Thursday, January 30, 2014

മിനിക്കഥ                           


  

                   അമ്മുവിന്‍റെ ആട്


"  ന്‍റെ കാലു നോവണു കിങ്ങിണിക്കുട്ട്യെ ,നിക്ക് പറ്റണില്ല്യാ നിന്‍റെ 

ഒപ്പം ഈ പടിക്കെട്ടൊക്കെ ഓടിക്കേറാന്‍ ഒന്ന് നിക്കടീ..., ന്‍റെ 

ചക്കരക്കുട്ട്യല്ലെ ! "

കഴുത്തിലെ ഓട്ടുമണി കിലുക്കി പടിക്കെട്ടുകള്‍ ചാടിക്കയറുന്ന തന്‍റെ 

പുന്നാര ആട്ടിന്‍കുട്ടിയെ നീട്ടി വിളിച്ചു കൊണ്ട്  അമ്മു കിതപ്പോടെ 

പടിക്കെട്ടില്‍ തളര്‍ന്നിരുന്നു ! വെയിലേറ്റ് അവളുടെ കവിള്‍ത്തടങ്ങളും 

മൂക്കിന്‍ തുമ്പും ചുവന്നു തുടുത്തിരുന്നു .അമ്മു ഇരുന്നതോടെ 

കിങ്ങിണിക്കുട്ടി പടിക്കെട്ടുകള്‍ ഓടിയിറങ്ങി അമ്മുവിനരുകില്‍ വന്നു 

നിന്ന് അലിവോടെ കരഞ്ഞു .

"മേ..................മേ...."

"ഉം കരയണ്ടാട്ടോ "

അമ്മു കിങ്ങിണിയെ വാരിയെടുത്ത് മടിയിലിരുത്തി, പിന്നെ അതിന്‍റെ 

ചെവിയില്‍ മന്ത്രിച്ചു ,

"നീം നാലഞ്ചു പടികൂടിക്കേറ്യാ അമ്പലായീ ! വിളിച്ചാ വിളി കേള്‍ക്കണ 

ദേവിയാ, നല്ലോണം പ്രാര്‍ഥിക്കണം നിന്‍റെ അമ്മേ തിരിച്ചു കിട്ടാന്‍.."

തന്‍റെ മുഷിഞ്ഞ റിബണും കടിച്ചിരിക്കുന്ന കിങ്ങിണിയ്ക്ക് കാര്യത്തിന്‍റെ 

ഗൌരവം അത്ര പിടികിട്ടീട്ടില്ലെന്ന് അമ്മൂന് തോന്നി .

" അതെയ്, കിങ്ങിണീ നിനക്ക് കാര്യം മനസിലായോ  ? നിന്‍റെ അമ്മ 

പോയാ കൊറേ കഴീമ്പേ പുത്യോന്നിനെ കൊണ്ടരും , അയിനെ കാണുമ്പേ 

നിന്‍റച്ചന്‍ മുട്ടന്‍ കുട്ടപ്പന്‍ അയിനെ കല്യാണം കയിക്കും പിന്നെ ന്‍റെ 

ഗതിയന്നെ നിനക്കും ! ല്ലാര്‍ക്കും സൊന്തം അമ്മയന്നെ വേണം ,പത്തമ്മ- 

-ണ്ടായാലും പോരാ പെറ്റമ്മയെന്നെ വേണംന്ന് കൂനി മുത്തശ്ശി പറേണത് 

നീയും കേട്ടിട്ടില്ല്യെ , ന്നാലും ന്‍റച്ചന്‍  ങ്ങനൊരു ചതി ചെയ്യൂന്നു 

ഞാന്‍വിചാരിച്ചില്ല്യ !"

അമ്മൂന് സങ്കടം വന്നു.  അമ്മുവിന് അമ്മയില്ല .അമ്മുവിനെ പ്രസവിച്ച 

ഉടനെ അമ്മ മരിച്ചു .അച്ഛന്‍ വേറെ കെട്ടി അതില്‍ രണ്ടനിയത്തിമാര്‍ 

കൂടി അമ്മുവിനുണ്ട്. നാട്ടുനടപ്പു പോലെ ഇളയമ്മയ്ക്കും മക്കള്‍ക്കും 

അമ്മു ഒരു അധികപ്പറ്റാണ് ഇപ്പോള്‍ അച്ഛനും അവളെ കണ്ണെടുത്താല്‍ 

കണ്ടൂടാ.നാളെ അമ്മുവിന്‍റെ അനിയത്തിയുടെ പിറന്നാളാണ് ,അവള്‍ക്കു 

സ്വര്‍ണ്ണകമ്മല്‍ വാങ്ങാനാണ്  ഇന്ന് രാവിലെ കിങ്ങിണിയുടെ  അമ്മ 

"ദേവൂട്ടിയെ" പിടിച്ച് അച്ഛന്‍ ഇറച്ചി വെട്ടുകാരന്‍ മമ്മദിക്കയ്ക്ക് 

വിററത്. പാവം കിങ്ങിണിയ്ക്ക്  രണ്ടു മാസം  പ്രായമേ ആയിട്ടുള്ളൂ. 

മാമംകുടി കൂടി മാറിയിട്ടില്ല   .

