Monday, December 22, 2014

അനുഭവങ്ങള്‍---മിനി.പി.സി

കുഞ്ഞുമറിയയും ഞാനും

മിക്ക ഞായറുകളും വിടരാന്‍ വെമ്പി നില്‍ക്കുന്ന ലില്ലിപ്പൂക്കള്‍ പോലെ സുന്ദരികളാണ് ...പുലരിയും ,നേര്‍ത്ത മഞ്ഞിന്‍ തണുപ്പും ,പള്ളിമണിയും വിശുദ്ധ ആരാധനയും ......പള്ളിയകത്തെ കുന്തിരിക്കപ്പുകയും അങ്ങനെ അലൌകികമായ ഒരു അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നങ്ങനെ നില്‍ക്കുമ്പോഴാണ് കൃത്യം വലത്തെ കാല്‍മുട്ടില്‍ ഒരു ഞോണ്ടല്‍ ...ആദ്യമത് കാര്യമാക്കിയില്ലെങ്കിലും ഞോണ്ടലുകളുടെ എണ്ണം കൂടിയപ്പോള്‍ കണ്ണുതുറന്നു നോക്കി ,സണ്ടേസ്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിയ്ക്കുന്ന കുഞ്ഞു മറിയയാണ് .
"ഉം ?"
ഞാന്‍ ചോദ്യ ഭാവത്തില്‍ അവളെ നോക്കി .അവള്‍ തന്‍റെ ഹെയര്‍ ബോയ്ക്ക് മുകളിലൂടെ കുഞ്ഞു സ്ഫടികപൊട്ടുകളുള്ള വെളുത്ത ഷാള്‍ വലിച്ചിട്ട് ഞാവല്‍പ്പഴം പോലുള്ള കണ്ണുകള്‍ എന്നിലേയ്ക്ക് വിടര്‍ത്തിവെച്ച് ഒരു ചോദ്യം .
"മിസ്സേ...നാന്‍ പാസ്സായോ? എയിത്തു പരീസ്സ ആയിരുന്നതോണ്ട് ഒരു സംസേം...ജയിച്ചാ മത്യാര്‍ന്നു ."
പെട്ടെന്ന് അവളുടെ ചോദ്യവും ആത്മഗതവും കേട്ട് എനിക്ക് ചിരിവന്നു .അതിന് കുഞ്ഞു മറിയയ്ക്ക് എഴുതാന്‍ അറിയോ? എന്‍റെ സംശയം ഞാന്‍ അവളോട് ചോദിച്ചില്ല .കുഞ്ഞു മറിയ ഡേസ്കൂളില്‍ മൂന്നാം ക്ലാസ്സില്‍ ആയിട്ടേയുള്ളൂ.പ്രായം വളരെ കുറവാണ് .
"മിസ്സേ ...ഇയിന്‍റെ ഫര്‍ട്ടിഫിക്കറ്റ്‌ ഉണ്ടെഞ്ഞിലാണോ കല്ലാണം കയിച്ചാന്‍ പറ്റ്വാ ."
ദേ വരുന്നൂ കുഞ്ഞു മറിയയുടെ അടുത്ത ചോദ്യം .ഇത്തരം ചോദ്യങ്ങളും ഉത്തരങ്ങളുമാണ് കുഞ്ഞുമറിയയെ എന്‍റെ പരിചയക്കാരിയാക്കിയത്..അല്ലെങ്കില്‍ എട്ടാം ക്ലാസ്സില്‍ പഠിപ്പിക്കുന്ന ഞാനെങ്ങനെയാണ് നിഷ്ക്കളങ്കയായ ഈ പൂവിന്‍റെ പേരുവരെ ഇത്ര കൃത്യമായി ഓര്‍ത്തു വെച്ചത് .രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് വര്‍ഷാന്ത്യ പരീക്ഷ നടക്കുന്ന സമയം .ഒന്നാം ക്ലാസ്സിലെ കുട്ടികളോട് ചോദ്യം ചോദിക്കാന്‍ അന്ന് ഞാനും ഉണ്ടായിരുന്നു .കുട്ടികളില്‍ വളരെ കുറച്ചു പേരെയേ പരിചയമുള്ളു...അവര്‍ക്കും അങ്ങനെതന്നെ .അതുകൊണ്ട് പരീക്ഷ തുടങ്ങും മുന്‍പ് അവരുടെ ക്ലാസ്സ്‌ ടീച്ചര്‍ പറഞ്ഞു
" പഠിപ്പിക്കാത്ത ടീച്ചര്‍മാര്‍ ചോദിക്കുമ്പോള്‍ കുട്ടികള്‍ക്കൊരു പേടീം സങ്കോചവും ഒക്കെ ഉണ്ടാവും അതുകൊണ്ട് അവര്‍ക്ക് ശരിക്കും ക്ലൂവൊക്കെ കൊടുക്കണം ."
