Thursday, January 8, 2015

കവിത – തോന്നല്‍



                                                                       മിനി.പി.സി
സ്വപ്നങ്ങളുടെ സമഭൂവില്‍
ഉയരെയുയരെ .....................
പ്രണയശൃംഗങ്ങളില്‍
മഞ്ഞുറയ്ക്കുന്നതും
ഉരുകുന്നതും നോക്കി
കൊതിയോടിരിക്കും നാളിലാണ്
അവന്‍ വന്നത്
യക്ഷനോ....... കിന്നരനോ....?
അവനെന്‍റെ കരം പിടിച്ച്
ഇന്ദ്രവല്ലരികള്‍  പൂക്കും
 മലമടക്കുകള്‍ താണ്ടി
ദേവതരുക്കള്‍ തന്‍
മയക്കും സുഗന്ധത്തിലൂടെ
കല്ലടര്‍ന്ന വഴികളിലിടറാതെ..........
മഞ്ഞുപുതച്ച
 കൊടും ഗര്‍ത്തങ്ങളിലമരാതെ
അരുമയോടെന്നെ
മുകളിലേയ്ക്ക് നടത്തി
പാതി വഴി പിന്നിടെ ,
ഹിമദംശനമേറ്റു വിണ്ടോരെന്‍
തുടുത്ത പാദങ്ങള്‍
കരിനീലമാര്‍ന്നു വിങ്ങെ
വിരിഞ്ഞ തോളിലേറ്റിയാണവന്‍
യാത്ര തുടര്‍ന്നത്
ചെങ്കുത്തായ വഴികളില്‍
ആ നെഞ്ചിന്‍റെ മിടിപ്പും
കരലാളനങ്ങളും
പ്രണയത്തിന്‍റെ ഉഷ്ണവും
യാത്രയുടെ ദൈര്‍ഘ്യം
കൂട്ടിയോ കുറച്ചോ?
ഞങ്ങളെത്തിയത്
പ്രണയശൃംഗങ്ങളിലെ
മഞ്ഞുരുകും കാലത്തായിരുന്നു
പ്രണയം ഉറപൊട്ടിയൊഴുകി
നവരത്നങ്ങളായ് ചിതറെ
ഇനിയൊരു മടങ്ങിപ്പോക്കില്ലെന്ന്
പലവട്ടം അവന്‍  പറഞ്ഞു....
 നീഹാരമണികളെ നക്ഷത്രമാക്കി 
 വിളര്‍ത്ത മഞ്ഞുപാളികളില്‍
സപ്തസ്വരങ്ങളാലപിച്ച്
മഞ്ഞുരുകും കാലം തീര്‍ന്നു
ആദ്യത്തെ  മഞ്ഞുറയും കാലം
ഒരു ഗ്രീഷ്മനിദ്രയ്ക്കായ്
കൊതിയോടെ അവനെ ഞാന്‍ വിളിയ്ക്കെ
അവന്‍ പറഞ്ഞു
"ഒരു തോന്നല്‍ നമുക്ക് മടങ്ങിയാലോ?"
ഇനിയൊരു മടക്കമോ ? ഞാനന്തിച്ചു
തോന്നലുകള്‍,തോന്നലുകള്‍,,തോന്നലുകള്‍  
അരുതാത്ത തോന്നലുകള്‍....അവ
ഇനിയുമിനിയും വരുമോ ?
ഇനി  എന്‍റെ പ്രണയം ?
എന്‍റെ ആത്മാവിന്‍റെ പിടച്ചില്‍
ഒരാര്‍ത്തനാദമായ്
താഴെ സമഭൂമിയും കടന്നു പോകെ
അവന്‍ ചിരിച്ചു
"വെറുമൊരു തോന്നലല്ലേ..."
ആയിരുന്നോ?
ആ തോന്നലിനപ്പുറം ഇനിയെന്ത് ?

