Sunday, February 23, 2014

മൂന്നു മിനിക്കവിതകള്‍                    മിനി.പി.സി                                              


            
ചൂല്

“ഒരിക്കല്‍“ചൂലെന്നു” വിളിച്ചതിന്
ബന്ധം പിരിഞ്ഞുപോയവള്‍
ഈയിടെ തിരിച്ചെത്തി ബന്ധം
പുതുക്കിയതും പോരാഞ്ഞ്...
രണ്ടാം മധുവിധുവിന്‍റെ ആദ്യ രാത്രിയില്‍
പ്രിയന്‍റെ  കാതില്‍കൊഞ്ചി ,
“ഇനിയെന്നെ ചൂലെന്നു വിളിച്ചാല്‍മതി ”
അതുകേട്ട് സ്തബ്ധരായ
ഇടതും വലതും ചുവരുകളിലെ
താമരചിത്രങ്ങള്‍
താഴേയ്ക്ക് ഇടറിവീണു”

      


പശ്ചിമഘട്ടം

“അന്ന് പഠിച്ചതും പറഞ്ഞതും സത്യം
പ്രകൃതിയില്ലെങ്കില്‍ മനുഷ്യനില്ല
ഇന്ന് പഠിച്ചിട്ടും പറയുന്നത് മിഥ്യ
പ്രകൃതിയെന്തിനാ ? മനുഷ്യന്‍ മതി ! ”
                  


     
തെരുവുയുദ്ധം

“ആര് ഭരിച്ചാലും  തെരുവില്‍
പോലീസും പ്രവര്‍ത്തകരും
പെട്രോള്‍ബോംബും, ഗ്രനേഡുകളും
കൊണ്ടും കൊടുത്തും .”

Friday, February 14, 2014

എന്‍റെ മഞ്ചുകുട്ടികഥ                  
          മിനി .പി.സി

ഇന്ന് –ഫെബ്രുവരി- 14.........വാലന്‍റൈന്‍സ് ഡേ

സ്ഥലം –എന്‍റെ  സ്കൂള്‍ലൈബ്രറി

ഞാന്‍ - നിഖില്‍മനോജ്‌, +2 കമ്പ്യൂട്ടര്‍വിദ്യാര്‍ഥി

സമയം- 1.10 pm

ലഞ്ച് ബ്രെയ്ക്കാണിപ്പോള്‍

ഞാനിന്ന് ലഞ്ച് കൊണ്ടുവന്നിട്ടില്ല ..തീരെ വിശപ്പില്ല...ദാഹവും ! 

ബെല്ലടിച്ച ഉടനെ ഇവിടെ വന്ന് ഇന്നത്തെ ന്യൂസ്പേപ്പറില്‍ തലയും 

പൂഴ്ത്തിയിരിക്കുകയാണ് ,ഐ.പി.എല്‍ ലേലവും ,കുരുമുളക് 

സ്പ്രേയുമൊക്കെ വീണ്ടും വീണ്ടും വായിക്കാനല്ല ഈ ഇരിപ്പ് , ഇത് 

ഒരാളെയും പ്രതീക്ഷിച്ചുള്ള ഇരിപ്പാണ് ,എന്‍റെ മഞ്ചുകുട്ടിയെ ! 

അതിനിടയ്ക്ക് ആരുമെന്നെ  പിടികൂടാതിരുന്നെങ്കില്‍ അവര്‍ക്ക് 

കൊള്ളാമായിരുന്നു ! ആരും വരാന്‍ സാധ്യതയില്ല പുറമേ 

പ്രണയദിനാഘോഷങ്ങള്‍ തകൃതിയായി നടക്കുകയാണ് ,തകൃതി 

എന്നുവെച്ച് ഒച്ചയും ബഹളവുമോന്നും ഉണ്ടാക്കിയല്ല ...ടീച്ചേഴ്സ് 

അറിയാതെ വളരെ ഒതുക്കത്തില്‍.....ക്ലാസ്‌മുറികളില്‍....കോറിഡോറില്‍...

ഗോവണിയില്‍...ഗോവണിചുവട്ടില്‍...കാന്റീനില്‍...കാന്റീനിനുപുറകില്‍....

