Sunday, December 22, 2013

ക്രിസ്തുമസ് ഗിഫ്റ്റ്‌



കഥ                     
          മിനി പി സി
        ക്രിസ്തുമസ് ഗിഫ്റ്റ്‌


തിരുപ്പിറവിയാഘോഷങ്ങളോടനുബന്ധിച്ച് ഇത്തവണ തബീഥ ടീച്ചറുടെ ഇടവകപ്പള്ളിയില്‍ മൂന്നു മല്‍സരങ്ങളാണ് ഉണ്ടായിരുന്നത് പുല്‍ക്കൂടുമല്‍സരം ,കരോള്‍ഗാനമത്സരം, ബെസ്റ്റ്‌സാന്താമത്സരം .കൃത്യം അഞ്ചു മണിയ്ക്കു തന്നെ മത്സരങ്ങള്‍ ആരംഭിച്ചു ഇപ്പോള്‍ അവസാന ഇനമായ കരോള്‍ഗാന മല്‍സരത്തിലെ അവസാനപാട്ടാണ് സ്റ്റേജില്‍ നടന്നുകൊണ്ടിരിക്കുന്നത്  ആ പാട്ടില്‍ലയിച്ചു ചേര്‍ന്ന് ഓഡിറ്റോറിയത്തിന്‍റെ ഏറ്റവും പുറകിലെ പില്ലറും ചാരിയിരിക്കുകയായിരുന്നു ടീച്ചര്‍!

“ മിന്നാമിന്നി പോലെ മിന്നി താരമെങ്ങും
കണ്ണീരിന്‍റെ മന്നില്‍മന്നാ പെയ്തുവല്ലോ
മിന്നി താരമെങ്ങും മിന്നാമിന്നി പോലെ
മന്നാ പെയ്തുവല്ലോ  കണ്ണീരിന്‍റെ മന്നില്‍
ആഹാ...ഉന്നതനെ വാഴ്ത്ത്തീടാം ഉച്ചസ്വരത്തോടെ
ഭിന്നതയാം ചങ്ങലകള്‍പൊട്ടിനുറുങ്ങട്ടെ.. ”

അങ്ങനെ സ്വയം മറന്നിരുന്ന ടീച്ചറെ ലിബിന്‍കുലുക്കി വിളിച്ചു ,ബെസ്റ്റ്‌സാന്താക്ലോസായി തിരഞ്ഞെടുക്കപ്പെട്ട അവന്‍ ആ ത്രില്ലില്‍ വേഷം പോലും മാറിയിരുന്നില്ല ,

“ടീച്ചറെ ,,,,,,,”

അപ്രതീക്ഷിതമായി ആ വിളികേട്ട് ഞെട്ടിയെഴുന്നേറ്റ ടീച്ചര്‍ തന്നെനോക്കി നില്‍ക്കുന്ന ക്രിസ്തുമസ് അപ്പൂപ്പനോട് വിറയലോടെ ചോദിച്ചു ,

ആരാ ?
അതുകേട്ട് തന്‍റെ മുഖംമൂടി മാറ്റി ലിബിന്‍ചിരിച്ചു .

"ഞാനാ ടീച്ചറെ !"
"ആ ലിബിനാരുന്നോ ?"
ടീച്ചര്‍പെട്ടന്നുള്ള അമ്പരപ്പ് മാറി ചിരിച്ചു.
"എന്താ ലിബിന്‍?"
"  നമ്മള്‍ എപ്പോഴാ ഗിഫ്റ്റ്‌ കൈമാറുന്നെ? പ്രൈസ് ഡിസ്ട്രിബ്യൂഷന്‍ കഴിയുമ്പോള്‍ എല്ലാവരോടും കൊടി മരത്തിന്‍റെ അടുത്തല്ലേ വരാന്‍ പറഞ്ഞിരുന്നത് ?”
“ ഉം”
“ ടീച്ചറെ പുല്‍ക്കുടിന് നമ്മുടെ സണ്‍ഡേസ്കൂളിനാ ഫസ്റ്റ്
ചിലരുടെയെല്ലാം  പുല്‍കൂടില്‍ മാര്‍ബിളും ഗ്രാനൈറ്റിന്‍റെ
പീസുകളുമൊക്കെയാണ് വിരിച്ചിരിക്കുന്നത് ”

“ ആണോ? ”

ടീച്ചര്‍ക്ക്‌ചിരിയടക്കാനായില്ല

“ഇന്നലെയുണ്ടല്ലോ ടീച്ചറേ ഞങ്ങളുടെ ക്ലബിന്‍റെ ക്രിസ്തുമസ് ആഘോഷങ്ങളായിരുന്ന ആ പുല്‍ക്കൂട് ഒന്ന് കാണണമായിരുന്നു മൊത്തം ഗ്രാനൈറ്റൊക്കെ വിരിച്ച് സ്റ്റൈലാരുന്നു ,ഉണ്ണീശോയ്ക്ക് പണ്ടത്തെപോലെ ഒരു കുറവും വരരുതല്ലോ .മറിയമായിട്ടു നിന്നത് ഞങ്ങടെ വീടിനടുത്തുള്ള വെട്ടുപോത്തിന്‍റെ  മുഖമുള്ള ഒരു ചേച്ചിയാ!  യൌസെഫ് പിതാവാണെങ്കി നാല്കാലില് ആടിയാടിയാ നിന്നെ. “എന്നാ തണുപ്പാ രണ്ടു പെഗ്ഗടിക്കാതെ മനുഷ്യന്‍മരവിച്ചു ചാവും” എന്നു പറഞ്ഞ് ആട്ടിടയന്‍മാരും പുള്ളിയും കൂടി ഒന്ന് കൂടിയതിനു ശേഷമാ സ്റ്റേജില്‍കേറിയേ ഓ...... എന്നാ രസമായിരുന്നു ഞങ്ങളൊക്കെ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി .”

