Monday, August 27, 2012

ഓണത്തുമ്പികള്‍
എല്ലാ മലയാളീ സുഹൃത്തുകള്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ
തിരുവോണാശംസകള്‍.

ചെറുകഥ                                     മിനി.പി.സി
         ഓണത്തുമ്പികള്‍

ഇന്ന് തിരുവോണം !മലയാളികള്‍ഒരുപാട് നാള്‍ഹോംവര്‍ക്ക്‌,                            
ചെയ്ത് ,സന്തോഷത്തോടെ കാത്തിരിക്കുന്ന സുദിനം !ഇത്തവണ
എന്‍റെ  , കണക്ക് കൂട്ടലുകള്‍.."  എന്‍റെ "എന്ന് വെച്ചാല്‍ ,ഞാന്‍
പ്രധിനിധാനം ,ചെയ്യുന്ന ഇടത്തരക്കാരന്‍റെ  കണക്ക് കൂട്ടലുകളാണ്
ഈ, വിലക്കയറ്റവും' ,രൂപയുടെ മൂല്യത്തകര്‍ച്ചയും, മൂലം
പൊലിഞ്ഞു തീര്‍ന്നിരിക്കുന്നത് . 

" എല്ലാം സാധാരണ പോലെ മതീട്ടോ സുകുവേട്ടാ, ഓണംന്നൊക്കെ
പറഞ്ഞാ ' ദാ വന്നൂ ,ദേ പോയീന്നിരിക്കും '.പിന്നേം നമുക്ക്
ജീവിക്കണ്ടേ ? "

എന്‍റെ ഭാര്യയുടെ പ്രാക്ടിക്കല്‍ചിന്താഗതിയോട് എനിക്ക്
ആദരവ് തോന്നി .ഒഴുക്കിനെതിരെ നീന്താന്‍ ,ശേഷിയുള്ളവരാണ്
എപ്പോഴും അതിജീവനം നേടുക. പക്ഷെ രണ്ടു ദിവസം മുന്‍പ്
ഗതകാലഓണസ്മരണകളുടെ  'ഗൃഹാതുരത്വവും'    പേറി
വീട്ടിലെത്തിയ അച്ഛനും അമ്മയും എന്‍റെ ,കണക്ക് കൂട്ടലുകള്‍
വീണ്ടും തെറ്റിച്ചു .

"മോനെ ,സുകൂ ,കഴിഞ്ഞ വര്‍ഷത്തെ ഓണം പോലൊന്ന് എന്‍റെ
ആയുസില്‍കൂടീട്ടില്ല..നിന്‍റെ അനിയനും അനിയത്തീം അന്ന്
ചിക്കന്‍ബിരിയാണിയാ ഉണ്ടാക്കിയത് .അന്ന് ആ വീട്ടീന്നു  ഞാന്‍ 
ജലപാനം പോലും ചെയ്തില്ല.....   ഈശ്വരാ   ഞാന്‍ആദ്യായിട്ടാ,
ഓണത്തിന് ,മാംസാഹാരം പാകം ചെയുന്നത് കാണുന്നത്!  നീ
ഓര്‍ക്കുന്നുണ്ടോ, പണ്ട് ,ഓണത്തിന് അടുക്കളേലെ മേളം! ഞാനും
ഏടത്തിമാരും കൂടി ,പത്തു,പന്ത്രണ്ടു കൂട്ടം കറികളും ,3കൂട്ടം
പായസോം വെച്ച് ,ഓണത്തപ്പന് നേദിച്ച്.....!ങാ ,മരിക്കും മുന്‍പ്
ആ കാലമൊക്കെ ഇനി വര്വോ ?  " അമ്മ” നെടുവീര്‍പ്പിട്ടു .

