Wednesday, January 30, 2013

മിനിക്കവിത

  മിനിക്കവിത                                   മിനി .പി.സി                                  കുറുമ്പി
                                


" എപ്പോഴാണ്   നിന്‍റെ   സ്വപ്നങ്ങളില്‍ വേലിയേറ്റമുണ്ടാകുന്നത്  ,

അപ്പോഴാണ്  നീ  കടലിന്‍റെ   ശാന്തതയ്ക്ക്  അപരാധമാകുന്നത്  !

അപ്പോള്‍  കാണാദൂരങ്ങള്‍  നിനക്ക് കാണാനാവുന്നു ,

നിന്‍റെ  ചിന്തകള്‍  ഫീനിക്സ് പക്ഷികളായ്  പറന്നുപൊങ്ങുന്നു  ,

നിന്‍റെ  വാക്കുകള്‍    മൂര്‍ച്ചവെച്ച്  ചക്രവാളത്തിനപ്പുറമെത്തുന്നു ,

നിന്‍റെ  ചിരി  സുനാമിത്തിരകളായ്‌  തീരം  വിഴുങ്ങുന്നു ....

അങ്ങനെ  നിന്‍റെ  ചിരിയും ,സ്വപ്നങ്ങളും കവര്‍ന്ന

തീരം നോക്കി ഞാന്‍  നെടുവീര്‍പ്പിടവെ  ,

വാക്കും , നോക്കും  മിനുക്കിയ  നിന്‍റെ  കാതില്‍

അരുമയോടെ  കടല്‍ വിളിക്കും     " കുറുമ്പി "     "

Thursday, January 24, 2013

മിനിക്കഥ                                                                    മിനി  പി സി

                                      നല്ല  ശമരിയാക്കാര്‍


                                                                                                                                                 
നരകം        നാണിക്കുന്ന            ക്രൂരപീഡനങ്ങള്‍ക്കൊടുവില്‍    ആ പൊതുനിരത്തിലേയ്ക്ക് അവര്‍ എന്നെ നിര്‍ദാക്ഷിണ്യം  വലിച്ചെറിഞ്ഞു .ആ മരം കോച്ചുന്ന തണുപ്പില്‍  പരിപൂര്‍ണ്ണ നഗ്നയായി  മരണം മണത്തു  കിടന്ന എന്നെ  കടന്ന്  നിങ്ങളോരോരുത്തര്‍   പോയപ്പോഴും  ഞാന്‍ എന്തൊക്കെയോ പ്രതീക്ഷിച്ചു , പക്ഷെ .....ഒരു   തുണിക്കീറു കൊണ്ട്  എന്‍റെ നഗ്നത    മറയ്ക്കാന്‍   പോലും മിനക്കെടാതെ നിങ്ങള്‍  കടന്നുപോയി . ഒടുവില്‍  രക്തം വാര്‍ന്ന് , തണുത്തുറഞ്ഞു  ഞാന്‍ മരിച്ചതിനു പുറകെ  നിങ്ങള്‍  എനിക്ക് വേണ്ടി  സംഘടിച്ചു .....അലറിവിളിച്ചു ,പ്രതിഷേധിച്ചു .   അതുകണ്ട്  എന്‍റെ  ആത്മാവ്  വേദനയോടെ  മന്ത്രിച്ചു   " നല്ല   ശമരിയക്കാര്‍  !  ".

Monday, January 7, 2013

പാത്രം നഷ്ട്ടപ്പെട്ട കുട്ടി


 
ചെറുകഥ        മിനി പി സി

  

പാത്രം നഷ്ടപ്പെട്ട കുട്ടിപുതിയ ക്ലാസ്സ്‌റൂമിന്‍റെ ജാലകങ്ങള്‍ ഒരുപാട് ദൂരക്കാഴ്ച്ചകള്‍ തരുന്നു