“ അനുസ്മരണം ഒക്കെ നല്ലതാ പക്ഷെ ഇത്തരം ആഭാസങ്ങള്‍കാണുമ്പോ വിഷമം തോന്നും  ടീച്ചര്‍വേദനയോടെ പറഞ്ഞു .”

“ടീച്ചറെ...ടീച്ചറെ ദേ... താഴെ കൊടിമരത്തിന്‍റെ  അടുത്ത് നമ്മുടെ ടോജോ വന്നു നില്‍ക്കുന്നുണ്ട്”  

എവിടെ നിന്നോ ഓടിവന്ന അനു കിതപ്പോടെ പറഞ്ഞു .

“ഉവ്വോ അനു ? എവിടെ അവന്‍.?”

ടീച്ചര്‍ആകാംഷയോടെ പുറത്തേക്ക് നടന്നു ആ നടപ്പില്‍ ടീച്ചറുടെ  ഉള്ളില്‍ ഓടിയെത്തിയത് ഈ വര്‍ഷത്തെ കാറ്റിക്കിസം ക്ലാസ്സുകളായിരുന്നു
"കുഞ്ഞുങ്ങളേ.........."

"എന്തോ...........................".

"മാലാഖ കുഞ്ഞുങ്ങളേ........."

"എന്തോ............................"

"ദൈവത്തിന്‍റെ കുഞ്ഞുങ്ങളേ ............."

"എന്തോ............................"
പക്ഷെ ആ എന്തോ വിളികള്‍ക്കിടയില്‍ ഒരാളുടെ ‘എന്തോ’ ഉണ്ടായിരുന്നില്ല അത് ടോജോയുടെ ‘എന്തോ’ ആയിരുന്നു .അവന്‍ ആകെ അമ്പരന്നിരിക്കുകയായിരുന്നു ..കാരണം ഒന്‍പതാം ക്ലാസ്സില്‍പഠിക്കുന്ന ഒരുപാട് വളര്‍ന്നു എന്ന് വിശ്വസിക്കുന്ന കുട്ടികളെ ഇതുപോലെ "കുഞ്ഞുങ്ങളേ.......... മാലാഖ കുഞ്ഞുങ്ങളേ.....ദൈവത്തിന്റെ കുഞ്ഞുങ്ങളേ" എന്നൊക്കെ വിളിക്കാന്‍ ഈ ടീച്ചര്‍ക്കും "എന്തോ"  എന്ന് നഴ്സറി പിള്ളേരെപ്പോലെ വിളികേള്‍ക്കാന്‍ ഇവര്‍ക്കും നാണമില്ലേ ?എന്ന ചിന്തയായിരുന്നു അവന് .ആദ്യത്തെ രണ്ടാഴ്ചകള്‍ വേദപാഠം ക്ലാസില്‍ വന്നിട്ട്  പിന്നെ ഇന്നാണ് അവന്‍വരുന്നത്. അതുകൊണ്ടുതന്നെ അവന്‍ പിറുപിറുത്തു

“ ഇതിനെന്നാ വട്ടാണോ ? ചുമ്മാ ഒരു വക .”

അതുകേട്ട അനീഷ്‌അബ്രഹാം ഉറക്കെപറഞ്ഞു 
“ടീച്ചറെ ഇവന്‍ പറയുവാട്ടോ ടീച്ചര്‍ക്ക് വട്ടാന്ന്‍!”
തബീഥ ടീച്ചര്‍സ്വതസിദ്ധമായ ചിരിയോടെ ടോജോയുടെ ശിരസ്സില്‍തടവി .

“ ഉവ്വോ അങ്ങനെ പറഞ്ഞോ ?”

അതുകേട്ട്  തന്‍റെ സ്വതസിദ്ധമായ പരിഹാസച്ചിരിയോടെ ടോജോയും പറഞ്ഞു

“ പിന്നെ ഇങ്ങനൊക്കെ കേട്ടാ ...വേറെന്നാ പറയാനാ ? ഒരു ദൈവത്തിന്‍റെ  കുഞ്ഞുങ്ങള്.......!”
തബീഥ ടീച്ചറുടെ ഇത്രയും നാളത്തെ സണ്‍‌ഡേസ്കൂള്‍ ജീവിതത്തിനിടയിലെ ഏറ്റവും കയ്പേറിയ ഒരനുഭവമായിരുന്നു അത് ! അവര്‍ ഒരു നിമിഷം സ്തബ്ധയായി നിന്നുപോയി .

“ ടീച്ചര്‍ വിഷമിയ്ക്കണ്ട ഇവനേയ്...സാത്താന്‍റെ ബ്രാന്‍ഡ്‌അംബാസിഡറാ.”

സ്റ്റെഫിനാണ് .സ്റ്റെഫിന്‍തുടങ്ങിവെച്ചതും പിന്നെ ഓരോരുത്തര്‍ അത് ഏറ്റുപിടിച്ചു .

“ഇവന്‍ സിഗരെറ്റ്‌വലിക്കും ടീച്ചറെ .”

“ഇവന്‍ കള്ളുകുടിയ്ക്കും...”

" ഇവനെ സ്കൂളീന്നു സസ്പെന്‍ഡ്‌ചെയ്തതാ എന്തിനാന്നോ ,അരുണ്‍സാറിന്‍റെ മൊബയില്‍ മോഷ്ടിച്ചതിന് .”

“ ഇവന്‍ ബ്ലൂ കാണും ചീത്തപ്പടം .അന്ന് സ്കൂളില് ടീച്ചര്‍മാര് റെയ്ഡ് നടത്തീപ്പോ എത്ര സി.ഡിയാ  ഇവന്‍റെ കയ്യീന്ന് പിടിച്ചെന്നറിയാവോ ?”