" എന്‍റെ  ദേവി,അതൊക്കെ പഴയ കാലം! കാലം മാറുമ്പോ,
നമ്മളും മാറണ്ടേ!ഇപ്പൊ ആരാ ഒരീസം മുഴുവന്‍അടുക്കളേല്‍
കെടന്ന് ഇതൊക്കെ ഉണ്ടാക്കുന്നത്!   ഒരു വര്‍ഷം കഴിഞ്ഞിട്ടും
നിന്‍റെ ,പരിഭവം മാറ്റാറായില്ല്യെ ? ഇത്തവണ സുകൂന്‍റെ
അടുത്തല്ലേ ,നമുക്ക് കേമമാക്കാം....കേട്ടിട്ടില്ല്യെ ,കാണം വിറ്റും
ഓണം ഉണ്ണണംന്നാ പ്രമാണം . അച്ഛന്‍അമ്മയെ സ്വാന്തനിപ്പിച്ചു .
എന്‍റെ ,പ്രിയപ്പെട്ട അച്ഛാ ,കേരളത്തിലെ ,എന്നെ പോലൊരു
ഇടത്തരക്കാരനെ ,സംബന്ധിച്ചിടത്തോളം, എല്ല് മുറിയെ ,പണിയാമെന്നല്ലാതെ
യാതൊരു പ്രയോജനവുമില്ല .വെള്ളം,വൈദ്യുതി ,ഗ്യാസ്,പച്ചക്കറി ,
പലവ്യഞ്ജനം,അരി (റേഷന്‍കടയിലെ  2  രൂപ    അരിയുടെ ,
നിലവാരത്തകര്‍ച്ചയില്‍ മനം  നൊന്ത്, ആന്തരാവയവങ്ങള്,
പണിമുടക്കിയപ്പോഴാണ് വീണ്ടും നല്ല അരി വാങ്ങിച്ചു തുടങ്ങിയത്.)
പെട്രോള്‍,  പാല്‍( മായപ്പാല്‍/ മാരകപ്പാല്‍,എന്തും വിളിക്കാം )
തുടങ്ങി,എന്‍റെ നടുവൊടിഞ്ഞ ഈ സിറ്റുവേഷനില്‍. കാണം വിറ്റും
ഞാന്‍ഓണം,ഉണ്ടാല്‍എന്‍റെ രണ്ടു പെണ്‍കുട്ടികളുടെ കാര്യം
എന്താവും ?സ്വര്‍ണ്ണ വില ,ഇങ്ങനെ ഒരു കോംപ്രമൈസുമില്ലാതെ
കുതിച്ചുയരുന്നതും നോക്കി  നെടുവീര്‍പ്പിട്ടു നെടുവീര്‍പ്പിട്ട് എനിക്ക്
വലിവിന്‍റെ അസ്കിതയും തുടങ്ങി...അതുകണ്ടാവണം എന്‍റെ ഭാര്യ
സ്വര്‍ണം പാടെ വര്‍ജിച്ചിരിക്കുന്നു...ഇപ്പോള്‍,അവള്‍ചിരട്ട ,മുള,പേപ്പര്‍
തുടങ്ങിയവ (ഇക്കോ-ഫ്രണ്ടലി ) ഉപയോഗിച്ച് ആഭരണങ്ങള്‍നിര്‍മിക്കുകയും
ഉപയോഗിക്കുകയും വിപണനം നടത്തുകയും ചെയ്ത് മറ്റുള്ളവര്‍ക്ക്
മാതൃകയാവുന്നു .ബ്ലേഡ് കമ്പനികളില്‍നിന്ന് വായ്പയെടുക്കാന്‍എനിക്ക്
പേടിയാണച്ഛാ...ഒടുവില്‍ഞങ്ങള്‍ 4 പേരെ താങ്ങാനുള്ള ശേഷി ഈ
ഉത്തരത്തിനില്ല ...ഇനി അച്ഛന്‍ ,പറയൂ ,കാണം വിറ്റും നമുക്ക് ഓണം
ഉണ്ണണോ? ഇതൊക്കെ അച്ഛനോട് ഉറക്കെ വിളിച്ചു പറയാന്‍തോന്നിയെങ്കിലും
പറഞ്ഞില്ല .....പാവം ,അവരെ എന്തിനു ടെന്‍ഷനാക്കണം?

“ സുകുവേട്ടാ ,ഒന്നോര്‍ത്താ ,മനുഷ്യരുടെ കാര്യല്ലേ !അടുത്ത വര്ഷം
ആരൊക്കെ ഉണ്ടാവുമോ ആവോ !അല്പം ഞെരുങ്ങീട്ടാണെങ്കിലും
ഓണം ഉഷാറാക്കാം “ എന്‍റെ ഭാര്യ അവസരത്തിനൊത്ത് ഉയര്‍ന്നു .
അങ്ങനെ ഇന്നലെ കാലത്തേ തന്നെ കാറ്റെരിങ്ങ്കാര്‍ക്ക് ഓണസദ്യയ്ക്കുള്ള
ഓര്‍ഡര്‍കൊടുത്തു..കുത്തരിച്ചോറ് , 12കൂട്ടം കറികള്‍, 2 തരം പായസം
ജീരക വെള്ളം തുടങ്ങി ഇല വരെ അവര്‍കൊണ്ട് വരും .ഒരു പായ്ക്കിനു
80,രൂപ 8 പാക്സ് ഓര്‍ഡര്‍,ചെയ്‌താല്‍  രണ്ടു  നേരത്തെ  കാര്യം   ശുഭം!
ഈ ,തുകയ്ക്ക് ,  വീട്ടില്‍   ,ഇത്രയും വിപുലമായി ചെയ്യാന്‍പറ്റില്ല .അങ്ങനെ
സദ്യയുടെ കാര്യത്തിനു തീരുമാനമായി .
                 
