Thursday, November 28, 2013

ഷി-ടാക്സിയുംഅന്തോണീസ്‌പുണ്യാളനുംമിനിക്കഥ                            മിനി പി സി
                  


ഷി-ടാക്സി വരുന്നതിന്‍റെ ഭാഗമായി അന്തോണീസു പുണ്യാളന്‍റെ ഇന്‍ബോക്സിലെയ്ക്ക് ലോലയും മാലയും ഷീലയും അടക്കമുള്ള ഒരുപാട് വനിതാരത്നങ്ങളുടെ മെസേജുകളുടെ പ്രളയമായിരുന്നു ! എല്ലാറ്റിലും

“ ന്‍റെ അന്തോണീസു പുണ്യാളാ തട്ടുകെടോന്നും വരുത്താതെ കാര്യങ്ങളൊക്കെ ഒന്ന് സ്കൂട്ടാക്കി തരണേ.” എന്നായിരുന്നെങ്കില്‍ ..
അത് വായിച്ചതിന്‍റെ തട്ടുകേട്‌ മാറ്റാന്‍ അടുത്തത് തിരയുമ്പോള്‍ കിട്ടുക ആണ്‍പ്രജകളുടെ അതിലും വലിയ പരിദേവനങ്ങളാണ് ,

“ എന്‍റെ പുണ്യാളോ .എവളുമാരെ നിരത്തിലിറക്കി ബാക്കിയുള്ളോര്‍ക്ക് പണിയാകാതിരിക്കാന്‍ ദൈവംതമ്പ്രാനോട് മുട്ടിപ്പായിട്ട് അപേക്ഷിക്കണെ ”
അത് വായിക്കുമ്പോള്‍ പുണ്യാളന് ഒരു കലിപ്പ് വരും .

“എന്തടാ നെനക്കൊക്കെ ഇത്രയ്ക്ക് കൃമികടി ? അവരും സ്കൂട്ടാകട്രാ !”

“ ഓ എന്തോന്ന് സ്കൂട്ടാകാനാ ...നമക്ക് കാണാം ,ഒടുവില് പുണ്യാളന്‍ ദുഖിക്കേണ്ടി വരും ...നോക്കിക്കോ ഞങ്ങളാ പറേണെ ”
അവരും വിട്ടുകൊടുക്കില്ല .ഒടുവില്‍ അവരുടെ പരിഭവവും പരാതിയും കേട്ടുകേട്ടു സഹികെട്ട പുണ്യാളന്‍ ഷി-ടാക്സി പദ്ധതി നിലവില്‍ വരും മുന്‍പ് ഒരു ദിവസം ലോലയോട് ചോദിച്ചു ,

“ ഡീ , നെനക്ക് ലൈസന്‍സ് കിട്ടീട്ട് എത്ര നാളായി ?”

“ അദക്കെ കൊറേ കാലായി .”

“നീ നല്ലോണം ഓടിക്ക്യോ ? ”

“ പിന്നെ ! റോഡു നെയമോക്കെ അരച്ച് കലക്കീട്ട്ണ്ട് !”

“ ന്നിട്ട് , കുടിച്ചില്ല്യെ ?”

“ വഴ്യെ കുടിക്കാലോ ...”

“ ന്നാ...ഇന്ന് നിന്റ്യോക്കെ വണ്ടീല്‍ എന്നേം കൊണ്ട് ഒരു ട്രയല് കറക്കം നടത്ത്..ന്നിട്ടു വേണം നിന്റ്യോക്കെ അപേക്ഷ മോളിലോട്ടു ഫോര്‍വേര്‍ഡ് ചെയ്യണോ, നീയൊക്കെ ഷി -ടാക്സി ഓടിക്കണോ വേണ്ടയോന്നു തീരുമാനിക്കാന്‍.

