Friday, October 11, 2013

മഴവില്‍ വാര്‍ഷിക പതിപ്പില്‍ വന്ന ഒരു ചെറുകഥ



ചെറുകഥ               മിനി പി സി
                       



          ഇടവപ്പാതി



കായല്‍ക്കരയില്‍  ഇട്ടിയവിരായുടെ ഇളയമകന്‍ ഷോജന്‍ പണികഴിപ്പിച്ച
പോഷ് വീട്ടില്‍ തന്‍റെ കിടപ്പുമുറിയിലെ റോസ്-വുഡ്  കട്ടിലില്‍ കിടന്ന്
കുഞ്ചെറിയാച്ചന്‍ പിച്ചുംപേയും പറയാന്‍, തുടങ്ങിയിട്ട് ദിവസം നാലായി. വല്യപ്പച്ചന്‍റെ  അരികില്‍ ഇതൊക്കെ കേട്ട് വിഷമിച്ച്കൊച്ചു ഇരുന്നു.!...പുറത്ത്‌തകര്‍ത്തുപെയ്യുന്നഇടവപ്പാതി,മഴയിലേക്കു,നോക്കി
കുഞ്ചെറിയാച്ചന്‍ എന്തൊക്കെയോ കണക്കുകള്‍ കൂട്ടി എന്നിട്ടു പറഞ്ഞു

 " ഇതുപോലൊരു എടവത്തിലാ കുഞ്ഞേലിയാമ്മ ശലോമിയെ പെറ്റത്.....അന്ന് വൈകും വരെ പാടത്ത് പണിത് നനഞ്ഞു കേറി വന്നപ്പോ പത്തും തികഞ്ഞു നില്‍ക്കണ കുഞ്ഞേലി  നെല്ലുകുത്തുവാരുന്നു  എന്നെ കണ്ടതും

"എന്‍റെ പൊന്നേ ആകെ നനഞ്ഞു  കുതിര്‍ന്നല്ലോന്നും  പറഞ്ഞ് ചുക്കും
കുരുമുളകും കരിപെട്ടീം ഒക്കെ ചേര്‍ത്ത് തിളപ്പിച്ച  ചൂടന്‍കാപ്പി കൊണ്ടു തന്നു , എന്നിട്ട് ഞാനത് കുടിച്ചു തുടങ്ങിയപ്പോ

 “ എന്‍റെ ഇച്ചായാ ഞാനിപ്പോ വരാമേന്നും ”

പറഞ്ഞ് എളിക്ക് കയ്യും കൊടുത്ത് പ്രാഞ്ചി പ്രാഞ്ചി ഒറ്റ പോക്ക്! കൊറേനേരം കഴിഞ്ഞപ്പോ ഒരു  ചോരകുഞ്ഞിനേം തുണീ പൊതപ്പിച്ച് കൊണ്ടതന്നിട്ടു  പറയുകയാ ,

"ദാ   കൊച്ചിനെ പിടിച്ചോ ... നെല്ല് കുത്തിയെടുത്തിട്ടു  വേണം  അത്താഴം വെക്കാനെന്ന് !” 

രണ്ടാമത്തെ പേറും ഒരു എടവത്തിലായിരുന്നു . ആ,കൊച്ച് പെറ്റ ഒടനെ തന്നെ ചത്തു . മൂന്നാമന്‍...ഓ... എന്നതാ അവന്‍റെ പേര് ? "

എത്ര ഓര്‍ത്തെടുക്കാന്‍   ശ്രമിച്ചിട്ടും അതിനു കഴിയാഞ്ഞ് അയാള്‍
കുഞ്ഞേലിയെ വിളിച്ചു ,

 "കുഞ്ഞേലിയേ....നമ്മുടെ മൂന്നാമത്തവന്‍റെ പേരെന്തോവാടി ?  കുഞ്ഞേലിയെ....”

“ആരുടെ പേരാ വല്ല്യപ്പച്ചാ?”

തന്‍റെ നിഷ്കളങ്കമായ  കണ്ണുകള്‍ വിടര്‍ത്തി  കൊച്ചുവിന്‍റെ  മകള്‍ കുഞ്ഞേലിയാമ്മ  വല്ലിപ്പച്ചനെ നോക്കി .തന്‍റെ ആകെ നരച്ച മുഖം പൊക്കി അവളെ കടുപ്പിച്ചോന്നു നോക്കി   കുഞ്ചെറിയാച്ചന്‍ ഉഗ്രസ്വരത്തില്‍  ചോദിച്ചു

“ നീയേതാ ? നിന്‍റെ വീടേതാ ?’”

കുട്ടി വല്ലിപ്പച്ചനെ നോക്കി അല്‍പ്പനേരം മിഴിച്ചു നിന്നതിനു ശേഷം മമ്മയോട് ചോദിച്ചു ,

“ കൊച്ചൂ , ഈസ്‌ ഹി സീരിയസ് ? ”

കൊച്ചു തലയാട്ടി .എന്നിട്ട് ഗദ്ഗദത്തോടെ പറഞ്ഞു

“ ഉം,.നമ്മളെയൊന്നും വല്ലിപ്പച്ചന് ഓര്‍മയില്ല, ഈ വിളിക്കുന്നത്‌
വല്യമ്മച്ചിയെയാ ! ”

“ കരയണ്ട കൊച്ചൂ ....”

