Friday, July 26, 2013

കവിതകവിത            
            മിനി പി സി


       മിഴിവുള്ള വലകള്‍

'' ഹേ..പ്രിയ വലനൂല്‍പ്പുകാരി...,
ഇന്നെന്തേ ...നിനക്കീ വിഷാദം ?
ഇന്നന്തേ.....നിനക്കീ നിരാസം ?
ഇന്നലെ നീ നെയ്ത വലയിലൊടുങ്ങാന്‍
ഞാന്‍ വരാഞ്ഞതോ നിന്നെ നോവിച്ചു ?
പ്രിയേ...നീയെന്തറിഞ്ഞു ?
പുലരികളില്‍ നീയാ വലനെയ്യവേ
എനിക്കായൊരുക്കും പട്ടുടുപ്പാണെന്നോര്‍ത്ത്
ഞാനാമോദിച്ചു ,
സന്ധ്യയില്‍ അവസാനപക്ഷിയും ചേക്കേറവെ
അത് നീയെനിക്കൊരുക്കും കെണിയെന്നറിഞ്ഞു
ഞാന്‍ കരഞ്ഞു !
എങ്കിലും നീയറിയുക
ആത്മദു:ഖത്താലെ ആത്മാഹൂതിയ്ക്കൊരുങ്ങാതെ
അലയില്ലാ കരയില്‍ രാത്രിപെയ്ത മഴയില്‍
കുനിഞ്ഞു കൂമ്പിനില്‍ക്കും നിശാഗന്ധികള്‍ക്കിടയില്‍
നിന്നെയും നോക്കി ഞാനിരിക്കുന്നു .
നിരാശ വെടിഞ്ഞു നീയിന്നൊരുക്കുക
മഴവില്ലിന്‍ മനോജ്ഞവര്‍ണ്ണങ്ങളാല്‍
ഇന്നലകളിലേക്കാള്‍ മിഴിവുള്ള വലകള്‍
അപ്പോള്‍ ഞാനതിലേയ്ക്ക് നടന്നെത്താം....
പട്ടുടുപ്പെന്നോര്‍ത്തതിനെ പുണരാം....
പുണര്‍ന്നു പുണര്‍ന്നെന്‍റെയവസാന ശ്വാസവും
നിലയ്ക്കുമ്പോള്‍ ആമോദത്തോടെ നീ നെയ്യുക
ഇന്നിനെക്കാള്‍ മിഴിവുള്ള വലകള്‍
നിന്‍റെ നല്ല നാളെയ്ക്കായി . ''

Saturday, July 13, 2013

പ്രാവുകളുടെ സങ്കേതംചെറുകഥ                മിനി പി സി
                


     

പ്രാവുകളുടെ സങ്കേതം


 ജനലഴികള്‍ക്കിരുപുറവും നിന്ന് അവര്‍ സംസാരിക്കുന്നതും നോക്കി കൗതുകത്തോടെ ഡോക്ടര്‍ റൂബി തെരേസാ നിന്നു .അവരുടെ സംസാരം പുരോഗമിക്കുന്തോറും അഴികള്‍ക്കുള്ളിലുള്ള ദക്ഷകാണോ, പുറത്തുള്ള എസ്ഥേര്‍ആണോ അവരുടെ സംസാരവും ശ്രദ്ധിച്ചു നില്‍ക്കുന്ന താനാണോ അബ്നോര്‍മല്‍  എന്ന ചിന്ത ഡോക്ടറില്‍ ചിരിയുണര്‍ത്തി .അത് അടക്കാനാവാതെ ഇടയ്ക്കിടെ പൊട്ടിവീഴുന്നത് കണ്ട്  സിസ്റ്റര്‍ ജോസഫൈന്‍ അതിശയത്തോടെ ചോദിച്ചു ,

 "എന്നാന്നെ ,സിസ്റ്റര്‍ ഡോക്ടറിങ്ങനെ ചിരിക്കുന്നേ ? എന്നോടും കൂടെ പറയാന്‍ മേലായോ ! "

 ഒരു കന്യാസ്ത്രി കൂടിയായ സിസ്റ്റര്‍ഡോക്ടര്‍ ഇങ്ങനെ ചിരിക്കുന്നത് ആദ്യമായാണ് സിസ്റ്റര്‍ ജോസഫൈന്‍ കാണുന്നത് .എപ്പോഴും ആഴമുള്ള ചിന്തകളിലൂടെയും ,ജീവിതത്തിന്‍റെ പരുക്കന്‍ യാഥാര്‍ത്യങ്ങളിലൂടെയും കടന്നുപോകേണ്ടി വരുന്ന ഒരു സൈക്യാട്രിസ്റ്റിന്‍റെ ചിരിവിടരാത്ത മുഖത്തെക്കുറിച്ച് സിസ്റ്റര്‍ജോസഫൈന് ഒരു അസ്വഭാവികതയും ഇതുവരെ തോന്നിയിട്ടില്ല ,എന്നിരിക്കിലും ഇപ്പോള്‍ ഇങ്ങനെ ചിരിക്കുന്ന സിസ്റ്റര്‍ഡോക്ടറെ കാണാന്‍ നല്ല രസം !

 "സിസ്റ്ററെ , അത് കണ്ടോ ?.."

