Monday, August 25, 2014

സാമേവില്ലയിലെ വിശുദ്ധ പൂച്ച .....ചെറുകഥ

                                                     
                                                            മിനി.പി.സി 


നിരത്തില്‍ ബസ്സിറങ്ങി കിഴക്കോട്ടുള്ള പൊട്ടിപൊളിഞ്ഞ,പഞ്ചായത്ത്റോഡിലൂടെ സാമേവില്ലയെ ലക്‌ഷ്യം വെച്ചുള്ള പദയാത്രയിലാണ് ഡീക്കന്‍ അലക്സ് ചെരിയാ മറ്റം എന്ന ഞാന്‍ .ലേറ്റസ്റ്റ് x y (ബാവ- മെത്രാന്‍ ) സംഘട്ടനങ്ങള്‍ക്കിടയില്‍ പെട്ട് അടി കൊണ്ട് ചതഞ്ഞ കാലുകള്‍ക്ക് ഉദ്ദേശിച്ച വേഗമില്ല.ഒരു ഓട്ടോ റിക്ഷക്ക്  വേണ്ടി കാത്തിരുന്നിട്ട് കിട്ടുന്നുമില്ല എത്രദൂരം നടക്കണമോ ആവോ ? പരിചിതമല്ലാത്ത ഇടം വെള്ള കുപ്പായമിട്ട് ഇങ്ങിനെ ചട്ടി ചട്ടി നടക്കുന്നതിലെ അസുഖം............ കടന്നു പോകും വഴികളിലെ 
ആളുകളുടെ  കൊഴുത്ത നോട്ടം ..........
"കുഞ്ഞേ നിനക്കിതു തന്നെ വേണം,ഞാന്‍ ആല്‍ഫയും ഒമേഗയും ആദിയും  അന്തവും എന്നറിഞ്ഞിട്ടും എനിക്ക് വേണ്ടിയെന്ന വ്യാജേനെ പള്ളികള്‍ക്കും സ്വത്തിനും വേണ്ടി അക്രമം നടത്തുന്ന ബാറബ്ബാസുകള്‍ക്കൊപ്പം നീയും മതില്‍ ചാടിയില്ലേ ? പലരെയും പത്തലിനടിച്ചില്ലേ ? തെറി വിളിച്ചില്ലേ ? നിനക്കൊക്കെ വേണ്ടി വാസസ്ഥലമൊരുക്കാന്‍ പോയില്ലായിരുന്നേല്‍ നീയൊക്കെ കൂടി എന്നെ എന്ത് ചെയ്തേനെ ? "
കര്‍ത്താവാണ് ! ഞാന്‍ ഒറ്റക്കാവുന്നതും നോക്കിയിരിപ്പാണ് എന്നോടിങ്ങനെ പറയാന്‍,ദൈവത്തെ നക്ഷത്ര ദൂരമകറ്റി നിര്‍ത്തുന്ന നന്ദികെട്ട സമകാലിക ആത്മീയതയുടെ ഭാഗമാവേണ്ടി വന്ന ദൈന്യതയില്‍ തൊണ്ടയില്‍ കുരുങ്ങിപ്പിടഞ്ഞ മറുപടികള്‍ എന്‍റെ നെഞ്ചിനെ വീര്‍പ്പ് മുട്ടിച്ചു .

