Friday, April 26, 2013

അമ്മുലു


മിനിക്കഥ                                                    മിനി പി സി

                                                             



                             അമ്മുലു


ഒരു ദു:സ്വപ്നം,കണ്ടാണ്,അമ്മുലുഞെട്ടിയുണര്‍ന്നത്!പിന്നെഎത്ര,
ശ്രമിച്ചിട്ടും അവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല വളരുന്ന രാത്രിയുടെ,
മടിയില്‍നിന്നും,ഉയരുന്ന,ചീവിടുകളുടെ,സംഗീതത്തോടൊപ്പം
ഇപ്പോള്‍ ഒരു വയസ്സന്‍ മൂങ്ങയുടെ മൂളലും ഉയര്‍ന്നു കേള്‍ക്കാം
അവള്‍ കണ്ണുകള്‍ ഇറുക്കെയടച്ച്‌ ഉറക്കവും കാത്തു കിടന്നു
.പുറത്ത് കരിയിലകള്‍,ഞെരിഞ്ഞമരുന്ന,ഒച്ചകേള്‍ക്കെ,ചുമരിലെ
ക്ലോക്കിന്‍റെ,ടിക്ക്‌ടിക്ക്‌,ശബ്ദം,കേള്‍ക്കെ,അവള്‍,പേടി,കൊണ്ട്,
കിലുകിലാ,വിറച്ചു.സ്വന്തം,ഹൃദയതാളം,പോലും,തന്നെ,പേടിപ്പിക്കുന്നുവെന്ന
തിരിച്ചറിവില്‍,ബെഡ്‌റൂംലാംബിനരുകില്‍,മുത്തശ്ശി,കരുതി,
വെയ്ക്കാറുള്ള, സ്ലീപിംഗ്പില്‍സിന്‍റെ ,ബോട്ടിലിനായി അവള്‍,
പരതി നോക്കി! എത്രയുറങ്ങിയാലും,ഉറക്കംപോരെന്ന,മുത്തശ്ശിയുടെ,
പരാതികേട്ട്,മടുത്ത,ഡോക്ടര്‍,പ്രിസ്ക്രൈബ്,ചെയ്തതാണ് 
പക്ഷെ,അതിപ്പോള്‍,ഇവിടെയില്ല,കാലത്തെ,ആസ്ത്മ,മൂര്‍ച്ചിച്ചതിനെ 
തുടര്‍ന്ന് മുത്തശ്ശിയെ,ഹോസ്പിറ്റലില്‍ കൊണ്ടുപോയപ്പോള്‍ കൂടെ 
കൊണ്ട്പോയ, സ്ഥാവരജംഗമവസ്തുക്കളില്‍ അതും പെടും!
എന്നാലും ഈ അച്ഛന്‍ ചെയ്തത് ഇത്തിരി കടുപ്പമാണ് .മുതിര്‍ന്ന 
തന്നെ നോക്കാന്‍  ഒരു വാല്യക്കാര്യേം ഏല്‍പ്പിച്ച് ഒരു പോക്കങ്ങടു 
പോയത് ! എന്നിട്ടോ അവരെന്താ ചെയ്തത് ?

" തെങ്ങേറ്റം കഴിഞ്ഞ് അന്തിക്കള്ളും മോന്തി വന്നാ പിന്നെ
ന്‍റെ കുട്ട്യേ , ന്നെ തിര്യാനും , മറ്യാനും തമ്മയ്ക്കില്യാ , വെറ്തെ
ഓരോന്നു പറയും ഒക്കേറ്റിനും മൂളണം ല്യാച്ചാ ഇട്യാ
ഞാന്‍ ന്‍റെ പെണ്ണിനെ വിടാം "

എന്ന് പറഞ്ഞ് മൂപ്പത്യാരു,കയ്യൊഴിഞ്ഞു.വന്ന,കുട്ട്യാണെങ്കിലോ
കട്ടിലു കണ്ടതേ കേറിക്കെടന്ന്‍ ഒറക്കായി!സന്ധ്യയ്ക്ക്,മുന്‍പ്,
തിരിച്ചെത്താംന്നു,പറഞ്ഞ്,പോയതാ,അച്ഛന്‍,അപ്പോഴെയ്ക്കുമാണ്
മുത്തശ്ശിയ്ക്ക്,അസുഖംകൂടുതലായത് ! കറുത്തവാവായത്,കൊണ്ട്
ഇന്നന്നെ,മുത്തശ്ശിടെ,കാര്യത്തില്‍,ഒരു തീരുമാനാകൂന്ന്,ജ്യോല്‍സ്യര്
പറഞ്ഞൂത്രേ,അതോണ്ടാവും,മക്കളും,മരുമക്കളും,കണ്ണിലെണ്ണയൊഴിച്ച്
ഇപ്പോള്‍,ചുറ്റും കാവലിരിക്കണത് ! ആര് കാവലിരുന്നാലും
താഴമ്പൂവിന്‍റെ മണോള്ള ആ കാല്‍പ്പെട്ടീടെ,താക്കോല്‍,മുത്തശ്ശി
അമ്മയ്ക്കെ കൊടുക്കൂ ,മരുമകളായിട്ടല്ല മകളായിട്ടാണ്,മുത്തശ്ശി
അമ്മേ കാണുന്നത്  "  ന്‍റെ ശാരൂ "ന്നെവിളിയ്ക്കൂ,ശാരദേന്ന്
തികച്ചു വിളിയ്ക്കില്യ .അതാവും അമ്മ പറഞ്ഞത്