അത്രയുമായപ്പോഴേയ്ക്കും ടീച്ചര്‍തടഞ്ഞു
 “മതി മതി ആരുമിനി ഒന്നും പറയണ്ട .ടോജോയെ പറ്റി നിങ്ങള്‍ പറഞ്ഞതൊന്നും ഞാന്‍ വിശ്വസിച്ചിട്ടെ ഇല്ല ടോജോ നല്ല കുട്ടിയാ .എന്തൊക്കെ നന്മ ഇവനിലുണ്ട് അതെന്താ ആരും പറയാഞ്ഞത് ? ”

ടീച്ചര്‍പറഞ്ഞതുകേട്ട് ടോജോ അഭിമാനത്തോടെ തലയുയര്‍ത്തി ആരെയും നോക്കിയില്ല ,പ്രത്യാശയോടെ ടീച്ചറെ നോക്കി നെടുവീര്‍പ്പിട്ടില്ല ...അവന്‍ മുറുകിയ മുഖത്തോടെ അങ്ങനെയിരുന്നു !അതിനു ശേഷം രണ്ടുമാസം അവന്‍ സണ്‍‌ഡേസ്കൂളില്‍ വന്നതേയില്ല ...എന്നാല്‍ അതിന്‍റെ കാരണമന്വേഷിച്ച് തബീഥടീച്ചര്‍ അവന്‍റെ വീട്ടിലേക്കു പോയി .ഉരുളന്‍ കല്ലുകളും ചരലും കുണ്ടുംകുഴിയുമുള്ള ദുര്‍ഘടമായ ആ കയറ്റം കയറി നടന്നുതളര്‍ന്ന് ഒരു മധ്യാഹ്നത്തില്‍ തന്‍റെ ചാണകവും കരിയും മെഴുകിയ ഇറയത്തേയ്ക്ക് കയറിവന്ന ടീച്ചറെ കണ്ട് അവന്‍ പുറകുവശത്തുകൂടെ എങ്ങോട്ടേയ്ക്കോ ഇറങ്ങിപ്പോയി .പ്രാരബ്ധവും ,വേദനകളും ഉറഞ്ഞുകൂടിയ കണ്ണുകളും ദുര്‍ബ്ബലമായ ശരീരവുമുള്ള ഒരു വിധവയും എട്ടു പത്ത് വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഒരുമണിക്കൂറോളം സമയം ആസിഡ്‌മഴ പോലെ ടീച്ചറിലേയ്ക്ക് പെയ്തിറങ്ങി ...ആ പെയ്ത്തില്‍ തബീഥടീച്ചറുടെ ഹൃദയം വെന്തുരുകി .ഭര്‍ത്താവിന്‍റെ മരണത്തോടെ നാട്ടുകാരാലും വീട്ടുകാരാലും നിന്ദിക്കപ്പെട്ടും ,ഉപദ്രവിക്കപ്പെട്ടും മാത്രം ജീവിക്കേണ്ടി വന്ന ആ കുടുംബത്തിന്‍റെ വേദനയെക്കാളുപരിയായി ടീച്ചറെ വേദനിപ്പിച്ചത് അപ്പനില്ലാത്ത ടോജോയെ വഴിതെറ്റിക്കാന്‍ തഞ്ചവും പാര്‍ത്തിരിക്കുന്ന നിര്‍ദയരായ ചില വൃത്തികെട്ട മനുഷ്യരാണ് !. ഇന്ന് അവരുടെവാക്കും,കേട്ട് വലിച്ചും കുടിച്ചും ചീത്ത പുസ്ത  കങ്ങള്‍ വായിച്ചും നടക്കുന്ന ടോജോയെ ഓര്‍ത്തു കണ്ണീരൊഴുക്കുകയാണ് അമ്മയും ,അവന്‍റെ കുഞ്ഞുപെങ്ങളും.അവള്‍ക്കാണെങ്കില്‍  വേറെ ഒരാഗ്രഹവുമില്ല അവളുടെ കുഞ്ഞാങ്ങളയുടെ ചീത്തസ്വഭാവമൊക്കെ മാറി നന്നായി കണ്ടാല്‍ മാത്രംമതി .മടങ്ങാന്‍ നേരം തബീഥടീച്ചറുടെ കൈകള്‍ തന്‍റെ കണ്ണുകളോടു ചേര്‍ത്തുവെച്ച് ടോജോയുടെ അമ്മ കണ്ണീരോടെ പറഞ്ഞു അവനു ബുദ്ധിയുപദേശിച്ചുകൊടുക്കാന്‍ ആരും ഇല്ല ഞാനെന്തെങ്കിലും മിണ്ടുമ്പോ വലിയ ദേഷ്യമാ അപ്പോള്‍ വായീ വരുന്നതൊക്കെ പറയും ,ഇത്രവലിയ ചെറുക്കനെ തല്ലാന്‍പറ്റുമോ?
തല്ലിയാ വല്ല ബുദ്ധിമോശവും ചെയ്താലോ ?അതാ എന്‍റെ പേടി ടീച്ചറെ ...ഞങ്ങള്‍ക്ക് അവന്‍മാത്രമല്ലേ ഉള്ളൂ .ടീച്ചര്‍അവനെ,ശ്രദ്ധിച്ചോളണെ.............”

പിറ്റേ ഞായറാഴ്‌ചയും ടോജോ വന്നില്ല .ടീച്ചര്‍അന്ന് ക്ലാസ്സിലെ മറ്റുകുട്ടികളോട് പറഞ്ഞു ,

“ആരും ഇനിമുതല്‍ടോജോയെ ഒറ്റപ്പെടുത്തരുത് ,അവനോടു നിങ്ങളൊക്കെ കൂട്ടുകൂടണം .”