.ദൂരെ...നീലമലനിരകളും, അവയ്ക്കിടയിലൂടെ കുതിച്ചൊഴുകുന്ന

പാല്‍നുര ചിതറുന്ന വെള്ളച്ചാട്ടവും ,മലകളെ ആശ്ലേഷിച്ച് നില്‍ക്കുന്ന

വെളുത്ത മേഘമാലകളും ,അങ്ങനെയങ്ങനെ ...!ഒരു മഴ പെയ്തമര്‍ന്നതെ

ഉള്ളൂ ,വീണ്ടും അങ്ങിങ്ങായി കറുത്ത് തുടങ്ങുന്ന

മഴമേഘക്കെട്ടുകള്‍!ഇവിടെ മഴ പോലും എത്ര ഹൃദ്യമായാണ്

പെയ്തിറങ്ങുന്നത് .പരിഭവത്തിന്‍റെ ഉള്‍വിങ്ങലോടെ വന്നെത്തുന്ന

കാര്‍മേഘങ്ങള്‍ പള്ളിക്കുരിശിന്‍റെ സാന്ത്വനം തേടി സംതൃപ്തിയോടെ

പെയ്തിറങ്ങുന്നു .    വീശിയടിക്കുന്ന കാറ്റിന് കാപ്പിപ്പൂക്കളുടെ  

സുഗന്ധം ! പള്ളിയുടെ തൊട്ടു താഴെ പണിതത്  കൊണ്ടാവാം ഈ

അന്തരീക്ഷം  പ്രാര്‍ഥനാനിര്‍ഭരവും,പ്രതീക്ഷാഭരിതവുമായി തോന്നുന്നത് .

വര്‍ഷാന്ത്യ  പരീക്ഷകള്‍അടുത്ത് വരുന്നു.പോര്‍ഷന്‍സ്‌  മിക്കവാറും

തീര്‍ന്നു തുടങ്ങി.വരുന്ന  ആഴ്ചയില്‍  തന്നെ  റിവിഷന്‍  സ്റ്റാര്‍ട്ട്‌  

ചെയ്യണം.ഇംഗ്ലീഷ്മീഡിയം ആയത് കൊണ്ട് ജോലിഭാരം വളരെ 

കൂടുതലാണ് .മഴ പയ്യെ പൊടിഞ്ഞു തുടങ്ങി ,ആന്‍മിസ്സും ,സെക്കന്‍ഡ്‌ 

സ്റ്റാന്‍ഡേര്‍ഡിലെ കുട്ടികളും ഗ്രൗണ്ടില്‍നിന്നുംവരിവരിയായി,

ക്ലാസിലേക്ക് നീങ്ങുന്നു. ഒരു ഡ്രില്‍നഷ്ട്ടമായ നിരാശ എല്ലാ         

മുഖങ്ങളിലും ഒളിഞ്ഞിരിപ്പുണ്ട് !

“ ഇന്നും പവര്‍സപ്ലൈ ഇല്ല ,ഓ ,ഈ മഴക്കാലമായാല്‍ ഇതാ കുഴപ്പം ! ”

കമ്പ്യൂട്ടര്‍ ലാബില്‍നിന്നും സ്റ്റാഫ്‌റൂമിലേക്ക്‌വന്ന

ഷില്‍നാമിസ്സ്‌പിറുപിറുത്തു.

“ മായാമിസ്സ് ,ഇത്തവണ എക്സാമിന് ഇവിടെ ചിലതൊക്കെ നടക്കും ”

തന്‍റെ  പുസ്തകങ്ങള്‍ ടേബിളില്‍ അടുക്കിയൊതുക്കി വെയ്ക്കുന്നതിനിടെ 

ഷില്നാമിസ്സ് അടക്കം പറഞ്ഞു .

“ എന്ത് ? ”

“ കഴിഞ്ഞ എക്സാമിന്  എച്ച് .എം  സൈമണ്‍സര്‍  നമ്മുടെ

ജിലാമിസ്സു വഴി അദ്ദേഹത്തിന്‍റെ കൊച്ചുമോള്‍ക്ക് അറിയാത്ത എല്ലാ

ചോദ്യങ്ങളുടെയും ,ഉത്തരം പറഞ്ഞു കൊടുത്തു .എന്ത് വൃത്തികേടാ

ഇതെന്നു നോക്കിയെ .സ്വന്തം പദവി ദുര്‍വിനിയോഗം   ചെയ്യാന്‍ ഒരു

മടിയുമില്ലാത്ത  മനുഷ്യന്‍ ,ഈ ജിനി മിസ്സ് പ്രതികരിച്ചാല്‍ 

തീര്‍ച്ചയായും നമുക്കും ഇടപെടണം .”