Wednesday, December 31, 2014

കഥ-ഹാപ്പി ന്യൂ ഇയര്‍

കഥ                                             മിനി.പി.സി                   
                                                           

                      ഹാപ്പി ന്യൂ ഇയര്‍

 

ഇത്തവണയും ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി ഞാന്‍ തിരഞ്ഞെടുത്തത് പോപ്ലാര്‍ മരങ്ങള്‍ ഇടതിങ്ങി നില്‍ക്കുന്ന കുന്നിന്‍ ചെരുവിലുള്ള ഏല്‍ക്കാനയുടെ ആ കൊച്ചുവീടു തന്നെയാണ്.നഗരത്തിന്‍റെ കലമ്പലുകളില്‍ നിന്നകന്ന് ഏല്‍ക്കാനയും അപ്പച്ചനും,അമ്മച്ചിയും ,തിമോത്തിയും, ബേസിലുമൊക്കെയുള്ള കഴിഞ്ഞ വര്‍ഷത്തെ മറക്കാനാവാത്ത ആ ന്യൂ ഇയര്‍ സെലിബ്രേഷനാണ് ഇത്തവണയും അവിടെയ്ക്കുതന്നെ എന്നെ കൈപിടിച്ച് നടത്തിയത് .
             ഇന്ന് എന്‍റെ കൂടെ രണ്ടു പേര്‍ കൂടിയുണ്ട് ,എന്‍റെ ഡിയര്‍മോസ്റ്റ്‌ ഫ്രണ്ട്സായ ഡോ.ദീപക്കും,ഡോ.നികിതയും.നശിച്ചുപോകുന്ന ആത്മാക്കളെ ചൊല്ലിയുള്ള കരുതലാകാം  ഡിസ്ക്കോത്തകളിലെ പുലരുവോളം നീളുന്ന ഷാംപെയിന്‍ പാര്‍ട്ടികളില്‍ ആടിതിമര്‍ത്ത് പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന അവരെ എന്നോടൊപ്പം കൂട്ടാന്‍ പ്രേരിപ്പിച്ചത് .(ഈ കരുതല്‍ ഏല്‍ക്കാനയെന്ന നല്ല കൂട്ടുകാരിയില്‍ നിന്നും  സ്വായത്തമാക്കിയ ഗുണവിശേഷമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.)
  
       ഏല്‍ക്കാനയുടെ വീടെത്തുവോളം നുരഞ്ഞുപൊങ്ങുന്ന മധുചഷകങ്ങളും ഡിസ്ക്കൊത്തയിലെ ഗോവന്‍ സുന്ദരിമാരും ദീപക്കിനെ വല്ലാതെ ആലോസരപ്പെടുത്തിക്കൊണ്ടിരുന്നു.യാതൊരു ആരവങ്ങളുമില്ലാത്ത ഒരു ആഘോഷത്തെക്കുറിച്ചുള്ള ആശങ്ക നികിതയ്ക്കുമുണ്ടെന്ന് അവളുടെ മുഖവും വ്യക്തമാക്കുന്നുണ്ടായിരുന്നു .അതൊന്നും കാര്യമാക്കാതെ വഴിയ്ക്ക് ഇരുവശത്തും ഞങ്ങളെ നോക്കി ചിരിയ്ക്കുന്ന മാരിഗോള്‍ഡ് പൂക്കളോട് കുശലം ചോദിച്ച് ഞാന്‍ നടന്നു

         ഞങ്ങളെത്തുമ്പോള്‍ വീട്ടില്‍ നിറയെ ആളുകള്‍  ഉണ്ടായിരുന്നു ,സുഹൃത്തുക്കളും  ...സ്നേഹിതരും....അങ്ങനെ എല്ലാരും .പതിവുപോലെ എല്ലാവരിലും പോസിറ്റീവ് എനര്‍ജി നിറച്ചുകൊണ്ട് ഏല്‍ക്കാനയും, തിമോത്തിയും ക്ഷേമാന്വേഷണങ്ങളുമായി ഓടിനടന്നു.

                                           ഇളംചൂടുവെള്ളത്തിലെ സുഖകരമായ കുളിയ്ക്കും ,അമ്മച്ചിയൊരുക്കിയ രുചികരമായ അത്താഴത്തിനും ശേഷം മുറ്റത്തെ പോപ്ലാര്‍ മരച്ചുവട്ടിലെ കസേരകളില്‍ ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു .മുന്‍വശത്തെ ഫെന്‍സിനരുകിലുള്ള നിയോണ്‍ലാംപുകള്‍ക്ക് ചുറ്റും ഈയാംപാറ്റകള്‍ പറക്കുന്നതും നോക്കി നികിത ഇരുന്നു .താഴ്വരകളിലെ വീടുകളിലെ വെളിച്ചം  കുഞ്ഞു നക്ഷത്രപ്പൊട്ടുകള്‍ പോലെ തിളങ്ങുന്ന കാഴ്ച എത്ര കണ്ടാലും എനിക്ക് മതി വരില്ല .

