Wednesday, January 30, 2013

മിനിക്കവിത

  മിനിക്കവിത                                   മിനി .പി.സി 



                                 കുറുമ്പി




                                


" എപ്പോഴാണ്   നിന്‍റെ   സ്വപ്നങ്ങളില്‍ വേലിയേറ്റമുണ്ടാകുന്നത്  ,

അപ്പോഴാണ്  നീ  കടലിന്‍റെ   ശാന്തതയ്ക്ക്  അപരാധമാകുന്നത്  !

അപ്പോള്‍  കാണാദൂരങ്ങള്‍  നിനക്ക് കാണാനാവുന്നു ,

നിന്‍റെ  ചിന്തകള്‍  ഫീനിക്സ് പക്ഷികളായ്  പറന്നുപൊങ്ങുന്നു  ,

നിന്‍റെ  വാക്കുകള്‍    മൂര്‍ച്ചവെച്ച്  ചക്രവാളത്തിനപ്പുറമെത്തുന്നു ,

നിന്‍റെ  ചിരി  സുനാമിത്തിരകളായ്‌  തീരം  വിഴുങ്ങുന്നു ....

അങ്ങനെ  നിന്‍റെ  ചിരിയും ,സ്വപ്നങ്ങളും കവര്‍ന്ന

തീരം നോക്കി ഞാന്‍  നെടുവീര്‍പ്പിടവെ  ,

വാക്കും , നോക്കും  മിനുക്കിയ  നിന്‍റെ  കാതില്‍

അരുമയോടെ  കടല്‍ വിളിക്കും     " കുറുമ്പി "     "

Thursday, January 24, 2013

മിനിക്കഥ                                                                    മിനി  പി സി

                                      നല്ല  ശമരിയാക്കാര്‍


                                                                                                                                                 
നരകം        നാണിക്കുന്ന            ക്രൂരപീഡനങ്ങള്‍ക്കൊടുവില്‍    ആ പൊതുനിരത്തിലേയ്ക്ക് അവര്‍ എന്നെ നിര്‍ദാക്ഷിണ്യം  വലിച്ചെറിഞ്ഞു .ആ മരം കോച്ചുന്ന തണുപ്പില്‍  പരിപൂര്‍ണ്ണ നഗ്നയായി  മരണം മണത്തു  കിടന്ന എന്നെ  കടന്ന്  നിങ്ങളോരോരുത്തര്‍   പോയപ്പോഴും  ഞാന്‍ എന്തൊക്കെയോ പ്രതീക്ഷിച്ചു , പക്ഷെ .....ഒരു   തുണിക്കീറു കൊണ്ട്  എന്‍റെ നഗ്നത    മറയ്ക്കാന്‍   പോലും മിനക്കെടാതെ നിങ്ങള്‍  കടന്നുപോയി . ഒടുവില്‍  രക്തം വാര്‍ന്ന് , തണുത്തുറഞ്ഞു  ഞാന്‍ മരിച്ചതിനു പുറകെ  നിങ്ങള്‍  എനിക്ക് വേണ്ടി  സംഘടിച്ചു .....അലറിവിളിച്ചു ,പ്രതിഷേധിച്ചു .   അതുകണ്ട്  എന്‍റെ  ആത്മാവ്  വേദനയോടെ  മന്ത്രിച്ചു   " നല്ല   ശമരിയക്കാര്‍  !  ".