ഞാനൊരു നല്ല  കുഞ്ഞായിരുന്നു, ദൈവത്തിന്‍റെ കുഞ്ഞ്.എല്ലാ പ്രമാണ ലംഘനങ്ങള്‍ക്കുമെതിരെ ഘര്‍ജ്ജിക്കാന്‍ ശേഷിയുണ്ടായിരുന്ന ഒരു സിംഹ കുഞ്ഞ്.പണ്ട് വേദ പാഠശാലയില്‍ പരീക്ഷക്ക് സഭാമേലധ്യക്ഷ -ന്‍റെ പേരിനു മുന്നില്‍  ഉപചാരങ്ങള്‍ ചേര്‍ക്കാന്‍ വിസമ്മതിച്ചിതിന് നൂറു തവണ ഇമ്പോസിഷന്‍ വിധിച്ച അദ്ധ്യാപകനോട്,കര്‍ത്താവിന്‍റെ  പേരിനു മുമ്പിലില്ലാത്ത ഉപചാരങ്ങളൊന്നും  ഒരു മനുഷ്യന്‍റെ പേരിനു മുമ്പില്‍ ചേര്‍ക്കില്ലന്നു ശഠിച്ചതിന്... ദൈവത്തെയല്ലാതെ വേറെയാരെയും പരിശുദ്ധനെന്നു വിളിക്കരുതെന്നു വാദിച്ചതിന്... എന്തായിരുന്നു പുകില് ? അങ്ങിനെയങ്ങിനെ കര്‍ത്താവിലേക്ക് വളര്‍ന്നു പടരാന്‍ വെമ്പിയ എന്നെയാണ് ഏതാണ്ടൊരു വഴിപാടിന്‍റെ  പേരും പറഞ്ഞ് "ബോണ്‍സായാക്കി" മുരടിപ്പിച്ചത് . ഇന്നിപ്പോ കുട്ടികുരങ്ങന്‍റെ  അവസ്ഥയാണ്, " ചൂട് ഫ്രൈഡ് റൈസ്" വരെ വാരിയെടുപ്പിക്കും.

"അയ്യോ...... "
റോഡിന്‍റെ  പൊട്ടിയടര്‍ന്ന ഭ്രംശങ്ങളില്‍ മുട്ടി ബാന്‍ഡ്-എയ്ഡ്ട്ട ഇടത്തെ തന്തവിരലില്‍ നിന്നും ചോരപൊടിയുന്നു... ആരെങ്കിലും കാണുന്നുണ്ടോ എന്ന് നാലുപാടും നോക്കിയതിനുശേഷം ഞാന്‍ കുനിഞ്ഞിരുന്നു ബാഗിലെ രഹസ്യ അറയില്‍നിന്നു അല്‍പ്പം പഞ്ഞിയെടുത്ത് അത് തുടച്ചു. ജനവാസം കുറഞ്ഞ ഏരിയയാണ് ,ഈ നടപ്പിനിടെ ആകെ കണ്ടത്. ഒരു ചായക്കട, ഒരു തയ്യല്‍ കട, ഫ്ലോര്‍മില്‍ , വിശാലമായ പുരയിടങ്ങള്‍ക്കുള്ളില്‍ തെറ്റിയും തെറിച്ചും ചില വീടുകള്‍!!.

"ശെമ്മാശോ ,,,,,എങ്ങടാ യാത്ര ?"  
ഒരു അശിരീരിയായിരുന്നു അത് !. അത് പുറപ്പെടുവിച്ചദേഹത്തെ തിരഞ്ഞെങ്കിലും കണ്ടുകിട്ടാഞ്ഞതിനാല്‍ മറുപടി ഉള്ളിലൊതുക്കി മുമ്പോട്ട് തന്നെ നടന്നു. ഇതൊരു യാത്രയാണ്, വല്ലാത്തൊരു യാത്ര!

അഭിവന്ദ്യ p മോര്‍ q തിരുമേനിയ്ക്ക് ( പേര് പറഞ്ഞാല്‍ നിങ്ങളെന്നെ x ളോ y ലോപെടുത്തും അത് വേണ്ട ) ഒരു പൂച്ചയെ വേണം, ഈയിടെയായി തിരുമേനിയുടെ മുറിയില്‍ ഒടുക്കത്തെ എലി ശല്യം. തിരുമേനിയുടെ കിടക്ക ,കുപ്പായം, പുസ്തകങ്ങള്‍ എന്നിവ കടിച്ചു നുറുക്കി എലികള്‍ ഉല്ലസിക്കുന്നു. എലിക്കെണി, എലി വിഷം..എല്ലാം പരീക്ഷിച്ചു ,ഫലമില്ല.