അതിനെന്താ ക്ലൂ കൊടുക്കാലോ ഞാന്‍ സമ്മതിച്ചു ..അങ്ങനെ ചോദിച്ചു ചോദിച്ച് കുഞ്ഞു മറിയയുടെ ഊഴമായി .അവള്‍ വന്നു വലതു കയ്യുടെ ചൂണ്ടുവിരല്‍ കടിച്ച് ,ഇടതു കൈകൊണ്ട് വെളുത്ത ഉടുപ്പിന്‍റെ നെഞ്ചിലുള്ള ചുവന്ന പൂ നുള്ളിപ്പൊളിച്ച് നാണിച്ചും,സങ്കോചിച്ചും അവള്‍ നിന്നു.പേരും വീടും ,വിശേഷങ്ങളും ഒക്കെ ചോദിച്ച് കഴിഞ്ഞപ്പോഴെയ്ക്കും കുഞ്ഞു മറിയ ഉഷാറായി .ഏകദേശം നാലഞ്ചു ചോദ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി കുഞ്ഞു മറിയയ്ക്ക് അറിയാവുന്ന ഒരേയൊരുത്തരം "ചാത്താന്‍ " എന്ന് മാത്രമാണെന്ന്
."ഇതെന്താ ഈ കുട്ടി ഇങ്ങനെ?"
എന്ന ചോദ്യത്തിന് അവളുടെ ക്ലാസ്സ്‌ ടീച്ചര്‍ പറഞ്ഞു .
"വല്ല കാലത്തുമൊക്കെയെ ക്ലാസ്സില്‍ വരാറുള്ളു "
ഒന്നാം ക്ലാസ്സിലെ കുട്ടിയെ തോല്‍പ്പിക്കുന്നതെങ്ങനെയാണ്? ആ ബാലശാപം വേണ്ട .ക്ലൂവിന്‍റെ അളവ് കൂട്ടിക്കൊടുക്കാം ...അവള്‍ക്കു മുന്‍പും,പിന്‍പും വന്നവരൊക്കെ അമ്പതില്‍ അമ്പതും വാങ്ങിപ്പോകുന്നത് കണ്ടിട്ടും ഈ "ചാത്താനില്‍" കൂടുതല്‍ അവള്‍ക്കൊന്നും പറയാനില്ല .അങ്ങനെ പൂരിപ്പിക്കുക വിഭാഗത്തില്‍ പെട്ട ചോദ്യങ്ങളെത്തി ,ആദ്യ ചോദ്യം "ഞാനാണ് ജീവന്‍റെ -"(ഞാനാണ് ജീവന്‍റെ അപ്പം .ഇതാണ് ഉത്തരം .കര്‍ത്താവ് സ്വയം വിശേഷിപ്പിച്ചതാ ണ്)
ഞാന്‍ അവളോട്‌ ചോദിച്ചു,
" ഞാനാണ് ജീവന്‍റെ ഡാഷ് ...ഈ ഡാഷില്‍ എന്താന്നു പറയൂ "
" ഡാശോ ...അയെന്നതാ ?"
അവളുടെ മറുചോദ്യം .ഞാന്‍ ക്ലൂ കൊടുത്തു തുലഞ്ഞു ഒടുവില്‍
ഇത്രേം പറഞ്ഞു ,
" ഇതേ...യേശുവപ്പച്ചന്‍ പറഞ്ഞ കാര്യാ .ആ ഡാഷില്‍ മോള്‍ രാവിലെ കഴിക്കുന്ന ഒരു പാപ്പത്തിന്‍റെ പേരുണ്ട് ."
അതുകേട്ടതും അവളുടെ മുഖത്തൊരു പ്രകാശം പരന്നു...എന്‍റെ ദൈവമേ ...അങ്ങനെ ഒരു ചോദ്യത്തിനെങ്കിലും ഇവള്‍ ഉത്തരം പറഞ്ഞല്ലോ ,ആശ്വാസത്തോടെ മറുപടിയ്ക്കായി ഞാന്‍ കാത്തു ,അവള്‍ വര്‍ധിച്ച സന്തോഷത്തോടെ ,ആഹ്ലാദത്തോടെ എല്ലാരേം നോക്കി ഉറക്കെ പറഞ്ഞു ,
" നാനാണ് ചീവന്‍റെ "ഉണ്ട" ...."(അവള്‍ കാലത്തെ കഴിക്കുന്ന പാപ്പം അവലോസുണ്ടയാണെന്നു ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ .അതുകേട്ട് അന്ന് ചിരിച്ച ചിരി )
ആ "ഉണ്ട "കുഞ്ഞുമറിയയാണ് ഇത് ...
" കല്ല്യാണം കഴിക്കാന്‍ പത്താം ക്ലാസ്സിലെ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത് കുഞ്ഞുമറിയെ.നാലാംക്ലാസ്സിലെയല്ല ."
ഞാന്‍ പറഞ്ഞു .അതുകേട്ട് അവള്‍ കൂളായി ഇങ്ങനെ ആശ്വസിച്ചു ,
"ആനോ...ഓ ...അപ്പൊ ,നാലീതോറ്റാലും കൊയപ്പോലല്ലോ ."

