Tuesday, October 9, 2012

ഒരുക്കം



ചെറുകഥ                                   മിനി .പി.സി

           ഒരുക്കം

 അങ്ങനെ ഗൃഹസ്ഥാശ്രമത്തിലെ അവസാന ദൗത്യവും
നിറവേറ്റികഴിഞ്ഞിരിക്കുന്നു!ഇനി വാനപ്രസ്ഥമാണ്..ഇതിനായുള്ള
മുന്നൊരുക്കങ്ങള്‍ക്കും പിന്നൊരുക്കങ്ങള്‍ക്കുമായി എത്രയെത്ര
വര്‍ഷങ്ങള്‍ !കൈകളും മനസ്സും കടമകളില്‍ നിന്നും ആസക്തികളില്‍
നിന്നും ശൂന്യമാകും  വരെയുള്ള കാത്തിരുപ്പ്...ഇനി യാത്രയാണ് ,
ഒന്നിന്‍റെയും ആവശ്യമില്ലാത്ത ഒരു യാത്ര !

      എന്‍റെ വസ്ത്രങ്ങള്‍ പ്രത്യേകിച്ച് സാരികള്‍ കൌശിക്കിന്‍റെ
ഭാര്യ ഹിരണ്‍മയിക്കുള്ളതാണ് .ആ കാഞ്ചിപുരം, പോച്ചംപള്ളി
ബനാറസ്‌ സാരികള്‍  കാണാന്‍  തന്‍റെ സുഹൃത്തുക്കളെ
ക്ഷണിക്കുക അവള്‍ പതിവാക്കിയിരിക്കുന്നു . ഇന്ദ്രനീലക്കല്ലു
പതിച്ച മാലയും നക്ഷത്രകമ്മലും മകള്‍ കാദംബരിയ്ക്കും ,
വളകളും മൂക്കുത്തിയും കൊച്ചു മകള്‍ ഉപന്യയ്ക്കുമായി
വീതിച്ചു കഴിഞ്ഞു .  എന്‍റെ ജാലകങ്ങള്‍ തുറന്നിടാത്ത
മുറിയ്ക്കുള്ളില്‍ കൌശിക്കിന്‍റെ ഇളയ മകന്‍ ബിബു അവന്‍റെ
സാധന സാമഗ്രികള്‍ കൊണ്ട് വെച്ച് കഴിഞ്ഞു ,ഇനി ഈ മുറി
അവനുള്ളതാണ് ! ഒരിക്കല്‍ നീല പോച്ചംപള്ളി സാരിയുടുത്ത്
മുടി നിറയെ കനകാംബരപൂമാല ചൂടി   സര്‍വാഭരണ
വിഭൂഷിതയായി അദേഹത്തിന്‍റെ കൈ പിടിച്ച് ഞാന്‍ കയറിയ
മുറിയാണിത്! അന്ന് ഈ ജാലകങ്ങള്‍ ഒരിയ്ക്കലും അടച്ചിരുന്നില്ല !
രാത്രികളില്‍ ചന്ദ്രനൊഴുക്കിത്തരുന്ന നിലാപകര്‍ച്ചയില്‍ കുളിച്ച്
ആ തോളില്‍ തലചായ്ച്ചിരിക്കവേ ഈ ലോകത്തിന്‍റെ നൈതികമായ
ആലോസരങ്ങള്‍ക്കപ്പുറം എനിക്ക്  കാണാനായത്     മനസ്സിന്‍റെ
സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു..

