്തുടങ്ങവേ ..
ഇലചാര്‍ത്തുകള്‍ക്കിടയിലൂടെ തന്നെ നോക്കി
നിഷ്കളങ്കമായ് ചിരിക്കുമൊരു കാക്കപ്പൂവോട്
ബന്തിപ്പൂ ചോദിച്ചു " ആരാണ് ക്രിസ്ത്യാനി ? "
മഷിക്കറുപ്പാര്‍ന്ന കണ്‍കള്‍ വിടര്‍ത്തി
കാക്കപ്പൂ മൊഴിഞ്ഞു ............
" ക്രിസ്തു ഉള്ളിലുള്ളവനാരോ അവനാണ് ക്രിസ്ത്യാനി ! "
"ക്രിസ്തു ഉള്ളിലുള്ളവനെന്നാല്‍ ? "
ബന്തിപ്പൂവിനു വീണ്ടും സംശയം.      
       നാലുനാള്‍ മുന്‍പൊരാശ്രമ വാടിയില്‍ നിന്നിവിടേയ്ക്ക്
       പറിച്ചു നട്ടതാണവളെ !
       തന്നെ പൊതിഞ്ഞ ഹിമകണങ്ങളിലര്‍ക്കന്‍
       മഴവില്ലു തീര്‍ക്കെ...കാക്കപ്പൂ മൊഴിഞ്ഞു
       "ശത്രുവേ സ്നേഹിയ്ക്കാന്‍..... ദീര്‍ഘമായ് ക്ഷമിച്ചിടാന്‍
      
       സ്വയം ബലിയാവാന്‍.......സര്‍വ്വവും ത്യജിച്ചിടാന്‍
       ഈ ലോക ശാപവും പാപവും വഹിച്ചീടാന്‍
       ആര്‍ക്കു മനസ്സാകും ? അവനാണ് ക്രിസ്ത്യാനി 
'" എങ്കില്‍ ഇവരോ ? "വെളുത്ത കുപ്പായവും കറുത്ത മനസ്സുമായ്
പള്ളിയകത്തേക്കൊഴുകും ചിലരെ നോക്കി
ഒരു കൊങ്ങിണിപ്പൂ ചോദിച്ചു .

Friday, October 26, 2012

എയര്‍ഇന്ത്യ




മിനിക്കഥ                               മിനി പി സി

         എയര്‍ഇന്ത്യ

നാലുമണിചായയ്ക്ക് ശേഷം ചാരുകസേരയില്‍ചാരിക്കിടന്ന്
കുറച്ചു നേരം കൊച്ചു മക്കളുടെ കളിയും ചിരിയും
കണ്ടോണ്ടിരിക്കാന്‍അവറാന്‍ചേട്ടന് വല്ല്യ ഇഷ്ടമാണ് .എട്ടും
പത്തും വയസ്സുള്ള രണ്ടുമൂന്നെണ്ണം വീട്ടിലുണ്ട് , കൂടെ
അയല്‍പക്കത്തെ കുടിയന്‍പാപ്പിയുടെ കൊച്ചു മക്കളായ
തൊമ്മനും ചാണ്ടിയും , മാര്‍ത്തയും ! വായെടുത്താല്‍ആ പിള്ളേര്‍
പച്ചത്തെറിയെ പറയൂ....വല്യാപ്പന്‍പാപ്പിയുടെ അതെ ശീലം !
പക്ഷെ എന്ത് ചെയ്യാം അയല്‍വക്കമായി പോയില്ലേ, കളിക്കാന്‍
വരുമ്പോള്‍വേണ്ടെന്നു പറഞ്ഞ് ഓടിച്ചു വിടുന്നതെങ്ങനാ ?
അതുകൊണ്ട് അവസരം കിട്ടുമ്പോഴൊക്കെ രണ്ടു ദൈവവചനം
വീതം പറഞ്ഞ് ആ കുരുന്നു മനസ്സില്‍മാനസാന്തരത്തിന്‍റെ വിത്ത്
പാകാന്‍ അവറാന്‍ചേട്ടന്‍ ആവുന്നത് ശ്രമിയ്ക്കും , പക്ഷെ
പാറപ്പുറത്ത് വീണ വിത്ത്പോലെ  അതൊക്കെ ചുമ്മാ
വാടിപ്പോവുകയല്ലാതെ ഫലം കാണാറില്ല.