 ഡോക്ടര്‍ ചിരിയമര്‍ത്തി തന്‍റെ ജനാലയ്ക്കരുകിലേയ്ക്ക് അവരെ ക്ഷണിച്ചു .പേഷ്യന്‍റ്സിന്‍റെ റൂമുകള്‍ക്കരികിലെ ഉണ്ണീശോയെ എടുത്തു നില്‍ക്കുന്ന കന്യകമറിയാമിന്‍റെ ഗ്രോട്ടോയും , അതിനു മുന്‍പിലെ ചെറിയ താമരക്കുളവും  , അടുത്തുള്ള സിമന്‍റ് ബെഞ്ചുകളും സിസ്റ്ററുടെ ഒട്ടനോട്ടത്തിലൂടെ കടന്നു പോയി .

 “ അങ്ങോട്ട്‌നോക്കിയെ ,നമ്മുടെ ദക്ഷകിന്‍റെ റൂമിന്‍റെ ജനാലയ്ക്കരികെ ആരാന്ന്?

 സിസ്റ്റര്‍ തന്‍റെ നോട്ടം അങ്ങോട്ട്‌പായിച്ചു .

 “ അത് നമ്മടെ എസ്ഥേര്‍ അല്ലെ ? ആഹാ ....കൊറേ മുന്‍പ് പെണങ്ങി പോണത് കണ്ടാരുന്നല്ലോ ....ദെ , പിന്നേം കൂട്ടുകൂടി ! ഇത്രേ ഉള്ളൂ അവരുടെ വഴക്ക് ....ഹ..........ഹ..........ഹാ  ..................”

 സിസ്റ്റര്‍ ജോസഫൈന്‍ ഉറക്കെ ചിരിച്ചു .എസ്ഥേര്‍ഒരു ബ്രോക്കറായിരുന്നു .ഒരുപാട് കല്യാണങ്ങളൊക്കെ നടത്തി പച്ചപിടിച്ചു വന്നപ്പോഴാണ് ബ്രോക്കെര്‍ ഫീസിനത്തില്‍കിട്ടിയ രണ്ടു ലക്ഷം രൂപയും അല്ലറ ചില്ലറ സ്വര്‍ണവുമൊക്കെയെടുത്ത് വിധവയായ മരുമകള്‍ മേരികുട്ടി മീന്‍കാരന്‍ അന്തോണിയുടെ കൂടെ ഒളിച്ചോടി പോയത് .സ്വന്തം മകന്‍ മരിച്ചിട്ട് പോലും തകരാതിരുന്ന എസ്ഥേറിന്‍റെ സമനില സ്വര്‍ണ്ണവും രൂപയും പോയതോടെ തകര്‍ന്നു തരിപ്പണമായി .ഇപ്പോള്‍ രോഗമോക്കെ മാറിയെങ്കിലും തിരിച്ചു ചെല്ലാന്‍ വീടും കൂടുമൊന്നും ഇല്ലാത്തത് കൊണ്ട് ഹോസ്പിറ്റലില്‍ തന്നെ ചില്ലറ സഹായങ്ങളൊക്കെ ചെയ്ത് ജീവിക്കുന്നു .ഇടയ്ക്കിടെ പഴയതൊക്കെ ഓര്‍ക്കുമ്പോഴുള്ള ദുഖം താങ്ങാനാവാതെ വരുമ്പോള്‍ ചെറുതായി എസ്ഥേറിന്‍റെ പിരിവെട്ടും ! അപ്പോള്‍ ഡോ; ജെയിംസിന്‍റെ കയ്യില്‍നിന്ന് വാങ്ങിയ ഡയറിയും പേനയുമായി അവര്‍ രോഗികള്‍ക്കിടയിലും,ബൈസ്റ്റാന്‍ടെര്‍സിനിടയിലും,കല്യാണാലോചനയുമായി നടക്കും കന്യാസ്ത്രികളെപോലും എസ്ഥേര്‍ ഒഴിവാക്കാറില്ല ! ദീര്‍ഘകാലം സൈക്യാട്രി മെഡിസിന്‍സ് കഴിച്ചതിന്‍റെ ആഫ്റ്റര്‍ഇഫക്ടായ ചെറിയ ഉറക്കം തൂങ്ങലും ,മെലിഞ്ഞു കറുത്ത ശരീരവും കരിമഷിയെഴുതിക്കറുപ്പിച്ച പാതിയടഞ്ഞ ഉണ്ടക്കണ്ണുകളും ,ഹാസ്യം തുളുമ്പുന്ന സംസാരവും ആരെയും മുഷിപ്പിക്കാറില്ല .അതുകൊണ്ട് തന്നെ എല്ലാവരും, ക്ഷമയോടെ അവരെകേട്ടിരിക്കും. ഇപ്പോള്‍ എസ്ഥേര്‍ ഏറ്റവുമധികം കൂട്ടുകൂടിയിരിക്കുന്നത് ദക്ഷകുമായിട്ടാണ് !
 ദക്ഷക് ഇവിടെയെത്തിയിട്ട് ആറുമാസം കഴിഞ്ഞു .പാരമ്പര്യമായി കൈമാറ്റം ചെയ്തു കിട്ടിയ ചെറിയൊരു, മാനസികപ്രശ്നമേ, അവനുണ്ടായിരുന്നുള്ളു.പക്ഷെ അവനെ ഒരു മുഴുഭ്രാന്തനാക്കിയത് കണ്മുന്‍പില്‍വെച്ച് തീകൊളുത്തിയൊടുങ്ങിയ സഹോദരിയാണ് ! രക്തത്തിലൂടെ , ജീനുകളിലൂടെ പകര്‍ന്നു കിട്ടിയ വിഭ്രാന്തിയുടെ നൂല്‍പാലത്തിലൂടെ വീഴാതെ ജീവിതത്തിലേയ്ക്ക് നടന്നടുക്കാന്‍ ശ്രമിച്ച ആ പാവം പെണ്ണിനെ, പടുമരണത്തിലേയ്ക്ക്തള്ളിവിട്ടത്,ഭര്‍ത്താവിന്‍റെയും വീട്ടുകാരുടെയും ഒടുങ്ങാത്ത ആക്ഷേപങ്ങളും , ഉപദ്രവങ്ങളുമായിരുന്നു .