 ഇന്ന് എല്ലാരും നേരത്തെ എഴുന്നേറ്റു ,
കുളിച്ചു , കുറിതൊട്ടു,   ഉള്ളതില്‍  ,  നല്ല വസ്ത്രങ്ങള്‍അണിഞ്ഞു.
“തുമ്പേ ,തുമ്പീ ......നിങ്ങള്‍,അടുത്തെവിടെങ്കിലും പോയി   പൂക്കള്‍ഇറുത്തു വരൂ ,കുട്ടികളെ “....അമ്മ മുറ്റത്ത് പൂക്കളമിടാനുള്ള ,ശ്രമത്തിലാണ് .
“അമ്മെ കുട്ടികളെ  ഞങ്ങള്‍എങ്ങും വിടാറില്ല ,കാലമല്ലാത്ത കാലാ,ആരേം
വിശ്വസിക്കാന്‍പറ്റില്ല്യ “ലതിക നിലപാട് വ്യക്തമാക്കിയതോടെ ,കുട്ടികള്‍
അകത്തേയ്ക്ക് ഓടി ,അവരുടെ പ്ലാസ്ടിക് പൂ ശേഖരവുമായി വന്നു .
“ മണംല്യാന്നെള്ളൂ ,അച്ഛമ്മേ,,ഇത് വാടില്ല്യ ,2 വര്‍ഷായീ ഇത് വാങ്ങീട്ട്”
തുമ്പ ,പൂക്കളമിട്ടു തുടങ്ങി .ഞാന്‍അമ്മയെ മനപൂര്‍വം നോക്കിയില്ല
നോക്കാതെ തന്നെ ആ മുഖം വാടുന്നത്  എനിക്ക് കാണാമായിരുന്നു
10 , മണിയായപ്പോഴെയ്ക്കും ,ഓണസദ്യയുമായി ,കാറ്റെറിങ്ങ്കാരെത്തി!
പുഞ്ചിരിയില്‍,കുതിര്‍ന്ന  ഓണാശംസകള്‍നേര്‍ന്ന്  അവര്‍അടുത്ത
വീടിനെ ,ലക്ഷ്യംവെച്ച് നീങ്ങവേ അമ്മ ആശ്ചര്യത്തോടെ പറഞ്ഞു ,
“എന്‍റെ കൃഷ്ണാ ...എത്ര നാളായീ , തൂശനിലയില്‍ഊണ് കഴിച്ചിട്ട് !”
“അയ്യോ .....ഈ അച്ചമ്മേടെ ,ഒരു കാര്യം ,ഇത് ബനാനാ ലീഫ്‌,അല്ല,
എസ് . എ .എസ് ,പേപ്പര്‍വാഴയിലയാ “
തുമ്പി പൊട്ടിച്ചിരിയോടെ ,അച്ഛമ്മയെ ,കെട്ടിപ്പിടിച്ചു .അമ്മ പൂക്കളത്തിനു
 മുന്‍പില്‍, നിലവിളക്ക് തെളിയിച്ച്  ഒരു   ഇലയില്‍ , ഓണത്തപ്പനുള്ള
വിഭവങ്ങള്‍           നേദിച്ചു  , പ്രാര്‍ത്ഥനാനിരതയായ് നിന്നു .
            ““നല്ലൊന്നാന്തരം സദ്യ””
അച്ഛനും ,അമ്മയും സന്തോഷത്തോടെ ഉച്ചമയക്കത്തിനു  പോയി .
.ശ്രീമതിയും കുട്ടികളും ചാനലുകള്‍ക്ക് ,മുന്‍പിലെ  ഓണവിസ്മയങ്ങളില്‍
മുഴുകി !
            ഞാന്‍എന്‍റെ   ചാരുകസേരയില്‍...വെറുതെ മിഴികള്‍പൂട്ടി ,
,എഫ്.എമ്മിലെ ..,ഓള്‍ഡ്‌മലയാളം ഓണം ഹിറ്റ്‌സിനു ചെവിയോര്‍ത്തു .
ആ കിടപ്പില്‍പറക്കാത്ത പോന്നോണത്തുമ്പികളെയും ,വിരിയാത്ത
പൂക്കളെയും ഞാന്‍കണ്ടു ! മനുഷ്യരെ എല്ലാവരെയും സമഭാവനയോടെ കണ്ട് കള്ളവും ചതിയും വഞ്ചനയുമില്ലാത്ത ഒരു നല്ല നാട് പടുത്തുയര്‍ത്തിയ
മഹാബലി തിരുമനസ്സിനെ എന്നെങ്കിലും കാണാനാവുമോ ?ഞാന്‍വെറുതെ