“ങ്ങൂ..ഹും !അവനോടു കൂട്ടുകൂടിയാ ഞങ്ങളെ പപ്പേം മമ്മീം വഴക്കുപറയും"

പ്രതീക്ഷിച്ച സമാനസ്വഭാവമുള്ള മറുപടികള്‍ കേട്ട് ടീച്ചര്‍ ശാന്തയായി അവരോടു ചോദിച്ചു ,

“ സ്വര്‍ഗം സന്തോഷിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമാണോ ?”

“ആ ഇഷ്ടാ .!” എല്ലാവരും ആര്‍ത്തുവിളിച്ചു .

“സ്വര്‍ഗം എപ്പോഴാ സന്തോഷിക്കണേന്ന് നിങ്ങള്‍ക്കറിയാമോ ?”

ഒരു നിമിഷം എല്ലാവരും നിശബ്ദരായി

“ഒരു പാപി മാനസാന്തരപ്പെടുമ്പോ സ്വര്‍ഗം സന്തോഷിക്കും അല്ലെ ടീച്ചറെ ?”
അനീറ്റയാണ് അത് പറഞ്ഞത് .

“എല്ലാവരും അനീറ്റയ്ക്ക് വല്യ ക്ലാപ് കൊടുക്കൂ .അനീറ്റ പറഞ്ഞത് വളരെ ശരിയാണ്.”

എല്ലാവരും ടീച്ചര്‍ പറഞ്ഞപ്രകാരം അനീറ്റയെ കയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചു .കയ്യടികള്‍  അമര്‍ന്നപ്പോള്‍ ടീച്ചര്‍ അവരെ സാവകാശം കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി .പാപം ചെയ്യുന്നവന് താന്‍ ചെയ്യുന്നത് പാപമാണെന്ന് തോന്നാറില്ല അപ്പോള്‍ ആരെങ്കിലും അവനെ അത് ബോധ്യപ്പെടുത്തണം ,അപ്പോഴാണ്‌ അവനു പാപബോധം വരുകയും ,അതേച്ചൊല്ലി  പശ്ചാത്താപമുണ്ടാവുകയും  പിന്നീട് മാനസാന്തരം വരികയും ചെയ്യുക .ദൈവത്തിന്  പാപികളോടല്ല അവരുടെ പാപങ്ങളോടാണ്  വെറുപ്പ്‌ ഇനി പറയൂ ടോജോയുടെ മടങ്ങി വരവില്‍ സ്വര്‍ഗം സന്തോഷിക്കുന്നത് നിങ്ങള്‍ക്ക് കാണണ്ടേ?
ടോജോയേയും നമുക്ക് ദൈവത്തിന്‍റെ കുഞ്ഞാക്കണ്ടേ ?”

ടീച്ചര്‍ പ്രതീക്ഷയോടെ ഓരോ മുഖങ്ങളിലെയ്ക്കും മാറിമാറി നോക്കി. ....മാര്‍ട്ടിന്‍,ബെഞ്ചമിന്‍,സോനു ,മരിയ, റീത്ത,അച്ചു...എല്ലാവരും ചിന്തയിലാണ് ....ഒടുവില്‍അവര്‍ഒരുവിധേന സമ്മതം മൂളി

“ഉം”

അന്ന് ടോജോ വന്നില്ല പിറ്റേ ആഴ്ചകളില്‍ തബീഥ ടീച്ചര്‍ തന്‍റെ ഭര്‍ത്താവായ  ജോബിച്ചായന്‍റെ സഹായം തേടി ,ജോബിസാറും അതെ സണ്‍‌ഡേസ്കൂളില്‍  തന്നെയാണ് പഠിപ്പിക്കുന്നത്‌.ജോബിസാര്‍ കുറച്ചു ഞായറാഴ്ചകളില്‍ തന്‍റെ ബൈക്കുമെടുത്ത്‌ ടോജോയെ തപ്പിയിറങ്ങി നിവൃത്തിയില്ലാതെ ടോജോ വീണ്ടും വന്നുതുടങ്ങി .തബീഥ ടീച്ചര്‍ ഒരിക്കല്‍ പോലും അവനെ ഉപദേശിച്ചില്ല, സഹപാഠികള്‍ വളരെസൗഹാര്‍ദത്തോടെ അവനോടു പെരുമാറി...ഓരോ ആഴ്ച്ചകഴിയുമ്പോഴും അവനറിയാതെ  ആ ക്ലാസ്സിനോടുള്ള അടുപ്പവും കൂടിക്കൂടി വന്നു ..എങ്കിലും ഒരു കാട്ടുപൂച്ചയെപ്പോലെ ആര്‍ക്കും പിടികൊടുക്കാന്‍ താല്പ്പര്യപ്പെടാതെ ഒരരികുപറ്റി അവനിരുന്നു,പക്ഷെ ഓരോ പാഠം കഴിയുമ്പോഴും കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് ക്ലാസ്സില്‍ "ഡീല്‍ ഓര്‍ നോ ഡീലും" ."കോടീശ്വരനും" തുടങ്ങി ചെറുചെറു കളികളിലൂടെ ദൈവവചനം രസകരമായി അവരിലെയ്ക്ക് പകര്‍ന്നു കൊടുത്ത തബീഥ ടീച്ചര്‍ ടോജോയെ മാത്രം അങ്ങനെ ഒരരികുപറ്റിയിരിക്കാന്‍   അനുവദിച്ചില്ല ,പുറത്ത് പ്രകടിപ്പിച്ചില്ലെങ്കിലും അവനും മറ്റുള്ളവരെപ്പോലെ  ആ ക്ലാസ്സുകള്‍ ഒത്തിരി ആസ്വദിച്ചു, തന്‍റെ ഇത്രയും നാളുകള്‍ക്കുള്ളില്‍ താനുമൊരു,കുഞ്ഞായി,ഓമനിക്കപ്പെടുന്നുണ്ടെന്ന്,ടോജോ,ആദ്യമായറിഞ്ഞത്  
തബീഥ ടീച്ചറിലൂടെയാണ് ! സന്തോഷം പങ്കുവെച്ചാല്‍,ഇരട്ടിക്കുമെന്നും ,ദുഖങ്ങള്‍ പങ്കുവെച്ചാല്‍ പകുതിയാകുമെന്നും അവരോട് പറഞ്ഞത് തബീഥ ടീച്ചറാണ്!അതുകൊണ്ടുതന്നെ   ഒരാഴ്ചത്തെ സങ്കടങ്ങളും സന്തോഷങ്ങളും എല്ലാവരും ക്ലാസ്സില്‍ ഒരുമിച്ചു പങ്കിടുമ്പോള്‍ അദൃശ്യമായ എന്തോ ചില വികാരങ്ങള്‍ സ്വയം പ്രതിഫലിപ്പിക്കാന്‍ വിടാതെ അവനെ പൊതിഞ്ഞു നിന്നു .പലപ്പോഴും ക്ലാസ്സുകള്‍ക്കിടയില്‍ ടോജോയുടെ ചെവിയില്‍ തന്‍റെ ചില  സന്തോഷങ്ങള്‍ ടീച്ചര്‍ പങ്കുവെയ്ക്കും എന്നിട്ട് എല്ലാവരോടും അത് ഉറക്കെ  പറയാന്‍ അവനെ ഏല്‍പ്പിക്കും അതുമിക്കവാറും ഇങ്ങനെയായിരിക്കും