"ഇനി  ഇത് മറ്റേ കക്ഷികള്‍ മന:പൂര്‍വ്വം പടച്ചുവിട്ട എലികളാണോ ദൈവം തമ്പുരാനേ ? "
തിരുമേനിയുടെ നിവൃത്തികെട്ട ഈ ചോദ്യത്തിന് ദൈവം തമ്പുരാന്‍ മറുപടി പറഞ്ഞില്ല. പറഞ്ഞത് പ്രശസ്ത സുവിശേഷകനും തിരുമേനിയുടെ ബന്ധുവുമായ സാമുവല്‍കൊറ്റിക്കുളമാണ് !
അദ്ദേഹത്തെ അറിയാത്തവര്‍ ചുരുക്കമാണ് . ആത്മീയ ചാനലുകളിലെ സ്ഥിരം സാന്നിദ്ധ്യം, കൂടാതെ ഈ അടുത്തകാലത്ത് വേദപുസ്തകത്തി -ല്‍ നിന്നും സുഗന്ധജല പ്രവാഹമുണ്ടായതിനെ തുടര്‍ന്ന്‍ പതിനായിര- ക്കണക്കിനാളുകള്‍ പ്രവഹിച്ച സാമേവില്ലയെന്ന അദ്ദേഹത്തിന്‍റെ ഭവനത്തെക്കുറിച്ച് പത്രവാര്‍ത്തകളും ഉണ്ടായിരുന്നു.അവിടെ ഒരു പൂച്ചയുണ്ടത്രേ  ഒരു " വിശുദ്ധപൂച്ച "

സാമേവില്ലയിലെ ആദ്യ അത്ഭുതമായിരുന്നു ഈ പൂച്ച . അന്ന് 10 സെന്റിനുള്ളിലെ ആയിരം സ്ക്വയര്‍ ഫീറ്റ്‌ വീട്ടിലിരുന്ന്  ഒരു പ്രസംഗമദ്ധ്യേ സാമുവല്‍ കൊറ്റിക്കുളം ഒരു വെളിപാട്‌ നടത്തി,
" ഈ പൂച്ചയില്‍ ചില ദിവ്യ ഗുണങ്ങള്‍ ഞാന്‍ കാണുന്നു ഇതിനോട് അപേഷിച്ചു യാചിച്ചാല്‍ നിങ്ങളുടെ ഏത് അഭീഷ്ടങ്ങളും സാധിക്കും ഇതെന്‍റെ  സാക്ഷ്യമാണ് പ്രിയ സഹോദരങ്ങളെ"

ആ സാക്ഷ്യത്തിന് ഫലമുണ്ടായി. കടലുപോലെ ജനങ്ങള്‍ സാമേവില്ല യിലേക്കൊഴുകി , അത്ഭുതത്തിന്‍റെ  ആ സീസണ്‍ തീര്‍ന്നപ്പോഴേക്കും ചുറ്റുപാടുമുള്ള മൂന്നേക്കര്‍ സ്ഥലത്തിനുള്ളിലെ മൂവായിരത്തി അഞ്ഞൂറ് സ്ക്വയര്‍ ഫീറ്റ്‌ ആഡംര ഭവനമായി മാറി സാമേവില്ല! ഇപ്പോള്‍ സുഗന്ധതൈലത്തിന്‍റെയും സീസണ്‍ അവസാനിച്ചുവെന്നു അന്ന് " കൊറ്റിക്കുളം" തിരുമേനിയോട് പറഞ്ഞത് ഞാനും കേട്ടതാണ്. അത്ഭുതങ്ങള്‍ക്കും സീസണ്‍ ഉള്ള  കാലം ! ആ പൂച്ചക്കായാണ് തിരുമേനി എന്നേ അയച്ചിരിക്കുന്നത്!.
              പഞ്ചായത്ത്  റോഡിന്‍റെ  തെക്ക് വശത്ത്‌ ഒരു ചെമ്മണ്‍പാത. പാതയോരത്ത് ഒരു പച്ചക്കറിക്കട!. ആ ചെമ്മണ്‍പാതയിലൂടെ ഞാന്‍ കഴിയാവുന്ന വേഗത്തില്‍ നടക്കേ എനിക്ക് പുറകില്‍ അടര്‍ന്നകന്ന മെറ്റലുകളില്‍ ശക്തിയോടെ ഷൂസുകള്‍ ഞെരിയുന ശബ്ദം,  ഞാന്‍ തിരിഞ്ഞു നോക്കി, കാക്കി പാന്റ്സ് , ബ്ലൂ ഷര്‍ട്ട് ,കൊമ്പന്‍ മീശ ... കയ്യിലെ ബിഗ്‌ഷോപ്പറില്‍ പച്ചക്കറി ,,, ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന പോലീസുകാരനാണെന്ന് തോന്നുന്നു .അയാള്‍ എന്നെ ശ്രദ്ധിച്ചതേയില്ല.എങ്കിലും എനിക്കെന്തോ പരിഭ്രമം തോന്നുന്നു ഈയിടെയായി പോലീസുകാരെ എനിക്ക് പേടിയാണ്.കഴിഞ്ഞ x y ശണ്ടയ്ക്കിടെ.
  
