Tuesday, December 29, 2015

ചങ്ങാതിമാരെ  ജനയുഗത്തില്‍ വന്ന കഥയാണ്‌ വായിക്കണെ .

Saturday, August 8, 2015

കവിത - മിനി.പി.സി

      അമ്മ ആത്മഹത്യ ചെയ്യുകയാണ് 


 “ ഒരു മണിക്കൂര്‍ കൊണ്ട് 
യു-ട്യൂബില്‍ ഞാനിട്ട വീഡിയോയ്ക്ക് 
ലൈക്ക്‌ മുപ്പതിനായിരം !

 “അമ്മ” തൂങ്ങിമരിക്കുന്ന സീനുകളാണ്
 ലൈക്കുകള്‍ ഇനിയും കൂടും ! 

ഉച്ചയൂണും കഴിഞ്ഞ് 
മുഖപുസ്തകത്തില്‍ മുങ്ങാംകുഴിയിട്ടു 
കളിക്കുമ്പോഴാണ് 
അമ്മ വലിയ വായില്‍ കരഞ്ഞുകൊണ്ട്
 “തൂങ്ങിമരണം” പ്രഖ്യാപിച്ചത് .

അച്ഛനുമായി ഉടക്കിയതാണ് കാര്യം . 
തൂങ്ങിമരണമല്ലേ ..യു-ട്യൂബില്‍ വൈറലാകും,
 ഞാനെന്‍റെ സാംസങ്ങ് ഗ്യാലക്സി കോറുമായി
 പ്രവര്‍ത്തനസജ്ജനായി . 

അമ്മ കരഞ്ഞത്....കയറെടുത്തത് , 
കസേരയില്‍ കയറി ഫാനില്‍ കുരുക്കിട്ടത് ,
 കുരുക്കില്‍ തലയിട്ടത് , 
കുരുക്കു മുറുകി ശ്വാസത്തിനായി പിടഞ്ഞത് ,
 തുടയാകെ മാന്തിപ്പൊളിച്ചത് , 
മലമൂത്രം വിസര്‍ജിച്ചത് ...
 ഒടുവില്‍ കണ്ണും നാവും തുറിച്ച് വടിയായത് , 

എന്ത് നല്ല തൂങ്ങിമരണം 
എനിക്ക് തൃപ്തിയായി 
ഇതാ ലൈക്കിപ്പോള്‍ മുപ്പത്തഞ്ചും കഴിഞ്ഞു,
 ഇനിയും കൂടും ......... 
അമ്മയുടെ തൂങ്ങിമരണമല്ലേ..... 
ലൈക്കുകള്‍ ലക്ഷം കടക്കും !”

Saturday, July 4, 2015

മാതൃഭുമി വാരാന്തപ്പതിപ്പില്‍ വന്ന കഥ

കഥ                                                  മിനി.പി.സി

                      ക്വിറ്റ്‌ ഇന്ത്യ


തോമസ് പാറ്റിസണിന്‍റെ വാക്കിംഗ് സ്റ്റിക്ക് കൊണ്ടുള്ള ആദ്യഅടി വീണത്‌ എന്‍റെ ഇടത്തെ തോള്‍പ്പലകയിലാണ്.തികച്ചും അപ്രതീക്ഷിതമായ ആ അടിയുടെ നടുക്കത്തില്‍ കസേരയില്‍ നിന്നും ഞാന്‍ ചാടിയെണീറ്റു.

