Friday, December 6, 2013

കവിത............................എന്‍റെ കളിച്ചങ്ങാതിയ്ക്ക്



                         മിനി പി സി
         





ചങ്ങാതീ ,നമുക്ക് വലുതാവണ്ട
വലുതായാല്‍ നമ്മളാണും പെണ്ണുമാവും
അതുവേണ്ട
നമുക്കിങ്ങനെ കുഞ്ഞുങ്ങളായിരിക്കാം..
ആകാശത്തൂടെ നടന്നും
കടലില്‍ കുളിച്ചും
സൂര്യനെ പിടിക്കാനാഞ്ഞും
അമ്പിളിമാമന്‍റെ മടിയിലിരുന്നും
നക്ഷത്രങ്ങള്‍ പെറുക്കി
കൊത്താങ്കല്ലാടിയും
കണ്ണിമാങ്ങ തിന്നും
കണ്ണുപൊത്തിക്കളിച്ചും
മണ്‍കൂടാരങ്ങള്‍ മെനഞ്ഞും
നുണക്കഥകള്‍ പറഞ്ഞും
നമുക്ക് കളിക്കണ്ടേ ?
ഇടയ്ക്ക് നിന്നെ തട്ടിവീഴിച്ച്
മുട്ടുപൊട്ടി നീ കരയുമ്പോള്‍
കരയല്ലേയെന്ന് നെഞ്ചിടറിപ്പറയാന്‍
കണ്ണീരുണങ്ങിപ്പിടിച്ച കവിളില്‍
വിശുദ്ധമുത്തങ്ങള്‍ നല്‍കാന്‍
പിന്നെ കുഞ്ഞിക്കൈകള്‍ കോര്‍ത്തുവെച്ച്
ഋതുക്കളിലേയ്ക്ക്
പൂമ്പാറ്റകളായ്പറന്നു പോകാന്‍ .......
നിന്നെ എന്നെയെന്നപോലെ-
-യേറെ സ്നേഹിക്കാന്‍
നമുക്ക് കുഞ്ഞുങ്ങളായിരിക്കാം !
നമുക്ക് വലുതാവണ്ട
വലുതായാല്‍ നമ്മളാണും പെണ്ണുമാകും

Thursday, November 28, 2013

ഷി-ടാക്സിയുംഅന്തോണീസ്‌പുണ്യാളനും



മിനിക്കഥ                            മിനി പി സി
                  


ഷി-ടാക്സി വരുന്നതിന്‍റെ ഭാഗമായി അന്തോണീസു പുണ്യാളന്‍റെ ഇന്‍ബോക്സിലെയ്ക്ക് ലോലയും മാലയും ഷീലയും അടക്കമുള്ള ഒരുപാട് വനിതാരത്നങ്ങളുടെ മെസേജുകളുടെ പ്രളയമായിരുന്നു ! എല്ലാറ്റിലും

“ ന്‍റെ അന്തോണീസു പുണ്യാളാ തട്ടുകെടോന്നും വരുത്താതെ കാര്യങ്ങളൊക്കെ ഒന്ന് സ്കൂട്ടാക്കി തരണേ.” എന്നായിരുന്നെങ്കില്‍ ..
അത് വായിച്ചതിന്‍റെ തട്ടുകേട്‌ മാറ്റാന്‍ അടുത്തത് തിരയുമ്പോള്‍ കിട്ടുക ആണ്‍പ്രജകളുടെ അതിലും വലിയ പരിദേവനങ്ങളാണ് ,

“ എന്‍റെ പുണ്യാളോ .എവളുമാരെ നിരത്തിലിറക്കി ബാക്കിയുള്ളോര്‍ക്ക് പണിയാകാതിരിക്കാന്‍ ദൈവംതമ്പ്രാനോട് മുട്ടിപ്പായിട്ട് അപേക്ഷിക്കണെ ”
അത് വായിക്കുമ്പോള്‍ പുണ്യാളന് ഒരു കലിപ്പ് വരും .