ഞാന്‍ അല്‍പ്പനേരം നിശബ്ദയായിരുന്നു .ഫോര്‍ത്ത്‌  സ്ടാന്‍ടെര്‍ഡില്‍

പഠിക്കുന്ന കൊച്ചുമോള്‍ക്ക് വേണ്ടി എച്ച് .എം കാണിച്ചു കൂട്ടുന്ന പല

കാര്യങ്ങളും സ്റ്റാഫിന്‍റെ ഇടയില്‍ ചര്‍ച്ചാവിഷയമാണ്.പക്ഷെ പലരും

പ്രതികരിക്കാന്‍ മടിക്കുന്നു  മറ്റുചിലര്‍ അതിന് പറ്റുംവിധം

പ്രോല്‍സാഹനം കൊടുക്കുന്നു .ആ ക്ലാസ്സില്‍ തന്നെയാണ് ജിനിമിസ്സിന്‍റെ

മോളും പഠിക്കുന്നത് .എത്രയൊക്കെ കഷ്ട്പെട്ട് മറ്റുകുട്ടികള്‍ പഠിച്ചാലും

ഇതുപോലെ പല അട്ടിമറികളും നടത്തി ഒടുവില്‍ ഒന്നാം സ്ഥാനം

എചെമ്മിന്‍റെ കൊച്ചുമോള്‍ നേഹയ്ക്ക് തന്നെയായിരിക്കും .

“ഒന്നും പ്രതികരിക്കാതിരിക്കുകയാണ് ഉത്തമം ,കാരണം നമ്മള്‍

എന്തൊക്കെ പറഞ്ഞാലും വീണ്ടും ഇതുപോലൊക്കെ ചെയ്തു

കൊടുക്കാന്‍ നമുക്കിടയില്‍ തന്നെ ഇഷ്ടം പോലെ ആള്‍ക്കാരുണ്ട് ,പിന്നെ

ഈ കള്ളത്തരം ചെയ്ത് എന്ത് ഭൌതിക നേട്ടമുണ്ടാക്കിയാലും

ആത്യന്തികമായി അദ്ദേഹം ആ കുട്ടിയെ നശിപ്പിക്കുകയാണ് .സ്വന്തം കുഴി

താന്‍ തന്നെ തോണ്ടുന്നു എന്ന്  കരുതിയാല്‍ മതി .മറ്റു കുട്ടികള്‍

നന്നായി പഠിച്ചു മിടുക്കരായി വരുമ്പോള്‍ സൂത്രപ്പണികളിലൂടെ മാത്രം

മുന്‍പന്തിയില്‍  നില്‍ക്കാന്‍ എപ്പോഴും കഴിഞ്ഞൂന്നു വരില്ലല്ലോ ,പിന്നെ 

ജിനിമിസ്സ് മോളെ  ഈ അനീതിയൊന്നും കണ്ടു വിഷമിക്കരുതെന്നു 

പഠിപ്പിച്ചിട്ടുമുണ്ട് ”

ഞാന്‍ എന്‍റെ അഭിപ്രായം പറഞ്ഞു .എന്നെ ഒരു മാത്ര തുറിച്ചു നോക്കി

ഷില്നാമിസ്സ്‌ പിറുപിറുത്തു .

“ഓ ഈ ഫിലോസഫിയൊന്നും എനിക്ക് ദഹിക്കില്ല “

“അനീതി ചെയ്യുന്നവന്‍ ഇനിയും അനീതി ചെയ്യട്ടെ ,അഴുക്കുള്ളവന്‍

ഇനിയും അഴുക്കാടട്ടെ .നീതിമാന്‍ ഇനിയും നീതി ചെയ്യട്ടെ ,വിശുദ്ധന്‍

ഇനിയും തന്നെ വിശുദ്ധികരിക്കട്ടെ ...”