കുട്ടി തന്‍റെ തടിച്ച കണക്ക് പുസ്തകവുമായി സ്റ്റഡി റൂമിലേയ്ക്ക് പോകെ കൊച്ചു വല്യപ്പച്ചനരുകില്‍നിന്നും പതിയെ എഴുന്നേല്‍ക്കാനാഞ്ഞു .ഉടനെ അവളുടെ കയ്യില്‍ മുറുക്കെപിടിച്ച്   കുഞ്ചെറിയാച്ചന്‍ ആജ്ഞാപിച്ചു,

“എടീതാണ്ടക്കുഞ്ഞെ,,,,,,,,,,,,നീയാ മച്ചിന്‍പുറത്തിരിക്കണ വെള്ളുകൊട്ട,
എടുത്തോണ്ട് വന്നെ ..അതിനകത്ത് കൂര്‍ക്കയിരിപ്പുണ്ട് .നീയതെടുത്ത് അമ്മച്ചീടെ കയ്യീ കൊടുത്ത് ഇച്ചരെ വെട്ടിക്കൂട്ടും ചേര്‍ത്ത് വെയ്ക്കാന്‍ പറയ്‌.എന്‍റെ ആന്‍റപ്പന് അതെന്ത് ഇഷ്ടാന്നറിയാമോ !എന്ത്യേടി ആന്‍റപ്പന്‍?”

“ഓ.... ഈ  ആന്‍റപ്പനും കൊച്ചേലീം, താണ്ടക്കുഞ്ഞും ഒക്കെ, അങ്ങേലോകത്തെത്തീട്ടു,കാലമെന്തായി!,എന്‍റെകര്‍ത്താവേ,ബുദ്ധിമുട്ടിയ്ക്കാതെ ഇതിനെ അങ്ങോട്ട്‌ വിളിക്കണേ... ഈ അങ്കപ്പാട് തുടങ്ങീട്ട് നാലു ദെവസായി എന്‍റെ കൊച്ചൂ, നീയിങ്ങനെ അവിടെത്തന്നെ ഇരുന്ന് വെഷമിക്കാണ്ട് എഴുന്നേറ്റു വന്ന് വല്ലതും കഴിച്ചേ...എന്നിട്ട് ആ കൊച്ചിന് എന്തേലും രണ്ടക്ഷരം പഠിപ്പിച്ചു കൊടുത്തെ .ഇങ്ങനൊണ്ടോ പെണ്‍കൊച്ചുങ്ങള്....അപ്പനാണെ പോട്ടെ...ഇത് അപ്പന്‍റെ
അപ്പനാ ,അതും നൂറ്റിപ്പത്ത് വയസ്സായി !കെട്ട്യോളും മക്കളും ഒക്കെപ്പോയി ഇനി വല്ലിപ്പച്ചനും പൊയ്ക്കോട്ടെ കുഞ്ഞേ...അതില് ഭാരപ്പെടാനൊന്നുമില്ല. ”

സെര്‍വന്‍റ് സാറാമ്മചേടത്തി ഒരു ലോകനീതി പറഞ്ഞ് അടുക്കളയിലേയ്ക്ക് പോയി . സാറാമ്മച്ചി പറഞ്ഞത് പോലെ വല്ലിപ്പച്ചനെ അങ്ങനെയങ്ങ് മരണത്തിനു  വിട്ടുകൊടുക്കാന്‍ കൊച്ചുവിനു  മനസാവുന്നതെങ്ങനെയാണ്? അവള്‍ പതിയെ എണീറ്റ്‌ ജാലകവിരി നീക്കി കായലിലേയ്ക്ക് നോക്കിനിന്നു .  


              ശക്തിയായി പെയ്യുന്ന മഴയില്‍ നനഞ്ഞുകുതിരുന്ന കായല്‍ ! അങ്ങനെ നനഞ്ഞുകുതിരുന്ന കായലുംനോക്കി ചാരുകസേരയില്‍,
വല്ലിപ്പച്ചന്‍റെ മടിയില്‍ "കൊച്ചു" ഒരുപാടിരുന്നിട്ടുണ്ട്‌ ! വിശാലവും മനോഹരവുമായ ഈ ലോകം കൊച്ചു ആദ്യം കണ്ടത് വല്ലിപ്പച്ചന്‍റെ കണ്ണുകളിലായിരുന്നു ! ഒരുപക്ഷെ വല്ലിപ്പച്ചന്‍ ഇല്ലായിരുന്നെങ്കില്‍
കൊച്ചു ഈ ലോകം തന്നെ, കാണുകയേ ഇല്ലായിരുന്നു !
കുഞ്ചെറിയാച്ചന്‍റെ ഇളയമകന്‍ ഇട്ടിയവിരായ്ക്ക് അന്‍പതാം
വയസ്സില്‍പറ്റിയ ഒരു അബദ്ധമാണ് കൊച്ചു !.കൊച്ചുവിന്‍റെ  മൂത്തത് രണ്ട് ആണ്മക്കളും കുടുംബവും കുട്ടികളുമായി ആസ്ത്രേലിയായുടെ തീരത്ത് സുഖമായി കഴിയുമ്പോഴാണ് ഈ അക്കിടി ! അന്ന് ഇട്ടിയവിരായ്ക്ക് ജോലി കാശ്മീരില്‍! ഉടനെ നാട്ടിലേയ്ക്ക് തിരിച്ച ഇട്ടിയവിരായും ഭാര്യ റോസമ്മയും അപ്പന്‍റെ മുന്‍പില്‍ ആകെ ചമ്മിച്ചുളുങ്ങി നിന്നു! അപ്പോള്‍ അപ്പന്‍ മകനോട്‌ പറഞ്ഞു ,

“ എടാ , നിങ്ങള് ദൈവത്തിന് നെരക്കാത്തതൊന്നും ചെയ്യണ്ട .റോസമ്മ
പെറ്റോട്ടെ ...നിങ്ങക്ക് വേണ്ടെങ്കി ഞാനതിനെ വളര്‍ത്തിക്കോളാം . ”

