Monday, April 7, 2014

കവിത

                                                     മിനി.പി.സി

                                                

                                  നോമ്പുകാലം 
                  


" ഇത് നോമ്പുകാലം !

എണ്ണമില്ലാ വിശപ്പുകള്‍ക്ക് 

പുറകെ പാഞ്ഞവര്‍ 

ഓട്ടം നിര്‍ത്തി 

പച്ചക്കറിയിലൊതുങ്ങി !

ബിവറേജസിനു മുന്നില്‍ 

ക്യൂ നിന്ന് ദാഹം തീര്‍ത്തവരും

അടിമുടി പച്ചയാണിപ്പോള്‍ !

എന്തൊരു വിനയം !

എന്തൊരു ഭക്തി !

കുമ്പസാരക്കൂട്ടിനിപ്പുറം

വൈദികന്‍റെ നെഞ്ചിടിപ്പുകള്‍ 

ചോദിക്കുന്നു.....,

 " ഇക്കണക്കിനു പോയാല്‍ 

എത്ര  രൂപക്കൂടുകള്‍

പണിയേണ്ടി വരും ? "

അപ്പോള്‍ ,

കുമ്പസാരക്കൂടിനപ്പുറം 

നില്‍ക്കുവോര്‍ 

ഉള്ളില്‍  പിറുപിറുക്കുന്നു 

ഈ നശിച്ച നോമ്പൊന്നു 

തീര്‍ന്നിട്ടു വേണം ...............?



Thursday, April 3, 2014

കവിത



                                മിനി.പി.സി
                                           


     ഒന്നുമില്ലാത്ത പെണ്ണ്



 ഏതോംതോയിലെ മണ്ണ്

 തൃക്കരങ്ങളിലെടുത്ത്
  
എന്നെ ഉരുവപ്പെടുത്തും മുമ്പ്

  ദൈവം എന്നോടൊരു ചോദ്യം
  
നിനക്കാരാവണം ?
  
ഒറ്റക്കോശം  മുതല്‍

 ബഹുകോശം വരെയുള്ള

 സങ്കീര്‍ണ്ണ  ജീവികള്‍
  
വിശ്വവിജ്ഞാനകോശത്തിലെന്ന വിധം

 മുന്നിലൂടെ കടന്നുപോകെ

 ഒന്നുമില്ലായ്മയില്‍നിന്നും
  
ഞാന്‍ മൊഴിഞ്ഞു ,
  
എനിക്കൊരു പെണ്ണാവണം
  
ആണിന്‍റെ  വാരിയെല്ലില്‍നിന്നല്ലാത്ത

 മറ്റൊരു വാരിയെല്ലിന്‍റെയും
  
താങ്ങുവേണ്ടാത്ത

 സ്വതന്ത്രയായൊരു പെണ്ണ് !
  
അതുകേട്ട് അവിടുന്ന് ചിരിച്ചു
  
ഒരു ഒന്നൊന്നര ചിരി
  
ആ ചിരിയോടെ എന്നെ

 മെനഞ്ഞത് കൊണ്ടാവണം

 ഞാനൊരു പെണ്ണായി
  
ചങ്കും കരളുമില്ലാത്ത

ഹൃദയം പോലുമില്ലാത്തൊരു പെണ്ണ് ! ”