ഓര്‍ത്തു .
“ ഊണ് കഴിഞ്ഞ് ഉറക്കായോ ?”
പരിചയമില്ലാത്ത മുഴക്കമുള്ള സ്വരം കേട്ട്  ഞാന്‍ഞെട്ടിയെഴുന്നേറ്റു .
ഏകദേശം ആറടിയോളം പൊക്കവും അതിനൊത്ത വണ്ണവുമുള്ള
പ്രൌഡഗംഭീരനായ ഒരു അറുപതുകാരന്‍!എന്ത് തേജസ്സാണ് ആ
മുഖത്ത് .
“ എന്നെ മനസിലായില്ല അല്ലെ ? സുകു ഇപ്പോള്‍കാണാന്‍ആഗ്രഹിച്ച
ആളു തന്നെയാടോ “മഹാബലി !”
“തിരുമേനീ , .അപ്പോള്‍ഓലക്കുടയും,കൊമ്പന്‍മീശയും,കുടവയറും..........?”
അദ്ദേഹം ,ഉറക്കെ ചിരിച്ചു .
“ ആ ആളെ ഞാനും അറിയില്ല ,ഇത്ര സുമുഖനായ നമ്മെ ,ആരാണോ
ആ മട്ടില്‍ആദ്യമായ് അവതരിപ്പിച്ചത് ആവോ ?”
“തിരുമേനി ,നമുക്ക് അകത്തെയ്ക്കിരിക്കാം “”””
ആദരവോടെ ,ഞാന്‍അകത്തേയ്ക്ക് ക്ഷണിച്ചു .
“വേണ്ടെടോ ,താന്‍എന്‍റെ വേഷം കണ്ടില്ലേ ?എന്‍റെ കസവ് മുണ്ടും
വേഷ്ടിയുമൊക്കെ,ഒരുകൂട്ടം , നരാധമാന്മാര്‍വലിച്ചു കീറിക്കളഞ്ഞു ,
ഷര്‍ട്ടിന്‍റെ ,കുടുക്കുകളൊക്കെ പോയി !താന്‍എനിക്ക് ഒരു ഷര്‍ട്ടും മുണ്ടും
മാറാന്‍തരാമോ ?”
“ആരാണ് തിരുമേനിയോട് ഈ ക്രൂരത കാണിച്ചത് ?”
ഞാന്‍വേവലാതിയോടെ ചോദിച്ചു .
“  ഞാന്‍,ആ റെയില്‍വേ സ്റ്റേഷന്  എതിര്‍വശത്തുള്ള വഴിയിലൂടെ
ബസ്സ്സ്റ്റോപ്പിലേക്ക്  നടന്നു വരികയായിരുന്നു ,അപ്പോള്‍എതിരെ വന്ന
ഒരു പെണ്‍കിടാവ് എന്നോട് ബസ്‌സ്റ്റോപ്പിലേക്കുള്ള  വഴി ചോദിച്ചത്
മാത്രേ എനിക്കോര്‍മ്മയുള്ളൂ ,  അപ്പോള്‍എവിടെ നിന്നാണെന്നറിയില്ല
കുറെ പേര്‍ചാടിവീണ് അടി തുടങ്ങി.................എനിക്ക് മാത്രല്ല ,ആ
പെണ്കിടാവിനും കിട്ടീ വേണ്ട തല്ല് !ഞങ്ങള് സദാചാര പോലീസാഡാ ,
ഇവിടെ ഇതൊന്നും ഞങ്ങള്‍അനുവദിക്കില്ല ,എന്നും പറഞ്ഞായിരുന്നു ,
അടി !ഒരു വിധത്തില്‍അവിടെനിന്നും ,ഓടി രക്ഷപ്പെടുകയാ ഉണ്ടായേ !”
“ഈശ്വരാ ,എന്തായീ കേള്‍ക്കണേ ,അങ്ങ് ആരെന്നു പറഞ്ഞില്ലേ ?”
“ചോദ്യത്തിനും പറച്ചിലിനുമൊന്നും, പ്രസക്തി കല്‍പ്പിക്കാത്ത ഈ
കൂട്ടരെ കഴിഞ്ഞ തവണ ഞാന്‍വന്നപ്പോള്‍കണ്ടില്ലല്ലോ പുതിയ
അവതാരങ്ങളായിരിക്കും അല്ലെ ?മേലും കീഴും നോക്കാതെ അടിച്ചും ഇടിച്ചും
കൊന്നും എങ്ങിനെയാണോ ,ഇവരൊക്കെ ,സദാചാരം കാത്തുസൂക്ഷിക്കുന്നത്”