ആ ഉറപ്പിലാണോ എന്തോ റോസമ്മ പ്രസവിച്ചു.ചൊവ..ചൊവാ..ചൊമന്ന
എലിക്കുഞ്ഞിനോളം പോന്ന ഒരുപെണ്‍കുഞ്ഞ് ! കൊച്ചിനെ കണ്ടപാടെ,
റോസമ്മ കരഞ്ഞു ,ഇട്ടിയവിരാ ദു;ഖത്തോടെ അപ്പനോട് പറഞ്ഞു ,

“ അപ്പാ... കൊച്ച് കറമ്പിയാ...പോരാത്തേന് പെണ്ണും ! ഒടുക്കകാലത്ത്
ഒണ്ടായത്‌ ഇങ്ങനെയായീലോ . ”

ആങ്ങളമാരും നാത്തൂന്മാരും ഒരു ഫര്‍ലോങ്ങ് ദൂരെ നിന്ന് അവളെ കണ്ടു
തിരിച്ചു പോയി ...അപ്പോള്‍ അവളെയെടുത്ത് സ്വന്തം നെഞ്ചോടു ചേര്‍ത്ത്
വല്ലിപ്പച്ചന്‍പറഞ്ഞു ,

“ഇച്ചരെ കറുത്താലും..പെണ്ണാണെലും എനിക്കിത് പൊന്നാടാ പൊന്ന് ! 

അതുവരെ രണ്ടേക്കര്‍ പറമ്പില്‍ കൊത്തിയും കിളച്ചും സമയം കൊന്ന
കുഞ്ചെറിയാച്ചന്‍ അങ്ങനെ എഴുപത്തിയെട്ടാം വയസ്സില്‍ ബിസിയായി
.അദേഹത്തിന്‍റെ ടൈംടേബിള്‍തന്നെ മാറി .നാളതുവരെ കേന്ദ്രഗവണ്‍മെന്റ്
ജോലിക്കാരനായിരുന്ന മകന്‍ ഇട്ടിയവിരായുടെ ജോലിസ്ഥലത്തെക്കൊന്നും
പോകാന്‍ താല്പ്പര്യപെടാതിരുന്ന കുഞ്ചെറിയാച്ചന്‍,തന്‍റെ കൊച്ചൂനെ കരുതി ഏറ്റം തണുപ്പുള്ള അങ്ങ് കാശ്മീര് വരെ പോയി !കൊച്ചൂനെ പ്രസവിച്ചതോടെ എന്നും ഓരോ കുഴപ്പങ്ങളായിരുന്നു റോസമ്മയ്ക്ക് ! ഒത്തിരി ടെസ്റ്റുകള്‍ നടത്തി. ഒടുവില്‍..രോഗം കണ്ടെത്തി 
“ ലിംഫോബ്ലാസ്ടിക് ലിംഫോമ ”എന്ന കാന്‍സറാണ് !വളരെ ഭീകരമായ ഒരിനം .ഇനി നമുക്ക് നാട്ടിലേയ്ക്ക് തിരിച്ചു പോകാം എന്ന് റോസമ്മ നിര്‍ബന്ധം പിടിച്ചതുകൊണ്ട് ഇട്ടിയവിരാച്ചന്‍ നാട്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ വാങ്ങി പോന്നു .. അങ്ങനെ ചികിത്സാര്‍ത്ഥം ഇട്ടിയവിരാച്ചനും റോസമ്മയും ഓടി നടക്കെ ,ഒരു ബോട്ടില്‍ വിക്സും   രു റേഡിയോയും 
( ഇത് രണ്ടും  കുഞ്ചെറിയാച്ചന്‍റെ വീക്ക്നെസ്സുകള്‍ആയിരുന്നു ,എന്നും രാത്രി കിടക്കും മുന്‍പ് ഒരല്‍പ്പം വിക്സെടുത്ത് നെറ്റിയില്‍പുരട്ടി മിനിമം രണ്ടു പാട്ടെങ്കിലും  കേട്ടെങ്കിലെ പുള്ളിയ്ക്ക് ഉറക്കം വരൂ .)
വല്ലിപ്പച്ചനും അടങ്ങിയ മനോഹരലോകത്ത് മനസ്സ് നിറയെ  
കഥകളും, പാട്ടുകളും, കുട്ടിക്കളികളും നിറച്ച്  കുഞ്ചെറിയാച്ചന്‍റെ
പോന്നോമനയായി  കൊച്ചു  വളര്ന്നു.
       
 കൊച്ചുവിന് മൂന്നു വയസായപ്പോഴെയ്ക്കും  കുഞ്ചെറിയാച്ചനും ,
“ആയ” ജാനിയാന്റിയും കൂടി അവളെ ഇംഗ്ലീഷും മലയാളവും അക്ഷരങ്ങള്‍ എല്ലാം പഠിപ്പിച്ചെടുത്തു .ഓരോ അക്ഷരം പഠിച്ചെടുക്കുമ്പോഴും ,

“ ന്‍റെ കൊച്ചൂനെന്തു ബുദ്ധിയാ...! ”

എന്ന് പറഞ്ഞ് കുഞ്ചെറിയാച്ചന്‍ അഭിമാനം കൊള്ളും..അങ്ങനെ
പറയുമ്പോള്‍ വിടരുന്ന വല്ലിപ്പച്ചന്‍റെ കണ്ണുകള്‍ കാണാന്‍ കൊച്ചുവിന് വല്യ ഇഷ്ടമായിരുന്നു .