ജിനി മിസ്സ്‌ വെളിപ്പാടുപുസ്തകം നിവര്‍ത്തി വായന തുടരവേ 

ഷില്നാമിസ്സ്‌ പുസ്തകങ്ങളും പെറുക്കിയെടുത്ത്  കമ്പ്യൂട്ടര്‍ 

റൂമിലേയ്ക്ക് ഓടി .

പാത്രം നഷ്ട്ടപ്പെട്ട കുട്ടി

ബെല്ലടിച്ചു ! ഈ പീരീഡ്‌ ഫസ്റ്റ്.ബി യില്‍ ഇ. വി .എസ് ആണ് 

.തിളങ്ങുന്ന കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമായി പൂത്തുമ്പികളെ 

പോലെ പാറിപ്പറക്കേണ്ടുന്ന ബാല്യം ..ക്ലാസ്സ്‌ മുറികളില്‍ ഭാരിച്ച 

ചുമതലാ ബോധത്തോടെ നിവര്‍ന്നിരിക്കുകയാണ്!മത്സരങ്ങളുടെ ഈ 

ലോകത്ത് ഞങ്ങളും പിന്നോട്ടല്ലഎന്ന,ഉറച്ചതിരുമാനത്തോടെ!മഴയുടെ

ശക്തി കൂടിക്കൂടി വരികയാണ് ,മഴയുടെ ഈ പെരുമ്പറയൊച്ചയെ   

അതിജീവിയ്ക്കാന്‍,ഇന്നിനിവയ്യ.അല്‍പ്പം നോട്ട്സ്കൊടുക്കാം.ബെല്ലടിയ്ക്കാന്‍ 

അഞ്ചു മിനിട്ട് മാത്രം ബാക്കി നില്‍ക്കെ ഫസ്റ്റ് ബെഞ്ചിലിരിക്കുന്ന ആര്‍ദ്രാ 

തോമസ്‌ തിടുക്കത്തില്‍ നോട്ട്സ് എഴുതിത്തീര്‍ത്ത് അരികിലെത്തി .

“മായാമിസ് ,ഞാനൊരു കാര്യം പറഞ്ഞോട്ടെ .”

മറ്റുള്ളവര്‍ കേള്‍ക്കാതെ വളരെ രഹസ്യമായാണ് അവളുടെ സംസാരം !

നല്ല മഴയുള്ള പകലുകളില്‍ വെളുത്തു പഞ്ഞിക്കെട്ടുപോലുള്ള ഒരു

പൂച്ചക്കുഞ്ഞ് ഉരുമ്മി ചേര്‍ന്നു നില്‍ക്കുന്നത് പോലെ അവളെന്നെ

തൊട്ടുരുമ്മി നില്‍ക്കുന്നു .
.
”അതേയ് ,മിസ്സേ, ഒരു പാത്രം കാണാതായി “

“ ലഞ്ചു ബോക്സ്‌ ആണോ ആര്‍ദ്രെ ?”

കുട്ടി ശിരസ്സിളക്കി ,

“അതല്ല മിസ്സേ ,ഇതിച്ചിരി വല്യ പാത്രാ ,മമ്മീടെ കയ്യിലിണ്ടായതാ . “


“ എന്നിട്ട് പോലീസൊക്കെ വന്നോ ? “

അവള്‍ ഒന്ന് കൂടി എന്നെ ചേര്‍ന്ന് നിന്നു .അവളുടെ ചുടു 

നിശ്വാസത്തിന് മില്‍ക്ക് ബിസ്ക്കറ്റിന്‍റെ ഗന്ധം .അതെന്‍റെ 

ചെവിയിലേയ്ക്കൂതി  അവള്‍ പറഞ്ഞു  ,

“ അയ്യേ ,പോലീസൊന്നും വന്നില്ല ,മിസ്സേ അതേയ് ,ആ പാത്രോണ്ടല്ലോ

,അത് ഞാന്‍ കിടന്ന പാത്രാ !മമ്മേടെ വയറ്റിലെ ,എനിക്കിനി വാവേം

ഉണ്ടാവില്ല “

ഒരു ഞെട്ടലോടെ ഞാന്‍ കുട്ടിയോട് ചോദിച്ചു

“ആരാ ഇത് മോളോട് പറഞ്ഞെ ? “

കുട്ടി എന്‍റെ കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചു നോക്കി

“എന്നോടിതു വല്യമ്മച്ചിയാ പറഞ്ഞെ “

അവളോടെനിക്ക് സഹതാപം തോന്നി .നീണ്ടു സമൃദ്ധമായ തലമുടി

പിന്നിക്കെട്ടി ,ലളിതമായ വേഷം ധരിച്ചു വരുന്ന തേനിന്‍റെ നിറമുള്ള ഒരു

യുവതി പുതുനാമ്പുകള്‍ മുളപൊട്ടാത്ത ഊഷരഭൂമി പോലെ !