തിരുമേനി നെടുവീര്‍പ്പിട്ടു .
“ഓരോ ,തവണയും വരുമ്പോള്‍ഇനി ഇവിടെയ്ക്കില്ല എന്നുറപ്പിച്ചാ
എന്‍റെ മടക്കം !പക്ഷെ അടുത്ത ഓണമാവുമ്പോ അതൊക്കെ മറക്കും
എന്‍റെ പ്രജകളെ കാണാനുള്ള കൊതികൊണ്ടാ ഈ ഓടി വരണത് !
എല്ലാ തവണയും,വരുമ്പോ ,ഓരോ തിക്താനുഭവങ്ങളാ !ആഘോഷങ്ങളെ
ഇത്രമേല്‍,വ്യാവസായിക ,വല്ക്കരിച്ചിട്ടുള്ള ,വേറൊരു , നാടുണ്ടെന്നു
തോന്നുന്നില്ല !വാസ്തവത്തില്‍, എന്നെയാരും,ഓര്‍ക്കുന്നു പോലുമില്ല .
എങ്കിലും ,ഇത്തവണ എന്നെ ഒരുപാടു സന്തോഷിപ്പിച്ച അനുഭവങ്ങളും
ഉണ്ടായിട്ടുണ്ട് ,അതിലൊന്ന് ഓണം ഈ കേരളക്കരയിലെ ,ബഷീറും
ഉസ്മാനും സൈനബയുമൊക്കെ , ആഘോഷിക്കാന്‍തീരുമാനിച്ചതാണ്!
ഇത്തവണ ഞാന്‍ഓണം ഉണ്ടതും ബഷീറിന്‍റെ വീട്ടീന്നാ ! എന്‍റെ
മക്കളെല്ലാവരും ,സമഭാവനയോടെ കഴിയുന്നതിലും സന്തോഷം
വേറെന്തുണ്ട് ?അടുത്ത സന്തോഷം നമ്മുടെ  യുവജനങ്ങള്‍,  ജനനന്മ
ലാക്കാക്കി ,പ്രവര്‍ത്തിച്ചു തുടങ്ങി എന്നുള്ളതാണ് ! നാട്ടില്‍പരക്കെ
അക്രമവും അനീതിയുമൊക്കെ ഉണ്ടെങ്കിലും നന്മയുടെയും,സ്നേഹത്തിന്‍റെയും
കാരുണ്യത്തിന്‍റെയുമൊക്കെ   തളിരുകള്‍ , അവിടവിടെയായി ,
പൊട്ടിമുളക്കുന്നുണ്ട്, പിന്നെ നമ്മുടെ ഈ “ ഹരിതരാഷ്ട്രീയവുമൊക്കെ “
അതില്‍പെടും !ഒടുക്കം വരെ ഈ നിലപാടുകള്‍ഉണ്ടാവണമെന്ന് മാത്രം.
നളചരിതത്തില്‍“  കലി  “പറയുംപോലെ വെള്ളം മുഴുവന്‍,വാര്‍ന്നു
പോയതിനു ശേഷം “ തടയണ ”‘  കെട്ടിയിട്ടു പ്രയോജനമില്ലെന്ന
വസ്തുത മനസിലാക്കി ,വേണ്ടതു വേണ്ടപ്പോള്‍, പ്ര വര്‍ത്തിക്കണം .
അദ്ദേഹം പുഞ്ചിരിയോടെ , പറഞ്ഞു നിര്‍ത്തി .അച്ഛന്‍റെ ഒരു നല്ല
മുണ്ടും , ഷര്‍ട്ടും ,അദേഹത്തിന് നല്‍കികൊണ്ട് ,വിഷമത്തോടെ
പറഞ്ഞു ,
“ തിരുമേനീ,ഇത് ,പഴയതാണ് !അങ്ങേയ്ക്കു തരാന്‍,ഒരു പുത്തന്‍മുണ്ട്
പോലും ഇവിടില്ലാതെ പോയല്ലോ !”
സന്തോഷത്തോടെ അത് സ്വീകരിച്ചുകൊണ്ട് അദ്ദേഹംപറഞ്ഞു,
“ എന്ത് കൊടുക്കുന്നു ,എന്നതിലല്ല ,എങ്ങനെ കൊടുക്കുന്നു ,എന്നതിലാ
കാര്യം !എനിക്ക് സന്തോഷമായി ! “’
യാത്ര പറഞ്ഞിറങ്ങും മുന്‍പ് ,എന്‍റെ കൈകള്‍, ചേര്‍ത്ത് പിടിച്ച്,
അദേഹം പറഞ്ഞു “ എനിക്ക് തന്നെ ഇഷ്ടായീടോ ! ഈ  നിഷ്കളങ്കതേം
നന്മയുമൊന്നും, താന്‍നഷ്ടപെടുത്തരുത്....”
എനിക്ക് വളരെ വിഷമം തോന്നി .
“തിരുമേനി ,അടുത്ത ഓണത്തിന് നമ്മള്‍കാണുമോ ?”
ഞാന്‍ചോദിച്ചു .അദേഹം ഒരു കള്ള പുഞ്ചിരിയോടെ ശബ്ദം
താഴ്ത്തി  ,ഒരു രഹസ്യം പോലെ പറഞ്ഞു .
“ അതുവരെയൊന്നും , താന്‍കാത്തിരിക്കേണ്ടഡോ ,ഇപ്പോ പാതാളത്തിലും
നെറ്റ് കണക്ഷനൊക്കെ ആയി !  താന്‍ ഫെയിസ്ബുക്കില്‍
“””  എം . ബലി ’’’’’എന്ന് അടിച്ചു കൊടുത്താല്‍മതി ..എന്നെ കിട്ടും
നമുക്ക്,  താന്‍വഴി  ഇവിടുത്തെ വിശേഷങ്ങളൊക്കെ ,അറിയാല്ലോ !
കുരങ്ങു മൂത്ത് മനുഷ്യനായീന്നു ,പറയുംപോലെ ‘.’,സദാചാരപോലീസ് ‘’
മൂത്ത് എന്തായീന്നൊക്കെ ,അറിഞ്ഞിട്ടു വേണം അടുത്ത വര്‍ഷത്തെ
വരവിന്‍റെ ,കാര്യം  തീരുമാനിക്കാന്‍!   പോട്ടെടോ  സുകുമാരാ “””
പൊട്ടിച്ചിരിയില്‍കുതിര്‍ന്ന ആ യാത്രാമൊഴി  അകന്നകന്നു  പോകെ
എന്തിനെന്നറിയാതെ ,എന്‍റെ നെഞ്ച് തുടിച്ചു ,  ,ആ , തുടിപ്പില്‍നിന്നും  
പറന്നു പൊങ്ങിയ ,  പൊന്നോണത്തുമ്പികള്‍ എഫ്.എമ്മിലെ
ഓണപാട്ടുകള്‍ക്കൊപ്പം ,നൃത്തം വെച്ചുകൊണ്ടിരുന്നു .