                  ഒരുമിച്ചൊരു വാനപ്രസ്ഥത്തിന്
യോഗമുണ്ടായില്ല..ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല ആ ആത്മാവും  ,
എന്‍റെ കൂടെയുണ്ടെന്ന തോന്നല്‍ !ആരൊക്കെയോ പരിഹസിച്ചു
" വയസ്സുകാലത്ത് വല്ലിടത്തും അടങ്ങിയൊതുങ്ങി ഇരിക്കേണ്ടതിന്
പകരം ഊരുചുറ്റി നടക്കാന്‍ നാണമില്ലേ " എന്ന് .
അപ്പോഴൊക്കെ അദേഹത്തിന്‍റെ ആത്മാവ് ആ  പഴയ   തത്വം
ഓര്‍മിപ്പിച്ച് എന്നെ ബലപ്പെടുത്തും .പ്രായാധിക്യം മൂലം തന്‍റെ
ശേഷി നഷ്ടപ്പെടുകയാണെന്ന് തിരിച്ചറിയാന്‍ കാട്ടാനയ്ക്ക് കഴിവുണ്ട്
അപ്പോള്‍ അവ കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞ് വനാന്തര്‍ഭാഗത്തുള്ള
കയങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് തുമ്പിക്കൈ വായ്ക്കുള്ളിലേക്ക്
തിരുകി വെച്ച് വെള്ളത്തില്‍ മുങ്ങിത്താഴുന്നു.മനസ്സിനെ ബ്രഹ്മത്തില്‍
ലയിപ്പിച്ച് സായൂജ്യമടയാനാകണം.

             പുറമേ മഴ തകര്‍ത്തു പെയ്യുകയാണ് ! മഴ
തോര്‍ന്നാല്‍  ഇറങ്ങുകയായി !ആരോടും യാത്ര പറയേണ്ടതില്ല .
എല്ലാവരും എത്രയോ മുന്‍പേ യാത്രാമംഗളങ്ങള്‍ നേര്‍ന്നു കഴിഞ്ഞു!
മധ്യാഹ്നമാകുന്നതെയുള്ളൂ..എന്നിരിക്കിലും,ശക്തമായ ഈ മഴയെയും 
ഇടി മുഴക്കങ്ങളെയും അതിജീവിച്ചേ മതിയാകൂ ,അതാണ്‌ ഇനി
തന്‍റെ നിയോഗം .മൂലയ്ക്ക് വെച്ചിരുന്ന കാലന്‍ കുടയെത്ത്
പുറത്തെ മഴയിലേയ്ക്കിറങ്ങവേ ജനലഴികള്‍ക്കിടയിലൂടെ
ബിബുവിന്‍റെ കൊച്ചു കൈ നീണ്ടു വന്നു 

 "മുത്തശ്ശി....അതെന്‍റെ അപ്പായ്ക്ക് കൊടുത്ത കുടയല്ലേ ? "
എനിക്ക് ലജ്ജ തോന്നി ആ കുട ഞാന്‍ കൌശിക്കിനു
കൊടുത്തതായിരുന്നു.  ബിബുവിന്‍റെ കൈകളിലേക്ക് കുട വെച്ച്
കൊടുത്ത് മഴയിലേയ്ക്കിറങ്ങി തിരിഞ്ഞു നോക്കാതെ നടക്കവേ
അദ്ദേഹത്തിന്‍റെ ആത്മാവ് എന്നോട്  മന്ത്രിച്ചു "ശൂന്യമായ മനസ്സും
കൈകളുമാണ് വാനപ്രസ്ഥത്തിലേക്കുള്ള വഴി !     അവിടെ
നിന്‍റെതല്ലാത്ത ആത്മാവിന്‍റെ കനം പോലും നിന്നെ പിറകോട്ട്
നയിക്കും." 

ഭൗതികമായ ഒരുക്കങ്ങള്‍പ്പുറം ആത്മാവിന്‍റെ ഒരുക്കമാണ്
നടത്തേണ്ടതെന്ന തിരിച്ചറിവില്‍ ഞാന്‍ മുന്നോട്ടു നടന്നു .





32 comments:

  1. തിരിച്ചറിവുകള്‍ പലപ്പോഴും വൈകി മാത്രം നമ്മളെ തേടി എത്താറു....

    ReplyDelete
    Replies
    1. മിനിപിസിOctober 11, 2012 at 7:10 PM

      പലപ്പോഴും അങ്ങിനെയാണ് ................................

      Delete
    2. നെഞ്ഞിനൊരു ക്ഘനം.......
      നമ്മുടേതെന്നു കരുതുന്ന പലതും,, നിസ്സാരമായ ഏഴുതുകള്‍, വരികള്‍, തേങ്ങലുകള്‍, സ്വസനിസ്വസസങ്ങള്‍ പോലും,,
      ചിലപ്പോഴൊക്കെ നാം അറിയാതെ കൂടെക്കൂട്ടും,,
      വഴിയില്‍ ഉപേക്ഷിക്കേണ്ടി വരുമെന്നറിയാതെ,,,,
      ഹ......................