" ന്താപ്പോ ,ത്രയ്ക്ക് പേടിയ്ക്കാന്‍ ? ള്ള കുട്ട്യോന്ന്വല്ലല്ലോ ആന
ചവിട്ട്യാ,തൊറക്കാത്ത,വാതിലോളാ,നല്ലോണം,അടച്ചുകെടന്നാ,മതി" 
അമ്മ എത്ര നിസ്സാരായിട്ടാ അത് പറഞ്ഞത്. തറവാട്ടു കുളത്തില്‍
മുങ്ങിച്ചത്ത,സുഷമേട്ത്തി,കരിമ്പനേന്നു,വീണുമരിച്ച,നാരാണെട്ടന്‍ 
താണി മരചോട്ടിലെ കരിങ്കണ്ണന്‍ ,ഇതൊക്കെ ചുറ്റും പൊറോം
ഉള്ളപ്പോ ഒന്നും പേടിക്കണ്ടാത്രെ ! രാത്രികാലങ്ങളില്‍ ഇതിലെ
ചങ്ങലയും,കിലുക്കി,കരിങ്കണ്ണന്‍,നടക്കുന്ന,ശബ്ദം,മുത്തശ്ശി,കേട്ടിട്ടുണ്ട്! 


" ഇപ്പൊ ഒരു ചിലും.......... ച്ചിലും ശബ്ദം കേള്‍ക്കുന്നില്ലേ ?    " 

അവള്‍, ചെവി വട്ടം പിടിച്ചിരുന്നു.നേരം,അര്‍ദ്ധരാത്രിയാവുന്നതെ
ഉള്ളൂ. ഇനി, ഈ ,രാത്രിയെ,എങ്ങനെ ,കൊന്നുതീര്‍ക്കും ,എന്ന,
ചിന്തയില്‍,അവള്‍,പിന്നെയും,വിറച്ചു,........ആവിറയല്‍ തെല്ലൊന്ന്
ഒതുങ്ങിയത്,കവി,ചന്ദ്രേട്ടന്‍റെ,മുഖം,മനസ്സിലേയ്ക്ക്,ഓടിയെത്തിയപ്പോഴാണ്
ഈ,നേരത്തും,ഉറങ്ങാതിരിക്കുന്ന,ആ,ഒരാളെയെ,അമ്മുലുവിനറിയൂ.
രാത്രി,മുഴുവന്‍,ഉറങ്ങാതിരുന്നു,ചന്ദ്രേട്ടന്‍,കഥകളെഴുതുന്നതിനെ
കുറിച്ച്,അമ്മുലുവിനോട്,പറഞ്ഞിട്ടുള്ളത്,രാധയാണ്! കാര്യംചന്ദ്രേട്ടന്‍,
അമ്മുലുവിന്‍റെ ,വകയില്‍ ,ഒരു, മുറചെറുക്കനാണെങ്കിലും
ചന്ദ്രേട്ടനെ കുറിച്ച്,കൂടുതല്‍,അറിയാവുന്നത്,രാധയ്ക്കാണ്!
പണ്ട് അമ്മുലുവിന്‍റെയും,ചന്ദ്രേട്ടന്‍റെയും,വീട്ടില്‍നിന്നും,അഴുക്കു
തുണികളുടെ,ഭാണ്ഡവും,പേറി,അലക്കുകാരി,ജാന്വേടത്തി,ആറ്റിലെയ്ക്ക്,
പോകുമ്പോള്‍ അവരുടെ കൈ വിടുവിച്ച് രാധ ഒറ്റ നില്‍പ്പ്
നില്‍ക്കും .എന്നിട്ട് പറയും


 " മ്മ പൊക്കോ ,നാന്‍ കളിച്ചിട്ടെ വര്വള്ളു "
അന്ന്,തുടങ്ങിയ, സൌഹൃദമാണ്! മണ്ണാത്തികുട്ട്യാണെങ്കിലും,
അവള് നല്ലോണം,പഠിച്ചു ,കാണാനും നല്ല ശേലാണ് ,ചന്ദ്രേട്ടന് 
അവളെ വല്യ ഇഷ്ടവുമാണ്.കഴിഞ്ഞ,അവധിയ്ക്ക്,ഗുജറാത്തില്‍,
അമ്മാമ്മേടെ,വീട്ടില്‍,വിരുന്നു,പാര്‍ത്ത്, തിരിച്ചെത്തിയ,തന്നെ,കണ്ട്,
ചന്ദ്രേട്ടന്‍,ഞെട്ടിയത്,അമ്മുലു,ഓര്‍ത്തു.ബ്യൂട്ടിപാര്‍ലറില്‍,പോയി,അടിമുടി,
സുന്ദരിയായി വന്ന തന്നെ നോക്കി ചന്ദ്രേട്ടന്‍ രാധയോട് പറഞ്ഞു  ,


"എന്‍റെ വണ്ണാത്തിപുള്ളേ , നീ കണ്ടോ ഈ അമ്മലൂന്‍റെ
കോലം ! നിയിങ്ങനെ ഒരിടത്തും ഒരുങ്ങി കെട്ടാന്‍
പോവരുത് അല്ലാണ്ടെന്നെ നിന്നെ കാണാനൊരു ശ്രീത്വോണ്ട് . "

അത് കേട്ട് അമ്മുലൂന് ഒട്ടും ദേഷ്യം വന്നില്ല ,കാരണം രാധേടെ
നിഷ്കളങ്കതയ്ക്ക്,ഒരു ,പോറലു, പോലും, വരാന്‍, അവളും,
ആഗ്രഹിച്ചിരുന്നില്ല !ചന്ദ്രേട്ടന്‍ ഒരു പാവമാണെന്നും ചന്ദ്രേട്ടന്‍റെ
എഴുത്ത്, കിറുക്കിനു വളം വെച്ച് കൊടുക്കാന്‍ രാധ മാത്രേ
ഉള്ളൂ, എന്നും അമ്മുലുവിനറിയാം.സുമുഖനും,സ്നേഹവാനുമായ
ചന്ദ്രേട്ടനെ അവള്‍ക്കും,ഇഷ്ടമാണ്,പക്ഷെ,ചന്ദ്രേട്ടന്‍റെ,കവിതകളും
സംസാരവുമൊന്നും,തനിക്ക്,ദഹിക്കില്ലെന്നാണ്,അവളുടെ,പക്ഷം!
എന്തും കാവ്യാത്മകമായി,പറയുന്ന ചന്ദ്രേട്ടന്‍റെ ,ഭാഷ,രാധയ്ക്കെ അറിയൂ .