“ യ്യോ ...അത്രെള്ളോ ....പുണ്യാളന്‍ വന്നു വണ്ടീക്കേറ് .പുണ്യാളനെ ഒന്ന് സ്കൂട്ടാക്കിത്തരും  ഞാന്‍ ! ”

ആകെ മേലാസകലം രോമാഞ്ചം പൂത്തിറങ്ങിയ ലോല ഡ്രൈവിംഗ് സീറ്റില്‍ചാടിക്കേറിയിരുന്നു .

“ ഒക്കെ നോക്കീം കണ്ടും വേണംട്ടാ ....ചെലര്‍ക്ക് പ്രതിഷേധംണ്ടെന്ന് അറിയാലോ...”
പുണ്യാളന്‍കൊടുത്ത മുന്നറിയിപ്പിനെ കാറ്റില്‍ ഊതിപറത്തി ലോല ചിരിച്ചു ,

“ഉം ...ആ ചെലര് ആണുങ്ങളാ ...പന്നോള് ,എത്രണ്ണാ ദിവസോം കുടിച്ച് വണ്ടിയോടിച്ച് അപകടോണ്ടാക്കുണു ...അതിനൊന്നും ആര്‍ക്കും കൊഴപ്പോലല്ലോ ,ഞങ്ങള് നെരത്തിലെറങ്ങട്ടെ അപ്പോ കാണാം. എല്ലാ യാത്രക്കാരും പറേം ഇനി ഷി-ടാക്സീലെ കേറൂന്ന് .അവന്മാര്‍ക്ക് കഞ്ഞികുടി മുട്ട്വോന്ന പേടീണ്ടാവും....ഹാഹഹാ...”

ലോലയുടെ താളമില്ലാത്ത ചിരിയോടൊപ്പം ഓരോ ഗട്ടറിലും ചാടിയുലഞ്ഞ് കലൂരെത്തി ,അവിടെ ഒരു വന്‍ട്രാഫിക്‌ബ്ലോക്കും  സൃഷ്ടിച്ച് ആ വണ്ടിയങ്ങനെ അനങ്ങാപ്പാറ പോലെ നില്‍ക്കെ ചുറ്റുമുള്ള ആളുകളുടെ ചീത്തവിളി കേട്ട് നാണിച്ച് തലകുനിച്ചിരുന്ന പുണ്യാളനോട് ലോല കൂളായിട്ടു പറഞ്ഞു 
“ ആദ്യായതോണ്ടാ  പുണ്യാളനിത്രയ്ക്ക് ചമ്മലും നാണംകേടും ,സ്ഥിരാവുമ്പോ അദൊക്കെ ശര്യായിക്കോളും ...”

അതുകേട്ട് ചുട്ടുപൊള്ളുന്ന വെയിലില്‍ അകത്തിരുന്നു ഫ്രൈഡ്റൈസു പോലെ പൊരിഞ്ഞുപോയ പുണ്യാളന്‍ വറ്റിവരണ്ട തൊണ്ടപൊട്ടുമാറുച്ചത്തില്‍
“ ആഹാ അപ്പൊ ഇത് സ്ഥിരാക്കാനാണോഡീ , നിന്റ്യോക്കെ പരിപാടി ?മര്യാദയ്ക്ക് വണ്ടിയോടിക്കാന്‍ പഠിക്കാത്ത ഒറ്റയെണ്ണം പോലും ഷി –ടാക്സീടെ പേരില് മനുഷ്യനെ ചുറ്റിക്കാന്‍ മേലില് സഹായോം ചോദിച്ചോണ്ട് വന്നേക്കരുത് .” 
എന്നലറിക്കൊണ്ട് അവളുടെ  തലയ്ക്കിട്ട് ഒരു കിഴുക്കു വെച്ച്കൊടുത്തു ! ആ കിഴുക്കു കിട്ടിയ പകപ്പില്‍ അരച്ചുകലക്കി വെച്ചിരുന്ന റോഡു നെയമങ്ങളൊക്കെ ലോല  ഒറ്റവലിക്ക് കുടിച്ചുതീര്‍ത്തു  പിന്നെ താനുണ്ടാക്കിയ  കുരുക്ക് സമര്‍ഥമായി അഴിച്ച് പുണ്യാളനെ ദയനീയമായി ഒന്നു നോക്കി എന്നിട്ട് പതുക്കെ പറഞ്ഞു 