      Delete
    3. മിനി.പിസിOctober 24, 2012 at 1:25 PM

      ഉപേക്ഷിക്കേണ്ടി വരുമെന്നറിഞ്ഞും നെഞ്ചോടു ചേര്‍ത്തു പിടിക്കുമ്പോള്‍ എന്തോ ഒരാശ്വാസം !അല്ലെ ....

      Delete
    4. അതൊരു സുഖം...........
      ഒഴുക്കില്‍ പ്പെട്ടത് പോലെ....................
      ഒഴുകട്ടെ മതിയാവോളം..

      Delete
    5. മിനി പിസിNovember 1, 2012 at 1:38 PM

      ഒഴുകി.............ഒഴുകി ഒടുവിലെത്തുക പുഴയിലെക്കല്ലേ ,ഒടുവില്‍ അനന്തമായ മഹാസാഗരത്തില്‍.............അവിടെയാണല്ലോ ഒടുവില്‍ എല്ലാം എത്തപ്പെടുക !അപ്പോള്‍ അതും സുഖം അല്ലെ ..

      Delete
  2. അക്ഷരങ്ങൾ കുറച്ച് കൂടി വലുതാക്കുമല്ലോ!

    നല്ല വരികൾ, നന്നായി പറഞ്ഞു
    ആശംസകൾ

    ReplyDelete
    Replies
    1. മിനിപിസിOctober 11, 2012 at 7:11 PM

      അക്ഷരങ്ങള്‍ വലുതാക്കാം , ആശംസകള്‍ക്ക് നന്ദി ഷാജു .

      Delete
  3. ആത്മാവിന്റെ ഒരുക്കങ്ങള്‍

    ReplyDelete
    Replies
    1. മിനിപിസിOctober 11, 2012 at 7:12 PM

      ഉം.................................അതെ .

      Delete
  4. ഒരു തിരിച്ചു പോക്ക്. അതെന്നും അനിവാര്യമാണല്ലോ. എല്ലാവര്‍ക്കും

    ReplyDelete
    Replies
    1. മിനിപിസിOctober 13, 2012 at 9:25 PM

      അതെ ,പക്ഷെ പലരും അത് തിരിച്ചറിയുന്നില്ല .

      Delete
  5. എല്ലാത്തിനും ഒരുക്കം ആവശ്യമാണല്ലോ.

    ReplyDelete
  6. ഒരുങ്ങിയിറങ്ങുമ്പോഴുള്ള പിന്‍വിളികള്‍ പലപ്പോഴും ഓര്‍മ്മിപ്പിക്കുന്നത് മറന്നുപോയ , ബാക്കിവെച്ച വീതം വെക്കലുകളെയാണ്. കൊടത്തു തീര്‍ത്തു സമാധാനമായ്‌ വാനപ്രസ്ഥം വൃദ്ധസദനത്തില്‍...!

    ReplyDelete
    Replies
    1. മിനിപിസിOctober 13, 2012 at 9:29 PM

      അതെ , പക്ഷെ വൃദ്ധസദനത്തിലെ വാനപ്രസ്ഥം പലപ്പോഴും സമാധാനം തരാതെ വേട്ടയാടുന്നതായിരിക്കും അല്ലെ

      Delete
  7. അതെ, ഭൗതികമായ ഒരുക്കങ്ങള്‍പ്പുറം ആത്മാവിന്‍റെ ഒരുക്കമാണ് ആവശ്യം, നന്നായി മിനീ.

    ReplyDelete
    Replies
    1. മിനിപിസിOctober 13, 2012 at 9:30 PM

      നന്ദി സുമേഷ്‌

      Delete
  8. ആത്മാവിന്‍റെ ഒരുക്കമാണ് ആവശ്യം.. നന്നായി പറഞ്ഞു മിനി.. ആശംസകള്‍..