ഓഡിറ്റോറിയത്തില്‍..ഭാഗ്യത്തിന് ഇതിനകത്ത് ഇപ്പോള്‍ ഞാനല്ലാതെ 

വേറാരുമില്ല .... ലൈബ്രേറിയന്‍ ചൂടന്‍ മാത്യൂസര്‍ ലഞ്ചിനു പോയ 

തക്കം നോക്കിയാണ് ഞാന്‍ വന്നത് ...ഇന്ന് കൂടുതല്‍ സമയം ആര്‍ക്കും 

ചിലവഴിക്കാനില്ല ...ഉച്ചയ്ക്ക് പ്രാക്ടിക്കല്‍ എക്സാമുള്ളതാണ് !

“ ബ്രോ...നീയെങ്ങോട്ടാ ?”

ക്ലാസുകഴിഞ്ഞ്  പുറത്തേയ്ക്കോടവെ  എന്‍റെ അലമ്പു ഫ്രണ്ട്‌സിലൊരു-

ത്തന്‍റെ സംശയം .അവന്‍ ഫഹദ്‌ഫാസിലിന്‍റെ ഫാനാണ് ! അതുകൊണ്ട് 

അവനിന്ന് ഫ്രീയാണ് കാരണം അവന്‍റെ കുട്ടി ഇപ്പോള്‍ യു.കെ.ജിയില്‍ 

ആയിട്ടെ ഉണ്ടാകുള്ളുവത്രേ....വളര്‍ന്നു വലുതാവട്ടെ പതിനൊന്നു വര്‍ഷം 

കഴിഞ്ഞെ പ്രണയത്തെ കുറിച്ച് അവന്‍ ചിന്തിക്കുന്നുള്ളുവെന്ന് !

“ ഡ്യൂഡ്... അവന്‍ എങ്ങോട്ടെങ്കിലും പോട്ടെ ...അവന് ഈ 

സെലിബ്രേഷനിലൊന്നും ഒരു താല്പ്പര്യവുമില്ല , ചില "ഓള്‍ഡ്‌ 

ജെനറേഷന്‍ ക്രാബ്സിനെ"  പോലെ ! ...ഈ വാലന്‍റൈന്‍സ് ഡേയ്ക്ക് 

കണ്ണുകിട്ടാതെ എവിടെങ്കിലും ഇരുന്നോട്ടെ ...ഹഹഹ ”

മറ്റൊരു അലമ്പന്‍...ഇവന്‍ ഫുട്ബോളര്‍.. ഇബ്രഹാമോവിച്ചിന്‍റെ   

ആരാധകനാണ് അതുകൊണ്ട്  അവന്‍റെ  പ്രണയം മുതിര്‍ന്നവരോടാണ്  

അതും ഞങ്ങളുടെ ഫിസിക്സ് ടീച്ചറോട്....ഒരു വണ്‍വേ പ്രണയം !.

         ഞാന്‍ ഒന്നും മിണ്ടിയില്ല ....അങ്ങനെ ഞാന്‍ എല്ലാവര്‍ക്കും, 

മുന്‍പില്‍ ഒരു പ്രണയവിരോധിയായി,പ്രണയദിനവിരോധിയായി... 

എന്നെ കാത്തുസൂക്ഷിച്ചു ...എന്നും ഈ സമയത്ത് എന്‍റെ മഞ്ചുകുട്ടി 

ലൈബ്രറിയില്‍  വന്നിരിക്കാറുള്ളത് അറിഞ്ഞു തന്നെയാണ് ഞാന്‍ 

വന്നത് . എന്ന് കരുതി അവള്‍ക്കും അറിയില്ല എനിക്കവളോടുള്ള 

ഒടുക്കത്തെ പ്രണയം ! ഒരല്‍പ്പം റഫ്‌ആന്‍ഡ്‌ടഫ്‌ ഇമേജാണ് എനിക്കിഷ്ടം !
                

              ടെന്‍ത് സ്റ്റാന്‍ഡില്‍ പഠിക്കുമ്പോള്‍ നടന്ന ഒരു പസ്സില്‍ 

കോമ്പറ്റീഷനില്‍ വെച്ചാണ് അവളെ ഞാന്‍ ആദ്യം കാണുന്നത് ! 

ഏന്‍ഗെദിയിലെ മുന്തിരിച്ചക്കിലേയ്ക്ക് മറിഞ്ഞു വീണെന്നവിധം 

തുടുപ്പാര്‍ന്ന പിനോഫോറിന്‍റെ തുമ്പ് കാറ്റ് ഞൊറിഞ്ഞുനീക്കുന്നതറിയാതെ 

സങ്കീര്‍ണ്ണമായ ആ പസ്സിലും നോക്കി വായും തുറന്നിരുന്ന അവളോട് 

മറ്റാരും കേള്‍ക്കാതെ ഞാന്‍ പറഞ്ഞു ,

“ കുട്ടീ .പിനോഫോര്‍!”