“ ഇനി നീ കൊച്ചൂനെ സ്കൂളി...ചേര്‍ത്തോ ! ”
ആ ജൂണില്‍ സ്കൂള്‍ തുറക്കും മുന്‍പ് കുഞ്ചെറിയാച്ചന്‍ മകനോട്‌ ,ആജ്ഞാപിച്ചു.


“ ഈ അപ്പനിതെന്നാ പറയുന്നെ ? അവക്ക് മൂന്നു വയസല്ലേ..ആയുള്ളൂ ”

ഇട്ടിയവിരാച്ചനും റോസമ്മയും അന്തം വിട്ടു നിന്നു.അപ്പോള്‍ തന്‍റെ
സ്വതസിദ്ധമായ നര്‍മ്മബോധത്തോടെ കുഞ്ചെറിയാച്ചന്‍ പറഞ്ഞു,

“ എടാ നിനക്ക് വയസ്സെന്തായീന്നു വല്ല ഓര്‍മ്മയും ഉണ്ടോ ?നിനക്ക് എന്തേലും പറ്റും മുന്‍പേ ഇതിനെ ഒരു കരയ്ക്കെത്തിക്കണ്ടേ..?.
കൂടപ്പിറപ്പുകള് ഇതിനെ നോക്കൂന്നു വിചാരിച്ച് നിങ്ങളിരിക്കണ്ടഇപ്പൊ നീ പോയി കൊച്ചിനെ സ്കൂളി ചേര്‍ക്ക്..ഒന്നാം ക്ലാസീല് ! ജനനത്തിയതി തിരുത്തി അഞ്ചു വയസാക്കിയാ മതി നേഴ്സറിലൊന്നും ഇരുത്തണ്ട ,എല്ലാ അക്ഷരോം ഞങ്ങള് പഠിപ്പിച്ചിട്ടുണ്ട് ! പിന്നെ ഞാനൊരു പഴുത്ത് പുഴു തിന്നു തീര്‍ക്കാറായ ഇലയാ ! പഴ മനസ്സീ തോന്നീത് പറഞ്ഞൂന്നു മാത്രം...ഇനി എന്നാ വേണ്ടെന്നു വെച്ചാ നിങ്ങള്
ചെയ്തോ .” 

ഇത് കേട്ട് ഇട്ടിയവിരാച്ചനും റോസമ്മയും ഇരുന്നു ചിന്തിച്ചു!.ഒടുവില്‍
അപ്പന്‍ പറഞ്ഞതു പോലെ ചെയ്തു .അങ്ങനെ കൊച്ചു തേര്‍ഡ്‌സ്റ്റാന്‍ഡര്‍ട്
വരെ കുപ്പിപ്പാല്‍ കുടിച്ചും, തൊട്ടിലില്‍ ഉറങ്ങിയും വല്ലിപ്പച്ചന്‍റെ,
മണ്ണിര കുഞ്ഞുങ്ങളെ കളിപ്പിച്ചും വളര്‍ന്നു.കൊച്ചുവിന് നാല് വയസു
തികയുംമുമ്പേ റോസമ്മ മരിച്ചു .വല്ലിപ്പച്ചനും ജാനിയാന്റിയും ഉള്ളത്
കൊണ്ടാവും കൊച്ചുവിന് അതില്‍ വല്യ സങ്കടമൊന്നും തോന്നിയില്ല,
പക്ഷെ  ഇട്ടിയവിരാച്ചന്‍ ആകെ തകര്‍ന്നുപോയി . കൊച്ചുവിന്
പതിനേഴായപ്പോഴെയ്ക്കും പ്രഷറും. കോളെസ്ട്രോളും ഒരു മേജര്‍ അറ്റാക്കും വന്ന് ഇട്ടിയവിരാച്ചന്‍ കട്ടപ്പുറത്തായി .ഓരോ തവണയും അങ്ങേ ലോകത്തേയ്ക്കുള്ള പാസ്പോര്‍ട്ട് എടുക്കാറായെന്നു കുഞ്ചെറിയാച്ചനു തോന്നുമ്പോഴും കൊച്ചുവിന്‍റെ  ഓരോ ഉത്തരവാദിത്വങ്ങള്‍ തലയിലേന്തി ഒരു ചെറുപ്പക്കാരനെ പോലെ ഓടി നടക്കേണ്ടി വന്നു അദേഹത്തിന് ! കിടന്ന കിടപ്പില്‍ കിടക്കുന്ന ഇട്ടിയവിരാച്ചനോട് അപ്പന്‍ പറഞ്ഞു

“എടാ മോനെ നമുക്ക് കൊച്ചൂന്‍റെ കല്യാണം നടത്തിയാലോ...നമ്മുടെ
ആലുങ്കലെ വര്‍ക്കിച്ചന്‍റെ കൊച്ചുമോനാ പയ്യന്‍ ഇജോ! ഇരുപത്തിമൂന്നു
വയസ്സേ ഉള്ളൂ...എം.ഫാമിന് പഠിക്കുന്നു, നല്ല ദൈവഭയമുള്ള കൊച്ചനാ .
സാമ്പത്തികം ഇവിടുത്തെക്കാള്‍ അല്‍പ്പം കുറവാ പക്ഷെ അവനു മിടുക്കുണ്ടേലതൊക്കെ,നേടിയെടുക്കാവുന്നതല്ലേ ഉള്ളൂ ,ഇക്കാലത്ത് നല്ല
ചെറുക്കന്മാരേം കിട്ടാന്‍,പ്രയാസമാ ...ഇതാവുമ്പോ രണ്ടും
കൊച്ചുങ്ങളല്ലേ....കള്ളത്തരമൊക്കെ പഠിക്കുന്നതല്ലേ ഉള്ളൂ ..”