“ ടീച്ചറുടെ വീട്ടിലെ പൂച്ച പ്രസവിച്ചു നാല് കുഞ്ഞുങ്ങളുണ്ട് ”

“പിണങ്ങിപ്പോയ കുട്ടപ്പന്‍തിരിച്ചു വന്നു കൂടെ ഒരു ഒരു ഗേള്‍ഫ്രണ്ടുമുണ്ട്!”

"കുട്ടപ്പന്‍" ടീച്ചറുടെ പട്ടിയാണ്...അതൊക്കെ കേള്‍ക്കുമ്പോള്‍ ആദ്യമാദ്യം ടോജോയ്ക്ക് ഞെട്ടലും അമ്പരപ്പുമാണ് തോന്നിയിരുന്നത് അത് പതുക്കെ പതുക്കെ ചിരിയിലെയ്ക്ക് മാറിയെങ്കിലും അവന്‍ അത് സമര്‍ത്ഥമായി ഒതുക്കിപ്പിടിച്ചു.ടീച്ചര്‍ "കുഞ്ഞുങ്ങളെ" എന്ന് വിളിക്കുമ്പോള്‍"എന്തോ" എന്ന് വിളികേള്‍ക്കാന്‍ അവന്‍റെ മനസ്സ് തുടിച്ചു പക്ഷെ അവന്‍ വിളികേട്ടില്ല...അവന്‍ പറയുന്ന നിസ്സരകാര്യങ്ങള്‍ക്ക് പോലും അവനെ കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കാന്‍ ടീച്ചര്‍ മറ്റുകുട്ടികളോട് പറയുമ്പോള്‍ അവന്‍ അറിഞ്ഞു ടീച്ചറുടെ കരുതലും സ്നേഹവും !പക്ഷെ എന്നിട്ടും അവന്‍ പിടികൊടുത്തില്ല ... തബീഥ ടീച്ചര്‍ ടോജോയുടെ മനസ്സിലിരുപ്പ് എന്താണെന്നറിയാതെ കുഴങ്ങി എങ്കിലും അവന്‍ എല്ലാ ഞായറുകളിലും സ്ഥിരമായി വരുന്നുണ്ടല്ലോ എന്നോര്‍ത്ത് ആശ്വസിക്കുകയും ഡേ-സ്കൂളിലെ  അധ്യാപകരില്‍നിന്നും അവന്‍റെ സ്വഭാവത്തിനുണ്ടായ സാരമായ മാറ്റത്തെക്കുറിച്ച് കേട്ട് സമാധാനിക്കുകയും ചെയ്തു .