'' ന്‍റെ പുണ്യാളാ എന്നോട് ക്ഷമിക്ക്, ഇത്തിരി പരിചയക്കൊറവ്ണ്ട്, ഒക്കെ ഷി-ടാക്സി വരുമ്പളെയ്ക്കും ഞാന്‍ ശരിയാക്കിക്കോളാട്ടാ.." അതുകേട്ട് അല്‍പ്പമൊന്നു തണുത്ത പുണ്യാളനെ  പള്ളിയില്‍ കൊണ്ടുവിട്ട് തിരിച്ചു വരും വഴി  ലോല മനസ്സുരുകി പ്രാര്‍ഥിച്ചത് അവള്‍ക്കു വേണ്ടി മാത്രമല്ലായിരുന്നു എല്ലാ പെണ്‍-ടാക്സി ഡ്രൈവേര്‍സിനും വേണ്ടി കൂടിയായിരുന്നു ,
'' ന്‍റെ പുണ്യാളാ,ഞങ്ങളെ എല്ലാരെയും അങ്ങട് ഏല്പ്പിക്ക്യാ പരിപാടിയൊക്കെ തോടങ്ങുമ്പേ ,തട്ടുകേടൊന്നും വരുത്താതെ കാത്തോളണേ...''


Wednesday, November 20, 2013

മിനിക്കഥ (കുഞ്ഞു ബിയയും സച്ചിനങ്കിളും )മിനിക്കഥ                                മിനിപി സി

            