ഇത് കേട്ട ഇട്ടിയവിരാച്ചന്‍ സന്തോഷിച്ചു ,എന്നാല്‍ ആണ്മക്കളും
കുടുംബക്കാരും ഒത്തിരി എതിര്‍ത്തു

“നിയമപരമായി തടസ്സോന്നും ഇല്ല !ഡേറ്റ് ഓഫ് ബര്‍ത്തൊക്കെ പണ്ടേ
തിരുത്തിതല്ലെ ...അതില് പത്തൊന്‍പതു ഉണ്ടേലും ആക്ച്വലി അവക്ക്
പതിനേഴു വയസ്സേ ആയിട്ടുള്ളൂ ,ന്നാലും ഈ കാലത്ത് നമ്മുടെ കാസ്റ്റില്‍പെട്ട ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത് ? ഞങ്ങളോട് എല്ലാരും ചോദിക്കില്ലേ എന്താ ഇത്ര നേരത്തെ പിടിച്ചു കെട്ടിക്കുന്നത് ,സിസ്റ്റര്‍ക്ക് വല്ല കുഴപ്പവും ഉണ്ടോ എന്ന് ! ”

കുഞ്ചെറിയാച്ചന്‍ ഒന്നിനും ചെവികൊടുത്തില്ല കൊച്ചുവിനോട് മാത്രം സമ്മതം ചോദിച്ചു കൊഞ്ചല്‍ വിട്ടുമാറാത്ത കൊച്ചു പറഞ്ഞു

“ നിക്ക് പഠിക്കണ്ടേ വല്ലിപ്പച്ചാ ? ”

“നീ ഇവിടെത്തന്നെ നിന്ന് പഠിച്ചോഡീ പെണ്ണെ...പിന്നെണ്ടല്ലോ കെട്ടു കഴിഞ്ഞാ പുത്തന്‍ പുത്തന്‍ ഉടുപ്പും മാലേം വളേം,ഒക്കെ മാറിമാറിയിട്ട് കോളേജില്‍ പോകാം  
ഇതുകേട്ട കൊച്ചുവിന് പൂര്‍ണ്ണസമ്മതം ! അങ്ങനെ രണ്ടു ശിശുക്കളുടെ
വിവാഹം നടത്തിയെന്ന് സമാശ്വസിച്ച കുഞ്ചെറിയാച്ചന്‍ ശരിക്കും വെട്ടിലായത് തൊട്ടടുത്ത രണ്ടു വര്‍ഷം കൊണ്ട് "കൊച്ചു" രണ്ടുകുട്ടികളുടെ അമ്മയായപ്പോഴാണ് !

" എന്‍റെ ദൈവമേ...ഈ പിള്ളാര്‍ക്ക് ഇതെന്നാ പറ്റി ? ഒന്നുള്ളതിനെ
നോക്കാന്‍ പാടുപെടുവാ മനുഷ്യന്‍ അപ്പോഴാ അടുത്തതും , ഇനി
പഠിത്തമൊക്കെ പിന്നെ മതി കൊച്ചു ! ആദ്യത്തതിനും നീ റസ്റ്റ്‌എടുത്തില്ല
,ഇതിനും റസ്റ്റ്‌എടുക്കാഞ്ഞാല്‍ വല്ല കൊഴപ്പോം വരും ! ഞാന്‍
പറഞ്ഞില്ലാന്നു വേണ്ട . ”

ഇജോയുടെ മമ്മി പിറുപിറുത്തു...ഇത് കേട്ട്‌ കൊച്ചുവിന്‍റെ നിഷ്ക്കളങ്കമായ കണ്ണുകള്‍, നിറഞ്ഞൊഴുകി ..അവള്‍ വല്ലിപ്പച്ചനോട് 
ആരും കേള്‍ക്കാതെ പറഞ്ഞു ,

“ വല്ലിപ്പച്ചാ നിക്ക് എക്സാം എഴുതണം ഇനീം പഠിക്കണം  ,നിക്കൊരു
കൊഴപ്പോം വരില്ല ”

ഇതുകേട്ട് ഉഗ്രസ്വരത്തില്‍ കുഞ്ചെറിയാച്ചന്‍ പറഞ്ഞു,

“ കൊച്ചു പഠിച്ചോ ഈ പുള്ളേരേ ഞാന്‍ നോക്കിക്കോളാം”



ഉടനെതന്നെ കൊച്ചുങ്ങളെ നോക്കാനായി കൊച്ചുവിന്‍റെ  ആയ ആയിരുന്ന
ജെന്നിഫെറിനെ കുഞ്ചെറിയാച്ചന്‍ വിളിച്ചുകൊണ്ടുവന്നു അങ്ങനെ ഒരു 
ബോട്ടില്‍ വിക്ക്സും ഒരു, റേഡിയോയും, മണ്ണിരകളും, കൊച്ചുവും, ഇജോയും,കുഞ്ഞുവാവകളും, ഒക്കെ ആയി  കുഞ്ചെറിയാച്ചന്‍റെ ലോകം വീണ്ടും  വിശാലമായി ! കാലങ്ങള്‍, കുറേകഴിഞ്ഞു ഇജോ,നല്ലൊരു,ബിസ്സിനസ്സുകാരനായി. കൊച്ചുവിനും ജോലിയായി അവരെ, കാണുമ്പോള്‍, ആളുകള്‍സന്തോഷത്തോടെ പറഞ്ഞു ,