  


Tuesday, August 21, 2012

അഗതികളുടെ അമ്മ


അഗതികളുടെ അമ്മ ,എന്ന് ലോകം സ്നേഹത്തോടെ,വിശേഷിപ്പിച്ച
മദര്‍തെരേസയുടെ ജന്മദിനം ഓഗസ്റ്റ്‌.27
       

കവിത                                         മിനി.പി.സി
                                   
        അഗതികളുടെ  അമ്മ


“”””””നഗര പ്രാന്തങ്ങളിലെ  മാലിന്യക്കൂമ്പാരങ്ങളില്‍  ,
ദുര്‍ഗന്ധം ,വമിക്കും ഓടകള്‍ക്കരികില്‍
ഒരു പിടിയന്നത്തിന്നായ് ,കടിപിടികൂട്ടും ,
തെരുവിന്‍റെ  മക്കളെ ചേര്‍ത്തണച്ച് ,
തന്‍റെയന്നത്തിന്നൊരു , പങ്കു നല്‍കി
എന്നും  പോറ്റിയോരമ്മ !

വീഥികളില്‍,പൊക്കിള്‍ക്കൊടി മുറിച്ചെറിഞ്ഞ
പിഞ്ചുകുഞ്ഞുങ്ങളെ  ഉറുമ്പുകള്‍
പൊതിയുന്നത്  കണ്ടില്ലെന്നു നടിച്ചു നാം,നടന്നു നീങ്ങവേ
വാര്‍ദ്ധക്യത്താലിടറും പാദങ്ങളും
വേച്ച് പോം ദേഹവുമായെത്തിയതിനെ
തന്‍റെ നെഞ്ചോടു ചേര്‍ത്ത് സ്വാന്തനിപ്പിച്ചോരമ്മ  !