"ആ ളോഹയിട്ടവന്‍റെയൊക്കെ ചന്തിക്കിട്ട് പെടച്ചോ,ഒറ്റയെണ്ണത്തിനേം വിട്ടു കളയരുത് , കര്‍ത്താവിനു നാണക്കെടുണ്ടാക്കാന്‍ നടക്കണ ഹറാം പെറന്ന.................""
ന്ന്  ആക്രോശിച്ചുകൊണ്ടാണ് ഒരു  പോലീസുകാരന്‍ കക്ഷിഭേദമ -ന്യേ തിരുമേനിമാരുടെ ചന്തിക്കിട്ട് പെടച്ചത്. രാത്രിയില്‍ ദുരന്തമേഖലകള്‍ ബാം ഇട്ടു തടവുന്നതിനിടെ തിരുമേനി പിറുപിറുത്തു 

"എന്നാ ഒടുക്കത്തെ അടിയായിപ്പോയി,ആ പോലീസുകാരൊക്കെ അക്രൈസ്തവരാന്നു   തോന്നുന്നു ?" 
എനിക്കത് കേട്ട് ചിരിവന്നു.
"അക്രൈസതവര്‍ക്ക് മാത്രമല്ല ക്രിസ്ത്യാനികളില്‍ വലിയൊരു വിഭാഗത്തിനും നമ്മുടെ ഈ  കക്ഷിവഴക്കും ഗുണവതിയാവുമെന്നും പിടിക്കുന്നില്ലെന്ന്"പറയാന്‍ പലതവണ തുനിഞ്ഞതാണ്  പക്ഷെ ഭയംകൊണ്ട് ഞാനതൊക്കെ വിഴുങ്ങി.  

ചെമ്മണ്‍ പാതയിലൂടെ കടന്നു പോവുന്ന ടിപ്പറുകള്‍ പറത്തിവിട്ട മണ്ണില്‍ എന്‍റെ വെളുത്ത കുപ്പായം ചുവന്നു തുടങ്ങിയിരുന്നു.ആ കുപ്പായത്തോട് കൊച്ചു ടി. വിയിലെ ഡോറയുടെ ചങ്ങാതി ബുച്ചി ചോദിക്കും മട്ടില്‍ കുസൃതിയോടെ ഞാന്‍ ചോദിച്ചു 
" കുപ്പായമേ കുപ്പായമേ .. ചെമ്മണ്ണ്‍ കൊണ്ട് തന്നെയാണോ നീ ചുവന്നത്'? "
അങ്ങിനെ നടപ്പിന്‍റെ  ഇരുപതാം  മിനുട്ടില്‍ സാമേ വില്ലയെന്ന ഭവനാങ്കണത്തില്‍ ഞാനെത്തി.വിശാലമായ മുറ്റത്ത്  പാര്‍ക്ക്‌ ചെയ്ത വാഹനങ്ങളുടെ കണക്കെടുക്കാതെ കോളിംഗ് ബെല്ലമര്‍ത്തി വാതില്‍ തുറക്കുന്നതും പ്രതീക്ഷിച്ചു നിന്നു. വീടിന്‍റെ  ചുവരുകളില്‍  
 " ക്രിസ്തു ഈ വീടിന്‍റെ നായകന്‍,"
", അദ്ധ്വാനിക്കുന്നവരും................ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം," 
"എളിയവനെ ആദരിക്കുന്നവന്‍ ഭാഗ്യവാന്‍" 
തുടങ്ങിയ വചനങ്ങള്‍ ഗ്രാനൈറ്റ് ഫലകങ്ങളില്‍ ആലേഖനം ചെയ്തിരിക്കുന്നു.