“ ചന്ദ്രേട്ടാ ,ഇന്നലെ  ഞാനാ മലമടക്കുകള്‍ക്കപ്പുറം കാട്ടു
വേഴാമ്പലുകള്‍ പറന്നു പോകുന്നത് കണ്ടു ചന്ദ്രേട്ടന്‍ കണ്ടിരുന്നെങ്കില്‍
ഒരു കവിതയ്ക്ക് വഴിയായെനെ ! ”

“ ചന്ദ്രേട്ടാ , ഇന്ന് ചെമ്മാനം പൂത്തത് ശ്രദ്ധിച്ചോ?     
ഒരിക്കല്‍ചന്ദ്രേട്ടനെഴുതിയ കവിതേലെ പോലെ അതെത്രയ്ക്ക് 
മനോഹരമായിരുന്നെന്നോ ! ”


“ ചന്ദ്രേട്ടാ , നമ്മുടെ പാടവരമ്പത്തൂടെയിങ്ങനെ നടക്കുമ്പോ ,
എന്തോ ചന്ദ്രേട്ടനും കൂടെയുണ്ടായിരുന്നുവെങ്കിലെന്ന് വെറുതെ
ആഗ്രഹിച്ചു പോകുന്നു.”

അങ്ങനെ ഞാവല്‍പ്പഴം കൊത്തിപ്പറക്കുന്ന, ചെറുകിളികളിലൂടെ , 
ചന്നം പിന്നം പാറുന്ന,മഴയുടെ, കൊഞ്ചലിലൂടെ, ചുട്ടുപൊള്ളുന്ന
ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ പങ്കു വെയ്ക്കലിലൂടെ അവരുടെ
സൌഹൃദം,പൂത്തുതളിര്‍ക്കുന്നതു,കണ്ടു,നില്‍ക്കാന്‍,അമ്മുലുവിന്
സന്തോഷമേ തോന്നിയിട്ടുള്ളൂ. ഒരിയ്ക്കല്‍ കഴുകിയുണക്കിയ
തുണിക്കെട്ടുമായി ആറ്റില്‍നിന്നും വന്ന മണ്ണാത്തിപെണ്ണുങ്ങള്‍    
ചന്ദ്രേട്ടനോട് പറഞ്ഞു ,


“ഇപ്പൊ,ചന്ദ്രന്‍കുട്ട്യേ,ഒരു,മിന്നല്‍പൊട്ടു,പോല്യെ,കാണാന്‍,
കിട്ടുണുള്ളൂലോ ആറ്റില് കൈത പൂത്താ പറയണംന്ന്
പറയാറില്യെ ,ഇപ്പൊ തോനെ കൈത പൂത്തിട്ടുണ്ട് ”


അതുകേട്ട് ചിരിച്ച ചന്ദ്രേട്ടന്‍റെ ഷര്‍ട്ടിന് കൈതപൂവിന്‍റെ
ഗന്ധമായിരുന്നു!അമ്മുലുവിന്‍റെ,നോട്ടം,കണ്ട,ചന്ദ്രന്‍,അഭിമാനത്തോടെ   

പറഞ്ഞു ,


“ കൈതപൂത്തിട്ട് എട്ടു പത്ത് ദിവസായി അന്നെ ,ഞാനത്
പൊട്ടിച്ച്,എന്‍റലമാരെലെ,തുണിക്കിടയില്‍,ഭദ്രായി,സൂക്ഷിച്ചിട്ടുണ്ട്!'

അതുകേട്ട അമ്മുലുവിന്‍റെ മനസ്സില്‍,കൈതപൂക്കള്‍ക്കൊപ്പം
ഓടി വന്ന മുഖം രാധയുടെതായിരുന്നു ,അവളല്ലാതെ
ചന്ദ്രേട്ടന് ദൂതെത്തിക്കാന്‍,വേറാരാ ഉള്ളത്.അതിനിടയ്ക്കാണ് ,
കാരണവന്മാര്‍ തങ്ങളുടെ കല്യാണം നടത്താന്‍,തീരുമാനിച്ചത് ! അത്തരമൊരു സാഹസം അവര്‍,ചെയ്യുമെന്ന് ചന്ദ്രനോ അമ്മുലുവോ ,സ്വപ്നത്തില്‍പോലും,പ്രതീക്ഷിച്ചതല്ല !പക്ഷെ കൂടുതല്‍,മെലോഡ്രാമകള്‍ക്ക് ഇടം കൊടുക്കാതെ,മുത്തശ്ശി,അത്യാസന്നനിലയില്‍,ആശുപത്രിയിലായത്
അവരെ തുണച്ചു ,

“ നിമിത്തം ശരിയല്ല ,നമുക്ക് ഈ ആലോചന ഇവിടെ വെച്ച്
അവസാനിപ്പിക്കാം  

വീട്ടില്‍,നിന്ന്‌ചന്ദ്രേട്ടന്‍റെ,മുത്തശ്ശന്‍,എഴുന്നേറ്റപ്പോള്‍,അമ്മുലുവിന്
സന്തോഷം കൊണ്ട് ലാത്തിരിയും പൂത്തിരിയും കത്തിക്കാന്‍
തോന്നി,ആ,വിവാഹം,നടന്നാല്‍,എന്നും,കവിതകേട്ട്,ഉറക്കംതൂങ്ങുന്ന
തന്നെ,സങ്കല്‍പ്പിക്കാനേ,അവള്‍ക്കു,കഴിയുമായിരുന്നില്ല.ആ,സന്തോഷം
പങ്കുവെയ്ക്കാന്‍ രാധയെ തിരഞ്ഞ അവളോട്‌ചന്ദ്രേട്ടന്‍,പറഞ്ഞു ,

“ നീയിപ്പോ പോണ്ട ,അവളിപ്പോ ഉച്ചമയക്കത്തിന്‍റെ ആലസ്യം
മാറാന്‍,അകായിക്കുള്ളിലെ വായനാമുറിയില്‍,രണ്ടാമൂഴത്തിലെ
ഭീമന്‍റെ,വിശാലമായ,വിരിമാറില്‍,ചിറകൊതുക്കി,കിടക്കുകയായിരിക്കും.”