              
കുഞ്ഞു ബിയയും സച്ചിനങ്കിളും         


ഒരാഴ്ചയായി തന്നെ ചുറ്റിപറ്റി നില്‍ക്കുന്ന ആളുകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കുഞ്ഞു ബിയാട്രീസിന് ശരിക്കങ്ങ് മനസ്സിലായില്ല .വീട്ടിലെ കാര്യമെടുക്കുകയാണെങ്കില്‍ മമ്മ വളരെ സൈലന്‍റ് ആയിരിക്കുന്നു ! ഒരു റോബോട്ടിനെ പോലെ ആവശ്യപ്പെടുന്നവ തരുന്നു ... കുളിപ്പിക്കുന്നു എന്നല്ലാതെ ,കുളിപ്പിച്ചാല്‍ തല ശരിക്ക് തുവര്‍ത്താനോ  ,ശിരസ്സില്‍ രാസ്നാദിപ്പൊടിയിട്ട് തരാനോ,പൌഡര്‍ ഇടീക്കാനോ, പൊട്ടു തൊടീക്കാനോ ഒന്നിനും തീരെ താല്‍പ്പര്യം കാണിക്കുന്നില്ല .അല്ലെങ്കില്‍ എന്തായിരുന്നു ,തന്നെ ബാര്‍ബി ഡോളിനെ പോലെ സുന്ദരിക്കുട്ടിയായി അണിയിച്ചൊരുക്കാന്‍ മമ്മയ്ക്ക് എന്തിഷ്ടമായിരുന്നു ! എന്നും അപ്പ ജോലി കഴിഞ്ഞു വരുമ്പോഴേയ്ക്കും മമ്മയും ഗ്രാന്റ്പായും കൂടി ജോലികളൊക്കെ തീര്‍ത്ത് കുളിയൊക്കെ കഴിഞ്ഞ് മിടുക്കരായിരിക്കും ,പിന്നെ അപ്പേടെ ചായകുടിയും കുളിയുമൊക്കെ കഴിഞ്ഞാല്‍ മൂന്നുപേരും സ്പോര്‍ട്സ്‌ ചാനലിന് മുന്പിലായിരിക്കും ,എന്നിട്ട് ഒരേ ക്രിക്കറ്റ് കാണലാണ് ! കാണുന്നതിനിടെ കലപില കലപിലാ സംസാരവും കൂടെ ചിരിയും ,അപ്പോള്‍ ബിയ ഡോള്‍ ഹൌസില്‍ തന്‍റെ ഡോള്‍സിന്‍റെ കൂടെയായിരിക്കും ...കുറച്ചു കളിച്ചു ബോറടിയ്ക്കുമ്പോള്‍ എന്തെങ്കിലും ചോദിച്ചു ചെന്നാല്‍ അപ്പ അവളെ മടിയിലെടുത്ത് വെച്ച് സച്ചിനെ ചൂണ്ടിക്കാണിച്ചു പറയും " മോള് കരയല്ലേ ദെ കണ്ടോ ആ നിക്കുന്നതാ മോള്‍ടെ സച്ചിനങ്കിള്‍! "
അങ്ങനെ എല്ലാവരും പറഞ്ഞു പറഞ്ഞു തനിക്കേറ്റവും വേണ്ടപ്പെട്ട ഒരങ്കിളാണ് അതെന്ന് ബിയാട്രീസിനു മനസ്സിലായി .പക്ഷെ സോജന്‍ അങ്കിളിനെ പോലെയോ  , സോനുവങ്കിളിനെ പോലെയോ തന്നെ ഇതുവരെ സച്ചിനങ്കിള്‍ കാണാന്‍വന്നിട്ടില്ലല്ലോ എന്ന് ചോദിച്ചാല്‍ മമ്മ പറയും 
“ അങ്കിളിനു വല്യ തിരക്കല്ലെ, അതോണ്ടല്ലേ നമ്മളെ കാണാന്‍വരാത്തെ" എന്ന് .
 ഇനി അങ്കിള്‍ കളിക്കില്ലത്രെ അതാണ്‌എല്ലാരുമിങ്ങനെ സങ്കടപ്പെട്ടിരിക്കാന്‍ കാരണം .
       ബിയ വിഷമത്തോടെ വീടിനു മുന്‍വശത്തെ പ്ലേ ഗ്രൌണ്ടിലെയ്ക്ക് നോക്കി നിന്നു .എന്നും അഞ്ചു മണിയാവുമ്പോള്‍ എത്ര ചേട്ടന്മാര്‍ ക്രിക്കറ്റ്‌കളിക്കാന്‍ വരുന്നതാണ് ,സന്ധ്യയാകും വരെ അവരുടെ കളിയും കണ്ട് കുഞ്ഞുബിയ ആ സ്റ്റെപ്പില്‍ അങ്ങനെ ഇരിക്കും .രണ്ടു മൂന്നു ദിവസമായി അതുമില്ല .

“ ചേട്ടായി  എന്താ കളിക്കാന്‍വരാത്തെ  ? ”

എന്ന് അപ്പു ചേട്ടായിയോട് ബിയ ചോദിച്ചു ,

“ ഓ ,ഇനിയെന്തു ക്രിക്കറ്റ്‌? കളിക്കാന്‍ഒരു രസവും ഇല്ല ബിയവാവേ .”