" ഹ ഹ ഹ  അച്ചോ വാതില് തൊറക്കില്ല, ഞാനാന്ന് കരുതിയിട്ടാ അവര്  വാതില് തുറക്കാത്തെ .........." 
കാര്‍ പോര്‍ച്ചിന്‍റെ അരപ്ലേസിലിരിക്കുന്ന യാചകനെ അപ്പോഴാണ്‌ ഞാന്‍ കണ്ടത്.അയാള്‍ തന്‍റെ  ശോഷിച്ച ദേഹത്തിനു താങ്ങാനാവാത്ത ചിരിയോടും ചുമയോടും കൂടി വീണ്ടും പറഞ്ഞു.
 "സ്വന്തം നെറ്റീലെ വിയര്‍പ്പ് കൊണ്ട് ഭക്ഷിക്കുന്നതാ കര്‍ത്താവിനിഷ്ടം" എന്നും പറഞ്ഞു വാതില്‍ കൊട്ടിയടിച്ചുപോയതാ...! നല്ലോണം പണിയെടുത്തു ജീവിച്ചതാ ഇപ്പൊ വയ്യ ടി ബി യാ .."

ഞാന്‍ പോക്കറ്റില്‍ കയ്യിട്ട് കുറച്ചുരൂപ അയാള്‍ക്ക് നീട്ടി.അയാളത് വാങ്ങി,, 
"എളിയവനെ ആദരിക്കുന്നവന്‍ ഭാഗ്യവാന്‍,,"
 എന്നെഴുതിയതും വായിച്ച്  സാമോവില്ലയ്ക്ക് നാണം തോന്നും വിധം ഒരു ചിരി സമ്മാനിച്ചു അവിടം വിട്ടു.വീണ്ടും പലതവണ വിളിമണിയുടെ സ്വിച്ചിനെ ഞാന്‍ ഉപദ്രവിച്ചപ്പോഴാണ് ആ വാതില്‍ തുറക്കപ്പെട്ടത് .......


"ശെമ്മാശന്‍  കേറിയിരിക്ക് , എല്ലാരും പ്രാര്‍ത്ഥനേലാ" 
 ഒരു സ്ത്രീ എന്നെ ക്ഷണിച്ചു.അതിഥി മുറിയിലെ എസിയില്‍ കുളിര്‍ന്നു ചുറ്റുപാടുമുള്ള അലങ്കാരങ്ങളും നോക്കി ഒരു ഗ്ലാസ് "ഫ്രൂട്ട് പന്ജ്" അകത്താക്കവേ ഒരു പൂച്ച എനിക്കെതിരെയുള്ള സെറ്റിയില്‍ വന്നിരുന്നു അതിന്‍റെ തിളങ്ങുന്ന കണ്ണുകള്‍കൊണ്ട് എന്നെ അളെന്നെടുക്കാന്‍ തുടങ്ങി. ആ നോട്ടവും ഗമയും കണ്ട് ഞാന്‍ ചോദിച്ചു 
" വിശുദ്ധ പൂച്ച"?
 "ഞാനോ"?  പൂച്ച ഒന്ന് ചിതറി.
"ഉം അത്ഭുത പൂച്ച"
"ഓഹോ കളിയാക്കിയാതാണല്ലേ  നിനക്കും കാണണോ അത്ഭുതങ്ങളുടെ അവശേഷിപ്പുകള്‍'?
"വേണ്ട....... വേണ്ട   ഇത്തരം അത്ഭുതങ്ങളിലൊന്നും എനിക്ക് വിശ്വാസമേയില്ല"     ഞാന്‍ ചിരിച്ചു. 
 "എന്നെ കൊണ്ട് പോകാന്‍ വന്നതാണല്ലേ ?" അത് നെടുവീര്‍പ്പിട്ടു പിന്നെ    എന്നെ  ചൂഴ്ന്നു ,
"നിനക്കവിടെ?"
"പ്രയാസമാണ് "ഞാന്‍ സത്യം പറഞ്ഞു "നരകം!"
"ഹഹഹഹ" പൂച്ച വീണ്ടും ചിരിച്ചു  പിന്നെ മൂര്‍ച്ചയില്‍ വാക്കുകള്‍ പെറുക്കിയിട്ടു ..
" ഈ  നരകത്തിലും വലിയ നരകമോ? ദൈവത്തെ വില്‍പ്പനചരക്കാ ക്കുന്ന വചനങ്ങളെ വഞ്ചിക്കുകയും വിശ്വാസങ്ങളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന ഇതിലും വലിയ കുറുക്കന്മാരോ? ഇവിടെ നിന്ന്  ഓടിരക്ഷപ്പെടാന്‍ കൊതിച്ചിരിക്കുന്ന എന്നെ കാത്തിരിക്കുന്നത് ? "
അത് വേവലാതിയോടെ എന്നെ നോക്കി.