അതുകേട്ടതും തെല്ലുനാണത്തോടെ കാറ്റിന്‍റെ കയ്യില്‍നിന്നും അത് പിടിച്ചു 

വാങ്ങി അവള്‍ നന്ദിയോടെ എന്നെ നോക്കിചിരിച്ചു , അന്ന്

കോമ്പറ്റീഷനില്‍ ജയിച്ച എന്നോട് ട്രീറ്റായി മഞ്ചു ചോദിച്ച അവള്‍ക്കും 

അവളുടെ ഫ്രണ്ട്സിനും മഞ്ചു  വാങ്ങിച്ചുകൊടുത്ത് എന്‍റെ 

ഫ്രണ്ട്‌ "കുരുവി" എന്ന കുരുവിളാ തോമസിന്  ഞാന്‍ നല്ലൊരു 

ബാധ്യതയായി  ! കുരുവിയുടെ കയ്യില്‍നിന്നും കടം വാങ്ങിയ ആ തുക 

തിരിച്ചു കൊടുത്തത് കഴിഞ്ഞ വെക്കേഷനാണ് , അതും സ്വന്തമായി 

അദ്ധ്വാനിച്ചുണ്ടാക്കി !  ....അപ്പോള്‍ കുരുവിയ്ക്കൊരു സംശയം

“ ആ പെണ്ണിനോട് നിനക്ക് ?”

“ നിനക്ക് വട്ടാണ് ബ്രോ . പ്രേമം എനിക്ക് അതും ആ പെണ്ണിനോട് .”

എന്‍റെ ആ പെര്‍ഫോമന്‍സില്‍ അവന്‍ വീണു ...ബെസ്റ്റ്‌ഫ്രണ്ടാണെങ്കിലും 

അവനൊരു റേഡിയോ മാങ്കോ ആണ് ! എന്തും നാട്ടില്‍പാട്ടാക്കും . 

അല്ലെങ്കിലും പരിശുദ്ധവും പാവനവുമായ എന്‍റെ പ്രണയം അവനല്ല 

...ആരും അറിയണ്ട ...

  ഇന്നെന്താ പതിവില്ലാതെ , ഇവിടെ ? ”

അയ്യോ ...എന്‍റെ മഞ്ചുകുട്ടിയാണ്....എന്‍റെ മേലാകെ വിറയ്ക്കാന്‍ 

തുടങ്ങുന്നു ...എങ്കിലും ഞാനുറച്ചു ...പിടികൊടുക്കില്ല ...ഇത്രയും നാള്‍ 

എന്‍റെ കണ്ണുകളും ഹൃദയവും പറഞ്ഞതൊന്നും,,മനസ്സിലായില്ലെങ്കില്‍വേണ്ട ....
“ രാവിലെ ന്യൂസ് പേപ്പര്‍ വായിക്കാന്‍  ടൈം കിട്ടിയില്ല .”

കൂടുതല്‍ മുഖം കൊടുക്കാതെ  ഞാന്‍ പറഞ്ഞു .

“ഉം......ഇന്ന് ഫ്രണ്ട്സൊക്കെ അവിടെ തകര്‍ക്കുന്നുണ്ടല്ലോ ,എന്തേ 

പോവാത്ത് ? ”

“ എനിക്കതിലൊന്നും ഒരു വിശ്വാസവുമില്ല.”

ഞാന്‍ വെറുതെ ജാടയെടുത്തു.

" എന്തില്‍ ? " 

അവള്‍ ചിരിയോടെ ചോദിച്ചു .

 " ഈ വാലന്റൈന്‍സ് ഡേ സെലിബ്രേഷനിലോന്നും .".

ഞാന്‍ കൂട്ടിച്ചേര്‍ത്തു .

" ഓ.കെ ...അപ്പോള്‍ ആരോടും ഇതുവരെ ഒന്നും തോന്നിയിട്ടില്ലേ ?"

"എന്ത് ?" 

ഞാന്‍ ഒന്നുമറിയാത്ത കുട്ടിയെ പോലെ അവളെ നോക്കി

" പ്രണയം !  "

"ഉവ്വ് ...അതിന് പ്രത്യേകിച്ചൊരു ദിവസം വേണോ ? " 

ഞാന്‍ വേദാന്തിയായി

"വേണമെന്നാണ് എന്‍റെ തോന്നല്‍, എനിക്കീ സെലിബ്രെഷനൊക്കെ വളരെ 

ഇഷ്ടമാണ് !ഒരാളോട് ഇഷ്ടമുണ്ടെങ്കില്‍ അത് തുറന്നു പറയുന്നതൊക്കെ "...