 “ മോനേ ,നീയും ഞാനുമൊക്കെ ശപിക്കപ്പെട്ടവരാടാ ,എന്തിനാ നമ്മടച്ചന്‍ എല്ലാം അറിഞ്ഞു വെച്ചോണ്ട് നമുക്ക് ജന്മം നല്‍ക്യെ ?

 എന്ന് പറഞ്ഞ് ഡിഗ്രിയ്ക്ക് പഠിക്കുന്ന അനിയന്‍റെ ശിരസ്സില്‍ തലോടി മൂര്‍ദ്ധാവില്‍ ചുംബിച്ച് അടുക്കളയില്‍ചെന്ന് വാതില്‍ തഴുതിട്ട് കത്തിത്തീരുകയായിരുന്നു അവന്‍റെ ചേച്ചി ! അന്ന് ഇവിടെയെത്തിച്ചതാണ് ദക്ഷകിനെ! ആറുമാസത്തെ ട്രീറ്റ്മെന്‍റ് കഴിഞ്ഞ് അസുഖം മാറി തിരിച്ചു പോകാനുള്ള തയ്യാറെടുപ്പ് നടത്തുമ്പോഴാണ് ഒരു ദിവസം പതിവുപോലെ അമ്മ അവനെ കാണാനെത്തുന്നത് .ഒരു ജന്മത്തിന്‍റെ മുഴുവന്‍ദുഖങ്ങളും പേറുന്ന ആ സാധുസ്ത്രീ അന്ന് അവനെ ചേര്‍ത്തുപിടിച്ചു കൊണ്ട് ഡോക്ടറോട്  ചോദിച്ചു ,

“ ഡോക്ടര്‍ എന്‍റെ മോന് ഇപ്പൊ ഒരു കൊഴപ്പോം ഇല്ലല്ലോ ....ഇവനെ ഒരു കല്യാണം കഴിപ്പിച്ചു കണ്ടിട്ട് വേണം എനിക്ക് മരിക്കാന്‍”

 അത് കേട്ട പാടെ അവന്‍ ഡോക്ടറുടെ  കൈകളില്‍ തെരുപ്പിടിച്ചു കൊണ്ട് പേടിയോടെ പറഞ്ഞു

 “ വേണ്ട ഡോക്ടര്‍ വേണ്ട.............എനിക്ക് വിവാഹമേ വേണ്ടാ ...എന്‍റെ ചേച്ചീടെ ദുരന്തം തന്നെയാവും എനിക്കും ..ഞങ്ങള്‍ ശാപം പിടിച്ച ജന്മങ്ങ.......”


 ഒരു വിവാഹം നല്‍കുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള ഉള്‍വിളികളാണ് അവനെ വയലന്റാക്കുന്നത് ! അന്ന് ആ അമ്മ വേദനയോടെ ഇവിടെ നിന്നും പടിയിറങ്ങി പോകുമ്പോള്‍ എസ്ഥേറും അവനരികില്‍. ഉണ്ടായിരുന്നു .അവര്‍ക്ക്  അല്‍പ്പം പിരിവെട്ടിയ സമയമായിരുന്നു  .അവര്‍ അവനോടു പറഞ്ഞു ,

“ എടാ ചെറുക്കാ , ഈ ലോകത്ത് എല്ലാ മനുഷ്യര്‍ക്കും  ഒരു കൂട്ട് വേണം! ഒന്ന് മിണ്ടാനും പറയാനും ആരുമില്ലാതെ എന്തിനുകൊള്ളാം .അതിന് നമുക്കൊരു   കാര്യം ചെയ്യാം, നിന്നെ പോലെ അരവട്ടുള്ള ഒരു പെങ്കൊച്ചിനെ കണ്ടുപിടിക്കാം അതാവുമ്പോ പരസ്പരം കുറ്റോം കുറവും ഒന്നും പറയാനില്ലല്ലോ ! ഞാനിത് വരെ വട്ടന്മാര്‍ക്ക് വേണ്ടി കല്യാണം ആലോചിച്ചിട്ടില്ല.....എന്നാലും നിനക്ക് വേണ്ടി ഞാനൊരു പെണ്ണിനെ കണ്ടു പിടിക്കും ”

 എന്ന് പ്രതിജ്ഞയുമെടുത്ത് ദക്ഷകിന്‍റെ ഒരു ഫോട്ടോയുമായി അവര്‍ നടപ്പ് തുടങ്ങിയതാണ് .ഒരാഴ്ചകഴിഞ്ഞും പറ്റിയ പെണ്ണിനെ കണ്ടുപിടിക്കാന്‍ പറ്റാഞ്ഞ് അവര്‍ ദക്ഷകിന്‍റെ അടുത്ത് വന്നു .