രണ്ടാമത്തെ അടി എന്നെക്കടന്ന് എഴുത്തുകാരി ആന്‍മിയറാണിയുടെ പാതി നഗ്നമായ മുതുകില്‍ ലക്ഷ്യം കണ്ടു.അവ ള്‍ വല്ലാത്തൊരു രോദനത്തോടെ സുവര്ണ്ണ പഗോഡകള്‍ പൂ കൊഴിച്ചിട്ട റെസ്റ്റോറന്റിന്‍റെ മുറ്റത്തേക്ക് കസേരയോടെ മറിഞ്ഞു വീണു .ആ വീഴ്ചയില്‍ അവളുടെ തോള്‍  സഞ്ചിയില്‍നിന്നും 1909 മുതല്‍ 46 വരെ ഗാന്ധിജി എഴുതിയ പുസ്തകങ്ങള്‍ ചിതറിത്തെറിച്ചു.
പതിവ് സായാഹ്ന ചായ ചര്‍ച്ചകള്‍ക്കിടെ ഞാനും ആന്‍മിയറാണിയും ഉയര്‍ത്തിയ ഗാന്ധിനിന്ദകള്‍  ആസ്വദിച്ച് ചായക്കോപ്പയ്ക്കുള്ളില്‍ ചുണ്ടുകളാല്‍ സത്യാന്വേഷണ പരീക്ഷണങ്ങള്‍ നടത്തുന്ന ഒരു പിടി ഗാന്ധിയന്മാരെ മറികടന്നാണ് റെസ്റ്റോറന്‍റ് ഉടമയായ തോമസ് പാറ്റിസണ്‍ എന്ന വൃദ്ധന്‍ സായിപ്പ് യുദ്ധകാലത്തെ പാറ്റണ്‍ ടാങ്ക് പോലെ പൊട്ടി വീണത്‌ .

"യൂ  സ്കൌണ്ട്രല്‍സ്!നിങ്ങള്‍ക്കെങ്ങനെ ആ മഹാത്മാവിനെപ്പറ്റി ഇങ്ങനെ പറയാനാവുന്നു?ലോകം മുഴുവന്‍ മാനിയ്ക്കുന്ന അദേഹത്തെ എത്ര ഈസിയായാണ് നിങ്ങള്‍ ബ്രിട്ടീഷ് കോര്‍പറേറ്റ്‌ ഏജെന്‍റ് ആക്കിമാറ്റിയത്?"
കഠിനമായ കോപം കൊണ്ട്‌ സായിപ്പിന്‍റെ ചുണ്ടുകള്‍ വിറയ്ക്കുകയും ചുളിവാര്‍ന്ന മുഖം രൌദ്രമാവുകയും ചെയ്തു.

ഒരിക്കല്‍,രാജ്യാഭിമാനികളായ  ഇന്ത്യക്കാരുടെ പരസഹസ്രം  ചുണ്ടുകളിളുടെ മുഴങ്ങിയിരുന്ന  ഒരു  മുദ്രാവാക്യം   ഇപ്പോള്‍ അതിനേക്കാള്‍ തിവ്രമായി  ഒരൊറ്റ സായിപ്പിന്‍റെ വായില്‍ നിന്ന് ബോംബ്‌ പോലെ ഞങ്ങളുടെ  ആത്മാവിലേക്ക് വീണ് പൊട്ടി.
"ക്വിറ്റ്‌ ഇന്ത്യ!" ദൂരേക്ക് കൈചൂണ്ടിക്കൊണ്ട് സായിപ്പ് അലറി.

Saturday, April 11, 2015

കവിത - വിഷുക്കണി

  എല്ലാ ചങ്ങാതിമാര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍!                                                                                       


കവിത                മിനി.പി.സി
        വിഷുക്കണി

“ മുരളികയൂതി കള്ളച്ചിരിയാര്‍ന്നു

നില്‍ക്കുമെന്‍ കണ്ണാ കാണുന്നു

ഞാനിന്നു നിന്‍ ശ്യാമമുഖകമലം

മരതകകാന്തിയോലുമീ

കൊന്നപ്പൂങ്കുലകള്‍ക്കിടയില്‍

പുതുസ്വപ്നങ്ങള്‍ പകര്‍ന്നേകും

പ്രഭയാര്‍ന്നു നില്‍ക്കുമീ നിലവിളക്കും

ഓട്ടുരുളിയും പൊന്‍നാണ്യങ്ങളും

കണ്മഷിക്കൂട്ടും,കുങ്കുമചെപ്പും,

കണിവെള്ളരിയും ,വാല്‍ക്കണ്ണാടിയില്‍

തെളിയുമെന്‍ പ്രസന്ന വദനവും

ഇനിയെന്നും പുതുതാര്‍ന്നിരിയ്ക്കാന്‍

വരിക കണ്ണാ വന്നു നീയെന്‍ മനതാരില്‍

പാടുക വിഷുപക്ഷിയായ്‌ ഇനിയെല്ലാ നാളിലും !”