എന്നും പറഞ്ഞ് അപ്പുചേട്ടായും കുട്ടുചേട്ടായിയും പോയി. എല്ലാവരെയും സങ്കടപ്പെടുത്തിക്കൊണ്ട് എന്തിനാ ഈ സച്ചിനങ്കിള്‍ കളി നിര്‍ത്തുന്നെ ? അവസാന കളിയുടെ അന്ന് പാലുകൊണ്ട് വരുന്ന പൈലിയങ്കിളും ,പേപ്പര്‍അങ്കിളും അപ്പുചേട്ടായും,കുട്ടുചേട്ടായിയുമൊക്കെ ഇവിടെ വന്നാ കളി കണ്ടത് ,എല്ലാരുടെ വീട്ടിലും ടിവിയുണ്ടെങ്കിലും ഇവിടെ വന്നിരുന്ന് കളി കണ്ടത് എന്തിനാണാവോ ? അതൊന്നും ബിയയ്ക്കറിയില്ല..കളിക്കിടെ സച്ചിനങ്കിള്‍ ഔട്ട്‌ ആയപ്പോള്‍ കുട്ടു ചേട്ടായിയുടെ സങ്കടം  കണ്ട് ബിയമോള്‍ക്കും കരച്ചില്‍വന്നു. അവസാനം സച്ചിനങ്കിളിന്‍റെ വിടവാങ്ങല്‍ പ്രസംഗം കേട്ട് പൈലിയങ്കിള്‍

“ ഞങ്ങടെ പൊന്നുമുത്തേ....ഇനിയെന്തിനാ ഞാന്‍ ഇവിടെയിരിക്കുന്നത് ”
എന്ന് പറഞ്ഞ് കരഞ്ഞു കൊണ്ട് ഷാപ്പിലേയ്ക്ക് ഒരു പോക്ക് . അത് കണ്ട് ബിയമോള്‍ക്ക് ശരിക്കും ഒരു സംശയം തോന്നി ...പൈലിയങ്കിള്‍ കുട്ടുചേട്ടായിയോട് കളി നിര്‍ത്തടാ ,കളിനിര്‍ത്തടാ എന്നും പറഞ്ഞ് എപ്പോഴും വഴക്കാണ്‌..പിന്നെന്താ സച്ചിനങ്കിള്‍ കളിനിര്‍ത്തുമ്പോള്‍ ഇത്ര സങ്കടം ?സച്ചിനങ്കിളിന്‍റെ വീട്ടിലും ചിലപ്പോ ഇതുപോലെ പറയുന്നുണ്ടായിരിക്കും കളിനിര്‍ത്താന്‍ !.എന്തായാലും അതിനു ശേഷം പൈലിയങ്കിള്‍ പശുവിനെ കറന്നിട്ടെ ഇല്ല .ഇന്നലെ കാലത്തെ അങ്കിളിന്‍റെ ഭാര്യ അന്നകുഞ്ഞാന്റി മമ്മയോടു പറഞ്ഞു,

“ എന്ത് പറയാനാ കൊച്ചെ ,അതിയാന്‍കിടന്ന കിടപ്പാ ,ഒന്നിനും ഒരു ഉല്‍സാഹോമില്ല ,പശൂനെ കറക്കാതെ ഇപ്പം നാലഞ്ചു ദിവസമായി , ഞാന്‍ കറക്കാന്‍ചെന്നാലോ ആ കള്ളിപ്പശു ഒരിറ്റു പോലും ചുരത്തില്ല !അതെങ്ങനാ അതിയാന്‍ ഓരോന്ന് പഠിപ്പിച്ചു വെച്ചേക്കുവല്ലെ ,എന്നും അതിനെ കുളിപ്പിക്കുമ്പോഴും ,തീറ്റുമ്പോഴും,കറക്കുമ്പോഴുമോക്കെ സച്ചിന്‍റെ കളീടെ കാര്യം പറഞ്ഞോണ്ടിരിക്കും.മിണ്ടാപ്രാണിയാണെങ്കിലും അതൊക്കെ അത് ശ്രദ്ധിച്ചു കേള്‍ക്കും ...ഇപ്പൊ അത് പാല് ചുരത്താത്തത് അതിന്‍റെ മനോവിഷമം കൊണ്ടായിരിക്കുമെന്നാ അങ്ങേരു പറയുന്നത് .”