 “ എടാ നിന്‍റെ കണ്ടീഷനോക്കെ ഒന്നൂടി പറഞ്ഞെ ,വട്ടുവേണം ,പിന്നെ...........”

 അവന്‍ചെറുചിരിയോടെ പറഞ്ഞു ,

 “ പിന്നെ നല്ലോണം ചിരിക്കണം, നെറയെ വിശേഷം പറയണം....അത്രേ ഉള്ളൂ .”

 “ അത്രെല്ലേ ഉള്ളൂ ,എന്‍റെ പുണ്യാളാ...ഇവടെത്തന്നെ നിനക്ക് പറ്റിയ പെണ്ണുണ്ട് മോനെ ....ആരാന്നു മനസ്സിലായോ ? നമ്മടെ സിസ്റ്റര്‍ഡോട്ടര് ! അവര്‍ക്കാണെ വട്ടിന് വട്ടുണ്ട്..നല്ലോണം മിണ്ടൂം പറയേം ചെയ്യും.പക്ഷെ ..ചിരി കൊറവാ...ന്നാലും ഞാന്‍പോയി ഒരു ഫോട്ടോ വാങ്ങിച്ചോണ്ട് വരാം”

 “ അത് വേണ്ട എസ്ഥേറാന്റി ,സിസ്റ്റര്‍ഡോക്ടറുടെ മുഖത്ത് ചിരിയില്ല ,പോരാത്തെതിനു എനിക്ക് വയ്യാന്നു കണ്ടാ സ്ലീപിംഗ് പില്‍സ് തന്നു എന്നെ ഉറക്കികിടത്തും. ”

 അവന്‍തല കുടഞ്ഞു .എന്നാലും എസ്ഥേര്‍ ഡോക്ടറുടെ കാബിനില്‍ചെന്നു .പേഷ്യന്റ്സ് ഒഴിഞ്ഞ നേരത്ത് ഒരു മെഡിക്കല്‍ ജേര്‍ണല്‍ വായിക്കുകയായിരുന്നു ഡോക്ടര്‍റൂബി തെരേസാ .എസ്ഥേറിന്‍റെ പമ്മിപ്പമ്മിയുള്ള നില്‍പ്പ് കണ്ട് അവര്‍ചോദ്യ ഭാവത്തില്‍നീട്ടി മൂളി ,

 “ ഉം ....................................?

 “ സിസ്റ്റര്‍ ഡോട്ടര്‍ക്ക് ഞാനൊരു കല്യാണം കൊണ്ടന്നിട്ടുണ്ട് ,എന്നാ പെണ്ണിന് ചിരിയില്ലെന്നാ ചെറുക്കന് പരാതി ,പിന്നെ ചെറുക്കനെ കുത്തിവെച്ച് ഒറക്കീം കെടത്തരുത് ! ഡോട്ടര്‍ക്ക് സമ്മതാണോ ? സമ്മതാണെങ്കി നമുക്കീ കുപ്പായൊക്കെ ഊരിക്കളഞ്ഞു കളറൊള്ള സല്‍വാറും കമ്മീസും ഒക്കെയിട്ടു നടക്കാം.എസ്ഥേര്‍ മുഖവുരയില്ലാതെ കാര്യം പറഞ്ഞു .

 “ ആട്ടെ ,ആരാ ചെക്കനെന്നു പറഞ്ഞില്ല ”

 ഡോക്ടര്‍ തന്‍റെ കണ്ണടയ്ക്കുള്ളിലൂടെ എസ്ഥേറിനെ നോക്കി .ആ ചോദ്യം കേട്ടപ്പോള്‍ ആ പഴയ ബ്രോക്കറുടെ ഉത്സാഹത്തോടെ എസ്ഥേര്‍പറഞ്ഞു ,

 “ ഈശോയെ ....ചെക്കനെ ഡോട്ടര്‍ അറിയും ... നല്ല ഒന്നാന്തരം ചെക്കനാ പാരമ്പര്യായിട്ടു ഇത്തിരി പ്രാന്തുണ്ടെന്നെ ഉള്ളൂ...,അതിനെന്താ ഡോട്ടര്‍ക്ക് സ്ഥിരം ചികില്‍സിക്കാന്‍ ഒരാളായീലോ! ആരാന്നു മനസ്സിലായോ ? നമ്മടെ ദക്ഷക്മോന്‍! ഒരു ഫോട്ടോ തന്നാ  ഞാന്‍ ചെക്കന് കൊണ്ട് കൊടുക്കാം...അവനെപ്പോഴും കണ്ടോണ്ടിരിക്കാലോ ! ”

 ഇത് കേട്ട് ഡോക്ടര്‍ കൃത്രിമ ഗൌരവത്തോടെ എസ്ഥേറിനെ അടിമുടി നോക്കി .എന്നിട്ട് പറഞ്ഞു .