“ഇപ്പോള്‍ ടൈം ഷാര്‍പ്പ് ടെന്‍ ഒ ക്ലോക്ക്‌ ,നമ്മുടെ സെലിബ്രേഷന്‍ ആരംഭിയ്ക്കുകയാണ് .അതിന്‍റെ ആദ്യ ചുവടായി നമുക്ക് നമ്മളിലേയ്ക്കു തന്നെ തിരിയാം.ഈ പേപ്പറില്‍ നാളിതുവരെ ചെയ്ത എല്ലാ പാപങ്ങളും ഒന്നൊഴിയാതെ ഓര്‍ത്തെടുത്ത് നമുക്ക് എഴുതാം!ഇഷ്ടമുള്ള സ്ഥലം നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം .ഇവിടെയിങ്ങനെ കൂട്ടംകൂടി ഇരിക്കണമെന്നില്ല .”

ഏല്‍ക്കാന പറഞ്ഞുതീരും മുന്‍പേ ഓരോരുത്തരും പേപ്പറും ,പേനയുമായി ഓരോരിടങ്ങളിലെയ്ക്ക് മാറിയിരുന്നു .നികിതയും,ദീപക്കും എന്നെ സംശയത്തോടെ നോക്കി .

"എന്തിനാ ഇതൊക്കെ എഴുതുന്നെ ?മറ്റുള്ളോര്‍ക്ക് വായിച്ചു രസിക്കാനാണോ? നിങ്ങള്‍ക്കൊന്നും വേറെ ഒരു പണിയുമില്ലേ ?"

ദീപക്കിന്‍റെ വാക്കുകളില്‍ അതൃപ്തി മുഴച്ചുനിന്നു.

"ആര്‍ക്കും വായിക്കാനല്ല ദീപക്ക് .എല്ലാം എഴുതിക്കഴിഞ്ഞാല്‍ അവിടെ തീ കൂട്ടിയിട്ടിരിക്കുന്നത് കണ്ടോ ?ആ തീയില്‍ നമുക്കുതന്നെ ഈ കടലാസുകള്‍ ചുട്ടു വെണ്ണീറാക്കാം.സ്വന്തം പാപങ്ങള്‍ ചികഞ്ഞെടുത്ത് ചുട്ടുചാമ്പലാക്കാന്‍ നമുക്ക് കിട്ടുന്ന സുവര്‍ണ്ണാവസരം!"

അത്രയും പറഞ്ഞ് പേപ്പറുമായി ഒരു വിളക്കുകാലിനരുകിലേയ്ക്ക് ഞാന്‍ നടന്നു .ക്ലോക്കില്‍ പതിനൊന്നു മണിയടിച്ചപ്പോള്‍ എല്ലാവരും എഴുതിതീര്‍ത്ത പേപ്പറുകളുമായി തീയ്ക്കരുകിലെത്തി .അഗ്നി നാവുകള്‍ പാപങ്ങളെ വിഴുങ്ങുന്നതും നോക്കിനിന്ന ഞങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നുകേട്ട ദീര്‍ഘനിശ്വാസം ദീപുവിന്‍റെതാണെന്ന് തിരിച്ചറിയും മുന്‍പെ നികിത എന്‍റെ കയ്യില്‍ പിടുത്തമിട്ടു ...അവള്‍ വല്ലാതെ വിയര്‍ത്തിരുന്നു.

"ഇപ്പോള്‍ സമയം പന്ത്രണ്ട്..നമുക്ക് അല്‍പ്പനേരം പ്രാര്‍ഥിക്കാം ."