“ അത്ശരിയാ ചേച്ചി ,മൃഗങ്ങള്‍ക്ക്പോലും സച്ചിനോട് വല്യസ്നേഹാ ! ’’

മമ്മ കുഞ്ഞു ബിയയുടെ തലതുവര്‍ത്താന്‍ മറന്ന് ആ ടര്‍ക്കിയില്‍ സ്വന്തം കണ്ണ് തുടച്ചു....മൂക്ക് പിഴിഞ്ഞു .സച്ചിനങ്കിള്‍  കളി നിര്‍ത്തിയ മനോവിഷമത്തില്‍ പേപ്പര്‍അങ്കിള്‍ മാതൃഭൂമി ഇടുന്ന വീട്ടില്‍ മനോരമയും മനോരമ ഇടുന്ന വീട്ടില്‍ മംഗളവും മംഗളം ഇടുന്ന വീട്ടില്‍ ഹിന്ദുവും ഇട്ട് മൊത്തം നാട്ടുകാരെയും ഭ്രാന്ത് പിടിപ്പിച്ചു .അതിനിടയ്ക്ക് സച്ചിനങ്കിളിനു ഭാരതരത്ന കൊടുത്തതില്‍ പ്രതിക്ഷേധിച്ച്

“ റാവൂന് കൊടുത്തത് ഓക്കേ ,എന്ത് കണ്ടിട്ടാ ആ പൊടിപ്പയ്യനു കൊടുത്തത് ?”

എന്ന് പുച്ഛത്തോടെ പറഞ്ഞ റിട്ടയേര്‍ഡ്‌ തഹസില്‍ദാര്‍  അന്തോണി സാറിനെ എന്‍ജിനീയറിങ്ങിനു പഠിക്കുന്ന എല്‍ദോ ചേട്ടായും, പോളൂട്ടന്‍ ചേട്ടായും തല്ലാതെ വിട്ടത് അപ്പ ഇടപെട്ടതോണ്ട് മാത്രമാണ് .

“ജോലിയുള്ള കാലത്തേ അങ്ങോര് ഒരു വെകിളിയാ ,ഇപ്പൊ പിന്നെ ആ റബറിന്‍റെ മൂട്ടിലല്ലെ സദാ നേരവും അങ്ങനുള്ളോര്‍ക്ക് സച്ചിന്‍റെ വില എങ്ങനെ അറിയാനാ അങ്ങേരോട് ഒട്ടുപാലിന് ഇപ്പൊ എന്നാ വിലയുണ്ടെന്നു ചോദിക്ക് ”

എന്ന് പറഞ്ഞ് ഗ്രാന്‍ഡ്‌പാ തന്‍റെ അമര്‍ഷം ഒതുക്കി.
               
              അങ്ങനെ ഒരു വല്ലാത്ത ശൂന്യതയിലും നിരാശയിലും ദിവസങ്ങള്‍പോകെ ഇനിയൊരിക്കലും ആ നല്ല പഴയ ദിനങ്ങള്‍കടന്നു വരില്ലെന്ന് തന്നെ ബിയാട്രീസ്‌കരുതി പക്ഷെ  പിറ്റേന്ന് ഉറക്കമുണര്‍ന്നപ്പോള്‍  തന്‍റെ വീടിനു  ചുറ്റിലൂടെ അര്‍പ്പുവിളികളോടും ആരവങ്ങളോടും കൂടി ആളുകള്‍ അങ്ങിങ്ങ് ഓടി നടക്കുന്നത് കണ്ട് സംഭവമെന്തെന്നറിയാതെ ബിയ മിഴിച്ചിരുന്നു ,വീട്ടിനകത്തും ,എല്ലാര്‍ക്കും തിരക്കോട് തിരക്ക് ,ഗോദ്റെജിന്‍റെ ഡൈയുമായി ബാത്ത് റൂമിലെയ്ക്ക് ഓടിപ്പോകുന്ന ഗ്രാന്‍റ്പാ അവളെ മൈന്‍ഡ് ചെയ്തതേ ഇല്ല ,അപ്പ പതിവില്ലാതെ നേരത്തെ കുളിക്കുന്നു ! മമ്മയെ അവിടെങ്ങും കണ്ടില്ല ,ആരോടാ കാര്യം തിരക്കുക ? അവള്‍ തന്‍റെ വിടര്‍ന്ന കണ്ണുകള്‍ ഒന്ന് കൂടി വിടര്‍ത്തി മുറ്റത്തേയ്ക്കിറങ്ങി, ഗ്രൌണ്ടില്‍ വലിയ ഉത്സാഹത്തോടെ നില്‍ക്കുന്ന പാല്‍ക്കാരന്‍ പൈലിയങ്കിളിനെ കണ്ടപ്പോള്‍ ബിയയ്ക്ക് മനസ്സിലായി ഇവിടെ സച്ചിനങ്കിള്‍  കളിക്കാന്‍ വരുന്നുണ്ട് ,അതാണ്‌ എല്ലാവര്ക്കും ഇത്ര സന്തോഷം .