കുഞ്ഞുങ്ങള്‍ എല്ലാം അറിയുന്നുണ്ട് ,ഉള്ളിലെ ഇത്തിരി പോന്ന

കാന്‍വാസില്‍ വരയ്ക്കാവുന്നതിലുമധികം ചിത്രങ്ങളുമായാണ് ഓരോ

കുഞ്ഞും നടക്കുന്നത് .ബെല്ലടിച്ചു..എന്‍റെ ഉള്ളില്‍ കനം തൂങ്ങുന്ന

വിഷാദത്തിന്‍റെ  ചരടുകള്‍ യാന്ത്രികമായി എന്നെ സ്റ്റാഫ്‌റൂമിലേക്ക് 

നയിച്ചു.

കുസൃതികളുടെ രാജാവ്

ലഞ്ച് ബ്രേക്ക് ആണ് .കലപില കൂട്ടി പാരി നടന്ന കുഞ്ഞിക്കിളികള്‍

അല്‍പ്പനേരത്തേയ്ക്ക് നിശബ്ദരായി .സ്റ്റാഫ്‌ റൂമില്‍ വല്ലാത്തൊരു നിശബ്ദത

തളം കെട്ടിനിന്നിരുന്നു ..ആരും ലഞ്ച് കഴിക്കാനുള്ള പുറപ്പാടും

കാണുന്നില്ല .ഞാന്‍ ,സാനി മിസ്സിനോട് കാര്യമാരാഞ്ഞു .സാനിമിസ്

മുഖമുയര്‍ത്തി കണ്ണുകളില്‍ നനവ്‌ ,

“മായ അറിഞ്ഞില്ലെ ?നമ്മുടെ  വിന്നിപോള്‍ ഇവിടെ നിന്നും

പോവുകയാണ്.”

തേര്‍ഡ് സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്ന വിന്നി കുസൃതികളുടെ രാജാവാണ്

.എന്നും ഒരു അടിയ്ക്കുള്ള വക അവന്‍ ഉണ്ടാക്കുമായിരുന്നു ..പക്ഷെ

അവനോടുള്ള അകല്‍ച്ച മാറ്റി അടുപ്പമാകാന്‍ എല്ലാവരും പിന്നീട്

മത്സരിക്കുകയായിരുന്നു .വിദേശത്തു ജോലി ചെയ്യുന്ന പേരെന്റ്സ്

,നാട്ടില്‍ പപ്പയുടെ വീട്ടില്‍ നിന്നു പഠിക്കുന്ന കുട്ടി ,നിയന്ത്രിക്കാനും

ശാസിക്കാനും ആരുമില്ല ,ഇനിയവന്‍ കുറച്ചു നാള്‍ മമ്മിയുടെ വീട്ടില്‍

നിന്നാണത്രെ പഠിക്കുന്നത് .എല്ലാവരുമുണ്ടായിട്ടും ആരുമില്ലാത്തവനെ

പോലെ ശൂന്യമായ ബാല്യം ! ഹെഡ്‌ മാസ്റ്റെരുടെ റൂമില്‍ നിന്നും ഇറങ്ങി

വന്ന വിന്നിയോടൊപ്പം അവന്‍റെ ഡാഡിയുമുണ്ടായിരുന്നു

.കുഞ്ഞിക്കൈകളിലെ ചോക്ലേറ്റ് എനിക്ക് നീട്ടി അവന്‍ പറഞ്ഞു ,

“ മായാമിസ്സ് ഞാന്‍ പോവാ...എന്നെ മറക്കല്ലേട്ടോ . “

അവന്‍ തന്ന ചോക്ലേറ്റിന്‍ കണ്ണീരിന്‍റെ നനവുണ്ടായിരുന്നു .ഒത്തിരി 

കുഞ്ഞുങ്ങളുടെ സന്തോഷവും ,കുസൃതികളും ആത്മ നൊമ്പരങ്ങളും പങ്കു

വെയ്ക്കാന്‍ കഴിയുന്ന ഈ അധ്യാപകവൃത്തി ഒരു ഭാഗ്യം തന്നെയല്ലെ !