Friday, November 28, 2014

ചെറുകഥ - സ്നേഹപ്പക്ഷികള്‍

                                        മിനി.പി.സി

                               സ്നേഹപ്പക്ഷികള്‍

പാടത്തും,പറമ്പുകളിലും നിര്‍ജീവമായി കിടക്കുന്ന വളര്‍ത്തു പക്ഷികളെ നോക്കി കര്‍ഷകര്‍ ദീനം ദീനം കരഞ്ഞു....ഇന്ന് രാവിലെ വരെ അരിമണിയും , ഗോതമ്പുമൊക്കെ സ്നേഹപൂര്‍വ്വം വാരിവിതറിക്കൊടുത്ത്  മേയാന്‍ ഇറക്കിവിട്ടതാണ്....മധ്യാഹ്നമായപ്പോഴെയ്ക്കും !
 

കുറെ നേരം ആ കാഴ്ച്ച കണ്ട് മനസ്സ് പെരുത്ത അപ്പുണ്ണിയേട്ടന്‍ തന്‍റെ കൈലിയ്ക്ക് മുകളില്‍ ചുട്ടിത്തോര്‍ത്തു ചുറ്റി പാടവരമ്പില്‍ വെച്ചിരുന്ന മണ്‍വെട്ടി എടുത്തു തോളില്‍ വെച്ച് പറമ്പിലേയ്ക്ക് നടന്നു,
 

“അപ്പുണ്ണിയേ .....നീ വല്യൊരു കുഴിയെടുക്ക് ഞങ്ങള്‍ ഇതൊക്കെ പെറുക്കിക്കൂട്ടി അവിടെയ്ക്ക് കൊണ്ടുവരാം .അല്ല  കൂട്ടരേ ...ഇനീപ്പോ കരഞ്ഞു പിഴിഞ്ഞു നില്‍ക്കാണ്ട് എല്ലാരുംകൂടി ഇതൊക്കെ അങ്ങട്  എത്തിക്കാന്‍ നോക്ക് .അല്ലാണ്ടെയിപ്പോ എന്താ ചെയ്ക ?വല്ല പോക്കാനോ, കീരിയോ, കുറുക്കനോ ആയിരുന്നെങ്കി നമുക്ക് പരിഹരിക്കായിരുന്നു..  ഇതിപ്പോ  ടപ്പേന്നല്ലേ  പക്ഷിപ്പനിടെ രൂപത്തില്‍ കാലന്‍ അവതരിച്ചത് ! ഇത്രവല്യൊരു ചതി ദൈവം ചെയ്യൂന്നു കരുതീതാണോ... ?എന്തായാലും വന്നത് വന്നു.പെട്ടാ പെടയ്ക്കാണ്ട് എന്താ ചെയ്യാന്‍ പറ്റ്വാ! ”
 