അമ്മുലു,അത്ഭുതത്തോടെ,ചന്ദ്രേട്ടനെ,നോക്കി.എത്രനിസ്സാരമായാണ്,
മറ്റൊരാളിന്‍റെ,വിരിമാറില്‍,ചിറകൊതുക്കി കിടക്കുന്ന കാര്യം 
ചന്ദ്രേട്ടന്‍പറയുന്നത്! ഇത്രേ, ഉള്ളോ ,സ്നേഹം! 
അവള്‍,ഞാലിപ്പൂവന്‍,വാഴത്തോപ്പിലൂടെ,രാധയുടെ,വീട്ടിലെയ്ക്കോടി
ചായക്കടക്കാരന്‍,ഭീമനുണ്ണിയെ,അവള്‍ക്കറിയാം,പക്ഷെഏതാണീ,
രണ്ടാമൂഴത്തിലെ,ഭീമന്‍?ഓടിക്കിതച്ചു,വീട്ടിലെത്തിയ,അമ്മുലുവിനെ,കണ്ട്,
തുണികള്‍,കാരംചേര്‍ത്ത്,പുഴുങ്ങിയെടുക്കുകയായിരുന്ന ജാന്വേടത്തി 
അന്തം വിട്ടു .

“ ന്ത്യെ ? ന്താ പറ്റ്യേ കുട്ട്യേ ?

  എവടെ രാധ ? ”

“ അകായിക്കുള്ളിലുണ്ടല്ലോ 

അകായുടെ വാതില്‍ തള്ളിത്തുറന്ന അമ്മുലു കണ്ടത് ഒരു തടിയന്‍ 
പുസ്തകം മാറോട് ചേര്‍ത്ത്,കിടക്കുന്ന,രാധയെയാണ്! കാര്യമറിഞ്ഞ   
രാധ ചിരിച്ചു
  
“ നെനക്കും വേണോ ഈ ഭീമനെ ”
അമ്മുലു പുസ്തകമെടുത്തു നോക്കി എം.ടി യുടെ നോവല്‍!

“ വേണ്ടേയ്...ഞാനീ ജന്മമിരുന്നാല്‍ ഇത് വായിച്ചു തീരില്ല്യ. ”

അമ്മുലു ആശ്വാസത്തോടെ ചിരിച്ചു.ചിലും ചിലും ചിലും ചിലും! 
എവിടെ നിന്നോ കരിങ്കണ്ണന്‍റെ ചിലങ്കയുടെ ശബ്ദമുയരവെ അമ്മുലു 
ഓര്‍മകളില്‍,നിന്നുണര്‍ന്നു .ഭയപ്പാടോടെ അവള്‍ ചന്ദ്രേട്ടന്‍റെ ഫോണിലേയ്ക്കു വിളിച്ചു.


“ നീ ഉറങ്ങീലെ ഇതുവരെ ? ”

“ ല്ല്യാ..ഒറക്കംവരണില്ല്യ,നിക്ക്,പേട്യാവാണു,ചന്ദ്രേട്ടാ,ന്തോക്ക്യോ ശബ്ദോം 
കേള്‍ക്കണുണ്ട് ..”

“ഒന്നൂല്ല്യാ ,ല്ലാം നെന്‍റെ തോന്നലാ! ഞാനിപ്പാ ന്താ വേണ്ടേ ? 
പുലരും വരെ ന്തേലും വര്‍ത്താനം പറഞ്ഞോണ്ടിരിക്കണോ?”


“അതൊന്നും വേണ്ട ചന്ദ്രേട്ടന്‍റെ ഒരു കവിത ചൊല്ലി തര്വോ?നിക്ക് 
ഒറങ്ങാനാ !”


ചന്ദ്രന്‍,തന്‍റെ കവിതയുടെ ആദ്യഭാഗം പിന്നിടുമ്പോഴെയ്ക്കും
അമ്മുലുവിനെ,ഉറക്കം,പൂര്‍ണ്ണമായും,കാര്‍ന്നു,തിന്നുകഴിഞ്ഞിരുന്നു .
തന്‍റെ കവിതയിലൂടെ ഒരാളെ ഉറക്കിക്കിടത്തേണ്ടി വന്നതിന്‍റെ
ഇച്ഛാഭംഗം മാറാന്‍,അപ്പോള്‍,ചന്ദ്രന്‍,മനസ്സ് കൊണ്ട് രാധയെ
വിളിച്ചു,അവളപ്പോള്‍,പതിവുപോലെ,ഉണര്‍ന്നിരിക്കുകയായിരുന്നു
ഒരു ടെലെപ്പതിക് ടാക്കിനുള്ള മുഴുവന്‍പ്രതീക്ഷയും വെച്ച് കൊണ്ട് .







Sunday, April 14, 2013

അല്‍ത്താഫിന്‍റെ ഉമ്മൂമ്മ


ചെറുകഥ                        മിനി പി സി





നാലുമാസങ്ങള്‍ക്കു ശേഷമാണ് വീണ്ടും ഞാനീ ഹോസ്പിറ്റലില്‍

എത്തുന്നത് ! ഇന്നിവിടെ   നില്‍ക്കുമ്പോള്‍ അല്‍താഫിനേയും,

ഉമ്മൂമ്മയെയും കുറിച്ചുള്ള ഓര്‍മ്മചിത്രം മനസ്സ് പൊടിതട്ടി

എടുക്കുന്നു .
        
