Wednesday, August 28, 2013

മിനിക്കവിതകള്‍



മിനിക്കവിതകള്‍              മിനി പി സി
       
               



 സന്മനസ്സ്

പുഷ്പഹാരം തീര്‍ക്കാനാവില്ലെങ്കിലും
ചെടി നമുക്ക് പൂ തരും പോലെ ..............
പാല്‍പായസമുണ്ടാക്കാനാവില്ലെങ്കിലും
പശു നമുക്ക് പാല്‍ തരും പോലെ .............
കളിക്കാനൊരു മൈതാനം തരാനാവില്ലെങ്കിലും
ഞങ്ങള്‍ക്കൊരു കൈപ്പന്തു കെട്ടിത്തന്നൂടെ.
പട്ടം  പറപ്പിക്കാനൊരാകാശം തരാനാവില്ലെങ്കിലും
ഞങ്ങള്‍ക്കൊരു ചരടാ പട്ടത്തില്‍ കെട്ടിത്തന്നൂടെ ?

                                     



ഒരു തൂമ്പ തരൂ

ആരേലും ഒരു തൂമ്പ തരൂ
എനിക്കിത്  കുഴിച്ചുമൂടണം
അല്ലെങ്കില്‍ വീണ്ടുമിതിനു  ജീവന്‍ വെച്ചാലോ ?
ഇതിന്‍റെ സ്പന്ദിക്കുന്ന ഹൃദയമെന്‍റെ  പേര്‍വിളിച്ചാലോ ?
ഇതിന്‍റെ  ജീവസ്സുറ്റ കണ്ണുകളെന്നെ തിരഞ്ഞു പിടിച്ചാലോ ?
ഇത് വീണ്ടുമെന്നെ പ്രണയിച്ചാലോ ?
ഇനിയും നേരമിരുളും മുന്‍പ്
സ്നേഹത്തിന്‍റെ വെള്ളവും
സ്വപ്നങ്ങളുടെ വെളിച്ചവുമെത്താത്തിടത്ത്‌
മോഹങ്ങളുടെ ശവക്കുഴി തീര്‍ത്ത്
വീണ്ടും മുളപൊട്ടി വരാത്തവിധം
ഞാനിതിനെ  മൂടിയൊടുക്കട്ടെ !

Saturday, August 17, 2013

കവിത

കവിത                       മിനി പി സി
               



പൊന്നിന്‍ചിങ്ങം


" പൊന്നിന്‍ പുലര്‍ക്കാലം മന്നില്‍  ചൊരിഞൊരീ....

ചമ്പകപ്പൂമണം കാറ്റില്‍ പരക്കവേ....

തെച്ചിയും പിച്ചിയും ,ചേമന്തിയും ചെറു

മുക്കുറ്റിയും ചേര്‍ന്നാര്‍ത്തുല്ലസിയ്ക്കവേ ..........

മഴ മാറിപ്പയ്യെ തെളിഞ്ഞ നഭസ്സിലായ്

തുമ്പികളാനന്ദ നൃത്തമാടീടവേ........

ചമ്പാവുപാടത്തെ കൊയ്ത്തടുത്തെന്നോതി

കുയിലമ്മ കുഞ്ഞിനെ പാടിയുറക്കവേ.........

ദൂരെ കിഴക്കന്‍ മലകളില്‍ നിന്നുമൊഴുകിയെത്തും

കാറ്റില്‍ പൂവിളിയുയരവേ...........

മാവേലിമന്നന്‍റെ പുകള്‍പാടി മൈനകള്‍

മാകന്ദശാഖിയിലൂഞ്ഞാലിലാടവേ....

നിറമാര്‍ന്ന സ്വപ്നങ്ങള്‍ തുടികൊട്ടും ഹൃത്തുമായ്‌

വരവേല്‍ക്കാം നമ്മള്‍ക്കീ ചിങ്ങപ്പുലരിയെ ! "