Tuesday, March 24, 2015

കവിത

                                                                                                     മിനി പി.സി                                                     
                                                       എന്‍റെ ചങ്ങാതി 

"    എനിക്ക്  ചിരിക്കാനാവുന്നില്ല 
എന്‍റെ ചിരിയിലൊളിഞ്ഞ
കണ്ണീര്‍മണികള്‍ പെറുക്കാന്‍ 
ഇന്നെന്‍റെ ചങ്ങാതിയില്ല .
                 
എനിക്ക് ചിന്തിക്കാനാവുന്നില്ല 
എന്‍റെ ചിന്തയിലുറയും കനല്‍ക്കട്ടകള്‍
ഊതിതെളിക്കാന്‍ 
ഇന്നെന്‍റെ ചങ്ങാതിയില്ല.

എനിക്കൊന്നും കാണാനാവുന്നില്ല 
എന്‍റെ കാഴ്ചയെ മറയ്ക്കുന്ന 
ഈ ലോകത്തിന്‍റെ കറുപ്പിനുമപ്പുറം
ഉള്‍ക്കണ്ണിനാല്‍ കാഴ്ച പകരാന്‍
ഇന്നെന്‍റെ ചങ്ങാതിയില്ല .

എന്‍റെ കൗതുകതുമ്പികളും 
ചിറകടിക്കാനാവാതെ
കണ്‍കോണിലുറക്കമായി
അവയെ കുറുമ്പോടെ തട്ടിയുണര്‍ത്തി  
കൂടെ പറത്താന്‍ 
ഇന്നെന്‍റെ ചങ്ങാതിയില്ല .

ഇന്നെനിക്ക്  പരാതിയില്ല 
പരിഭവങ്ങളും കണ്ണീരുമില്ല
അവയെ  തന്‍റെതെന്നോതി
നെഞ്ചോടുചേര്‍ത്തുവെയ്ക്കാന്‍ 
ഇന്നെനിക്കെന്‍റെ ചങ്ങാതിയില്ലല്ലോ...! "

Thursday, March 12, 2015

ചെറുകഥ

                                                                            
Saturday, February 14, 2015

കവിത - പ്രണയദിനം

കവിത                                                                                                    മിനി പി.സി                      


            പ്രണയദിനം


"പ്രിയനേ ...........,
എനിക്ക് നിന്നോടുള്ള പ്രണയം
ദൃഢം!
ശക്തം!
ആത്മാര്‍ത്ഥം!
ആഴത്തില്‍ വേരോടിയത്!
സത്യസന്ധം !
നിനക്കെന്നോടോ ?
അയഞ്ഞത്?
ദുര്‍ബലം ?
പുറംപൂച്ച്?
വേരുകളില്ലാത്തത്?
കള്ളത്തരം ?
ഇതിങ്ങനെയല്ലെങ്കിലും
വരൂ ,
നമുക്കീ പ്രണയദിനത്തില്‍
വെറുതെയൊന്നു കലഹിയ്ക്കാം
പ്രണയം കാന്തം വെച്ച കണ്ണുകള്‍
കലക്കി ചുവപ്പിക്കാം
പ്രണയം ചോപ്പെഴുതിയ ചുണ്ടുകള്‍
വിതുമ്പി തുളുമ്പിയ്ക്കാം
പ്രണയം കടലാക്കിയ മനസ്സുകളില്‍
പരിഭവത്തിന്‍റെ കായം കലക്കാം
ഒടുവില്‍
കലങ്ങിയ കണ്ണുകളും
തുളുമ്പുന്ന ചുണ്ടുകളും
പതഞ്ഞ മനസ്സും ചേര്‍ത്തുവെച്ച്
പുലരും വരെ പ്രണയദിനമാഘോഷിയ്ക്കാം ."