        അന്ന് നല്ല തിരക്കുള്ള ദിവസമായിരുന്നു .ഒ.പിയില്‍


രോഗികളുടെ നീണ്ട ക്യു , അതിനപ്പുറം അക്ഷമരായി നില്‍ക്കുന്ന

റെപ്സിന്‍റെ കൂട്ടം ! ആ കൂട്ടത്തിലേയ്ക്ക് ഞങ്ങളും നടന്നടുക്കവെ 

രോഗികള്‍ക്കിടയില്‍നിന്നും ഒരു ചേട്ടന്‍ പിറുപിറുത്തു .

 " രാവിലെ തന്നെ ബാഗും തൂക്കി ഇറങ്ങിക്കോളും ,മനുഷ്യരെ

ചുറ്റിക്കാന്‍! അകത്തു കേറിയാലോ പെട്ടന്നൊന്നും പുറത്തിറങ്ങില്ല ,

പിന്നെ ഒരു മണിക്കൂര്‍ വാചകമടിച്ച് അങ്ങനെ നില്‍ക്കും.

ബാക്കിയുള്ളോര് വെളുപ്പാങ്കാലത്തെ കുടുമ്മത്തൂന്ന് ഇറങ്ങീതാ.

ഇനി ഏതു നേരത്ത് തിരിച്ചു പോകാനൊക്കുമോ ആവോ ? "

റെപ്സിനോടുള്ള ആ ചേട്ടായിയുടെ രോക്ഷം കണ്ട് ആ മുഖത്ത്

നോക്കി ചെറുതായൊന്നു പുഞ്ചിരിച്ച് ഞങ്ങളും അവര്‍ക്കിടയിലേക്ക്

നീങ്ങി .

" മനുഷ്യന്‍ ടാര്‍ഗെറ്റ് തികയ്ക്കാന്‍ പെടാപാട് പെട്ട്

ടെന്‍ഷനായിരിക്കുമ്പോഴാ ഇവന്‍റെയൊക്കെ ഒരു വര്‍ത്താനം ! ഇന്ന്

പത്തുപേരെ കൂടി കാണാനുണ്ട് ഇത് കഴിഞ്ഞ് അതിനു പറ്റുമോ

ആവോ ?

കാഡലയുടെ സുമേഷേട്ടന്‍  ദേഷ്യത്തോടെ പിറുപിറുത്തു .

" ഒന്ന്  ടെന്‍ഷന്‍കളഞ്ഞ് റിലാക്സ്‌ചെയ്യ് മാഷേ . "

ബിജുചേട്ടന്‍ സുഹൃത്തിന്‍റെ തോളത്തു തട്ടി ആശ്വസിപ്പിച്ചു .

" തനിക്കങ്ങനെ പറയാം തനിക്കാരെയും ബോധിപ്പിക്കണ്ടല്ലോ ,പക്ഷെ

എനിക്കങ്ങനെയാണോ , മുകളീന്നു ഭയങ്കര പ്രഷറുണ്ടെന്ന് തനിക്കറിയാലോ”

ഫുള്‍സ്ലീവും ,ടൈയും ബാഗും എരിപൊരി ടെന്‍ഷനുമായി

ഇരിക്കുന്നവര്‍ക്കിടയില്‍നിന്നും അകന്നു മാറി  ഞാന്‍ 

ഐ.പിയ്ക്കരികിലൂടെ നടന്നു !, ഇനി കുറെ സമയം ഞാന്‍ ഫ്രീയാണ് 

എല്ലാവരെയും നിരീക്ഷിച്ചു കൊണ്ട് ഇങ്ങനെ നടക്കാം .എട്ടു പത്തു 

മുറികള്‍ മാത്രമുള്ള സാധാരണക്കാര്‍ മാത്രം വരാറുള്ള ചെറിയ 

ഹോസ്പിറ്റലാണ് ഇത് ! നടന്നു നടന്നു ഞാന്‍ ഒരു റൂമിനരുകില്‍ചെന്ന് 

നിന്നു . ആ മുറിയുടെ  വാതില്‍ അടഞ്ഞിരുന്നില്ല പാതി ചാരിയ ആ 

വാതിലിലൂടെ കുപ്പിചില്ലുടയുന്നത് പോലുള്ള അസഹ്യമായ ചുമ 

പുറത്തെയ്ക്കൊഴുകി കൊണ്ടിരുന്നു .ആ ചുമയുടെ ഉറവിടത്തിലെയ്ക്ക് 

ഞാന്‍ വെറുതെ ഒരെത്തി നോട്ടം നടത്തി .കൂടിയാല്‍ പത്തു പതിനൊന്നു 

വയസ്സ് മാത്രം പ്രായം വരുന്ന ഒരാണ്‍കുട്ടി ചുമച്ചു ചുമച്ച് ശ്വാസം 

കിട്ടാനാവാതെ വിഷമിക്കുകയാണ് !ഞാന്‍ പതിയെ നടന്ന് അവന്‍റെ 

ബെഡിനരുകിലെത്തി അവനെ സൂക്ഷിച്ചു നോക്കി , ചുമച്ച്

ചുമച്ച് ചുവന്നു വീര്‍ത്ത കണ്ണുകള്‍, ഉന്തി നില്‍ക്കുന്ന , നെഞ്ചിന്‍കൂടും ,

പോളിയോ വന്നു തളര്‍ന്ന കാലും! എന്നെ നോക്കുന്ന അവന്‍റെ 

കണ്ണുകളില്‍  നിന്നും കണ്ണീര്‍  ഒഴുകിയിറങ്ങുന്നു .ഞാന്‍ 

പരിഭ്രാന്തിയോടെ ചുറ്റിലും നോക്കി അവിടെങ്ങും വേറെ ആരുമില്ല 

തിടുക്കത്തില്‍ ഞാന്‍ ഡ്യൂട്ടി റൂമിലെയ്ക്കോടി .കാര്യം 

പറഞ്ഞപ്പോള്‍ തന്നെ അന്നമ്മ സിസ്റ്റര്‍  ചോദിച്ചു ,

" എന്‍റെ കൊച്ചെ ,അവിടെ ആ തള്ളയുണ്ടാകുമല്ലോ ! 