“ ബിയേ............ഇവിടെ വാ ,ഈ കുട്ടീടെ ഒരു കാര്യം ,അവിടെപ്പോയി വായും തുറന്നു നില്‍ക്കാ ? വേഗം വാ .നിന്നെ റെഡിയാക്കട്ടെ ! ”

മമ്മയാണ് ! മമ്മയെ കണ്ട ബിയ ഞെട്ടി ,കുളിച്ചു സുന്ദരിയായി പുതിയ ചുരിദാറൊക്കെ ഇട്ടാ നിപ്പ് .

“ മോളെ പാലിന്‍റെ കാര്യം എന്നോടാ പറഞ്ഞിരിക്കുന്നത് .മുഴുവന്‍ ഞാന്‍ തന്നെ കൊടുക്കാമെന്നു ഏറ്റിട്ടുണ്ട് ,ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല പുള്ളിക്കാരനെ നേരിലൊന്നു  കാണാന്‍ പറ്റൂന്ന്  

മമ്മയോട് പൈലിയങ്കിള്‍  പറഞ്ഞു..അങ്ങനെ വരട്ടെ സച്ചിനങ്കിള്‍  വരുന്ന കാര്യം അറിഞ്ഞപ്പോള്‍ ആ കുറുമ്പിപശു പാല്‍ചുരത്തീത് കണ്ടോ ?എന്ത് ഉത്സാഹത്തോടെയാവും  പൈലിയങ്കിള്‍ അത് കറന്നെടുത്തിരി_ _ക്കുക ! അതോര്‍ത്തപ്പോള്‍ ബിയയ്ക്ക് ചിരി വന്നു..സച്ചിനങ്കിള്‍ വന്നാല്‍ ആ മടിയില്‍ കയറിയിരുന്നു പറയണം 
  അങ്കിളേ കളി നിര്‍ത്തല്ലേ ,അങ്കിളു കളി നിര്‍ത്തിയാല്‍ ഇവിടെല്ലാര്‍ക്കും സങ്കടമാവും ’’ 
പിന്നെ  ,പേപ്പര്‍ അങ്കിളിന്‍റെയും മറ്റുള്ളവരുടെയും വിശേഷങ്ങള്‍ അറിഞ്ഞാല്‍ സച്ചിന്‍ അങ്കിളിനും സങ്കടമാവും . കുഞ്ഞുബിയ ഉത്സാഹത്തോടെ കുളിമുറിയിലെയ്ക്ക് പാഞ്ഞു ,തന്നെ ആകമാനം പിയേര്‍സിട്ടു പതപ്പിക്കുന്ന മമ്മയോട് ബിയ പറഞ്ഞു

“ എനിച്ചരിയാം .....ഇന്ന് നമ്മടെ ഗ്രൌണ്ടില് സച്ചിനങ്കിള്‍ കളിക്കാന്‍ വരൂല്ലേ അതല്ലേ എല്ലാര്‍ക്കും ഇത്രച്ച് സന്തോസം ?”

