Wednesday, August 28, 2013

മിനിക്കവിതകള്‍മിനിക്കവിതകള്‍              മിനി പി സി
       
                സന്മനസ്സ്

പുഷ്പഹാരം തീര്‍ക്കാനാവില്ലെങ്കിലും
ചെടി നമുക്ക് പൂ തരും പോലെ ..............
പാല്‍പായസമുണ്ടാക്കാനാവില്ലെങ്കിലും
പശു നമുക്ക് പാല്‍ തരും പോലെ .............
കളിക്കാനൊരു മൈതാനം തരാനാവില്ലെങ്കിലും
ഞങ്ങള്‍ക്കൊരു കൈപ്പന്തു കെട്ടിത്തന്നൂടെ.
പട്ടം  പറപ്പിക്കാനൊരാകാശം തരാനാവില്ലെങ്കിലും
ഞങ്ങള്‍ക്കൊരു ചരടാ പട്ടത്തില്‍ കെട്ടിത്തന്നൂടെ ?

                                     ഒരു തൂമ്പ തരൂ

ആരേലും ഒരു തൂമ്പ തരൂ
എനിക്കിത്  കുഴിച്ചുമൂടണം
അല്ലെങ്കില്‍ വീണ്ടുമിതിനു  ജീവന്‍ വെച്ചാലോ ?
ഇതിന്‍റെ സ്പന്ദിക്കുന്ന ഹൃദയമെന്‍റെ  പേര്‍വിളിച്ചാലോ ?
ഇതിന്‍റെ  ജീവസ്സുറ്റ കണ്ണുകളെന്നെ തിരഞ്ഞു പിടിച്ചാലോ ?
ഇത് വീണ്ടുമെന്നെ പ്രണയിച്ചാലോ ?
ഇനിയും നേരമിരുളും മുന്‍പ്
സ്നേഹത്തിന്‍റെ വെള്ളവും
സ്വപ്നങ്ങളുടെ വെളിച്ചവുമെത്താത്തിടത്ത്‌
മോഹങ്ങളുടെ ശവക്കുഴി തീര്‍ത്ത്
വീണ്ടും മുളപൊട്ടി വരാത്തവിധം
ഞാനിതിനെ  മൂടിയൊടുക്കട്ടെ !

Saturday, August 17, 2013

കവിത

കവിത                       മിനി പി സി
               പൊന്നിന്‍ചിങ്ങം


" പൊന്നിന്‍ പുലര്‍ക്കാലം മന്നില്‍  ചൊരിഞൊരീ....

ചമ്പകപ്പൂമണം കാറ്റില്‍ പരക്കവേ....

തെച്ചിയും പിച്ചിയും ,ചേമന്തിയും ചെറു

മുക്കുറ്റിയും ചേര്‍ന്നാര്‍ത്തുല്ലസിയ്ക്കവേ ..........

മഴ മാറിപ്പയ്യെ തെളിഞ്ഞ നഭസ്സിലായ്

തുമ്പികളാനന്ദ നൃത്തമാടീടവേ........

ചമ്പാവുപാടത്തെ കൊയ്ത്തടുത്തെന്നോതി

കുയിലമ്മ കുഞ്ഞിനെ പാടിയുറക്കവേ.........

ദൂരെ കിഴക്കന്‍ മലകളില്‍ നിന്നുമൊഴുകിയെത്തും

കാറ്റില്‍ പൂവിളിയുയരവേ...........

മാവേലിമന്നന്‍റെ പുകള്‍പാടി മൈനകള്‍

മാകന്ദശാഖിയിലൂഞ്ഞാലിലാടവേ....

നിറമാര്‍ന്ന സ്വപ്നങ്ങള്‍ തുടികൊട്ടും ഹൃത്തുമായ്‌

വരവേല്‍ക്കാം നമ്മള്‍ക്കീ ചിങ്ങപ്പുലരിയെ ! "