പപ്പുമാസ്റ്റര്‍ തങ്ങളുടെ പ്രിയ താറാവുകള്‍ക്കും കോഴികള്‍ക്കുമരികെയിരു ന്ന്  കണ്ണീര്‍ പൊഴിക്കുന്നവരെ  ആശ്വസിപ്പിച്ച്  കയ്യില്‍ കരുതിയ തൂമ്പകൊണ്ട്  വലിയ  കൊട്ടയിലേക്ക് വിറങ്ങലിച്ച കോഴികളെയും താറാവുകളെയും കോരിയിട്ടു.... 

കരുതിയതിലും വളരെ നേരം കഴിഞ്ഞാണ് ആ  പണി പൂര്‍ത്തിയാക്കി എല്ലാര്‍ക്കും വീടണയാനായത് . പപ്പുമാസ്റ്ററുടെ തലവെട്ടം  പടിപ്പുരയില്‍ കണ്ടതേ സരോജ കൂട്ടില്‍ കിടന്ന്  കലമ്പല്‍ കൂട്ടി,
 

“കുട്ട്യോളെ...........അപ്പൂപ്പന്‍ വന്നൂ...കുട്ട്യോളെ അപ്പൂപ്പന്‍ വന്നു .”
 

ഇനി കുട്ടികള്‍ മുറ്റത്തെത്തി അപ്പൂപ്പാ..എന്ന് വിളിച്ച് അദ്ദേഹത്തിന്‍റെ ഇരു കയ്യിലും തൂങ്ങിയാലെ സരോജ ആ വിളി നിര്‍ത്തൂ.ആ വിളി നിര്‍ത്തുമ്പോള്‍ അവള്‍ക്കറിയാം അപ്പൂപ്പന്‍ കൂടുതുറക്കും എന്നിട്ട് ജുബ്ബയുടെ പോക്കറ്റില്‍ കരുതിയ പനങ്കല്‍ക്കണ്ടം   അവള്‍ക്കു സമ്മാനിക്കും.സരോജയുടെ ഓര്‍മ്മ വെച്ച കാലം മുതല്‍ ഇങ്ങനെയാണ് കാര്യങ്ങള്‍ ...അവളുടെ  ശ്രദ്ധയെത്താത്ത ഒരു സംഗതി പോലും അവിടെ ഉണ്ടാവാറില്ല ,മനയ്ക്കലെ പട്ടി" കരിങ്കുട്ടന്‍" അവളുടെ വീട്ടിലെ “ഫിക്രു”വിനെ ഇടയ്ക്കിടെ ഉപദ്രവിക്കാനായി പമ്മിപ്പമ്മി വരുമ്പോള്‍ സരോജ ഉറക്കെ പറയും 

"കരിങ്കുട്ടാ....വേണ്ടാട്ടോ.............കരിങ്കുട്ടാ വേണ്ടാട്ടോ ..........”

അതു കേള്‍ക്കുമ്പോള്‍ത്തന്നെ ഫിക്രു ഓടി അവന്‍റെ കൂട്ടില്‍ കയറും. വലിയ ചെവിയും കുഞ്ഞിക്കാലുകളും വെഞ്ചാമരം പോലെ വാലുമുള്ള അമ്മയില്ലാത്ത കൊച്ചു പട്ടികുട്ടിയാണ് ഫിക്രു ...ഫിക്രുവിനെ അവള്‍ക്കു വലിയ ഇഷ്ടമാണ്.ഇനി തേങ്ങയോ...അടയ്ക്കയോ മോഷ്ടിക്കാന്‍ കള്ളി ദാക്ഷായണിയമ്മൂമ്മ വന്നാലോ ?
 

 “ദെ ...കള്ളി വന്നു...കള്ളി വന്നു “
 

എന്നുപറഞ്ഞ് അവരെയും നിലം തൊടീയ്ക്കില്ല.....അങ്ങനെ ആ വീട്ടിലെ ഓരോരുത്തരുടെയും ജീവാത്മാവും പരമാത്മാവുമായി കഴിയുന്ന ഓമനയാണ് “സരോജ” !
 