"ദേവൂട്ടിയെ കൊടുക്കല്ലേ അച്ഛാ, കൊടുക്കല്ലേ അച്ഛാന്നും" 

പറഞ്ഞ് ദേവൂട്ടിയെ കെട്ടിപ്പിടിച്ച് അമ്മു ഒരുപാട് കരഞ്ഞു ..ഒടുവില്‍ 

ഇളയമ്മയുടെ ചൂരല്‍ തലങ്ങും വിലങ്ങും വീണപ്പോഴാണ് അമ്മു 

പിന്മാറിയത് .അവള്‍ പഴകിക്കീറിയ പെറ്റിക്കോട്ട് നീക്കി തുടയിലെ 

പാടുകള്‍ എണ്ണി " ഒന്ന്..രണ്ട്..." എണ്ണമില്ലാത്ത പാടുകള്‍ ദേഹമാസകലം 

അവളെ വേദനിപ്പിച്ചു കൊണ്ടിരുന്നു .കിതപ്പടങ്ങിയപ്പോള്‍ രണ്ടാളും 

ദേവിയോട് തൊഴുത് പടിയിറങ്ങി ഇടവഴിയിലൂടെ വീട്ടിലേക്ക് നടക്കവേ 

" അമ്മൂട്ട്യെ " ന്നുള്ള വിളി കേട്ട് അവള്‍ തിരിഞ്ഞു നിന്നു. മമ്മദ്‌ക്കാ 

കൂടെ ദേവൂട്ടിയും ! കിങ്ങിണിയെ കണ്ടപാടെ ദേവൂട്ടി 

അതിനടുത്തെയ്ക്ക് ഓടിയെത്തി

 "  ങ്ങള് ന്‍റെ ദേവൂട്ട്യെ കൊല്ല്വോ മമ്മദ്‌ക്കാ ? "

അമ്മു പൊട്ടിക്കരഞ്ഞു .

"യ്യ് ബെസമിക്കണ്ടാ അമ്മൂട്ട്യെ , ന്‍റെ  ആടിനെ മ്മള് കൊല്ലൂല്ല ! ഞമ്മട 

വീട്ടീ വളത്തും..അനക്കും കിങ്ങിണിയ്ക്കും എപ്പളും വന്നു കാണാം 

ഇയിനെ ."

അയാള്‍ വാല്‍സല്യത്തോടെ അവളുടെ ശിരസ്സില്‍ തലോടവേ സന്തോഷം 

കൊണ്ട് അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി..അത്കണ്ട് കിങ്ങിണിയ്ക്ക് 

പാല്‍ചുരത്തുകയായിരുന്ന ദേവൂട്ടി അവളെ നോക്കി സ്നേഹത്തോടെ 

കണ്ണിറുക്കി.Friday, January 24, 2014

അന്യായം

         മിനിക്കഥ                                                                                                       മിനി .പി .സി
                                                                  അന്യായം


ഞാന്‍ അല്‍പ്പം മുന്‍പ്‌ ക്രൂരമായ്‌ കല്ലെറിഞ്ഞു കൊല്ലപ്പെട്ട ഒരു പാവം

പാപിനിയുടെ ഗതികിട്ടാത്ത ആത്മാവ് ! രണ്ടായിരമാണ്ടുകള്‍ക്ക് മുന്‍പ്

എന്‍റെ പൂര്‍വികരിലൊരാളെ കല്ലെറിഞ്ഞു കൊല്ലാന്‍ തുനിഞ്ഞവരോട്

“നിങ്ങളില്‍ പാപമില്ലാത്തവര്‍ ഇവളെ ആദ്യം കല്ലെറിയട്ടെ “എന്ന് ഒരു

കരുണാമയന്‍ പറയുകയും അവര്‍ കല്ലുകളുപേക്ഷിച്ച് അവള്‍ക്കു ശിക്ഷ

വിധിക്കാതെ പോവുകയും ചെയ്ത കഥ ഞാനും 

കേട്ടിരുന്നു.അവരെക്കാള്‍ എന്തുകൊണ്ടും വിശാലഹൃദയരായ

രണ്ടായിരമാണ്ടുകള്‍ക്കിപ്പുറമുള്ള ഈ പുതിയ മനുഷ്യര്‍ അതിലും

നീതിപൂര്‍വമായി എന്നോട് പെരുമാറുമെന്ന ആത്മവിശ്വാസത്തോടെയാണ്

ഞാനാ ജനമധ്യത്തില്‍ നിന്നത് .ഞാന്‍ നോക്കുന്നിടത്തൊക്കെ എന്‍റെ

പരിചയക്കാര്‍ മാത്രമായിരുന്നു ! അതെനിക്ക് ആശ്വാസവും 

ജീവിക്കാനുള്ള പ്രതീക്ഷയും തന്നു എല്ലാം ആഭാസന്മാര്‍...

വഷളന്മാര്‍...വെറിക്കൂത്തുകാര്‍............എനിക്കെതിരെ കല്ലെടുക്കാന്‍ 

കെല്‍പ്പുള്ള ഒരു കൈകളും അവിടെയില്ലെന്ന് സന്തോഷത്തോടെ ഞാന്‍ 

തിരിച്ചറിഞ്ഞു ..പക്ഷെ അന്യായമെന്നല്ലാതെ എന്തുപറയാന്‍

“നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ”

എന്ന് പറയാന്‍ ഒരു കരുണാമയനെ കാത്തിരുന്ന എന്നെ 

ഇളിഭ്യയാക്കികൊണ്ട് ഒരു വിചാരണയ്ക്കും വീണ്ടു വിചാരത്തിനും 

പോലും സമയം തരാതെ മിനിട്ടുകള്‍ക്കുള്ളില്‍, അവരെന്നെ ക്രൂരമായ്‌,  

എറിഞ്ഞു കൊലപ്പെടുത്തി......അപ്പോഴും എന്‍റെ അസ്ഥിമജ്ജകളെ 

വേര്‍പെട്ടു പോകാന്‍ മടിച്ചുനിന്ന പ്രാണന്‍ ആ മഹാപാപികളെ 

നോക്കി അലറിവിളിച്ചു

“ അന്യായം.....................ഇത് മഹാ അന്യായം .!