“എല്ലാം കുഞ്ചെറിയാപ്പച്ചന്‍റെ,,,ദീഘവീക്ഷണം കൊണ്ടാ . അവരെയും
മക്കളെയും  കണ്ടാ കൂടപ്പിറപ്പുകളെ പോലെ അല്ലെ ഇരിക്കുന്നെ ! ”

ഇതു  കേള്‍ക്കുമ്പോള്‍ കുഞ്ചെറിയാച്ചന്‍റെ  മനസ്സ്  സന്തോഷംകൊണ്ട്
നിറയും.കൊച്ചുവിനെ ആങ്ങളമാരും നാത്തൂന്മാരും സ്നേഹം കൊണ്ട്
മൂടുമ്പോള്‍.... ഇജോയെ ചൂണ്ടി മറ്റുള്ളവരോട് അഭിമാനത്തോടെ
മിടുക്കനാ എന്ന് പറയുമ്പോള്‍...ഒക്കെ കുഞ്ചെറിയാച്ചന്‍റെ മനസ്സില്‍ ആര്‍ക്കും വേണ്ടാതിരുന്ന ‘ചൊവ ചൊവാ ചൊവന്ന’ ആ എലിക്കുഞ്ഞിനെ ഓര്‍മ്മ വരും!
ആങ്ങളമാര്‍ ഒത്തിരി നിര്‍ബന്ധിച്ചിട്ടും ഇജോയും കൊച്ചുവും വല്ലിപ്പച്ചനെ വിട്ട് ആസ്ത്രേലിയായിലേക്ക് പോകാന്‍ കൂട്ടാക്കാതിരുന്നത് കുഞ്ചെറിയാച്ചനെ വളരെ സന്തോഷിപ്പിച്ചു ! 
             
                അങ്ങനെ, കുഞ്ചെറിയാച്ചന് നൂറ്റിപ്പത്ത് വയസ്സായി
ഈ പ്രായത്തിലും ഒരു മാസം മുന്‍പ് വരെ അദ്ദേഹം പറമ്പില്‍ ചേമ്പും
ചേനയും നട്ടു ,  പുഴുക്കേട്‌ വരാത്ത പല്ലുകൊണ്ട് പോത്തും കോഴീം പെസഹാ അപ്പവും കടിച്ചിറക്കി ,  കൊച്ചുവും മക്കളും
ബാഡ്മിന്റണ്‍ കളിക്കുമ്പോള്‍ കൂടെക്കൂടി , എല്ലാ ഞായറാഴ്ച്ചയും പള്ളീപോയി , വേദപാഠം ക്ലാസ്സില്‍ കുട്ടികള്‍ക്ക് പാട്ട് പഠിപ്പിച്ചു കൊടുത്തു....പക്ഷെ  ഇട്ടിയവിരാച്ചന്‍റെ മരണ ശേഷം കൊച്ചു പുതുതായി വെച്ച വീട്ടിലേയ്ക്ക് താമസം മാറി പോയത് കുഞ്ചെറിയാച്ചന് വല്യ മനോവിഷമമായി ! അവള്‍ വല്ലിപ്പച്ചനെ കൂടെ കൊണ്ടുപോയെങ്കിലും അവിടെ നില്‍ക്കാന്‍ ദുരഭിമാനം അദേഹത്തെ  അതിന് അനുവദിച്ചില്ല...

“ന്‍റെ കൊച്ചൂ , ഇച്ചായന്മാര് അവിടെ കൊട്ടാരം പോലെ ഒരു വീടുണ്ടാക്കി വെച്ചിട്ട് അതങ്ങനെ പൊടിപിടിപ്പിച്ചിടാനൊക്കുമോ ? പിന്നെ ആ പാടത്തും പറമ്പിലുമൊക്കെ എന്‍റെയൊരു നോട്ടം വേണം ! വല്ലിപ്പച്ചനെ കാണാന്‍ നിങ്ങള് ഓടിയോടി വന്നാ മതി "

.എല്ലാരും കരഞ്ഞു പറഞ്ഞിട്ടും കുഞ്ചെറിയാച്ചന്‍ അവിടെ നിന്നില്ല...
വീടും ജോലീം തിരക്കുകളുമായി കൊച്ചുവിനും വല്ലിപ്പച്ചന്‍റെ 
അരികിലേയ്ക്ക് ഓടിയോടി എത്താനായില്ല...എന്തോ അന്നുതുടങ്ങി
കുഞ്ചെറിയാച്ചന്‍ മരണത്തെക്കുറിച്ച് വളരെ നാളുകള്‍ക്കു ശേഷം
ചിന്തിച്ചുതുടങ്ങി ..നാലുദിവസം മുന്‍പ് വല്ലിപ്പച്ചന് വയ്യെന്നറിഞ്ഞ് ഓടി വന്ന കൊച്ചുവിനെ കണ്ട് കുഞ്ചെറിയാച്ചന്‍ കൊച്ചുകുഞ്ഞുങ്ങളെപ്പോലെ
പൊട്ടിക്കരഞ്ഞു .ഇജോയോടും മക്കളോടും പ്രത്യേകം പ്രത്യേകം പറഞ്ഞു

“ ന്‍റെ കൊച്ചു പാവാ അവളെ വിഷമിപ്പിക്കാതെ നല്ലോണം നോക്കണം .”