മനസ്സിലെ ആഴമേറിയ മുറിവുണക്കാനുള്ള അത്ഭുതകരമായ കഴിവ്

കുഞ്ഞുങ്ങള്‍ക്കുണ്ട് .ചിരിക്കുന്ന കുരുന്നു മുഖങ്ങള്‍ കാണുമ്പോള്‍

ദുഖങ്ങള്‍ മറക്കാത്തവരായി ആരുണ്ട്‌ ?

ഫെയറി ടെയില്‍സ്‌  

ലഞ്ച് ബ്രെയ്ക്കിനു ശേഷമുള്ള ആദ്യ പിരീഡ് ഫ്രീ ആണ് പക്ഷെ നിതാ 

മിസ്സ്‌ ലീവായത് കൊണ്ട് കെ .ജി  ക്ലാസ്സില്‍ എക്സ്ട്രാ ഡ്യൂട്ടി ഇട്ടിട്ടുണ്ട് 

.അപ്രതീക്ഷിതമായി ഒരിടി വെട്ടി .വീശിയടിയ്ക്കുന്ന ശീതക്കാറ്റില്‍ 

ഒഴുകി മാറുന്ന സാരി ഒതുക്കിപ്പിടിച്ച് ക്ലാസ്സിലേക്ക് കയറി .

ഗുഡ്  ആഫ്ടര്‍ നൂണ്‍ മിസ്സ്‌ ! ““ മിസ്സേ ഒരു കഥ പറയാമോ ? “


എല്ലാ മുഖങ്ങളിലും സന്തോഷത്തിന്‍റെ നിറവ് .ഇത് പോലെ വല്ലപ്പോഴും

വീണുകിട്ടുന്ന അവസരങ്ങളില്‍ കെ .ജി യില്‍ പോകാനും അവര്‍ക്ക് കഥ

പറഞ്ഞു കൊടുക്കാനും ,അവരോടൊപ്പം കളിയ്ക്കാനും ഞാന്‍ മാത്രമേ

ഉണ്ടായിരുന്നുള്ളൂ .മറ്റുള്ളവര്‍ക്ക് അവിടെ പോകുന്നത് തന്നെ

ദേഷ്യമായിരുന്നു .കഥകളെ സ്നേഹിക്കുന്ന ,പൂക്കളും ,പൂത്തുംബികളും

,പൂമ്പാറ്റകളും നിറഞ്ഞ അത്ഭുത ലോകത്തേയ്ക്ക് പറന്നു പോകാന്‍

കൊതിയ്ക്കുന്ന പ്രായമാണിത് !മൂന്നു മുതല്‍ പത്തു വയസ്സു വരെയുള്ള

ഈ കാലഘട്ടം  നേരും ,നന്മയും ,ഭാവനയും  ഉത്ക്കര്‍ഷേച്ചയും

,സ്നേഹവും വിനയവും തളിര്‍ക്കുന്ന  കാലയളവാണ് ആ

കാലത്തിലേയ്ക്ക് അവരോടൊപ്പം   സഞ്ചരിക്കാന്‍ സമയം

കണ്ടെത്തുന്നവര്‍  ഭാഗ്യവാന്മാര്‍ ! ഇടിയുടെ കാഠിന്യം കൂടി വരുന്നു .

ശക്തമാകുന്ന കാറ്റ് !എന്‍റെ കഥ കേള്‍ക്കാന്‍ കാത്തിരിക്കുന്ന ഇവരുടെ 

കണ്ണുകളില്‍ സ്വര്‍ഗത്തോളം നിഷ്ക്കളങ്കത നിറയുന്നു ...അതെന്നോട്

പറയുന്നു

we want to hear fairy tales

we want to hear fairy tales….!"