“എന്തടാ നെനക്കൊക്കെ ഇത്രയ്ക്ക് കൃമികടി ? അവരും സ്കൂട്ടാകട്രാ !”

“ ഓ എന്തോന്ന് സ്കൂട്ടാകാനാ ...നമക്ക് കാണാം ,ഒടുവില് പുണ്യാളന്‍ ദുഖിക്കേണ്ടി വരും ...നോക്കിക്കോ ഞങ്ങളാ പറേണെ ”
അവരും വിട്ടുകൊടുക്കില്ല .ഒടുവില്‍ അവരുടെ പരിഭവവും പരാതിയും കേട്ടുകേട്ടു സഹികെട്ട പുണ്യാളന്‍ ഷി-ടാക്സി പദ്ധതി നിലവില്‍ വരും മുന്‍പ് ഒരു ദിവസം ലോലയോട് ചോദിച്ചു ,

“ ഡീ , നെനക്ക് ലൈസന്‍സ് കിട്ടീട്ട് എത്ര നാളായി ?”

“ അദക്കെ കൊറേ കാലായി .”

“നീ നല്ലോണം ഓടിക്ക്യോ ? ”

“ പിന്നെ ! റോഡു നെയമോക്കെ അരച്ച് കലക്കീട്ട്ണ്ട് !”

“ ന്നിട്ട് , കുടിച്ചില്ല്യെ ?”

“ വഴ്യെ കുടിക്കാലോ ...”

“ ന്നാ...ഇന്ന് നിന്റ്യോക്കെ വണ്ടീല്‍ എന്നേം കൊണ്ട് ഒരു ട്രയല് കറക്കം നടത്ത്..ന്നിട്ടു വേണം നിന്റ്യോക്കെ അപേക്ഷ മോളിലോട്ടു ഫോര്‍വേര്‍ഡ് ചെയ്യണോ, നീയൊക്കെ ഷി -ടാക്സി ഓടിക്കണോ വേണ്ടയോന്നു തീരുമാനിക്കാന്‍.

“ യ്യോ ...അത്രെള്ളോ ....പുണ്യാളന്‍ വന്നു വണ്ടീക്കേറ് .പുണ്യാളനെ ഒന്ന് സ്കൂട്ടാക്കിത്തരും  ഞാന്‍ ! ”

ആകെ മേലാസകലം രോമാഞ്ചം പൂത്തിറങ്ങിയ ലോല ഡ്രൈവിംഗ് സീറ്റില്‍ചാടിക്കേറിയിരുന്നു .

“ ഒക്കെ നോക്കീം കണ്ടും വേണംട്ടാ ....ചെലര്‍ക്ക് പ്രതിഷേധംണ്ടെന്ന് അറിയാലോ...”
പുണ്യാളന്‍കൊടുത്ത മുന്നറിയിപ്പിനെ കാറ്റില്‍ ഊതിപറത്തി ലോല ചിരിച്ചു ,

“ഉം ...ആ ചെലര് ആണുങ്ങളാ ...പന്നോള് ,എത്രണ്ണാ ദിവസോം കുടിച്ച് വണ്ടിയോടിച്ച് അപകടോണ്ടാക്കുണു ...അതിനൊന്നും ആര്‍ക്കും കൊഴപ്പോലല്ലോ ,ഞങ്ങള് നെരത്തിലെറങ്ങട്ടെ അപ്പോ കാണാം. എല്ലാ യാത്രക്കാരും പറേം ഇനി ഷി-ടാക്സീലെ കേറൂന്ന് .അവന്മാര്‍ക്ക് കഞ്ഞികുടി മുട്ട്വോന്ന പേടീണ്ടാവും....ഹാഹഹാ...”