    ReplyDelete
    Replies
    1. മിനിപിസിOctober 13, 2012 at 9:32 PM

      ജെഫു നന്ദി

      Delete
  9. ചെറിയ വലിയ കാര്യങ്ങള്‍ ...കൊച്ചു കഥ ഏറെ പറയുന്നു ..
    തങ്ങളെ കൊണ്ട് ഇനി ഒന്നിനും കഴിയില്ല എന്ന തിരിച്ചറിവ് നേടുമ്പോള്‍ മാത്രമാണ് മനുഷ്യര്‍ ആത്മീയതയെ കുറിച്ച് ചിന്തിക്കുന്നത് ..സത്യത്തില്‍ മനുഷ്യനോട് കൂടെ എപ്പോളും ഉണ്ടാകേണ്ട ഒന്നാണ് ആത്മീയ ചിന്ത...ഈ കുറവാണ് ഏറെ ദു:ഖത്തിന് കാരണമാകുന്നത് ...

    ReplyDelete
    Replies
    1. മിനിപിസിOctober 13, 2012 at 9:37 PM

      അത് കൊണ്ടാണല്ലേ എല്ലാവരും എന്ത് പറയുമ്പോഴും മാനസാന്തരപെടാതെ വയസാവട്ടെ എന്നിട്ട് മതി ആത്മീയതയൊക്കെ എന്ന് പറയുന്നത് അല്ലെ ? നന്ദി സര്‍ ഇത് വഴി വന്നതിന് .

      Delete
  10. ഞാന്‍ ഈ കഥയുടെ പേര് വാനപ്രസ്ഥത്തിലെക്കുള്ള വഴി എന്ന് വായിക്കാന്‍ ഇഷ്ട്ടപെടുന്നു ..

    മുന്നൊരുക്കങ്ങള്‍ ഏറെ നടത്തി മനസ്സിനെ പലതും പറഞ്ഞു പഠിപ്പിച്ചു വേണം വാനപ്രസ്ഥത്തിലേക്ക് ചുവടു വെക്കാന്‍ !!

    കുറച്ചു വരികളില്‍ മിനി വാനപ്രസ്ഥത്തിലെക്കുള്ള വഴി യഥാതഥം വരച്ചു വെച്ചത് വളരെ ഇഷ്ട്ടമായി.

    ആശംസകള്‍ ... മിനി

    ReplyDelete
    Replies
    1. മിനിപിസിOctober 15, 2012 at 1:39 PM

      വാനപ്രസ്ഥത്തിലേക്കുള്ള വഴി നല്ല പേര് അങ്ങനെ വേണുവേട്ടന്‍ വായിച്ചോളൂ .

      Delete
  11. കുറച്ചു വാക്കുകളില്‍ ഒരു നല്ല കഥ തന്നതിനു നന്ദി.
    എത്ര മനോഹരമായി എഴുതി.

    ReplyDelete
    Replies
    1. മിനിപിസിOctober 15, 2012 at 1:40 PM

      റോസാപ്പൂവിന് സുഖമാണോ ?

      Delete
  12. അടിവരയിട്ട വരികള്‍ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി .കഥ വളരെ നന്നായി .ആത്മീയത തേടി ഇറങ്ങുന്നവര്‍ ഭൌതിക സുഖങ്ങള്‍ ത്യജിച്ചേ മതിയാകൂ .എങ്കിലേ ആ യാത്ര പൂര്‍ണ്ണമാകൂ ..

    ReplyDelete
    Replies
    1. മിനിപിസിOctober 15, 2012 at 1:44 PM

      നന്ദി സിയാഫ്‌

      Delete
  13. അനിവാര്യമായ ഒരുക്കം....

    നന്നായിട്ടുണ്ട് മിനി

    ReplyDelete
  14. ജീവിതം ഒരിടവേള മാത്രം ആണെന്ന്
    ഉത്ബോധിപ്പിക്കാന്‍ ഉതകിയ എഴുത്ത്
    കൊള്ളാം

    ReplyDelete
    Replies
    1. മിനിപിസിDecember 3, 2012 at 9:42 PM

      സര്‍ നന്ദി ...എന്റെ പോസ്റ്റുകളിലൂടെ സഞ്ചരിക്കാന്‍ കാണിക്കുന്ന സന്മനസ്സിന് !

      Delete