കാപ്സ്യൂള്‍ കഥകള്‍
മിനി പിസി
എമേര്‍ജിംഗ് പാറുകുട്ടി
ഇത് പാറുകുട്ടി !ഈ രാജ്യത്തെ കോടിക്കണക്കിനു സാധാരണ
വീട്ടമ്മമാരുടെ പ്രതിനിധി !അവരിന്നു കടുത്ത പ്രതിക്ഷേധത്തിലാണ്.
സ്വര്‍ണ്ണത്തിനും ,പെട്രോളിനുമൊക്കെ വിലകൂട്ടിയപ്പോള്‍
അന്യായമാണെങ്കില്‍ കൂടി അവരതങ്ങു സഹിച്ചു..അന്താരാഷ്ട്ര
വിപണി ,ക്രൂഡോയില്‍ വില ,രൂപയുടെ മൂല്യം...ഓ....ഒക്കെ പോയി
തുലയട്ടെ !അന്ന് അവര്‍ തന്‍റെ അടുക്കളയിലിരുന്ന് സ്വസ്ഥമായി
നിശ്വസിച്ചു.
പക്ഷെ ഇപ്പോള്‍ ഭരിച്ചു ഭരിച്ച് ഭരണം അടുക്കള
വരെയെത്തിയപ്പോള്‍ അവര്‍ക്ക് പ്രതിക്ഷേധിക്കാതെ വയ്യ ! ടു-ജി
ത്രീ-ജി പ്രേതം സന്നിവേശിച്ച , അന്തവും കുന്തവുമില്ലാത്ത
തീരുമാനങ്ങളെടുക്കുന്ന കൂട്ടൂസനെയും,ഡാകിനിയമ്മൂമ്മയെയും
ഇനിയൊരിക്കലും പച്ച തൊടാന്‍ അനുവദിക്കാത്ത വിധം തങ്ങളുടെ
സമ്മതിദാനാവകാശം വിനിയോഗിക്കുമെന്ന് ഉറക്കെ
പ്രഖ്യാപിച്ചുകൊണ്ട് കത്തിക്കാളുന്ന വിശപ്പോടെ അടുക്കള
അടച്ചുപൂട്ടിയ ആ പട്ടിണിക്കോലത്തെ നോക്കി കേരളത്തിലെ
എമേര്‍ജിംഗ് നേതാക്കള്‍ പൊട്ടിച്ചിരിച്ചു .പിന്നെ വരാന്‍ പോകുന്ന
ഗോള്‍ഫ് ക്ലബുകളുടെയും ,നിശാനൃത്തശാലകളുടെയും
,വ്യാപാരവ്യവസായ സമുച്ചയങ്ങളുടെയും കണക്ക് നിരത്തി
ഇങ്ങനെ പറഞ്ഞു " ഗ്യാസില്ലേലെന്ത് ,വിറകില്ലേലെന്ത്
പട്ടിണിയാണേലെന്ത് ,ഇനി മരിക്കുകയാണെങ്കില്‍ തന്നെ ചേച്ചിയ്ക്ക്
സമാധാനമായിട്ട് മരിക്കാം വെറും പാറുക്കുട്ടിയായിട്ടല്ല
എമേര്‍ജിംഗ്പാറുകുട്ടിയായിട്ട്.
പാഠം . ഒന്ന് പാല്‍
അന്ന്
അമ്മ എനിക്ക് പാല്‍ തരും .ഞാന്‍ പാല്‍ കുടിക്കാഞ്ഞാല്‍ അമ്മ
കരയും .പാല്‍ കുടിച്ചു ഞാന്‍ അച്ഛനെ പോലെ
വലുതാകണമെന്നാണ് അമ്മയുടെ ആഗ്രഹം .
ഇന്ന്
അമ്മ എനിക്ക് കട്ടന്‍ തരും . ഞാന്‍ പാല്‍ ചോദിച്ചാല്‍ അമ്മ
കരയും .പാല്‍ വാങ്ങിപ്പിച്ച് ഞാന്‍ അച്ഛനെ
കുത്തുപാളയെടുപ്പിക്കരുതെന്നാണ് അമ്മയുടെ ആഗ്രഹം .