Thursday, January 8, 2015

കവിത – തോന്നല്‍                                                                       മിനി.പി.സി
സ്വപ്നങ്ങളുടെ സമഭൂവില്‍
ഉയരെയുയരെ .....................
പ്രണയശൃംഗങ്ങളില്‍
മഞ്ഞുറയ്ക്കുന്നതും
ഉരുകുന്നതും നോക്കി
കൊതിയോടിരിക്കും നാളിലാണ്
അവന്‍ വന്നത്
യക്ഷനോ....... കിന്നരനോ....?
അവനെന്‍റെ കരം പിടിച്ച്
ഇന്ദ്രവല്ലരികള്‍  പൂക്കും
 മലമടക്കുകള്‍ താണ്ടി
ദേവതരുക്കള്‍ തന്‍
മയക്കും സുഗന്ധത്തിലൂടെ
കല്ലടര്‍ന്ന വഴികളിലിടറാതെ..........
മഞ്ഞുപുതച്ച
 കൊടും ഗര്‍ത്തങ്ങളിലമരാതെ
അരുമയോടെന്നെ
മുകളിലേയ്ക്ക് നടത്തി
പാതി വഴി പിന്നിടെ ,
ഹിമദംശനമേറ്റു വിണ്ടോരെന്‍
തുടുത്ത പാദങ്ങള്‍
കരിനീലമാര്‍ന്നു വിങ്ങെ
വിരിഞ്ഞ തോളിലേറ്റിയാണവന്‍
യാത്ര തുടര്‍ന്നത്
ചെങ്കുത്തായ വഴികളില്‍
ആ നെഞ്ചിന്‍റെ മിടിപ്പും
കരലാളനങ്ങളും
പ്രണയത്തിന്‍റെ ഉഷ്ണവും
യാത്രയുടെ ദൈര്‍ഘ്യം
കൂട്ടിയോ കുറച്ചോ?
ഞങ്ങളെത്തിയത്
പ്രണയശൃംഗങ്ങളിലെ
മഞ്ഞുരുകും കാലത്തായിരുന്നു
പ്രണയം ഉറപൊട്ടിയൊഴുകി
നവരത്നങ്ങളായ് ചിതറെ
ഇനിയൊരു മടങ്ങിപ്പോക്കില്ലെന്ന്
പലവട്ടം അവന്‍  പറഞ്ഞു....
 നീഹാരമണികളെ നക്ഷത്രമാക്കി 
 വിളര്‍ത്ത മഞ്ഞുപാളികളില്‍
സപ്തസ്വരങ്ങളാലപിച്ച്
മഞ്ഞുരുകും കാലം തീര്‍ന്നു
ആദ്യത്തെ  മഞ്ഞുറയും കാലം
ഒരു ഗ്രീഷ്മനിദ്രയ്ക്കായ്
കൊതിയോടെ അവനെ ഞാന്‍ വിളിയ്ക്കെ
അവന്‍ പറഞ്ഞു
"ഒരു തോന്നല്‍ നമുക്ക് മടങ്ങിയാലോ?"
ഇനിയൊരു മടക്കമോ ? ഞാനന്തിച്ചു
തോന്നലുകള്‍,തോന്നലുകള്‍,,തോന്നലുകള്‍  
അരുതാത്ത തോന്നലുകള്‍....അവ
ഇനിയുമിനിയും വരുമോ ?
ഇനി  എന്‍റെ പ്രണയം ?
എന്‍റെ ആത്മാവിന്‍റെ പിടച്ചില്‍
ഒരാര്‍ത്തനാദമായ്
താഴെ സമഭൂമിയും കടന്നു പോകെ
അവന്‍ ചിരിച്ചു
"വെറുമൊരു തോന്നലല്ലേ..."
ആയിരുന്നോ?
ആ തോന്നലിനപ്പുറം ഇനിയെന്ത് ?