Thursday, August 15, 2013

കഥകഥ                 
                               മിനി പി സി

           വന്ദേമാതരം

കുട്ടികളേ ,ഞാനൊരു മുത്തച്ചനാണ് ,ഒരു പാവം അരയാല്‍മുത്തച്ചന്‍ ! ഈ മൈതാനത്തിനരുകില്‍ നിലയുറപ്പിച്ചിട്ട് വര്‍ഷങ്ങളൊരുപാടായി .ജന്മദിനങ്ങളാഘോഷിക്കുക പതിവില്ലാത്തതുകൊണ്ട് കൃത്യമായി പ്രായവും എനിക്കോര്‍മയില്ല ,എങ്കിലും സ്വാതന്ത്ര്യത്തിന് ഒരുപാടുമുമ്പ് നടന്ന കാര്യങ്ങള്‍വരെ ഇന്നലെയെന്നോണം ഞാനോര്‍ക്കുന്നു ,അതുകൊണ്ടാവും ഈ “ ന്യൂ ജെനറേഷന്‍കൊടിമരം ചെക്കനോട് ” എനിക്കിന്നലെ കുറെയേറെ പറയേണ്ടി വന്നത് . കഴിഞ്ഞ സ്വാന്തന്ത്രദിനത്തിന് തൊട്ടുമുന്‍പാണ് അവനെ ഇവിടെ പോസ്റ്റ്‌ചെയ്തത് ,അവനു മുന്‍പുണ്ടായിരുന്നവരെപോലെ  അവനും സ്വാതന്ത്ര ദിനത്തിന് പതാകയും ചൂടി വന്ദേമാതരം എന്ന് അഭിമാനത്തോടെ പറയുന്നതും നോക്കി നിന്ന എന്നെയും എന്‍റെ അന്തേവാസികളെയും ഞെട്ടിച്ചു കൊണ്ട് താന്‍വഹിക്കുന്ന,ത്രിവര്‍ണ്ണപതാകയുടെയും.....ഭാരതാംബയുടെയും...സ്വാതന്ത്ര്യത്തിന്‍റെയും ശ്രേഷ്ഠതയറിയാതെ കുങ്കുമം ചുമക്കുന്ന കഴുതയെപോലെ നിന്ദയോടും അഹന്തയോടും കൂടി അന്നവന്‍ നിന്നു.ഞങ്ങളെയത്,വല്ലാതെ വേദനിപ്പിച്ചു .നാട്ടുരാജാക്കന്മാരുടെ പടലപിണക്കങ്ങളും ഭിന്നതകളും ചൂഷണം ചെയ്തെത്തിയ വൈദേശികാധിനിവേശങ്ങളില്‍പെട്ട് മുച്ചൂടും നശിച്ച നാടിന് കിട്ടിയ സ്വാതന്ത്ര്യത്തെ അമൃതു പോലെ കരുതിയവരായിരുന്നു അവനു മുന്‍പുണ്ടായിരുന്നവര്‍!ആദ്യമായി ത്രിവര്‍ണ്ണപതാകയും,ചൂടിനിന്ന അവരുടെ കണ്ണുകളില്‍നിന്നും അഭിമാനത്തിന്‍റെയുംആത്മഹര്‍ഷത്തിന്‍റെയും ചുടുകണ്ണീരോഴുകുന്നത് കണ്ട് ഞാന്‍പുളകം കൊണ്ടിട്ടുണ്ട് .ങാ....ഇവനെ പറഞ്ഞിട്ടെന്തു കാര്യം ? ഇന്ന് ദേശഭക്തിയെന്ന് പറയുന്നത് ചില പ്രത്യേകദിവസങ്ങളില്‍,മാത്രമൊതുങ്ങിപ്പോയിരിക്കുകയല്ലെ!.കൊടിയുയര്‍ത്തുന്നവര്‍ക്കും ,അതുകണ്ട് നില്‍ക്കുന്നവര്‍ക്കും തങ്ങള്‍,നുണയുന്ന മധുരത്തിന്‍റെ യഥാര്‍ത്ഥ സ്വാദു തിരിച്ചറിയാന്‍ കഴിയുമായിരുന്നെങ്കില്‍ മനസാ വാചാ കര്‍മ്മണാ ഈ നാട്ടിനെ എത്രയധികം സ്നേഹിച്ചേനെ !എന്തായാലും ഇന്നലെ ഞാന്‍ ആദ്യമായി ഈ പയ്യനോട് സംസാരിച്ചു..ആദ്യമവന്‍എന്നെ ശ്രദ്ധിച്ചില്ല ,പക്ഷെ അധികം നേരം അവനതിനു കഴിഞ്ഞില്ല ജെനറേഷന്‍ഗാപ്പിനെ അതിജീവിച്ചുകൊണ്ട് മാതൃരാജ്യവും , മണ്മറഞ്ഞ ധീരദേശാഭിമാനിമാനികളും അവനെ പിടിച്ചുകുലുക്കുക തന്നെ ചെയ്തു ,അവന്‍റെ കണ്ണുകള്‍നിറഞ്ഞു കവിഞ്ഞു ,തലകുനിച്ചുനിന്ന് അവന്‍തേങ്ങിക്കരഞ്ഞു ...പാവം പയ്യന്‍!എല്ലാവര്‍ക്കും ശുദ്ധവായുവും ,തണലും നല്‍കുന്ന ഞാന്‍ അവനെയും സാന്ത്വനിപ്പിച്ചു..പിന്നെ ഒരു നല്ല നാളെ സ്വപ്നം കണ്ട് ഞങ്ങള്‍ ഉറങ്ങി .ഇന്ന് ഞാനും എന്‍റെ ചില്ലകളിലും ,പൊത്തുകളിലും താമസിക്കുന്ന സകലരും അവനെയും നോക്കി ആകാംഷയോടെ ഇരിക്കുകയാണ് ,മൈതാനം ആളുകളെക്കൊണ്ട് നിറഞ്ഞു ,പതാകയുയര്‍ത്താന്‍ വെള്ളയും വെള്ളയുമിട്ട ജനപ്രതിനിധി എത്തി ,പതാക പതിയെ പതിയെ മുകളിലേയ്ക്കുയര്‍ന്നു ..പതാകയില്‍,പൊതിഞ്ഞ പൂക്കള്‍ തനിക്ക് ചുറ്റും പൊഴിഞ്ഞുവീഴവേ....ഒടുവില്‍ തന്‍റെ ശിരസ്സില്‍ ത്രിവര്‍ണ്ണ പതാക പാറിക്കളിക്കെ ഒരുപാട് സന്തോഷത്തോടെ നിറഞ്ഞ അഭിമാനത്തോടെ കൊടിമരം പയ്യന്‍ ഉറക്കെ വിളിച്ചു പറഞ്ഞു 
“ വന്ദേമാതരം... വന്ദേമാതരം” 
അതുകേട്ട് ആത്മഹര്‍ഷത്തോടെ നിന്ന ഞങ്ങളെക്കടന്ന് ആളുകളോരോരുത്തരും പോകെ ഞാന്‍പ്രത്യാശിച്ചു ഈ കൊടിമരത്തിന്‍റെ തിരിച്ചറിവും വിവേകവും ഈ ആളുകള്‍ക്കും ഉണ്ടായിരുന്നെങ്കില്‍ എന്ന്! !