അങ്ങനെ അവസാന ക്ലാസ്‌എത്തി .അവര്‍ ക്രിസ്തുമസ് ഫ്രണ്ടിനെ തിരഞ്ഞെടുത്തു . ഒരുപാട് വിലപിടിപ്പുള്ള സമ്മാനമൊന്നും വേണ്ട അവനവന് ഇഷ്ടമുള്ളത് !കിട്ടുന്നത് എന്തായാലും എല്ലാവരും സന്തോഷിക്കണം .അതുപോലെ കിട്ടുന്ന ഫ്രണ്ടിനെ അടുത്ത ക്രിസ്തുമസ് വരെയെങ്കിലും പൊന്നുപോലെ സ്നേഹിക്കണം !കരോള്‍നൈറ്റിന്‍റെ അന്ന് രാത്രി എല്ലാ പ്രോഗ്രാമും കഴിയുമ്പോള്‍ പള്ളിയുടെ കൊടിമരത്തിന്‍റെ  കീഴെ എല്ലാരും എത്തിവേണം ഗിഫ്റ്റ്‌കൈമാറാന്‍! എല്ലാവര്‍ക്കും സമ്മതം സന്തോഷം !ടോജോ മാത്രം ഇടഞ്ഞു നിന്നു
”എന്നെ ഒഴിവാക്കണം  ഞാന്‍വരില്ല .”
ടീച്ചര്‍അവനെ പലതും പറഞ്ഞു അനുനയിപ്പിക്കാന്‍നോക്കി പക്ഷെ അവന്‍
അടുത്തില്ല .ടീച്ചറും മറ്റുകുട്ടികളും കൂടി ഒരുപാട് കാര്യങ്ങള്‍ ടോജോയറിയാതെ പ്ലാന്‍ചെയ്തിരുന്നു ..ഈ ക്രിസ്തുമസിന് ടോജോയ്ക്കും കുടുംബത്തിനും വേണ്ടതെല്ലാം കൊടുക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് തബീഥ ടീച്ചറുടെ കുട്ടികള്‍ക്ക് മനസ്സിലായിരുന്നു.അവരെല്ലാവരും വീടുകളില്‍നിന്നും പറ്റുന്ന തുക സംഭരിച്ച് തബീഥടീച്ചറെ ഏല്‍പ്പിച്ചു. .ടീച്ചര്‍ തന്‍റെ കയ്യിലുള്ളതുകൂടി ചേര്‍ത്ത് ആ തുക ലിബിനെ  ഏല്‍പ്പിച്ചിരുന്നു ..ലിബിനുമായാണ് ടോജോയ്ക്ക് അല്‍പ്പമെങ്കിലും അടുപ്പമുള്ളത് ! നറുക്കെടുത്തപ്പോള്‍.വളരെ ആകസ്മികമായി തബീഥ ടീച്ചറെയാണ് ടോജോയ്ക്ക് ഫ്രണ്ടായി കിട്ടിയത് ! ഗിഫ്റ്റ്‌വാങ്ങാനുള്ള രൂപ തന്‍റെ കയ്യിലില്ലെന്ന തിരിച്ചറിവാണ് ടോജോയെ അതില്‍നിന്നും വിലക്കിയത് ,അക്കാര്യം അവന്‍ പറയാതെ തന്നെ മറ്റുള്ളവര്‍ക്ക് ബോധ്യമായിരുന്നു .പിറ്റേ ആഴ്ച്ച എക്സാം ഹാളില്‍വെച്ച് തബീഥ ടീച്ചര്‍ ടോജോയോട് അവസാനമായി പറഞ്ഞു ,

“ ടോജോയ്ക്ക് ടീച്ചറോട് അല്‍പ്പമെങ്കിലും സ്നേഹമുണ്ടെങ്കില്‍ വരണം ,ഞങ്ങളെല്ലാവരും പ്രതീക്ഷിക്കും ”

അവന്‍ മറുപടി പറഞ്ഞില്ല . മരിയയും അച്ചുവും പറഞ്ഞു

“ അവന്‍വരില്ല ടീച്ചറെ .”

ടീച്ചറുടെ പിന്നീടുള്ള ദിവസങ്ങള്‍ ടോജോ  വരുമോ ?വരില്ലയോ ? എന്ന ചോദ്യളില്‍ മുങ്ങിത്താണു .
                


ആ ചോദ്യത്തിനാണ്, ഇപ്പോള്‍ അവസാനം കുറിച്ചിരിക്കുന്നത് !ഒരുപാട് നക്ഷത്രമാലകളാല്‍ അലങ്കരിക്കപ്പെട്ട പള്ളിമുറ്റത്തുനിന്നും നീങ്ങി കൊടിമരത്തോട് ചേര്‍ന്ന് തബീഥ ടീച്ചറുടെ കുട്ടികള്‍ ഗിഫ്റ്റുകളുമായി ആകാംഷയോടെ നിന്നിരുന്നു .

“ ടീച്ചര്‍ , ദോ........... ടോജോ അവിടുണ്ട് !”

ടോജോയെ തിരയുന്ന ടീച്ചറോട് ലിബിന്‍പറഞ്ഞു .ടോജോയെ കണ്ടതും അവനെ തങ്ങളോട് ചേര്‍ത്ത് നിര്‍ത്തി ടീച്ചര്‍ പറഞ്ഞു

“ നമുക്ക് സ്റ്റാര്‍ട്ട്‌ ചെയ്താലോ ആദ്യം കുഞ്ഞു സോനു ഫ്രണ്ടിനു ഗിഫ്റ്റ്‌കൊടുത്തു ഇത് തുടങ്ങി വെയ്ക്കട്ടെ എന്താ ?”

ടീച്ചര്‍ ടോജോയെ നോക്കി ?ടോജോ തോളില്‍നിന്നും  ടീച്ചറുടെ കൈ വിടുവിച്ചു ചമ്മലോടെ തലയിളക്കി .അങ്ങനെ കുഞ്ഞു സോനു തന്‍റെ സസ്പെന്‍സ്‌ പൊളിച്ച് റീത്തയ്ക്ക് ഗിഫ്റ്റുകൊടുത്തു എന്നിട്ട് ഈണത്തില്‍ അവളെ വിളിച്ചു

 “ഉണ്ണീശോയെ ...................”

ആ വിളിയ്ക്കു മധുരമായി

“എന്തോ....................................”

എന്ന് വിളികേട്ട് റീത്ത ആ ഗിഫ്റ്റ്‌വാങ്ങി.പിന്നെ അവളുടെ ഫ്രണ്ടിനും അങ്ങനെയങ്ങനെ ഒരോരുത്തരും പരസ്പരം സമ്മാനങ്ങള്‍ കൈമാറി കൈമാറി ........ ടോജോയുടെ ഊഴമെത്തി അവന്‍ തന്‍റെ ഗിഫ്റ്റ്‌തബീഥ ടീച്ചറെ ഏല്പ്പിച്ച് തലകുനിച്ചു നിന്നു എന്നിട്ട് അപരാധിയെപ്പോലെ പതുക്കെ പറഞ്ഞു

 “ ഇതൊരു ഗ്രീറ്റിംഗ് കാര്‍ഡാ എന്‍റെ കയ്യില്‍ഇതേ തരാനുള്ളൂ .”