ലോലയുടെ താളമില്ലാത്ത ചിരിയോടൊപ്പം ഓരോ ഗട്ടറിലും ചാടിയുലഞ്ഞ് കലൂരെത്തി ,അവിടെ ഒരു വന്‍ട്രാഫിക്‌ബ്ലോക്കും  സൃഷ്ടിച്ച് ആ വണ്ടിയങ്ങനെ അനങ്ങാപ്പാറ പോലെ നില്‍ക്കെ ചുറ്റുമുള്ള ആളുകളുടെ ചീത്തവിളി കേട്ട് നാണിച്ച് തലകുനിച്ചിരുന്ന പുണ്യാളനോട് ലോല കൂളായിട്ടു പറഞ്ഞു 
“ ആദ്യായതോണ്ടാ  പുണ്യാളനിത്രയ്ക്ക് ചമ്മലും നാണംകേടും ,സ്ഥിരാവുമ്പോ അദൊക്കെ ശര്യായിക്കോളും ...”

അതുകേട്ട് ചുട്ടുപൊള്ളുന്ന വെയിലില്‍ അകത്തിരുന്നു ഫ്രൈഡ്റൈസു പോലെ പൊരിഞ്ഞുപോയ പുണ്യാളന്‍ വറ്റിവരണ്ട തൊണ്ടപൊട്ടുമാറുച്ചത്തില്‍
“ ആഹാ അപ്പൊ ഇത് സ്ഥിരാക്കാനാണോഡീ , നിന്റ്യോക്കെ പരിപാടി ?മര്യാദയ്ക്ക് വണ്ടിയോടിക്കാന്‍ പഠിക്കാത്ത ഒറ്റയെണ്ണം പോലും ഷി –ടാക്സീടെ പേരില് മനുഷ്യനെ ചുറ്റിക്കാന്‍ മേലില് സഹായോം ചോദിച്ചോണ്ട് വന്നേക്കരുത് .” 
എന്നലറിക്കൊണ്ട് അവളുടെ  തലയ്ക്കിട്ട് ഒരു കിഴുക്കു വെച്ച്കൊടുത്തു ! ആ കിഴുക്കു കിട്ടിയ പകപ്പില്‍ അരച്ചുകലക്കി വെച്ചിരുന്ന റോഡു നെയമങ്ങളൊക്കെ ലോല  ഒറ്റവലിക്ക് കുടിച്ചുതീര്‍ത്തു  പിന്നെ താനുണ്ടാക്കിയ  കുരുക്ക് സമര്‍ഥമായി അഴിച്ച് പുണ്യാളനെ ദയനീയമായി ഒന്നു നോക്കി എന്നിട്ട് പതുക്കെ പറഞ്ഞു 

'' ന്‍റെ പുണ്യാളാ എന്നോട് ക്ഷമിക്ക്, ഇത്തിരി പരിചയക്കൊറവ്ണ്ട്, ഒക്കെ ഷി-ടാക്സി വരുമ്പളെയ്ക്കും ഞാന്‍ ശരിയാക്കിക്കോളാട്ടാ.." അതുകേട്ട് അല്‍പ്പമൊന്നു തണുത്ത പുണ്യാളനെ  പള്ളിയില്‍ കൊണ്ടുവിട്ട് തിരിച്ചു വരും വഴി  ലോല മനസ്സുരുകി പ്രാര്‍ഥിച്ചത് അവള്‍ക്കു വേണ്ടി മാത്രമല്ലായിരുന്നു എല്ലാ പെണ്‍-ടാക്സി ഡ്രൈവേര്‍സിനും വേണ്ടി കൂടിയായിരുന്നു ,
'' ന്‍റെ പുണ്യാളാ,ഞങ്ങളെ എല്ലാരെയും അങ്ങട് ഏല്പ്പിക്ക്യാ പരിപാടിയൊക്കെ തോടങ്ങുമ്പേ ,തട്ടുകേടൊന്നും വരുത്താതെ കാത്തോളണേ...''