"ദയവായി  പോകും വഴി നീയെന്നെ എവിടെയെങ്കിലും ഉപേക്ഷിക്കണേ "
പൂച്ചയുടെ വിലാപവും അകത്തെ മുറികളില്‍ എങ്ങോ നിന്ന് മുഴ
ങ്ങിയെത്തുന്ന കൊറ്റിക്കുളത്തിന്‍റെ  തകര്‍പ്പന്‍ സുവിശേഷ പ്രസംഗവും എന്നെ ഓര്‍മ്മിപ്പിച്ചത്  മോരും മുതിരയുമാണ് .ഞാന്‍ വിഭാവനം ചെയ്തു ...അയാളിപ്പോള്‍ നാടിന്‍റെ  ഹൊരോസ്കൊപ്പ് തന്നെ മാറ്റിയെഴുതാന്‍ കെല്‍പ്പുള്ള റിയല്‍ എസ്റ്റെറ്റുകാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമിടയില്‍ നിന്ന് ഒരു കയ്യില്‍ ബൈബിളുമേന്തി  നടത്തുന്ന സാംബാ നൃത്തം!.

പൂച്ചയെപ്പോലെ എന്‍റെയുള്ളിലും വെറുപ്പിന്‍റെ  വലിയ അലകള്‍ തല്ലിയലച്ചു വീണു.കറുപ്പും വെളുപ്പും ചുവപ്പും നിറമാര്‍ന്ന ഉടയാടകള്‍ക്കുള്ളിലെ  വണിക്കുകളുടെ കൈപ്പിടിക്കുള്ളില്‍ നിന്നും പറന്നുപൊങ്ങാന്‍ ഞങ്ങളൊരുപോലെ തുടിച്ചു.
"ഇന്ന് സാറ് വല്യ തിരക്കിലാ പൂച്ചയെ ശൊമ്മാശന്‍ കൊണ്ടോക്കോ ദാ വണ്ടീം ഏര്‍പ്പാടാക്കിട്ടുണ്ട് "
ആ സ്ത്രീ വീണ്ടും തലകാണിച്ചു . ഞാന്‍ പൂച്ചയുമായി കാറില്‍ കയറി. ഒരു പാട് വളവിനും പുളവിനുമപ്പുറം നഗരമടുക്കെ ഞങ്ങളിരുവരും ജാഗ്രതയോടെ മുഖാമുഖം നോക്കി .ശേഷം ഒരു ലെവല്‍ ക്രോസിനു മുമ്പില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും പുറത്തിറങ്ങി പാളത്തിനരികിലൂടെ നടന്നു ,പിന്നെ അവശേഷിക്കുന്ന വിശ്വാസങ്ങളെ സംരക്ഷിക്കാനെന്നോണം എന്‍റെ വെളുത്ത കുപ്പായം പാളത്തിലുപേക്ഷിച്ചു കിഴക്കൊട്ടെക്കുള്ള ട്രയിനുകളിലോന്നില്‍ ഞങ്ങള്‍ യാത്രയാരംഭിച്ചു.കൂടുതല്‍ എലികള്‍ക്കും കൂടുതല്‍  അത്ഭുതങ്ങള്‍ക്കും എത്തിപ്പിടിക്കാവുന്നതിനും അപ്പുറങ്ങളിലേക്ക് !!.Monday, August 18, 2014

നീലക്കണ്ണന്‍................................മിനിക്കവിത


                                                                
                                                               