 “ എസ്ഥേറിന് ഒരു ഷോക്കിനുള്ള സമയമായീന്നു തോന്നണല്ലോ . ”

 “ യ്യോ , വേണ്ട സിസ്റ്റര്‍ ഡോട്ടറെ...ഞാന്‍പോവാ”

 .ഇതുകേട്ട എസ്ഥേര്‍,ആറൂമില്‍നിന്നും ചാടിയിറങ്ങി ദക്ഷകിന്‍റെ ജനലരികെ ചെന്നു ,

   നീ പറഞ്ഞതാ ശരി .ആ ആലോചന വേണ്ടട ചെക്കാ ...അയിനു ഒരു മാതിരി വെട്ടുപോത്തിന്‍റെ  സ്വഭാവാ...അയിനെ കെട്ട്യാ നീ മുഴു പ്രാന്തനാവും ! ”

 അപ്പോഴാണ് മെഡിക്കല്‍റെപ്രസെന്റെടീവ്‌ ആയ നിദ്ര ആ വഴി വന്നത് .അവരെ രണ്ടുപേരെയും നോക്കി ഹൃദ്യമായ്‌ചിരിച്ച് അവള്‍ചോദിച്ചു ,

 “ എസ്ഥേര്‍ആന്‍റി.......... ദക്ഷക്.... .എന്താ വിശേഷങ്ങള്‍? സുഖാണോ രണ്ടാള്‍ക്കും?

 “ ആ..നിദ്രെ...കഴിഞ്ഞ തവണ ഞാന്‍ പറഞ്ഞത് വാങ്ങിചോണ്ട് വന്നോ?

 അവന്‍  സന്തോഷത്തോടെ അവളോട്‌ ചോദിച്ചു .

 “ അത് ഞാന്‍ മറക്ക്വോ ? ദാ പിടിച്ചോ ”

 അവള്‍ തന്‍റെ മെഡിസിന്‍ബാഗിനുള്ളില്‍നിന്നും ഒരു കവറെടുത്ത് അവനു കൊടുത്തു .
 “ എന്താടാ ഇത് ലവ് ലെട്ടറാ.......... ?

 എസ്ഥേര്‍ അര്ത്ഥം വെച്ച് ചിരിച്ചു .

 “ ഇത് അതൊന്നുമല്ല എസ്ഥേറാന്റി,എന്‍റെ അമ്മേടെ ബര്‍ത്ത്ഡേയ്ക്ക് അയക്കാനുള്ള ഗ്രീറ്റിംഗ് കാര്‍ഡാ!ദക്ഷക് സന്തോഷത്തോടെ ആ ഗ്രീറ്റിംഗ്കാര്‍ടെടുത്ത് തിരിച്ചും മറിച്ചുമൊക്കെ നോക്കി .

 “ ഇതേല്‍ എഴുതാനുള്ളതൊക്കെ എഴുതി വെച്ചോ .ഞാന്‍ ഡോക്ടറെ കണ്ടേച്ചു വരുമ്പോ തന്നുവിട്ടാ ടൌണില്‍ കൊണ്ടുപോയി പോസ്റ്റ്‌ചെയ്യാം.”

 അവള്‍ ചിരിയോടെ ഡോക്ടറുടെ കാബിനരുകിലെയ്ക്ക് പോകുന്നതും നോക്കി നിന്ന എസ്ഥേറിന്‍റെ തലയില്‍ പെട്ടെന്നൊരു വെളിച്ചം വീണു .

 “ എടാ, ഇത്രേം നല്ല പെണ്‍കൊച്ചുണ്ടായിട്ടാണോ നമ്മളാ സിസ്റ്റര്‍ഡോക്ടറുടെ പൊറകെ പോയത് ? ഈ പോയ കൊച്ചിനെ ആലോചിച്ചാലോ ? നമ്മളോട് ഇങ്ങട് കേറി മിണ്ടണത് ഈ പെണ്ണ് മാത്രേ ഉള്ളൂ , അതെന്തോണ്ടാന്നു നെനക്കറിയോ ? ഒരു വട്ടനെ മറ്റൊരു വട്ടനെ തിരിച്ചറിയൂ ..അപ്പൊ ഇതാവുമ്പോ വട്ടിനു വട്ട് , ചിരിയാണെങ്കിലോ മുപ്പത്തിരണ്ട് പല്ലും കാണിച്ചിട്ട് ,പിന്നെ നല്ലോണം മിണ്ടുവേം  പറയേം ചെയ്യും .ഞാനതിന്‍റെ ഒരു ഫോട്ടോ ചോദിക്കട്ടെ ...ഡാ ,പിന്നെ നിനക്ക് മരുന്നിനും കാശു മൊടക്കില്ല ..”

 എസ്ഥേര്‍ തന്‍റെ അല്‍പ്പം പൊങ്ങിയ മുടമ്പല്ല് കാട്ടി ചിരിച്ചു
ദക്ഷക് ഓര്‍ത്തു .നിദ്ര നല്ല സ്നേഹമുള്ളവളാണ് !കണ്ടാല്‍ നല്ലോണം ചിരിക്കും ,ഇവിടെ ഈ സിമന്റു ബെഞ്ചില്‍ വന്നിരുന്ന് തന്നോട് വിശേഷം പറയും .പടം വരച്ചു തരും .തന്നോട് മാത്രമല്ല എസ്ഥേര്‍ആന്‍റിയോടും,അടുത്തമുറികളിലുള്ള,വാസുദേവകൈമളിനോടും,
ശങ്കരേട്ടനോടും, ഇര്‍ഷാദിനോടുമൊക്കെ സ്നേഹത്തോടെ സംസാരിക്കും...അത് വട്ടുള്ളത് കൊണ്ടാണോ ? അവന്‍ചിന്തിച്ചു .കാബിന് മുന്നിലുള്ള ആളൊഴിഞ്ഞ കോണില്‍ തന്‍റെ ലാപ്ടോപ്പില്‍ എന്തൊക്കെയോ ചെയ്യുകയായിരുന്ന നിദ്രയുടെ അടുത്തുചെന്ന് എസ്ഥേര്‍ തിടുക്കത്തില്‍ പറഞ്ഞു,