ചുളിവുകള്‍ചിത്ര വേല ചെയ്ത മുഖത്ത്
അലതല്ലുന്നത് കാരുണ്യക്കടല്‍!
മിഴികളില്‍ഉദയ സൂര്യന്‍റെ  പൊന്‍പ്രഭ !
അധരങ്ങളില്‍സുവിശേഷം !
മതം സ്നേഹവും ...മാര്‍ഗം  ക്രിസ്തുവും
ലക്‌ഷ്യം നന്മയുമാക്കിയോരമ്മ   തന്‍
ആത്മാവിന്നു നമ്മോട് മന്ത്രിക്കുന്നു
“ആഡംബരക്കാറുകളില്‍ ആകാശക്കോട്ടകള്‍കെട്ടാന്‍
ചീറിപ്പായവേ ....വഴിയരികിലേയ്ക്കൊന്നു കണ്ണോടിക്കുക
ഒരു കൈത്താങ്ങിനായ് ആരെങ്കിലും കേഴുന്നുവെങ്കില്‍
ചെവികൊടുക്കുക ഒരു നല്ല ‘ശമരിയക്കാരനാവുക’ ””””

Tuesday, August 14, 2012

മൈക്രോ കഥകള്‍


കയ്പുള്ള മിഠ‌ായികള്‍

" സ്വതന്ത്ര്യത്തിന്റെ,അറുപത്തിയാറാം വാര്‍ഷികം ,ആഘോഷിക്കുന്ന
,  ധന്യവേളയില്‍നമ്മുടെ രാജ്യത്തിന്റെ  നാനോന്മുഖമായ
,വികസനങ്ങള്‍,മറ്റു രാജ്യങ്ങള്‍ക്ക് മാതൃക........................"

സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് .പതാകയുയര്‍ത്താന്‍
വന്ന,രാഷ്ട്രീയ പ്രമുഖന്‍റെ പ്രസംഗം ,അലങ്കാരങ്ങളും,ആക്ഷനുകളും
കൊണ്ട് കൊഴുത്തു തുടങ്ങവേ,അവള്‍ തന്‍റെ ,   കുഞ്ഞുങ്ങളെയും
എടുത്തുകൊണ്ട്,തെരുവിന്‍റെ ഒരു കോണിലേയ്ക്കൊതുങ്ങി .
"അമ്മാ ,മിട്ടായി വേണമമ്മാ........."

കുട്ടികള്‍അവളുടെ സാരിത്തുമ്പില്‍പിടുത്തമിട്ട് അലമുറയിട്ടു .
അഴിമതിയും,    അസമത്വവും ,ഭീകരവാദവും,     പീഡനങ്ങളും
ചൂഷണങ്ങളും മാത്രം കൊടികുത്തി വാഴുന്ന പുതിയ ഇന്ത്യയെ
നോക്കി,ചങ്കുപൊട്ടി കരയുന്ന ഗാന്ധിജി,ഉള്‍പ്പെടെയുള്ള ,ഒരുപാട്‌
മഹാനുഭാവന്മാരുടെ വേദനയുടെ പ്രകമ്പനങ്ങളില്‍പെട്ട്,മക്കളുടെ
അലമുറയുടെ ശബ്ദം നേര്‍ത്തുവരവെ,അവള്‍,അവരോട്, മന്ത്രിച്ചു
"ആ മിട്ടായി നമുക്ക് വേണ്ട മക്കളെ,അതിനിപ്പോ ,കയ്പ്പാ ,
കാഞ്ഞിരത്തിന്‍റെ കയ്പ്പ് ! "


***************************************************************

മോണ്‍സാന്ടോയുടെ ക്രൂരകൃത്യങ്ങള്‍


"   അന്ന്,ബി.ടി ഉള്ളി വന്നു ,ഇന്നിപ്പോള്‍ ,ബി.ടി വഴുതനയും! 
എല്ലാത്തിനും അനുമതികൊടുക്കുന്ന ,ഈ കിരാതന്മാരെ,വെടിവെച്ച്
കൊല്ലുകയാണ് വേണ്ടത്,ഇതൊക്കെ തിന്നു തിന്ന് നാം എന്തൊക്കെ
ആയിത്തീരുമോ? "