"ഉണ്ണീശോ" വിളികളാല്‍ മുഖരിതമായ അന്തരീക്ഷം ഒരു നിമിഷം നിശബ്ദമായി .ടീച്ചര്‍ ഒരുപാട് സന്തോഷത്തോടെ അവനെ നോക്കി എന്നിട്ട് പറഞ്ഞു ,

“ഇത്ര നേരം ഇവരൊക്കെ ഗിഫ്റ്റ്‌ കൈമാറിയത് ടോജോ കണ്ടില്ലേ? ആരെങ്കിലും ഇതേ എന്‍റെ കയ്യിലുള്ളു എന്ന് പറയുന്നത് ടോജോ കേട്ടോ?
എന്ത്   കൊടുക്കുന്നു എന്നതിനല്ല എങ്ങനെ കൊടുക്കുന്നു എന്നതിനാ ടോജോ നമ്മള്‍ പ്രാധാന്യം കൊടുക്കേണ്ടത് !നീയിവിടെ വന്നപ്പോള്‍ത്തന്നെ ഞങ്ങള്‍ക്ക് എന്ത് സന്തോഷമായെന്നോ ?മറ്റുള്ളവരുടെ സന്തോഷം നമ്മുടെ മനസ്സിന്‍റെ സന്തോഷമാക്കുകയാണ് വേണ്ടത് ടോജോ, അപ്പോഴാ ക്രിസ്തു നമ്മുടെയുള്ളില്‍ പിറക്കുക  ! എന്‍റെ ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണിത് !”

തബീഥ ടീച്ചര്‍ആ ഗ്രീറ്റിംഗ് കാര്‍ഡ്‌ നെഞ്ചോടു ചേര്‍ത്തുവെയ്ക്കെ ടോജോ ആദ്യമായി ടീച്ചറോട് ഒരു കാര്യം ആവശ്യപ്പെട്ടു ,

“ ടീച്ചറെ ....ഇപ്പൊ...........ഇപ്പൊ.... അങ്ങനെയൊന്നു വിളിക്കാമോ?ഞങ്ങളെ എന്നും വിളിക്കുന്നപോലെ ! ”

മത്സരം കഴിഞ്ഞ് ആളുകള്‍ പോയ്ത്തുടങ്ങിയിരുന്നു ....പള്ളിമുറ്റത്ത് അങ്ങിങ്ങായി അലങ്കരിച്ച പുല്‍ക്കൂടുകളിലെ നക്ഷത്ര വിളക്കുകള്‍ മിന്നി തിളങ്ങവേ ആകാശത്തിന്‍റെ വിരിമാറില്‍ നക്ഷത്രങ്ങളോടൊട്ടി നിന്ന കുളിര്‍മഞ്ഞ് അവരെ വിട്ട് താഴേയ്ക്ക്............... താഴേയ്ക്ക്.......ആ കൊടിമരച്ചുവട്ടിലെയ്ക്ക് തബീഥടീച്ചറിലെയ്ക്കും ടീച്ചറുടെ  കുഞ്ഞുങ്ങളിലേയ്ക്കും സന്തോഷത്തോടെ പെയ്തിറങ്ങി ! അപ്പോള്‍ തബീഥടീച്ചര്‍ തനിക്കു മുന്‍പിലിരിക്കുന്ന കുഞ്ഞുങ്ങളെ ഉള്ളം നിറഞ്ഞ സന്തോഷത്തോടെ വിളിച്ചു ,

“ കുഞ്ഞുങ്ങളെ ..........

എന്തോ.................

മാലാഖ കുഞ്ഞുങ്ങളെ .............

എന്തോ.................


ദൈവത്തിന്‍റെ കുഞ്ഞുങ്ങളെ ............
.
എന്തോ.................

തന്‍റെ ഹൃദയത്തില്‍ പിറന്ന ഉണ്ണീശോയെ തന്നോട് ആവോളം ചേര്‍ത്തു പിടിച്ചുകൊണ്ട് ആ ഓരോ വിളികള്‍ക്കും ആദ്യം ‘എന്തോ’ എന്ന് വിളികേട്ടത്‌ ടോജോയായിരുന്നു ....അതുകേട്ട് അറിയാതെ  പൊഴിഞ്ഞു വീഴുന്ന ആനന്ദാശ്രുക്കള്‍ തുടയ്ക്കാന്‍ മറന്നുകൊണ്ട് അവരോടൊപ്പം രണ്ടുപേര്‍ കൂടിയുണ്ടായിരുന്നു ടോജോയുടെ അമ്മയും അവന്‍റെ കുഞ്ഞുപെങ്ങളും !

 











42 comments:

  1. എല്ലാവര്ക്കും എന്‍റെ ക്രിസ്തുമസ് ആശംസകള്‍ !

    ReplyDelete
  2. കഥ നിറയെ സ്നേഹം, കരുതലുള്ള സ്നേഹം.

    അപ്പോഴും പാപമെന്ന ആ ഒരു വാക്ക് മാത്രം, ഒരു മോക്ഷവും ലഭിക്കാതെ പാവം.!

    ReplyDelete
    Replies
    1. പാപത്തിനും മോക്ഷമുണ്ട് ....നന്ദി നാമൂസ്‌

      !

      Delete
  3. സ്നേഹവും വാത്സല്യവും നിറഞ്ഞു നിന്നു..കഥയെക്കാള്‍ സന്ദേശത്തിന് പ്രാധാന്യം നല്‍കി..

    ക്രിസ്മസ് ആശംസകള്‍

    ReplyDelete
  4. കൃസ്മസ് & പുതുവർഷാശംസകൾ....

    ReplyDelete
  5. നല്ലൊരു നാളെ നന്മയുള്ള നാളെ.....