 “ ആ കുന്താണ്ട്രം നിര്‍ത്ത്യെ...പിന്നെ ഇത് കേക്ക് , മോക്കൊരു നല്ല കല്യാണം കൊണ്ടന്നിട്ടുണ്ട് എസ്ഥേര്‍ആന്‍റി .ദാ നോക്ക് ഇതാ ചെക്കന്‍.ദക്ഷകിന്‍റെ ഫോട്ടോ ചൂണ്ടി എസ്ഥേര്‍ ചിരിച്ചു .നിദ്ര ലാപ്പില്‍നിന്നും മുഖമുയര്‍ത്തി ഫോട്ടോയിലെയ്ക്ക് നോക്കി ,

 “ ആഹാ ഇത് നമ്മുടെ ദക്ഷകാണല്ലോ ! ദക്ഷകിനെ എനിക്ക് വല്യ ഇഷ്ടാ, എന്‍റെ  നല്ല കൂട്ടുകാരനല്ലേ അവന്‍,പക്ഷെ എന്‍റെ കല്യാണം കഴിഞ്ഞതാണല്ലോ എസ്തേര്‍ആന്റി ...അത് സാരമില്ലാ ഞാന്‍ഒരു പടം വരച്ചു തരാം അത് കണ്ടാല്‍ ദക്ഷകിന് ഇഷ്ടാവും .”

 അവള്‍ വേഗം ഒരു പേപ്പറില്‍ ഒരു മുയലിനെ പൂമാലയണയിക്കുന്ന പൂച്ചയുടെ പടം വരച്ചു കൊടുത്തു .

 “ യ്യോ...കഷ്ടായിപ്പോയി ! ഇനി ആരെയാ ആലോചിക്കണേ ...ആ സിസ്റ്റര്‍ജോസഫൈന്‍ മാത്രേ ഉള്ളൂ ബാക്കി .ചെന്ന് ചോദിച്ചു നോക്കട്ടെ ...”
  
എസ്തേര്‍ ഇച്ഛാഭംഗത്തോടെ ചുമലുയര്‍ത്തി തിരിഞ്ഞു നടന്നു.ആ പോക്കും നോക്കി ഇരുന്ന നിദ്രയ്ക്കു ചിരിക്കാനായില്ല ...പല മുറികളില്‍നിന്നും ഉയരുന്ന അട്ടഹാസങ്ങളും ആക്രോശങ്ങളും..... ,
പ്രിയപ്പെട്ടവരേ അവിടെയെല്‍പ്പിച്ചു മടങ്ങുന്നവരുടെ വേദനയും....ഒരു നോട്ടത്തിനായി ,ഒരു ചിരിയ്ക്കായ് ,ഒരു നല്ല വാക്കിനായ് കൊതിച്ചുകൊണ്ട് ശൂന്യതയിലെയ്ക്ക്, മിഴികളയച്ചിരിക്കുന്നവരുടെ ദൈന്യതയും..,

 ‘” കുട്ട്യേ, എന്‍റെ മോള്‍ടെ കല്യാണാ ഇന്ന് ,,എന്നെ ഈ മദര്‍ കല്യാണം കൂടാന്‍ വിടണില്യാ .........ഒന്ന് പറയൂ എന്നെ വിടാന്‍...”

 എന്ന് കലമ്പല്‍കൂട്ടുന്ന ശങ്കരേട്ടനും,

 “ അമ്മേ......അമ്മേ ആ ഫോണൊന്ന് തര്വോ , ഞാനെന്‍റെ വീട്ടിലേയ്ക്ക് ഒന്ന് വിളിക്കട്ടെ ”

 എന്ന് മദറിനോട് ശാട്യം പിടിച്ചു  കരയുന്ന റീമയും എല്ലാറ്റിനും നടുവില്‍കിടന്നു നട്ടം തിരിയുന്ന മദര്‍സോഫിയാമ്മയും അവളെ ഒരുപോലെ വേദനിപ്പിച്ചു .ഇവിടെ ജോലിക്കെത്തുംവരെ കന്യാസ്ത്രികളെ അവള്‍ക്ക്  ഇഷ്ടമല്ലായിരുന്നു....അകാരണമായ എന്തോ ഒരകല്‍ച്ച ! എന്നാല്‍ ഇവിടെയെത്തിയതോടെ ആ അകല്‍ച്ചയുടെ ഹിമാനികളെ അവരുടെ ത്യാഗത്തിന്‍റെ സൂര്യന്‍ അലിയിച്ചുകളയുകയായിരുന്നു.ഉറ്റവരും ഉടയവരും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങള്‍പോലും യാതൊരുവിധ പരാതിയോ പരിഭവങ്ങളോ കൂടാതെ ചെയ്തുകൊടുത്തും സദാസമയവും  അവരോടൊപ്പം ചിലവഴിക്കുകയും ചെയ്യുന്ന നിങ്ങളാണ് പ്രിയപ്പെട്ടവരേ കര്‍ത്താവിന്‍റെ വരവിനായി കാത്തിരിക്കുന്ന ഒരുക്കമുള്ള മണവാട്ടികള്‍ ! അവളുടെ മനസ്സ് മന്ത്രിച്ചു .