അവള്‍  മനസ്സ് തുറന്നു .

" എന്നിട്ട് ...പറഞ്ഞോ ? "

എന്‍റെ ഹൃദയം വെറുതെ.....ദൈവമേ ഇങ്ങനെയാണോ അറ്റായ്ക്കൊക്കെ 

ഉണ്ടാവുന്നത് ? ഞാനല്ലാതെ വേറാരെങ്കിലും ? വല്യ മസിലൊക്കെ 

പിടിച്ചിരുന്നത് കുഴപ്പമായോ ?

“ പറഞ്ഞില്ല ...പറയണം ...അല്ല നിനക്ക് എന്നോടിഷ്ടമുണ്ടോ ? സത്യം 

പറയണം .കാരണം പിന്നെ ചോദിച്ചില്ലെന്നു പറയരുതല്ലോ ...”

അവള്‍  സങ്കോചത്തോടെ നിര്‍ത്തി ...അത് എനിക്ക് സന്തോഷമായി 

...ഇവള്‍ക്ക് എന്നെ ഇഷ്ടമാണ് .പിടികൊടുക്കരുത് ഇവളില്‍ നിന്നുതന്നെ 

എനിക്കത് കേള്‍ക്കണം .

“ ഇഷ്ടമാണല്ലോ  ..എല്ലാ ഫ്രണ്ട്സിനെയും പോലെ ! ” ഞാന്‍ പറഞ്ഞു .

“ ഓ .കെ .അത്രേ ഉള്ളൂ ..എങ്കില്‍ എനിക്ക് നിന്നോടുള്ളത് എന്താണെന്ന്   
നീ കേള്‍ക്കണം ഞാന്‍ പറയുന്നതൊക്കെ  മൂളി കേള്‍ക്കണം  

 റെഡിയാണോ ? ” കുസൃതിയോടെ അവള്‍  ചോദിച്ചു ,

“ ചോദിയ്ക്ക് ...ചോദിയ്ക്ക് ................”

എന്‍റെ മനസ്സ് പറഞ്ഞു. അതിനല്ലേ ഞാനിവിടെ ഉച്ചയൂണ് പോലും 

കഴിയ്ക്കാതെ കാത്തിരുന്നത് ....എന്‍റെ കണ്ണുകള്‍ അവളിലെയ്ക്ക് നീണ്ടു .

..അവള്‍ തുടങ്ങി എന്‍റെ കണ്ണുകളിലേയ്ക്ക് നോക്കികൊണ്ടുതന്നെ ..........

“ എനിക്ക് നിന്നോട് ...”

“ ഉം ”

"കടലു പോലെ ........."

"ഉം"

"അല്ലല്ല ....ആകാശം പോലെ ........."

"ഉം"

" സ്നേഹം............."


“ ഉം ...സ്നേഹം ?” 

അത്രയുമായപ്പോഴെയ്ക്കും അവളുടെ  സ്നേഹം നിറഞ്ഞുകവിഞ്ഞ്. 

ഞാനതില്‍ മുങ്ങിത്താഴുമോ എന്ന് ഞാന്‍ പേടിച്ചു .

അവള്‍ വീണ്ടും പറഞ്ഞു

" സ്നേഹം..............."

"ഉം........................പറയൂ ...."

"സ്നേഹമില്ല......ഇല്ല .....ഒരു തരിപോലും ഇല്ലല്ലോ ”

ഒരു പൊട്ടിച്ചിരിയോടെ അതും പറഞ്ഞ് അവിടെ നിന്നും അവള്‍ 

ഇറങ്ങിപ്പോകെ ആശ്വാസത്തോടെ  ഞാന്‍ വിയര്‍ത്തൊഴുകുന്ന മുഖം 

തുടച്ചു....എന്നിട്ട് മനസ്സില്‍ ഉറപ്പിച്ചു ....

“ എന്‍റെ പ്രിയപ്പെട്ടവളെ  ഇതാണ് നമ്മുടെ പ്രണയം ! പറയാതെ നീ 

പറഞ്ഞ പ്രണയത്തിന്‍റെ മധുരം പുറമെ നടക്കുന്ന ബാഹ്യമായ ഈ

ആഘോഷങ്ങള്‍ക്ക് ചിന്തിക്കാവുന്നതിനുമൊക്കെ എത്രയോ മുകളിലാണ്! ”