അതെവിടെപ്പോയി കിടക്കുന്നോ ആവോ? മനുഷ്യന്‍ അല്‍പ്പം ഒന്ന് 

വിശ്രമിക്കാന്നു കരുതിയതാ അപ്പോഴേയ്ക്കും.....പത്ത് പൈസേം കയ്യിലില്ല ,
ഡിസ്ചാര്‍ജായി  പോകത്തുമില്ല മനുഷ്യരെ കഷ്ട്പെടുത്താന്‍’’

അന്നാമ്മ സിസ്റ്റര്‍ തന്‍റെ മുഴുവന്‍  അതൃപ്തിയും 

പുറത്തേയ്ക്കൊഴുക്കി .അത് കേട്ടുവന്ന ദേവിക സിസ്റ്റര്‍ പറഞ്ഞു ,

 “ സിസ്റ്റര്‍ റസ്റ്റ്‌ എടുത്തോളൂ ,ഞാന്‍ പൊക്കോളാം ”
ദേവിക സിസ്റ്റര്‍ ആ റൂമിലേയ്ക്ക് നടന്നു . പോകും വഴി  എന്നോട് 

പറഞ്ഞു
  
“ എന്താ ചെയ്യുക പാവം കൂട്ടരാ , അല്‍താഫെന്നാ  ആ കുട്ടീടെ പേര് 

അവന് ന്യൂമോണിയ ആണ് ,  ശരിക്കും സുഖമായിട്ടില്ല ! 

അതിനാണെങ്കില്‍ ഉമ്മേം വാപ്പേം ഒന്നുമില്ല ആകെയുള്ളത് ഒരു 

ഉമ്മൂമ്മയാ , ഇവിടെ ഹോസ്പിററലിനടുത്തുള്ള വീടുകളില്‍ എന്തെങ്കിലുമൊക്കെ പണി ചെയ്തു കിട്ടുന്ന കാശു കൊണ്ടാ ഉമ്മൂമ്മ അവനുള്ള മരുന്നും ആഹാരവുമൊക്കെ വാങ്ങിക്കുന്നത് , ഇന്നും എവിടെയെങ്കിലും പോയിക്കാണും . എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് എനിക്ക് തോന്നാറുണ്ട് ,പക്ഷെ എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്നത് കൊണ്ട് വീട്ടിലെ കാര്യങ്ങളെ നടക്കുന്നില്ല .”
സിസ്റ്റര്‍ എനിക്ക് ഒരു വരണ്ട പുഞ്ചിരി സമ്മാനിച്ചു കൊണ്ട് മുറിയിലേയ്ക്ക് കയറി . അല്‍താഫ്‌എന്‍റെയുള്ളില്‍വല്യൊരു വേദനയായി ! ഞങ്ങളെത്തിയപ്പോഴെയ്ക്കും അല്‍ത്താഫിന്‍റെ ചുമയമര്‍ന്നിരുന്നു ! പില്ലോയില്‍ചാരിയിരുത്തി അല്‍ത്താഫിനെ ചൂട് വെള്ളം കുടിയ്പ്പിക്കുന്ന ആളെ സിസ്റ്റര്‍സ്നേഹത്തോടെ ശാസിച്ചു .


 “ഉമ്മ എവിടെയായിരുന്നു ?ഞാന്‍പറഞ്ഞിരുന്നില്ലേ ,രണ്ടു ദിവസത്തിന് അല്‍ത്താഫിനെ വിട്ട് എങ്ങും പോകരുതെന്ന് . ഈ കുട്ടി പറഞ്ഞ് വന്നതാ ഞാന്‍.”
ഞാനും ഉമ്മൂമ്മയും ചിരപരിചിതരെ പോലെ ചിരിച്ചു ,അല്താഫിന്‍റെ മുഖത്തും നാണത്തില്‍കുതിര്‍ന്ന ഒരു ചിരിയുണ്ടായിരുന്നു .ഞാന്‍ഉമ്മൂമ്മയെ നോക്കി നിന്നു .ക്ഷീണിച്ചു തളര്‍ന്ന് ജരാനരകള്‍ബാധിച്ച ദേഹം ,പക്ഷെ ദാരിദ്ര്യത്തിനും ക്ലേശങ്ങള്‍ക്കും മായ്ക്കാന്‍കഴിയാത്ത   

