Thursday, February 14, 2013

പ്രണയദിനം


മിനിക്കഥ                   മിനി പി .സി



            പ്രണയദിനം

ഒരു മിന്നല്‍ക്കൊടിയെന്നോണം ആ പുല്‍മേട്ടിലേയ്ക്ക് 
പൊട്ടിവീഴപ്പെട്ടതായിരുന്നു അവര്‍ ! സാന്ധ്യമേഘത്തിന്‍റെ
സ്നിഗ്ധതയും , മഴത്തുള്ളികളുടെ ആര്‍ദ്രതയും , മിന്നലിന്‍റെ
ആകര്‍ഷകമായ പ്രഭാപൂരവും അവരില്‍ ഇഴചേര്‍ന്നിരുന്നു .
മലമടക്കുകളുടെ ഔന്ന്യത്യവും ,താഴ്വരകളുടെ അഗാധതയും
പോലെ വൈവിധ്യമാര്‍ന്ന നിമ്ന്നോന്നതങ്ങള്‍ കൊണ്ട് അവര്‍
തങ്ങളുടെ പ്രണയത്തെ എന്നും ഉല്‍കൃഷ്ടമായി പൊതിഞ്ഞു
സൂക്ഷിച്ചിരുന്നു ! അവളുടെ കണ്ണുകളിലെ ഒരിയ്ക്കലും വറ്റാത്ത
പ്രണയത്തിന്‍റെ നീര്‍ച്ചാലുകള്‍ തന്‍റെ ഹൃദയഭിത്തിയിലൂടെ
പടര്‍ന്നൊഴുകുന്ന നിര്‍വൃതി ആസ്വദിച്ചുകൊണ്ട് അയാള്‍ അവളുടെ
കണ്ണുകളിലേയ്ക്ക് നോക്കിയങ്ങനെ ഇരുന്നു . അയാളുടെ കണ്ണുകളില്‍
വിശുദ്ധ പ്രണയത്തിന്‍റെ മീവല്‍പ്പക്ഷികള്‍ കൂടൊരുക്കുന്നതും
നോക്കിയിരിയ്ക്കെ  അഭൌമമായ ഏതോ അനുഭൂതിയുടെ
ചിറകില്‍ അനന്തതയിലേയ്ക്ക് പറന്നുയരുകയായിരുന്നു
അവളപ്പോള്‍ ! അവരുടെ ആ ഇരുപ്പ് കണ്ട്.... അവരെ തഴുകി കടന്നു
പോയ ഇളംകാറ്റ് മലമടക്കുകളില്‍ തട്ടി തിരിച്ചു വന്ന് തന്‍റെ
പ്രണയിനിയായ പൊന്‍വെയിലിന്‍റെ കാതില്‍ പ്രണയദിനാശംസകള്‍
അറിയിച്ചു , പച്ചപ്പുല്‍മെത്തയില്‍ മൂക്കുരസി രസിച്ചുനടന്ന
മുയല്‍ക്കുട്ടന്മാര്‍ തങ്ങളുടെ ഹൃദയേശ്വരിമാര്‍ക്ക് തേനില്‍ചാലിച്ച
പ്രണയദിന സ്പെഷ്യല്‍ എസ്‌.എം എസ്സുകള്‍ അയച്ചു ,നാളിതുവരെ
ഒരേ സമയം പലരെയും പ്രണയിച്ച പൂവാലനണ്ണാന്‍
പീച്ചുതോട്ടത്തിനരുകിലെ യൂക്കാലിമരത്തില്‍ കൂടുകൂട്ടിയ ഒരു
സുന്ദരിയ്ക്ക് മാത്രമായി തന്‍റെ ഹൃദയം പതിച്ചു നല്‍കി ,
പൂവാലനെന്ന കളിപ്പേരില്‍ നിന്നും എന്നേയ്ക്കുമായി മോചിതനായി
!അങ്ങനെയങ്ങനെ പൂക്കളും പുഴുക്കളും പുല്‍നാമ്പുകളും തുടങ്ങി
അവരെ ചുറ്റിനില്‍ക്കുന്ന സര്‍വ്വവും അവരില്‍ നിന്നും പ്രസരിക്കുന്ന
ഉദാത്ത പ്രണയത്തിന്‍റെ മാസ്മരികതയില്‍ മുങ്ങി നില്‍ക്കെ അവര്‍
പറയാതെ പറയുന്ന വിശേഷങ്ങളിലും , പാടാതെ പാടുന്ന
പാട്ടുകളിലും ,കാണാതെ കാണുന്ന സ്വപ്നങ്ങളിലും പെട്ട് ആ
പ്രണയദിനം സാഫ്രോണ്‍ പൂക്കള്‍ പോലെ ചുവന്നു തുടുത്തു .

Saturday, February 9, 2013

സാന്ത്വനം

കവിത                                                                                       മിനി .പി .സി 




                                                     സാന്ത്വനം 



"പുറമെ   പൊള്ളുന്ന മേടച്ചൂട് 
ഉള്ളിലെ നെരിപ്പോടും കനലണയാതെ കത്തുന്നു
ആരോ  പറഞ്ഞു
 "പോകൂ ,ആ    കാടിനപ്പുറം
 നിനക്ക് സാന്ത്വനമുണ്ട് . "
 അതൊരു കളവായിരുന്നു
 ആ കാട്ടിനപ്പുറം ഇരുണ്ടു ശൂന്യമായിരുന്നു
ആ ഇരുണ്ട ശൂന്യതയില്‍
എനിക്കെവിടെ നിന്ന് കിട്ടും സാന്ത്വനം ?
                                   
                                    എന്‍റെ  ഉഷ്ണം  ഇരട്ടിച്ചു
                                      മുറ്റത്തെ മഞ്ഞ മന്ദാരങ്ങളില്‍ ...
                                      മാവിന്‍റെ തളിര്‍ത്ത ചില്ലയിലെ
                                      പേരറിയാക്കിളികളില്‍ .....
                                      പരിചിത മുഖങ്ങളില്‍ ....
                                       എവിടെ  എവിടെയാണ്  സാന്ത്വനം ?

സാന്ത്വനം തേടി  ഒടുവിലെന്നോ ഞാനീ ,
ക്രൂശിത രൂപത്തിന്‍ മുന്‍പില്‍
നമ്രശീര്‍ഷയാകവേ ...
എന്‍റെ  ഉടലിലാകെ
സാന്ത്വനത്തിന്‍റെ  ഇളം മഞ്ഞിഴയുന്നു
എന്‍റെ  മിഴികളിലൂടെ
സ്നേഹത്തിന്‍  തെളിനീരൊഴുകുന്നു
എന്‍റെയുള്ളിലെ  കത്തുന്ന വേനല്‍
ഒരു വസന്തത്തിനായ്‌  വഴിമാറുന്നു
എന്‍റെയോരോ  അണുവിലും
എന്‍റെ നാഥന്‍റെ സ്നേഹം  നിറയുന്നു
ഈ  കുന്തിരിക്കത്തിന്‍ പുകമറയ്ക്കുള്ളില്‍
എന്‍റെ   നാഥന്‍റെ  കരവലയങ്ങളില്‍
ഇന്ന് ഞാനറിയുന്നു  യഥാര്‍ത്ഥ  സാന്ത്വനം  . "