“ പിന്നെ കളി നിര്‍ത്തിയ സച്ചിനല്ലെ ഇവിടെ  വരാന്‍ പോണത് ! ഇവിടേയ് സിനിമേടെ ഷൂട്ടിംഗ് ഉണ്ട് ,കുഞ്ചാക്കോ ബോബന്‍റെ ............”
പിന്നേം മമ്മ എന്തൊക്കെയോ പറഞ്ഞു അതൊന്നും കുഞ്ഞു ബിയ കേട്ടില്ല .അവള്‍ ചിന്തിക്കുകയായിരുന്നു സച്ചിനങ്കിള്‍ കളിനിര്‍ത്തിയപ്പോള്‍ എന്തായിരുന്നു എല്ലാര്‍ക്കും സങ്കടം ? ആ സങ്കടമൊക്കെ ഇത്രപെട്ടെന്നു മാറുമോ? അവള്‍ക്കജ്ഞാതമായ വികാരപ്രകടനങ്ങളിലൂടെ പുതിയ പുതിയ സന്തോഷങ്ങളില്‍ പെട്ട് ചുറ്റിലുമുള്ളവര്‍ വളര്‍ന്നു പടര്‍ന്നു പുഷ്പ്പിക്കവേ കുഞ്ഞുബിയയുടെ കണ്ണുകളും മനസ്സും എന്തിനെന്നറിയാതെ നീറിപ്പുകഞ്ഞു! ആ പുകച്ചില്‍ നനവ്‌ പടര്‍ത്തുന്ന അവളുടെ കുഞ്ഞിക്കണ്ണുകള്‍ നോക്കി കാര്യമറിയാതെ മമ്മ ആരോടൊക്കെയോ പറഞ്ഞു
“ കുളിപ്പിച്ചപ്പോള്‍ കണ്ണില്‍ സോപ്പ്  പോയതാ !”

Monday, November 11, 2013

കവിതകവിത                          മിനി പി സി    
         

   ഹയാന്‍  നിനക്ക് ഭ്രാന്താണ്


   ഹയാന്‍ നിനക്ക് ഭ്രാന്താണ് , കൊടും ഭ്രാന്ത് !
      
      ആര്‍ത്തട്ടഹസിച്ചലറിവിളിച്ചന്നലെ
       
      നീയാടിയ  താണ്ഡവത്തില്‍ 
      
      ചാകരക്കൊയ്ത്തുപോലെ
      
      വീഥിയില്‍ക്കുമിഞ്ഞ  പതിനായിരങ്ങള്‍
      
      ആരൊക്കെ....ആരൊക്കെയെന്നു 
      നീ തിരഞ്ഞോ ?
       
      മരണത്തിരയായുയര്‍ന്നുപൊങ്ങിയ 
      
      നിന്‍ ഉന്മാദം കവര്‍ന്ന കുരുന്നു പൂക്കളും

     നീ പ്രഹരിച്ചൊടുക്കിയ യൌവ്വനങ്ങളും

      നിന്‍റെ  കരാളഹസ്തങ്ങള്‍

      ഞെരിഞൊടുക്കിയ വാര്‍ദ്ധക്യങ്ങളും

     ചീഞ്ഞളിഞ്ഞിവിടെക്കിടക്കെ....

     ചുറ്റിലുമുയരും താളമില്ലാ തേങ്ങലിന്‍

     പുകഞ്ഞുയരും  നോവറിയാന്‍

     നിനക്കാവില്ലല്ലോ...നിനക്ക് ഭ്രാന്തല്ലെ...
     കൊടും ഭ്രാന്ത്‌!

     ഹയാന്‍....ഇനി നീ മടങ്ങുക

     ഇവിടെ ഞാനര്‍പ്പിക്കട്ടെ 

     അശ്രുഹാരങ്ങള്‍.........അവര്‍ക്കായി...

     നീയിന്നലെ ഒടുക്കിയവര്‍ക്കായി ! ”