ഒരു തേജസ്‌ആ മുഖത്തുണ്ടായിരുന്നു .അല്താഫിന് ഒരു ഇന്‍ജെക്ഷന്‍കൊടുത്ത് സിസ്റ്റര്‍പറഞ്ഞു ,
ഇനി കുറച്ചു നേരം കിടന്നുറങ്ങിക്കോട്ടോ .ഉമ്മാ എന്ത് ക്ഷീണമാ ഇവന് ,എന്നും ഡ്രിപ്പിട്ട് ക്ഷീണം മാറ്റാന്‍പറ്റുമോ ?എന്തെങ്കിലും വയര് നിറച്ചു വാങ്ങിച്ചു കൊടുക്കണം നല്ലോണം കഴിയ്ക്കണ്ട പ്രായമല്ലേ ! ഇന്നെന്താ രാവിലെ കൊടുത്തത് ?
ഉമ്മൂമ്മ അപരാധിനിയെ പോലെ മുഖം കുനിച്ചു നിന്നു .അവരുടെ കണ്ണുകളില്‍നിന്നും കുടുകുടാ കണ്ണുനീര്‍ത്തുള്ളികള്‍ നിറം മങ്ങിയ ക്ലേ-ടൈലിലേയ്ക്ക് പൊഴിഞ്ഞു വീഴവെ സിസ്റ്റര്‍ ഉത്തരമില്ലാത്ത ഒരു സമസ്യ എനിക്കിട്ടു തന്ന് അവിടെ നിന്നും പോയി . എനിക്ക് എങ്ങനെ അവരെ ആശ്വസിപ്പിക്കണമെന്നു ഒരൂഹവും കിട്ടിയില്ല . ഞാന്‍പെട്ടെന്ന് പുറത്തിറങ്ങി ഊഴവും കാത്തിരിക്കുന്ന റെപ്സിനെ ഒന്ന് പാളിനോക്കി ,എല്ലാവരും ആ എക്സിക്യുട്ടീവ് മസിലുപിടുത്തമോക്കെ വിട്ട് കുടുകുടാ ചിരിക്കുന്നു അവരോട്  ബിജുചേട്ടന്‍എന്തോ പറയുന്നുണ്ട്   ഇനി പേഷ്യന്‍റ്സ് തീര്‍ന്നാലെ എന്നെ അന്വേഷിക്കൂ ,ഞാന്‍വീണ്ടും ആ മുറിയിലേയ്ക്ക് ചെന്നു  .

“ അവനൊറങ്ങി മോളെ , എന്‍റെ മോന്‍റെ മോനാ !മോന്‍ മരിച്ചിട്ട് ഏഴു
വര്‍ഷം കഴിഞ്ഞു .വണ്ടി അപകടമായിരുന്നു .ഇവന്‍റെ ഉമ്മ മരിച്ചിട്ട് നാല് വര്‍ഷമായി അവള്‍ക്കു ടി ബി യായിരുന്നു .ഈ കാലു വയ്യാത്ത പുള്ളെനേം കൊണ്ട് പിന്നെ ഒരു ഓട്ടപാച്ചിലായിരുന്നു .ആരൂല്ല ഒരു സഹായത്തിന് .കണ്ടോരുടെ വീട്ടില്‍പണിചെയ്താണെങ്കിലും ഒരു അല്ലലുമില്ലാതെ വളര്‍ത്തുന്നതിന്‍റെ എടയ്ക്കാ ഇതിനീ വയ്യായ്ക വന്നത് ! ആ എല്ലാം പടച്ചോന്‍കാണാണുണ്ട്‌!”
ഉമ്മൂമ്മ ദീര്‍ഘനിശ്വാസത്തോടെ നിര്‍ത്തി .പിന്നെ എന്നോട് ചോദിച്ചു ,

 “ മോള്‍ക്കെന്താ അസുഖം ? അതോ ആരേലും കാണാന്‍വന്നതാണോ ? ”
ഉമ്മൂമ്മയ്ക്ക് മനസിലാവും വിധം ഞാനെന്‍റെ ജോലി പറഞ്ഞു കൊടുക്കുമ്പോഴെയ്ക്കും എന്നെ തിരഞ്ഞ് ബിജുചേട്ടന്റെ വിളിയെത്തി .ഡോക്ടരുടെ കാബിനു മുന്‍പില്‍ നില്‍ക്കുമ്പോള്‍ എല്ലാ റെപ്സിന്‍റെ
മനസ്സിലും ഡിറ്റെയില്‍ ചെയ്യാനുള്ള മരുന്നുകളായിരിക്കും ,പക്ഷെ എന്‍റെ മനസ്സ് നിറയെ അല്‍താഫായിരുന്നു ! ഡോക്ടറോട് അല്‍താഫിനെക്കുരിച്ചു പറയണമെന്ന് ഞാന്‍ ആഗ്രഹിച്ചുവെങ്കിലും അന്ന് ഉച്ചയ്ക്ക് മുന്‍പ് കണ്ടുതീര്‍ക്കാനുള്ള ഡോക്ടര്‍മാരുടെ എണ്ണവും ഞങ്ങള്‍ക്ക് പുറകെ നില്‍ക്കുന്ന റെപ്സിന്‍റെ എണ്ണവും ,എനിക്കതിനുള്ള അവസരം തന്നില്ല .കാബിനില്‍നിന്നും ഇറങ്ങിയ ഉടനെ ബിജുചേട്ടന്‍റെ കയ്യില്‍നിന്നും കുറെ രൂപ വാങ്ങി ആ ഉമ്മൂമ്മയ്ക്ക് കൊടുത്തു , പക്ഷെ എന്നെ അതിശയിപ്പിച്ചു കൊണ്ട് ആ രൂപ എത്രയുണ്ടെന്ന് പോലും നോക്കാതെ എനിക്ക് തിരിച്ചു തന്ന് ഉമ്മൂമ്മ പറഞ്ഞു , “ അയ്യോ ഇത് വേണ്ട മോളെ , മോളൊരു വഴിയ്ക്ക് വന്നിട്ട് കയ്യിലുള്ളത് ഇവിടെ തന്നിട്ട് പോയാ ,ഇടയ്ക്ക് എന്തെങ്കിലും ആവശ്യം വന്നാലോ ? മോള്‍ക്ക്‌വീട്ടിചെല്ലാനുള്ളതല്ലെ ? ഉമ്മൂമ്മയ്ക്ക് സന്തോഷായി .”
ഞാന്‍അത്ഭുതത്തോടെ അവരെ നോക്കി  .ഇല്ലാത്ത പ്രാരാബ്ധങ്ങളും , പ്രശ്നങ്ങളും പറഞ്ഞ് കാശു ചോദിച്ചു വാങ്ങുന്ന ആളുകളുള്ള ഈ ലോകത്ത് ഒന്നുമില്ലായ്മയിലും ഈ ഉമ്മൂമ്മ വ്യതസ്തയാവുന്നു !ഒടുവില്‍ ഞാന്‍