    ReplyDelete
  6. നേരെ പറഞ്ഞത് എന്നതില ഉപരി ഇതിനു കൂടുതൽ യോജിക്കുക
    "ബാല സാഹിത്യം " എന്നാണു.
    കുട്ടികളുടെ നിലവാരത്തിൽ നിന്ന് അവരോടു സംവദിക്കാൻ കഴിയുക -- നിസ്സാരമല്ല.
    പിക്കാസോ പറഞ്ഞതും ആഗ്രഹിച്ചതും അദേഹത്തിന് കഴിയാതെ പോയതും അതാണ്‌.
    തീര്ച്ചയായും നന്മയുള്ള കഥ കൂടുതലും വളര്ന്നു വരുന്നവരിലേക്ക് എത്തണം.
    മുതിര്ന്നവരിലെക്കും :D
    ക്രിസ്മസ് ആശംസകൾ

    ReplyDelete
  7. നമയുള്ള കുറിപ്പ്. മനസ്സില് നിറയുന്നു കഥയിലെ പല ഭാഗങ്ങളും. ..

    ReplyDelete
  8. കുട്ടികളുടെ മനസ്സിനെ പിടിച്ചടക്കാനുള്ള മാജിക് മന്ത്രവുമായി..നല്ലൊരു കുട്ടിക്കഥ. ക്രിസ്തുമസ് ആശംസകള്‍.

    ReplyDelete
  9. ആശംസകള്‍, മിനി

    ReplyDelete
  10. മിനിയുടെ മറ്റു കഥകളുടെ നിലവാരം ഇതിനു തോന്നിയില്ല. ചിലയിടത്തൊക്കെ വല്ലാതെ നീട്ടി പറഞ്ഞിരിക്കുന്നു.
    എങ്കിലും നല്ലൊരു സന്ദേശമുള്ള, നന്മയുടെ കഥ.
    ക്രിസ്തുമസ് ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി റോസാപ്പൂവേ ..............

      Delete

  11. may you have a lovely, joyful season ahead through the New Year..

    ReplyDelete
    Replies
    1. നന്ദി ദീപു .ദീപുവിനും എന്‍റെ എല്ലാ ആശംസകളും!

      Delete
  12. സ്നേഹം കൊണ്ട് കീഴടക്കാൻ പറ്റാത്ത ഒന്നുമില്ല ടീച്ചറെ പക്ഷെ സ്നേഹത്തിൻറെകാര്യത്തിൽ മനുഷ്യൻ ഇച്ചിരി പിശുക്കൻ ആണെന്ന് മാത്രം
    നന്നായി പറഞ്ഞു കഥ

    ReplyDelete
  13. നന്ദി ...ശരിയാണ് .സ്നേഹം കൊണ്ട് മാത്രമേ എല്ലാം നേടിയെടുക്കാനാവൂ !പിശുക്കിയിട്ട് എന്ത് കാര്യം ആല്ലേ?

    ReplyDelete
  14. our(kevin nd thirsa)best wishes mini............gd story !

    ReplyDelete
  15. വഴിതെറ്റി പോകുന്നത് മനുഷ്യന്‍റെ സാഹചര്യമാണ് .തബീദ റ്റീച്ചറെ പോലെയുള്ളവര്‍ നമ്മുടെ ഭൂലോകത്ത് വിരളമാണ് .കഥയില്‍ നന്മ നിറഞ്ഞു നില്‍ക്കുന്നു .ആശംസകള്‍ .

    ReplyDelete
  16. ഈ വരവിന് വളരെ നന്ദി !

    ReplyDelete
  17. വല്ലാത്തൊരു ഇഷ്ടം ഈ കഥയോട് മിനി....

    ReplyDelete
    Replies
    1. പിങ്ക് തട്ടമൊക്കെയിട്ടു നല്ല മിടുക്കിയായിട്ടുണ്ടുട്ടോ .....
      നന്ദി മുബി .

      Delete
  18. katha estapettu.engilum miniyude munkathakalude nilavaram pulathiyilaa ennuthanne parayendi varum.alpam koodi samayam edthu ezhuthamayirunnu ennu thonni.pinne avasana para vendathayi thonniyilla.athinu munpu thanne katha manoharamayi avasanichirunnu.aasamsakal.............

    ReplyDelete
    Replies
    1. ഒരു നാട്ടിന്‍പുറത്തെ സാധാരണക്കാരിയായ ഒരു കാറ്റിക്കിസം ടീച്ചറുടെയും കുട്ടികളുടെയും ജീവിതഗന്ധിയായ കഥയാണ്‌ ....നന്ദി ലിജു .

      Delete
  19. oh pinne happy new year......................

    ReplyDelete
  20. സ്നേഹത്തിലൂടെ ഒരാളെ മാറ്റിയെടുക്കാമെന്നു 'മിനി കഥ' കാണിച്ചു തരുന്നു...
    നന്നായിരിക്കുന്നു ...ആശംസകള്‍ മിനിക്കും ജിജോക്കും ! :)

    ReplyDelete
    Replies
    1. അസ്രൂസ്‌ ....നന്ദി ഈ വരവിന്.

      Delete
  21. സ്നേഹമാണഖിലസാരമൂഴിയില്‍..........
    നന്നായിരിക്കുന്നു രചന
    പുതുവത്സരാശംസകള്‍

    ReplyDelete
    Replies
    1. സാറിനും എന്‍റെ പുതുവത്സരാശംസകള്‍

      Delete
  22. മിനിയെന്റെ ഡാഷ് ബോർഡിൽ നിന്നും ,
    എന്തോ പേടിച്ച് ചാടി പോയതിനാലാണെന്ന് തോന്നുന്നു
    ഈ ഗിഫ്റ്റൊന്നും യഥാസമയം എനിക്ക് കിട്ടിയില്ല കേട്ടൊ

    ReplyDelete