അച്ഛന്റെ രോക്ഷം വിഷുപടക്കങ്ങള്‍,പോലെ ,പൊട്ടിചിതറവെ,
കുട്ടി ,ഏട്ടനോട് ചോദിച്ചു

"എന്താണേട്ടാ,' ബി.ടി "
തന്‍റെ,  ക്രിക്കറ്റ്‌, ബാറ്റും നെഞ്ചോടടുക്കി പിടിച്ച്,കളിക്കളത്തിലേക്ക്
ഓടുന്നതിനിടയ്ക്ക്,ഏട്ടന്‍പറഞ്ഞു ,
"ബി.ടി എന്നാല്‍,   ' ബാഡ്ടെന്‍ഡെന്‍സി'   ഒരു "മോണ്‍സാന്ടോയുടെ
ക്രൂരകൃത്യങ്ങള്‍" ,എന്നും പറയാം"   
കുട്ടിയ്ക്ക്, അത് മനസിലായോ ആവോ ?എന്നിട്ടും ജനിതക -
-മാറ്റങ്ങളോടെ പിറന്നു വീഴുന്ന ഒരു വിത്ത് പോലും
മുളയ്ക്കാതിരിക്കാന്‍ ,അച്ഛനോടൊപ്പം അവനും,ആകാശങ്ങളിലേക്ക്
കൈകളുയര്‍ത്തി ,പ്രാര്‍ഥിച്ചു .


*****************************************************************************************
       സംവാദം
"അര്‍ജുനന്മാര്‍ചരിയുമ്പോള്‍മാത്രം,പാപ്പാന്മാരുടെ ,ക്രൂരതയെ പറ്റി
ചര്‍ച്ച ചെയ്‌താlല്‍ പോര !മദ്യപിക്കാത്ത ,മൃഗസ്നേഹികളായ
നല്ല മനുഷ്യരെ ,പി.എസ്.സി മുഖേന തിരഞ്ഞെടുക്കണം.അവര്‍ക്ക് നല്ല സാലറി കൊടുക്കണം ,അങ്ങനെ ആനകള്‍ക്കു നേരെയുള്ള ക്രൂര പീഡനം
അവസാനിപ്പിക്കണം ,അവര്‍ക്കും ലഭിക്കണം നീതി."
ഒരു മൃഗസ്നേഹി ,ചായക്കട സംവാദത്തിനു  ,വഴിമരുന്നിട്ടു ,

ഇവിടെ മനുഷ്യന് ലഭിക്കുന്നില്ല നീതി ,പിന്നാ ആനയ്ക്ക് !
നമ്മുടെ എന്തോരം പെണ്കൊച്ചുങ്ങളാ,സൊന്തം വീട്ടില്‍അപ്പന്‍റെ
പീഡനങ്ങള്‍ക്ക് ഇരകളാവുന്നത് !അതിനെതിരെ.എങ്കിലും,നമുക്ക്
ശക്തമായിട്ട് പ്രതികരിക്കണം ,എന്നിട്ട് പോരെ ആന...പാവം
പെണ്‍മക്കള്‍"
 
സമകാലീന ,കേരളത്തിന്‍റെ മുഖം മൂടി വലിച്ചഴിച്ച് മറ്റൊരാള്‍
സംവാദത്തിന്‍റെ തിരി തെളിയിച്ചു. 

"ഓ.....ഈ പെണ്മക്കളുടെ ,മഹത്വമൊന്നും പറയണ്ട !പണ്ടൊക്കെ
ആണ്‍മക്കളായിരുന്നു തന്തേം,തള്ളേം തല്ലികൊന്നിട്ടുള്ളത്, ഇന്നിപ്പോ
പെണ്‍മക്കള്‍,പെറ്റ തള്ളയെ,മാസങ്ങളോളം,മുറിക്കകത്തിട്ടു പൂട്ടി
പുഴുവരിപ്പിച്ചതും ,അപ്പനെ വെട്ടിക്കൊന്നു,ചാക്കിലാക്കിയതും
നമ്മള്‍വായിച്ചതല്ലേ "
 
അപ്പോള്‍വേറൊരാള്‍ ,തന്‍റെ ചിന്തകള്‍പെട്രോള്‍പോലെ
ആശയങ്ങള്‍ക്കു ,മേല്‍തൂവി ആ സംവാദത്തെ വന്‍ സ്ഫോടക ശേഷിയുള്ളതാക്കി മാറ്റി. ആ സ്ഫോടനത്തില്‍തകര്‍ന്നുടഞ്ഞ,
ചായക്കോപ്പകള്‍, നോക്കി  കടക്കാരന്‍ പിറുപിറുത്തു
ഒടുക്കത്തെ ,ഒരു സംവാദം .
***********************************************************