ഏല്‍ക്കാനയുടെ അപ്പച്ചന്‍ തൊഴുകൈകളോടെ നിന്നു .ബേസില്‍ ബള്‍ബുകളോരോന്നായ് അണയ്ക്കവെ ഞങ്ങള്‍ മെഴുതിരികള്‍ കത്തിച്ചുപിടിച്ച് പ്രാര്‍ഥനയ്ക്കായി ഒരുങ്ങി .കട്ടപിടിച്ച ഇരുട്ടില്‍ മിന്നാമിനുങ്ങുകളെപ്പോലെ തിരികള്‍ നൃത്തം വെയ്ക്കെ അപ്പച്ചന്‍ തുടങ്ങി

" രക്ഷകനായ ദൈവമേ ,ഞങ്ങള്‍ ഞങ്ങളുടെ അമ്മയുടെ ഉദരത്തില്‍ രൂപം കൊണ്ട നിമിഷം മുതല്‍ ഇന്നുവരെ ഞങ്ങളുടെ മനസ്സിനേറ്റ എല്ലാ മുറിവുകളേയും  സ്പര്‍ശിച്ചു സുഖപ്പെടുത്തി മാനസികമായ എല്ലാ അസ്വസ്ഥതകളില്‍ നിന്നും ഞങ്ങളെ മോചിപ്പിക്കേണമെ. ..ഞങ്ങളുടെ നിരാശയിലേയ്ക്ക്, ലക്ഷ്യബോധമില്ലായ്മയിലേക്ക് ,മറ്റുള്ളവരോട് ക്ഷമിക്കാനും, ക്ഷമചോദിക്കാനും സാധിക്കാത്ത അവസ്ഥയിലേയ്ക്ക് ,എന്നെ ആര്‍ക്കും വേണ്ട എന്ന തോന്നലിലേയ്ക്ക്,  എന്‍റെ പിടിവാശിയിലേയ്ക്ക് ,മുന്‍കോപത്തിലേയ്ക്ക് ,കലഹസ്വഭാവത്തിലേയ്ക്ക്, ജഡീകാസക്തികളിലേയ്ക്ക്,  പരാജയങ്ങളിലേയ്ക്ക്, അപകര്‍ഷതാ ബോധത്തി ലേയ്ക്ക്,മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ സാധിക്കാത്ത അവസ്ഥയിലേയ്ക്ക് ,സംതൃപ്തിയില്ലായ്മയിലേയ്ക്ക്...ദൈവമേ...അങ്ങ് കടന്നു വന്ന് എല്ലാ കുറവുകളും ബലഹീനതകളും പോക്കി ഞങ്ങളെ പുതുതാക്കേണമേ...."

അപ്പച്ചന്‍റെ പ്രാര്‍ത്ഥന കണ്ണീരും ഗദ്ഗദങ്ങളും പുരണ്ട് ഞങ്ങളുടെ മനസ്സുകളിലൂടെ ഒഴുകവെ ,പ്രത്യാശയും, സ്നേഹവും,പ്രതീക്ഷകളും വീണ്ടും ചേക്കേറിയ ഹൃദയങ്ങളില്‍ നിന്നും കുറ്റങ്ങളും ,കുറവുകളും ,കണ്ണുനീരായി ഓരോ കവിള്‍ത്തടങ്ങളിലൂടെയും ധാരധാരയായി ഒലിച്ചിറങ്ങി.

"ദയ, സ്നേഹം,കരുണ..പുതിയ സൃഷ്ടി ........"

അപ്പച്ചന്‍റെ വാക്കുകള്‍ താഴ്വരയില്‍ നിന്നെത്തിയ തണുത്ത കാറ്റിനൊപ്പം മനസ്സിനെ തഴുകവെ പുതുവര്‍ഷത്തെ വരവേറ്റുകൊണ്ട് എവിടെനിന്നൊക്കെ യോ  വെടിയൊച്ചകള്‍ മുഴങ്ങി .അതുകേട്ട് ഏല്‍ക്കാന  തെളിച്ച നിയോണ്‍ ലാമ്പുകളുടെ വെള്ളിവെളിച്ചത്തില്‍ മെഴുതിരികള്‍ ഊതിക്കെടുത്തി പരസ്പരം "ഹാപ്പി ന്യൂ ഇയര്‍ "ആശംസിച്ചുകൊണ്ട് ആഹ്ലാദത്തോടെ കുഞ്ഞുങ്ങളെപ്പോലെ ഞങ്ങള്‍ തുള്ളിച്ചാടി ...ദീപക്കും നികിതയും ആ തിരക്കുകള്‍ക്കിടയില്‍നിന്നും ഓടി വന്ന് എന്‍റെ കൈപ്പത്തിയില്‍ മാറിമാറി ചുംബിച്ചു ,ആ ചുംബനങ്ങള്‍ക്ക് കണ്ണീരിന്‍റെ നനവും പുതുസൃഷ്ടിയുടെ വിശുദ്ധിയുമുണ്ടായിരുന്നു .