പിന്നെ എല്ലാരുടെയും തലയില്‍കൈവെച്ച് അനുഗ്രഹിച്ചു...ഇതൊക്കെ കണ്ടു കൊച്ചു തേങ്ങിതേങ്ങിക്കരഞ്ഞു ! അപ്പോള്‍ തലയിണയ്ക്കരുകില്‍ നിന്ന് പുതുതായി വാങ്ങിയ എഫ്‌.എം.റേഡിയോ കൊച്ചുവിനെ ഏല്‍പ്പിച്ച് ഇങ്ങനെ പറഞ്ഞു ,

“ എന്നും രാത്രി പാട്ട് കേള്‍ക്കണം...അപ്പൊ വല്ലിപ്പച്ചനെ ഓര്‍ക്കണം
..വല്ലിപ്പച്ചന്‍ പോവാ....ന്‍റെ കൊച്ചു വല്ലിതായി ! ഇനി വല്ലിപ്പച്ചന്
സമാധാനത്തോടെ പോവാം.............”

അയാള്‍ അവ്യക്തമായി പിന്നെയും എന്തൊക്കെയോ പിറുപിറുത്തു
.അപ്പോള്‍ ആ ദേഹം പനിച്ചു കിടുങ്ങുന്നുണ്ടായിരുന്നു !

ആ വല്ലിപ്പച്ചനെയാണ് ചുമ്മാ മരണത്തിന് വിട്ടുകൊടുക്കാന്‍  സാറാമ്മച്ചി പറയുന്നത് !സ്വന്തം അപ്പയും മരിച്ചപ്പോള്‍ പോലും കൊച്ചുവിന്  ഇത്രേം വിഷമം ഉണ്ടായിട്ടില്ല എന്‍റെ വല്ലിപ്പച്ചന്‍ ഉണ്ടല്ലോ എന്ന ആശ്വാസം ! ആ ആശ്വാസമാണ് ഇപ്പോള്‍ അല്‍പ്പാല്‍പ്പമായ്‌ പോയ്‌കൊണ്ടിരിക്കുന്നത് !
    കൊച്ചു  വല്ലിപ്പച്ചന്‍റെ കട്ടിലിനരുകില്‍വന്നിരുന്നു ! കായലിന്‍റെ
മാറിലേയ്ക്ക് അലമുറയിട്ട് പെയ്തു വീഴുന്ന മഴയുടെ ശക്തി
കൂടിക്കൂടികൊണ്ടിരുന്നു .അപ്പോള്‍  കുഞ്ചെറിയാച്ചന്‍ തന്‍റെ ഒടുക്കത്തെ
ഓര്‍മകളിലായിരുന്നു ...ഒരു ഇടവപ്പാതിയ്ക്ക് കുത്തിയൊഴുകുന്ന
പുഴയില്‍വീണ പത്തുവയസുള്ള മൂന്നാമത്തെ മകന്‍   ആന്‍റപ്പന്‍റെ  

 " അപ്പാ............."

എന്നുള്ള നിലവിളി കേട്ട് 

" എന്‍റെ മോനെ..............." 

എന്ന് വിളിച്ചു കൊണ്ട്  സര്‍വ്വം മറന്ന് കായലിലെയ്ക്ക് എടുത്തുചാടിയ കുഞ്ചെറിയാച്ചന്‍റെ കൈ പിടിച്ച് അവന്‍ കായലിന്‍റെ,,അഗാധതയിലേയ്ക്ക്  ഊളിയിടവേ...  ഒരലര്‍ച്ചയോടെ കുഞ്ചെറിയാച്ചന്‍റെ ശരീരം നിശ്ചലമായി ! ആ ദേഹത്തേയ്ക്ക് വീണ് "കൊച്ചു" പൊട്ടിക്കരഞ്ഞു ! ആ കരച്ചിലിന്‍റെ  അലകള്‍ ഇടമുറിയാതെ പെയ്യുന്ന ഇടവപ്പാതിയോടൊപ്പം കായലിന്‍റെ കാണാകയങ്ങളില്‍തട്ടി പ്രതിധ്വനിച്ചു .


                                                                                                                                                                      



51 comments:

  1. ജീവാശ്മങ്ങളെക്കാളും ഏറെ ഇഷ്ടപ്പെട്ടത് ഈ കഥയാണ്. മഴവില്ല് ഢൗണ്‍ലോഡ് ചെയ്തു, വായിക്കാന്‍ നേരം കിട്ടിയില്ല.

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ.............

      Delete
  2. ജീവാശ്മങ്ങളും ഇടവപ്പാതിയും ,വിഷയത്തിന്റെ അസാധാരണത്വമൊന്നുമില്ലാത്ത അവതരണം കൊണ്ടു ഏറെ ഇഷ്ടമായി.നല്ലതെന്നല്ല മിനിക്കഥകളില്‍ ഏറ്റവും നല്ല കഥകള്‍ തന്നെയാണ് ഇവ രണ്ടും.ആശംസകള്‍.

    ReplyDelete
  3. മിനി.കഥ സൂപ്പര്‍.
    വളരെ നല്ല അവതരണം .
    ഇഷ്ടപ്പെട്ടു..ഒരുപാടിഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. നന്ദി റോസാപ്പൂവെ...............

      Delete
  4. ഇടവപ്പാതി മഴവില്‍ മാഗസിനില്‍ വായിച്ചിരുന്നു , വായന തീരുന്നത് അറിയുകയേ ഇല്ല , സൂക്ഷമമായി തയ്യാറാക്കിയ ഒതുക്കമുള്ള ഒരു നല്ല കഥ, കൊച്ചുവും കുന്ജെരിയാച്ചനു മൊക്കെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.

    ReplyDelete
  5. നന്നായിരിക്കുന്നു കഥ...
    ആശംസകൾ...