കളിച്ചു കളിച്ച് കളി ചാണ്ടിയുടെയും
തൊമ്മിയുടെയും ഭരണിപ്പാട്ടിലും കയ്യാങ്കളിയിലും എത്തിയപ്പോള്‍
കിടന്ന കിടപ്പില്‍അവറാന്‍ചേട്ടന്‍അലറി ..........
" എന്തോന്നാടാ അവടെക്കെടെന്നൊരു അടീം പിടീം ? "
കുടിയന്‍പാപ്പിയുടെ കൊച്ചുമക്കളുടെ തെറിയും   തല്ലും
പ്രതിരോധിക്കാന്‍ശേഷിയില്ലാത്ത പേരക്കിടാങ്ങള്‍അവറാന്‍
ചേട്ടനെ ശരണം പ്രാപിച്ചു.

" അപ്പച്ചാ , ഞങ്ങള് എയര്‍ഇന്ത്യ കളിക്കാന്‍തുടങ്ങുവായിരുന്നു .
അപ്പൊ ഈ ചാണ്ടിയ്ക്ക് പൈലറ്റ് ആവണം , തൊമ്മിയ്ക്ക് അതിന്‍റെ
എം.ഡി യാവണം ,മാര്‍ത്തയ്ക്ക്  എയര്‍ഹോസ്റ്റ്സാവണം ,ഞങ്ങളോട്
യാത്രക്കാരാവാന്‍.....ഞങ്ങക്ക് പറ്റില്ല. ”

       ഒരു പൊട്ടിച്ചിരിയോടെ  അവറാന്‍ ചേട്ടന്‍ചാരു കസേരയില്‍
നിന്നെഴുന്നേറ്റ് ദുര്‍ബലമായ മുണ്ട് മുറുക്കിയുടുത്ത് ഇങ്ങനെ പറഞ്ഞു .
“ എടാ മക്കളെ എയര്‍ഇന്ത്യേടെ പൈലറ്റും  പണിക്കാരുമൊക്കെയാവാന്‍
പാപ്പീടെ പിള്ളേര് തന്നെയാ യോഗ്യര് ...!നിങ്ങള് എന്തോരം ശ്രമിച്ചാലും
അത്രേം തരം താഴാന്‍നിങ്ങളെ കൊണ്ടാവില്ല ..അതോണ്ട് നിങ്ങള്
യാത്രക്കാരായാ മതി .”

ഇത് കേട്ട് ബോധിച്ച തൊമ്മി യാത്രക്കാര്‍അനുവര്‍ത്തിക്കേണ്ട
മര്യാദകളെക്കുറിച്ച് മറ്റുള്ളവരോടു പറഞ്ഞു .
“ നിങ്ങള് കൊച്ചിക്ക് പോണേല്‍തിരുവനന്തപുരത്തിന് ടിക്കറ്റ്‌
എടുത്തോണം, വിമാനത്തീ കേറിയാ അറിയാതെ പോലും വെള്ളം
ചോദിക്കരുത്  ചോദിച്ചാ ഞങ്ങള്‍_ കുടിപ്പിക്കും , ഇടയ്ക്കെങ്ങാനും
ഇറക്കി വിട്ടാ മിണ്ടാതെ നേരെ താഴോട്ട് ചാടിക്കോണം,അല്ലേല്‍ഹൈജാക്ക്
ഹൈ ജാക്ക് എന്ന് വിളിച്ച് നിങ്ങളെ പോലീസ് സ്റ്റേഷനീ കേറ്റും...പിന്നെ
അവധിക്കാലം തീരും വരെ നിങ്ങക്ക് അവിടെ കയറി ഇറങ്ങേണ്ടി വരും
കേട്ടോഡാ .”
വെറും പത്ത് വയസ്സ് മാത്രമുള്ള “തൊമ്മിയുടെ” എയര്‍ഇന്ത്യയെക്കുറിച്ചുള്ള
കാഴ്ചപ്പാട് കണ്ട്  അവറാന്‍ ചേട്ടന്‍ തന്‍റെ  മനസ്സിലെ
“അതിഥി ദേവോ ഭവ” എന്ന ഭാരത സങ്കല്പം ഇങ്ങനെ തിരുത്തി വായിച്ചു
“അതിഥി നാശോ ഭവ .”