 " നിദ്രെ ..., വാ  ഡോക്ടര്‍ഫ്രീ ആയി ‘’’
 സിസ്റ്റര്‍ ജോസഫൈന്‍ അവളെ ചിന്തകളില്‍നിന്നുണര്‍ത്തി .ഡിറ്റെലിങ്ങിനു ശേഷം ദക്ഷകിന്‍റെ കല്യാണാലോചനയുടെ കാര്യം പറഞ്ഞ് ഡോക്ടര്‍ ചിരിക്കവേ നിദ്ര വേദനയോടെ ഡോക്ടറെ നോക്കിനിന്നു, ഓരോ ആതുരാലയങ്ങളും,അവള്‍ക്കു നല്‍കുന്നത് ആഴത്തിലുള്ള അനുഭവങ്ങളാണ്,മനുഷ്യജീവിതത്തിന്‍റെ,ക്ഷണികമായ,അവസ്ഥാന്തരങ്ങളാണ് ,ചിരിച്ചും കരഞ്ഞും മോഹിപ്പിച്ചും ചുറ്റിപിണയുന്ന ബന്ധങ്ങള്‍ ഒടുവില്‍ ശാശ്വതമല്ലാത്ത ജീവിതത്തെ നോക്കി നെടുവീര്‍പ്പിടുന്നു,ഇതിനിടയില്‍ സത്യവും,മിഥ്യയും,ഭാഗ്യനിര്‍ഭാഗ്യങ്ങളും,സ്നേഹവും,സ്നേഹരാഹിത്യവും..
 പേരിടാനാവാത്ത ഒരു വിഷാദം അവളെ ചൂഴ്ന്നുനിന്നു .

 “ നിദ്രെ ,ഇയാളിങ്ങനെ സെന്‍സിറ്റീവ് ആകരുത് ..കഴിഞ്ഞ ദിവസം ഡോ.മോഹനെ ഞാന്‍കണ്ടിരുന്നു .അദേഹം പറഞ്ഞു അവിടെ ഏതോ പേഷ്യന്റ് മരിച്ചതറിഞ്ഞ് റിലേറ്റിവ്സ് കരയുന്ന കണ്ട് പുള്ളീടെ ഒ.പി യ്ക്ക് മുന്‍പില്‍ താന്‍ ഫെയിന്റായീന്നു...! എല്ലാം ഫെയിസ് ചെയ്ത് ധൈര്യായിട്ട് നിന്നാലേ ജോലീല്‍ മാത്രല്ല ,ഈ ലൈഫിലും കുട്ടിയ്ക്ക് മുന്നോട്ടു പോകാനൊക്കൂ .”

 ഡോക്ടര്‍ അനുകമ്പയോടെ അവളുടെ തോളില്‍ മൃദുവായി തട്ടി .പോകാന്‍നേരം എസ്ഥേര്‍ അവളുടെ അടുത്തേയ്ക്ക് ഓടിയെത്തി .

 “ ദെ..അവന്‍റെ അടുക്കെ യാത്ര പറയാന്‍ പോണ്ടാട്ടോ, അവനു പ്രാന്തായി...ഞാനാ സിസ്റര്‍ജോസഫിനിന്‍റെ കല്യാണക്കാര്യം പറഞ്ഞതും അവനെന്നെ കൊന്നുതിന്നാന്‍വന്നു...എന്‍റെ പേനപിടിച്ചു വാങ്ങി പൊട്ടിച്ചു കളഞ്ഞു ,ഡയറീടെ താളോക്കെ പിച്ചിക്കീറി...ഇനി ഞാന്‍ അവന്‍റെ അടുത്തേയ്ക്ക് പോണെ ഇല്ല മുഴുപ്രാന്തന്‍ ! ”
  
നിദ്ര അതുകാര്യമാക്കാതെ,ദക്ഷകിനരുകില്‍ചെന്നു.അവന്‍,മുഖമുയര്‍ത്താതെ അവള്‍ കൊടുത്ത  ചിത്രം ജനലഴികല്‍ക്കുള്ളിലൂടെ അവള്‍ക്കു നീട്ടി ,

 “ ഈ പൂമാല വേണ്ട നിദ്രെ . ഇത് കാണുമ്പോ എനിക്കെന്‍റെ ചേച്ചിയെ ഓര്‍മ്മവരും ....അപ്പൊ എന്‍റെയുള്ളിലാകെ മരണത്തിലൂടെ ഗന്ധം പരക്കും...എനിയ്ക്ക് നീയൊരു പാവം പൂച്ചക്കുട്ടീടെ പടം വരച്ചു തന്നാ മതി.”

 “.ദക്ഷക് ......”

 നിദ്ര അവനെ നോക്കി മനസ്സ് നിറഞ്ഞുചിരിച്ചു .പിന്നെ അവന്‍ പറഞ്ഞ പൂച്ചക്കുട്ടീടെ ചിത്രം വരച്ചു കൊടുത്തു .