                                                                                                              മിനി പി.സി
                                      


" നീലക്കണ്ണാ...നീയെന്തിനാണെന്‍റെയാകാശവും
കടലാഴങ്ങളും നിന്‍റെ കണ്ണുകളില്‍
കവര്‍ന്നുവെച്ചിരിക്കുന്നത് ?
എന്‍റെ പക്ഷികള്‍ക്ക് പാറിപ്പറക്കാന്‍......
എന്‍റെ മല്‍സ്യകന്യകള്‍ക്ക് നീന്തിത്തുടിക്കാന്‍ ............
എന്‍റെ  ചിപ്പികള്‍ക്ക് സ്വപ്നങ്ങളുടെ  മുത്തുകളെ
ഒളിപ്പിച്ചു  വെയ്ക്കാന്‍ ...........................
തിരികെ  തരിക
നിന്‍റെ കണ്ണുകള്‍ കവര്‍ന്നുവെച്ചിരിക്കുന്ന
എന്‍റെ   ആകാശവും ...കടലാഴങ്ങളും! "

Friday, August 1, 2014

ഊഷ്മളതകവിത                                                              മിനി പി.സി
                           


അഗാധമായൊരു കയത്തിലേയ്ക്കാണ് 
ഞാന്‍ വീണത്‌ !
ഊഷ്മളതയെ ചൊല്ലിയുള്ള 
ഒരു തര്‍ക്കത്തിനിടയിലായിരുന്നത്  !
കാല്‍വഴുതിയതല്ലെന്ന നിനവുറയ്ക്കും മുന്‍പേ ....
മനസ്സ് പറഞ്ഞു ,
 ഞാന്‍ വീണതല്ല.......അവനെന്നെ വീഴ്ത്തിയതാവും .”
ഒറ്റപ്പെട്ടുവോ ......? എന്ന ആദ്യ പകപ്പില്‍
ആഴങ്ങളിലെ   ചിപ്പികളില്‍  തട്ടി ഞാനുലഞ്ഞു...............
നിരാശയുടെ ചെളി പുതയാത്തതുകൊണ്ടാവും ..
അഗാധമവിടെന്നെ   തളച്ചിട്ടില്ല .
സ്വപ്നങ്ങളില്‍ മാത്രം  കണ്ട  കയത്തിന്
ആഴമേറെ..........തണുപ്പും .....................
 തണുപ്പിലൊരു മഞ്ഞുതുണ്ടായ്‌
ഉറഞ്ഞുതീരുമെന്ന  ഭീതിയില്‍
പിന്നത്തെ   പൊങ്ങലില്‍
മുകളിലേയ്ക്കെന്‍റെ  കൈകളുയര്‍ത്തി
ആലംബത്തിനായ് കേണു ......
കയത്തിന്‍  കരയിലിരുന്ന് എന്‍റെ വീഴ്ച്ച
അവനാസ്വദിക്കയാണെന്ന
ചിന്തയായിരുന്നെനിക്ക് ....
എന്‍റെയുള്ളു നിറയെ സംശയങ്ങളായിരുന്നു...
പകപ്പും..ഭീതിയുമായിരുന്നു ...........അതാവാം
ഞൊടിയിടയ്ക്കുള്ളില്‍   കൈകള്‍  കുഴഞ്ഞു...
കാഴ്ച മറഞ്ഞു .......അവസാന ശ്വാസംതേടി
ഞാന്‍ പിടഞ്ഞു ..................
ആ നേരം...................ആ നേരമാണ് 
അവന്‍റെ കൈകളെന്നെ  കോര്‍ത്തെടുത്തത് ,
കൊടും തണുപ്പിലുറയാതെ ....
ആര്‍ദ്രമാം ആഴങ്ങളിലൂടെ ......
കയത്തിന്‍റെ  ഭ്രമിപ്പിയ്ക്കും വശ്യതയിലേയ്ക്ക്...
അവനെന്നെ നടത്തവെ ....ആ  നേരമത്രയും
എവിടെയോ  പതുങ്ങി നിന്നിരുന്ന ഊഷ്മളത
ചിരിയോടെ കാതില്‍ മന്ത്രിച്ചു .......,
“ വീണത്‌  നീയൊറ്റയ്ക്കായിരുന്നില്ല
നിങ്ങള്‍ ഒരുമിച്ചായിരുന്നു................!”