Wednesday, August 7, 2013

മൈക്രോ കഥകള്‍മൈക്രോ കഥകള്‍         
      മിനി പി സി
        

മണ്ടന്‍ രാജകുമാരന്‍

ദാരിദ്ര്യത്തെക്കുറിച്ച്  റിസര്‍ച്ച് നടത്തിയ ദന്തഗോപുരവാസിയായ മണ്ടന്‍ രാജകുമാരന്‍ ഒടുവില്‍ കണ്ടെത്തി “ ദാരിദ്ര്യമെന്നത്  ഒരു മാനസികാവസ്ഥയാണ് ! ”

വേണ്ടാത്ത മുറവിളികള്‍ 

2013  ല്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനം നേടിയ ഭൂലോക തട്ടിപ്പുകാരിയായ   സോളാര്‍ സുന്ദരി  അത്യാധുനിക സൌകര്യങ്ങളോടുകൂടിയ തടവുമുറിയും , ബ്ലാക്ക്‌ക്യാറ്റ്‌ പ്രൊട്ടക്ഷനും നേടിയെടുക്കുന്നതിന് വേണ്ടി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെറുതെ മുറവിളികൂട്ടി ,
“ വധഭീക്ഷണി ............വധഭീക്ഷണി ’’

റോഡുകുളങ്ങള്‍


അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ സ്പെയിനില്‍ ബസ്സുകളിലും പൂന്തോട്ടമെന്ന വാര്‍ത്ത കണ്ട് , കേരളത്തിലെ  റോഡുകുളങ്ങളില്‍ മുഴുവന്‍ആമ്പലും ,താമരയും വിരിയിച്ച്  സ്പെയിനിനെ കടത്തിവെട്ടാന്‍ ബന്ധപ്പെട്ടവര്‍ഉത്തരവിറക്കി .

അഴിമതിയും  പ്,രാക്കും

48 ലക്ഷം മുടക്കി വനം വകുപ്പ് നിര്‍മ്മിച്ച മുളങ്കുഴി –  ബകന്‍പുരം തൂക്കുപാലം ഉദ്ഘാടനത്തിനു മുന്‍പേ തകര്‍ന്ന കാഴ്ച കണ്ട് പ്രാകാന്‍ മാത്രം അറിയാവുന്ന പാവം  നാട്ടുകാര്‍ വീണ്ടും നെഞ്ചത്ത്‌ കൈ വെച്ച് നീട്ടി പ്രാകി,
“ലക്ഷങ്ങളുടെ അഴിമതി നടത്തിയ നീയൊന്നും ഒരുകാലത്തും ഗുണംപിടിക്കില്ല.’’