 “ നിദ്രെ....എന്നെ കാണുമ്പോ നീയിങ്ങനെ സ്നേഹത്തോടെ ചിരിച്ചാ മതി , ഇതുപോലെ വിശേഷം പറഞ്ഞാ മതി ,എനിക്കിങ്ങനെ പടം വരച്ചു തന്നാ മതി, ഇതാ എന്‍റെ സന്തോഷം ,,,ഇതാ എന്‍റെ സന്തോഷം .................”

 ആ ചിത്രം നെഞ്ചോടു ചേര്‍ത്ത്പിടിച്ച് അവന്‍ മൃദുവായി പിറുപിറുത്തു കൊണ്ട് അമ്മയ്ക്കുള്ള കാര്‍ഡ്‌ അവളെ ഏല്‍പ്പിച്ചു .ആ കാര്‍ഡും വാങ്ങി തിരിഞ്ഞു നടക്കെ അവള്‍ ഗ്രോട്ടോയ്ക്കരികില്‍ പതുങ്ങിനില്‍ക്കുന്ന എസ്ഥേറിനോട് പറഞ്ഞു ,

 “ എസ്ഥേറാന്റി.., പിണങ്ങിമാറിനില്‍ക്കാതെ ദക്ഷകിന്‍റെ  അടുത്തേക്ക് ചെല്ല് .ആന്‍റിയല്ലാതെ വേറാരാ അവനോട് കൂട്ടുകൂടാനുള്ളെ ?

 അത് കേള്‍ക്കേണ്ട താമസം

 “ അല്ല പിന്നെ , .......ദക്ഷകെ , മോനെ ..ഞാന്‍ വരുവാട്ടോഡാ .”

 എന്നും പറഞ്ഞ് ദക്ഷകിനടുത്തെത്തി സംസാരം തുടങ്ങി .

 “സിസ്റ്റര്‍ ഡോക്ടറെ ,സമയം രണ്ടാവുന്നു,ഇന്ന് ലഞ്ചിനു പോകുന്നില്ലെ ?


 സിസ്റ്റര്‍ ജോസഫൈന്‍റെ വിളി ഡോക്ടറെ ചിന്തകളില്‍ നിന്നുണര്‍ത്തി .അവര്‍ ക്വാര്‍ട്ടേര്‍സ് ലക്ഷ്യമാക്കി നടന്നു ...ദക്ഷകിന്‍റെ  മുറിയ്ക്കരികിലെത്തിയതും എന്തോ വല്യ തമാശ പറഞ്ഞ് പൊട്ടിചിരിക്കുകയായിരുന്ന എസ്ഥേര്‍ ഡോക്ടറെ കണ്ട്  ചിരിയടക്കാന്‍ വാ പൊത്തിപ്പിടിച്ചു നിന്നു .

 “ എന്താ ഇവിടെ കൊറേ നേരായല്ലോ ചിരിതൊടങ്ങീട്ട് ? എന്നോട് പറഞ്ഞാ ഞാനും കൂടെ ചിരിക്കാം . ഞാന്‍ ചിരിക്കണില്ലാന്നുള്ള പരാതിയും തീര്‍ക്കാം..എന്താ കാര്യം പറ ദക്ഷക് ?

 ദക്ഷക് ചിരിയടക്കി താന്‍ മറച്ചുപിടിച്ച ഒരു ചിത്രം ഡോക്ടര്‍ക്ക് കൊടുത്തു .

 “ഇന്നാളോരിക്കല്‍  നിദ്ര വരച്ചതാ.........ഈ  എസ്ഥേര്‍ ആന്‍റിടെ മുഖം ..!”

 ഡോക്ടര്‍ ആ പടത്തിലേയ്ക്ക് സൂക്ഷിച്ചു നോക്കി ഓട്ടക്കണ്ണിട്ട് ചിരിക്കുന്ന ഒരു കാക്കയുടെ ചിത്രം ! അത് കണ്ട് ഡോക്ടര്‍ പൊട്ടിച്ചിരിയോടെ എസ്ഥേറിനോട് പറഞ്ഞു

 " ഓ...എന്ത് ഭംഗ്യാ !.ഇത് എസ്ഥേറിനെ വാര്‍ത്തു വെച്ചത് പോലുണ്ടല്ലോ ..ആ കണ്ണും ചിരീം ....”

 എസ്ഥേര്‍ അതുകേട്ട് പൊട്ടിപ്പൊട്ടി ചിരിച്ചു .അവരോടൊപ്പം കുറച്ചു നേരം ചിലവഴിച്ചതിനു ശേഷം തന്‍റെ ക്വാര്‍ട്ടറിലേയ്ക്ക് നടക്കവെ ഡോ.റൂബി തെരേസ ചിന്തിച്ചത് അഹത്തിന്‍റെയും, സ്വാര്‍ത്ഥത്തിന്‍റെയും ബ്രോഡ്ബാന്‍ഡില്‍ സ്പീഡു തിരയുന്ന ഈ കപട ലോകത്തിന് അപവാദമായ,നിഷ്ക്കളങ്കരായ, കുറച്ചു,മനുഷ്യജീവികളെക്കുറിച്ചായിരുന്നു .......പ്രാവുകളെപ്പോലെ കുറുകുകയും നിശബ്ദം സ്നേഹിക്കുകയും ചെയ്യുന്ന അവരുടെ വിശുദ്ധ സങ്കേതത്തെക്കുറിച്ചായിരുന്നു !