അപ്പൂപ്പന്‍ വന്നു പടികയറിയിട്ടും മുറ്റത്തേക്ക് കുട്ടികളെ കാണാഞ്ഞ് സരോജ അമ്പരന്നു എങ്കിലും അവള്‍ വിളി നിര്‍ത്തിയില്ല ..പപ്പുമാസ്റ്ററും അതിശയിച്ചു ,
“ഇന്ന് ഈ കുട്ട്യോള്‍ക്ക് എന്ത് പറ്റി?”
 

പപ്പുമാസ്റ്റര്‍ ഉമ്മറകോലായിലിരുന്ന് കുട്ടികളെ വിളിച്ചു.അവര്‍ വരാതെ സരോജ വിളി നിര്‍ത്തില്ലെന്ന് അദേഹത്തിന് അറിയാമായിരുന്നു.കുറെ നേരം വിളിച്ചതിനു ശേഷമാണ് കുട്ടികളെയും കൊണ്ട് പപ്പുമാസ്റ്ററുടെ  മകന്‍ പുറത്ത് വന്നത് ,കോളേജ്‌ അധ്യാപകനായ അയാളുടെ മുഖം കല്ലിച്ചിരുന്നു ..കുട്ടികള്‍ അയാളെ കുതറി അപ്പൂപ്പന്‍റെ കൈകളില്‍ പിടിച്ചതും സരോജ വിളി നിര്‍ത്തി പനങ്കല്‍ക്കണ്ടത്തിനായി കാത്തിരുന്നു ,അതറിയാവുന്ന പപ്പുമാസ്റ്റര്‍ സരോജയുടെ കൂടിനരികിലെയ്ക്ക് ചെന്നതും മകന്‍ പരുഷമായി ചോദിച്ചു ,
 

“അച്ഛനിത് എന്ത് ഭാവിച്ചാ ? വാര്‍ത്തകളൊന്നും കേള്‍ക്കുന്നില്ലേ? പക്ഷിപ്പനി പടര്‍ന്നു പിടിയ്ക്ക്യാ ....അത് മനുഷ്യരിലെയ്ക്ക് പടര്‍ന്നു കൂട്ട മരണം ഉണ്ടാവണേനു മുന്‍പ് ഇതിനെയൊക്കെ കൊന്നു കളയൂ....തുറന്നു വിട്ടാ ഈ തത്ത  പിന്നേം പറന്നു വരും .ഞാനാ ഗോപിയേട്ടനോട് പറഞ്ഞിട്ടുണ്ട് അയാള്‍ വന്നു കൊന്നുകുഴിച്ചിട്ടോളും...ഇനി അത് നമ്മള് ചെയ്തൂന്നൊരു മനസ്താപവും വേണ്ടല്ലോ .........”
 

അതുകേട്ടതും കുട്ടികള്‍ അലമുറയിട്ടു കരഞ്ഞു .
 

“ പാവം സരോജയെ കൊല്ലണ്ട അച്ഛാ ....പ്ലീസ്‌...... അച്ഛാ........”
 

അതുകേട്ട് കുപിതനായ മകന്‍  കുട്ടികളെയും വലിച്ചിഴച്ചു വീടിനകത്തെയ്ക്ക് നടന്നപ്പോള്‍  പപ്പുമാസ്റ്റര്‍ നെഞ്ചുപൊടിയുന്ന വേദനയോടെ  തന്‍റെ പോക്കറ്റില്‍ നിന്നും പനങ്കല്‍ക്കണ്ടമെടുത്ത് സരോജയ്ക്കു  നീട്ടി ., അപ്പോള്‍ സരോജ  അപ്പൂപ്പന്‍റെ നിറഞ്ഞൊഴുകുന്ന കണ്ണുകളും അദേഹം നീട്ടിയ കല്‍ക്കണ്ടവും .... പടിപ്പുര കടന്നു വരുന്ന ഗോപിയേട്ടനെയും കണ്ട് കുട്ടികളെ അനുകരിച്ച്  ദീനയായ്‌ കേണു,
"പാവം സരോജയെ കൊല്ലണ്ട അച്ഛാ ...പ്ലീസ്‌ അച്ഛാ ."