“ ഉമ്മൂമ്മാ ,ആ കാറിലിരിക്കുന്നത് എന്‍റെ ഭര്‍ത്താവാണ് .ഞങ്ങള്‍ ഒരുമിച്ചാണ് ജോലി ചെയ്യുന്നത് , ”

എന്നൊക്കെ പറഞ്ഞതിന് ശേഷമാണ് അവര്‍ അത് വാങ്ങിയത് .
ബില്ലിന്‍റെ കാര്യമോര്‍ത്ത് ഉമ്മൂമ്മ വിഷമിയ്ക്കണ്ട ഞങ്ങള്‍ഡോക്ടറോട് പറഞ്ഞ് അതൊക്കെ ശരിയാക്കാം എന്ന് പറഞ്ഞപ്പോള്‍എന്‍റെ കയ്യില്‍ ദുര്‍ബലമായി പിടിച്ചമര്‍ത്തികൊണ്ട് ഉമ്മൂമ്മ പറഞ്ഞു ,

 “ മക്കള്‍നന്നായി വരും . പടച്ചോന്‍കാക്കും ”
അന്നത്തെ വര്‍ക്കുകള്‍ കഴിഞ്ഞു വീട്ടിലേയ്ക്ക് തിരിക്കും വഴി ബിജുചേട്ടനോട് എല്ലാം പറഞ്ഞു .വീട്ടില്‍ എത്തിയാലുടനെ ഡോക്ടറോട് അല്‍താഫിന്‍റെ കാര്യം പറയാമെന്നു സമ്മതിക്കുകയും ചെയ്തു . പക്ഷെ ഹൈവേ പിന്നിടും മുന്‍പ് ഞങ്ങളുടെ കാറിലേക്ക്  ട്രാഫിക്‌നിയമങ്ങള്‍ അവഗണിച്ചു ചീറിപ്പാഞ്ഞുവന്ന മറ്റൊരു കാര്‍ ഇടിച്ചു. ആ .ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍വശം മുഴുവന്‍ തകര്‍ന്നു പോയെങ്കിലും ഞങ്ങള്‍ക്ക് ഒന്നും പറ്റിയില്ല .നിരത്ത് നിശ്ചലമായി ,ആളുകള്‍ ഓടികൂടി , ഒരു ചേട്ടന്‍ പറഞ്ഞു ,

“ മക്കളെ ദൈവം നിങ്ങളെ രക്ഷിച്ചു ,ഇന്നലെ ഇതെ സ്ഥലത്ത് ഇത് പോലെ ഒരു ഇടി നടന്നിട്ട് നാലെണ്ണം സ്പോട്ടില്‍ വെച്ച് തന്നെ ......,ലക്കും ലഗാനുമില്ലാതെ വന്ന് ആള്‍ക്കാരെ കൊല്ലാന്‍ നടക്കുന്ന അവന്മാരെ പിടിക്കടാ ...”

ചേട്ടന്‍ പറഞ്ഞു തീരും മുന്‍പേ ആള്‍ക്കാര്‍ ഞങ്ങളെ ഇടിച്ച വണ്ടിക്കാരെ വലിച്ചു പുറത്തിട്ടു കഴിഞ്ഞിരുന്നു ...ഇതൊക്കെ ഞങ്ങള്‍ക്ക് ചുറ്റിലും നടക്കുമ്പോഴും ഞങ്ങള്‍ ഇടിയുടെ ആഘാതത്തില്‍ വിറങ്ങലിച്ചിരിക്കുകയായിരുന്നു !

രണ്ടു മൃതദേഹങ്ങളായി വീട്ടിലെത്തേണ്ടിയിരുന്ന ഞങ്ങളെ ഒരു പോറലുമേല്‍പ്പിക്കാതെ കാത്തത് ഞങ്ങള്‍ക്ക് വേണ്ടി ദൈവസന്നിധിയില്‍ ഉമ്മൂമ്മ അര്‍പ്പിച്ച  ഹൃദയം നുറുങ്ങിയ പ്രാര്‍ഥനയാണെന്ന് എന്‍റെ മനസ്സ് പറഞ്ഞു .എന്തോ ഞാന്‍ പറയാതെ തന്നെ  ബിജുചേട്ടന്‍ ആ പ്രതികൂലങ്ങളുടെ നടുവില്‍ നിന്ന് കൊണ്ട് ഡോക്ടറെ വിളിച്ച് അല്‍താഫിനെക്കുറിച്ചു സംസാരിച്ചു എന്നിട്ട് എന്നോട് പറഞ്ഞു

 “ ഇപ്പോഴാ ഒരു ആശ്വാസമായത് ! ”


“ വാ പേഷ്യന്‍റ്സ് തീര്‍ന്നു . ”
ബിജുച്ചേട്ടന്‍റെ വിളി എന്നെ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ത്തി . ഡോക്ടറുടെ കാബിന് മുന്‍പില്‍ ഊഴവും കാത്തു നില്‍ക്കുന്നവര്‍ക്കിടയിലേയ്ക്ക് ഞാനും ചെന്നു , ഇന്നും ഞാന്‍ ചിന്തിച്ചത് ഡിറ്റെയില്‍ ചെയ്യാനുള്ള മരുന്നുകളെക്കുറിച്ചായിരുന്നില്ല ,എന്‍റെ മനസ്സു നിറയെ അല്‍താഫും ഉമ്മൂമ്മയും ഇപ്പോള്‍ എവിടെയായിരിക്കും എന്ന  ചിന്തയായിരുന്നു .