Saturday, April 11, 2015

കവിത - വിഷുക്കണി

  എല്ലാ ചങ്ങാതിമാര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍!                                                                                       


കവിത                മിനി.പി.സി
        വിഷുക്കണി

“ മുരളികയൂതി കള്ളച്ചിരിയാര്‍ന്നു

നില്‍ക്കുമെന്‍ കണ്ണാ കാണുന്നു

ഞാനിന്നു നിന്‍ ശ്യാമമുഖകമലം

മരതകകാന്തിയോലുമീ

കൊന്നപ്പൂങ്കുലകള്‍ക്കിടയില്‍

പുതുസ്വപ്നങ്ങള്‍ പകര്‍ന്നേകും

പ്രഭയാര്‍ന്നു നില്‍ക്കുമീ നിലവിളക്കും

ഓട്ടുരുളിയും പൊന്‍നാണ്യങ്ങളും

കണ്മഷിക്കൂട്ടും,കുങ്കുമചെപ്പും,

കണിവെള്ളരിയും ,വാല്‍ക്കണ്ണാടിയില്‍

തെളിയുമെന്‍ പ്രസന്ന വദനവും

ഇനിയെന്നും പുതുതാര്‍ന്നിരിയ്ക്കാന്‍

വരിക കണ്ണാ വന്നു നീയെന്‍ മനതാരില്‍

പാടുക വിഷുപക്ഷിയായ്‌ ഇനിയെല്ലാ നാളിലും !”

Tuesday, March 24, 2015

കവിത

                                                                                                     മിനി പി.സി                                                     
                      



                                 എന്‍റെ ചങ്ങാതി 

"    എനിക്ക്  ചിരിക്കാനാവുന്നില്ല 
എന്‍റെ ചിരിയിലൊളിഞ്ഞ
കണ്ണീര്‍മണികള്‍ പെറുക്കാന്‍ 
ഇന്നെന്‍റെ ചങ്ങാതിയില്ല .
                 
എനിക്ക് ചിന്തിക്കാനാവുന്നില്ല 
എന്‍റെ ചിന്തയിലുറയും കനല്‍ക്കട്ടകള്‍
ഊതിതെളിക്കാന്‍ 
ഇന്നെന്‍റെ ചങ്ങാതിയില്ല.

എനിക്കൊന്നും കാണാനാവുന്നില്ല 
എന്‍റെ കാഴ്ചയെ മറയ്ക്കുന്ന 
ഈ ലോകത്തിന്‍റെ കറുപ്പിനുമപ്പുറം
ഉള്‍ക്കണ്ണിനാല്‍ കാഴ്ച പകരാന്‍
ഇന്നെന്‍റെ ചങ്ങാതിയില്ല .

എന്‍റെ കൗതുകതുമ്പികളും 
ചിറകടിക്കാനാവാതെ
കണ്‍കോണിലുറക്കമായി
അവയെ കുറുമ്പോടെ തട്ടിയുണര്‍ത്തി  
കൂടെ പറത്താന്‍ 
ഇന്നെന്‍റെ ചങ്ങാതിയില്ല .

ഇന്നെനിക്ക്  പരാതിയില്ല 
പരിഭവങ്ങളും കണ്ണീരുമില്ല
അവയെ  തന്‍റെതെന്നോതി
നെഞ്ചോടുചേര്‍ത്തുവെയ്ക്കാന്‍ 
ഇന്നെനിക്കെന്‍റെ ചങ്ങാതിയില്ലല്ലോ...! "