Friday, October 19, 2012

കാപ്സ്യൂള്‍ കഥകള്‍


               കാപ്സ്യൂള്‍ കഥകള്‍

മിനി പിസി

            എമേര്‍ജിംഗ് പാറുകുട്ടി


  

ഇത് പാറുകുട്ടി ! രാജ്യത്തെ കോടിക്കണക്കിനു സാധാരണ
വീട്ടമ്മമാരുടെ പ്രതിനിധി !അവരിന്നു കടുത്ത പ്രതിക്ഷേധത്തിലാണ്.
സ്വര്‍ണ്ണത്തിനും ,പെട്രോളിനുമൊക്കെ വിലകൂട്ടിയപ്പോള്‍
അന്യായമാണെങ്കില്‍ കൂടി അവരതങ്ങു സഹിച്ചു..അന്താരാഷ്ട്ര
വിപണി ,ക്രൂഡോയില്‍ വില ,രൂപയുടെ മൂല്യം.......ഒക്കെ പോയി
തുലയട്ടെ !അന്ന്  അവര്‍ തന്‍റെ അടുക്കളയിലിരുന്ന്  സ്വസ്ഥമായി
നിശ്വസിച്ചു.
        പക്ഷെ ഇപ്പോള്‍ ഭരിച്ചു ഭരിച്ച് ഭരണം അടുക്കള
വരെയെത്തിയപ്പോള്‍ അവര്‍ക്ക് പ്രതിക്ഷേധിക്കാതെ വയ്യ ! ടു-ജി
ത്രീ-ജി പ്രേതം സന്നിവേശിച്ച ,      അന്തവും കുന്തവുമില്ലാത്ത
തീരുമാനങ്ങളെടുക്കുന്ന കൂട്ടൂസനെയും,ഡാകിനിയമ്മൂമ്മയെയും
ഇനിയൊരിക്കലും പച്ച തൊടാന്‍ അനുവദിക്കാത്ത വിധം തങ്ങളുടെ
സമ്മതിദാനാവകാശം വിനിയോഗിക്കുമെന്ന് ഉറക്കെ
പ്രഖ്യാപിച്ചുകൊണ്ട് കത്തിക്കാളുന്ന വിശപ്പോടെ അടുക്കള
അടച്ചുപൂട്ടിയ പട്ടിണിക്കോലത്തെ നോക്കി കേരളത്തിലെ
എമേര്‍ജിംഗ് നേതാക്കള്‍ പൊട്ടിച്ചിരിച്ചു .പിന്നെ വരാന്‍ പോകുന്ന
ഗോള്‍ഫ്‌ ക്ലബുകളുടെയും ,നിശാനൃത്തശാലകളുടെയും
,വ്യാപാരവ്യവസായ സമുച്ചയങ്ങളുടെയും കണക്ക് നിരത്തി
ഇങ്ങനെ പറഞ്ഞു " ഗ്യാസില്ലേലെന്ത് ,വിറകില്ലേലെന്ത്
പട്ടിണിയാണേലെന്ത്‌ ,ഇനി മരിക്കുകയാണെങ്കില്‍ തന്നെ ചേച്ചിയ്ക്ക്
 സമാധാനമായിട്ട് മരിക്കാം വെറും പാറുക്കുട്ടിയായിട്ടല്ല
എമേര്‍ജിംഗ്പാറുകുട്ടിയായിട്ട്.



പാഠം . ഒന്ന്   പാല്‍


അന്ന്
അമ്മ എനിക്ക് പാല്‍ തരും .ഞാന്‍ പാല്‍ കുടിക്കാഞ്ഞാല്‍ അമ്മ
കരയും .പാല്‍ കുടിച്ചു ഞാന്‍ അച്ഛനെ പോലെ
വലുതാകണമെന്നാണ് അമ്മയുടെ ആഗ്രഹം .
ഇന്ന്
അമ്മ എനിക്ക് കട്ടന്‍ തരും . ഞാന്‍ പാല്‍ ചോദിച്ചാല്‍ അമ്മ
കരയും .പാല്‍ വാങ്ങിപ്പിച്ച് ഞാന്‍  അച്ഛനെ
കുത്തുപാളയെടുപ്പിക്കരുതെന്നാണ് അമ്മയുടെ ആഗ്രഹം .