    ReplyDelete
  6. മനുഷ്യന്റെ കഥ, ജീവന്റെ കഥ, നല്ല കഥ
    ജീവാശ്മങ്ങളേക്കാള്‍ ഇഷ്ടപ്പെട്ടു.
    കീപ്‌ റൈറ്റിംഗ്ഗ്

    ReplyDelete
  7. നല്ല ബന്ധങ്ങളുടെ നല്ല കഥ. നന്നായി എഴുതി.

    ReplyDelete
  8. നന്നായിരിക്കുന്നു കഥ ആശംസകൾ...

    ReplyDelete
  9. കാത്തിരിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ കാലത്തെ തോൽ‌പ്പിക്കാം, ചിന്തകളാണ് നമ്മെ ഭരിക്കുന്നത്..എന്നാൽ ചിന്തിക്കാനിടം നൽകാതെ നമ്മൾ തിരക്കിലാകുമ്പോൾ,സമയത്തെ അവഗണിക്കുന്നൂ....വ്യക്തി പരമായി ഞാൻ ഒന്നിനേയും കാത്തിരിക്കുന്നില്ലാ..അതുകൊണ്ടാകാം,മരണത്തെ എനിക്ക് ഇഷ്ടമാണ്...... ഈ കഥ വായിച്ചപ്പോൾ ഞാൻ കൊച്ചു വിനെ ഓർക്കുന്നൂ..അവൾ വല്ല്യപ്പച്ചന്റെ എല്ലാമായിരുന്നു.വല്യപ്പച്ഛൻ അവൾക്കും ... 110 വയസുവരെ കുഞ്ചെറിയാച്ചനെ ജീവിപ്പിച്ചതു കൊച്ചു ആയിരുന്നു..........ഒരു ഗിമിക്കുകളും ഇല്ലാതെ മിനി കുട്ടി ഈ കഥ പറഞ്ഞപ്പോൾ..മനസിലെവിടെയോ ഒരു നൊമ്പരപ്പാട്.... നല്ല കഥക്ക് നല്ല നമസ്കാരം കുഞ്ഞേ............

    ReplyDelete
  10. മനോഹരമായ കഥ.
    മനസ്സില്‍ തങ്ങിനില്‍ക്കുന്ന ആഖ്യാനം.
    ജീവനുള്ള കഥാപാത്രങ്ങള്‍!
    അഭിനന്ദനങ്ങള്‍ മിനി.

    ReplyDelete
  11. ലളിതമായി പറഞ്ഞ ഒരു നാടന്‍ കഥ. കഥ ഇഷ്ട്ടായി മിനി.

    ReplyDelete
  12. വല്യ കെട്ടു വട്ടങ്ങള്‍ ഒന്നും ഇല്ലാത്ത ലളിതമായ ആഖ്യാനം വായനയില്‍ നല്ല പശ്ചാത്തലങ്ങള്‍ അനുഭവ്പെടുന്നു ആശംസകള്‍ മിനീ

    ReplyDelete
  13. ആദ്യായിട്ടാണ് വഴി, നല്ല കഥ വായിച്ച സന്തോഷം അറിയിച്ച് മടങ്ങുന്നു, ഇനിയും വരാം..!

    സ്നേഹം,
    മനു..

    ReplyDelete
  14. നല്ല കഥ.
    അക്ഷരങ്ങൾ ഇത്തിരി വലുതാക്കാമായിരുന്നു സാധിക്കുമെങ്കിൽ..
    ആശംസകൾ !

    ReplyDelete
  15. Touching story my dear sis ..........grandfather and kochu ...........? .i can't write more...........
    all the best ................keep writing .

    ReplyDelete
  16. മിനിപിസിOctober 21, 2013 at 7:31 PM

    tnk u bro

    ReplyDelete
  17. kollam bro nannayittundu

    ReplyDelete
  18. Replies
    1. ആരാ ഈ അനോണി ?പേര് വെളിപ്പെടുത്തൂ .................

      Delete
    2. എന്തിനാ മേടം

      Delete
    3. പേര് വിളിക്കാലോ ...........

      Delete
  19. കഥ നന്നായിട്ടുണ്ട് ചേച്ചീ... ഫ്രൈഡ് റൈസിനും, ന്യൂഡില്‍സിനും എല്ലാം ഇടയില്‍ നല്ല നാടന്‍ കപ്പയും, മത്തിക്കറിയും കഴിച്ച ഫീലിംഗ് :-)

    ReplyDelete
  20. വളരെ നന്ദി സംഗീത് .

    ReplyDelete
  21. നന്നായിരിക്കുന്നു കഥ
    ആശംസകള്‍

    ReplyDelete
  22. ഇടവത്തിൽ കണ്ട ഈ ഇടവപ്പാതിക്ക്
    അതിന്റേതായ ശൌര്യവും ഗുണവുമുണ്ട് കേട്ടോ

    ReplyDelete
    Replies
    1. വളരെ നന്ദി മുരളിയേട്ടാ ...........

      Delete
  23. മഴവില്ലില്‍ വായിച്ചതാണ്. നന്നായിരിക്കുന്നു.

    ReplyDelete
  24. മിനീ....................................... ഈ കഥ വായിക്കാതെ വിട്ടിരുന്നേല്‍ അതൊരു നഷ്ടം ആയിരുന്നേനെ എന്നെനിക്ക് തോന്നുന്നു. എവിടെയോകെയോ ഞാന്‍ പരിചയമുള്ള ഇഷ്ടമുള്ള ചില ശൈലികള്‍, മൂന്നു തലമുറയിലൂടെ കടന്ന കഥ.. നന്നായിരിക്കുന്നു . ആശംസകള്‍, സ്നേഹം :)

    ReplyDelete