Friday, November 28, 2014

ചെറുകഥ - സ്നേഹപ്പക്ഷികള്‍

                                        മിനി.പി.സി

                               സ്നേഹപ്പക്ഷികള്‍

പാടത്തും,പറമ്പുകളിലും നിര്‍ജീവമായി കിടക്കുന്ന വളര്‍ത്തു പക്ഷികളെ നോക്കി കര്‍ഷകര്‍ ദീനം ദീനം കരഞ്ഞു....ഇന്ന് രാവിലെ വരെ അരിമണിയും , ഗോതമ്പുമൊക്കെ സ്നേഹപൂര്‍വ്വം വാരിവിതറിക്കൊടുത്ത്  മേയാന്‍ ഇറക്കിവിട്ടതാണ്....മധ്യാഹ്നമായപ്പോഴെയ്ക്കും !
 

കുറെ നേരം ആ കാഴ്ച്ച കണ്ട് മനസ്സ് പെരുത്ത അപ്പുണ്ണിയേട്ടന്‍ തന്‍റെ കൈലിയ്ക്ക് മുകളില്‍ ചുട്ടിത്തോര്‍ത്തു ചുറ്റി പാടവരമ്പില്‍ വെച്ചിരുന്ന മണ്‍വെട്ടി എടുത്തു തോളില്‍ വെച്ച് പറമ്പിലേയ്ക്ക് നടന്നു,
 

“അപ്പുണ്ണിയേ .....നീ വല്യൊരു കുഴിയെടുക്ക് ഞങ്ങള്‍ ഇതൊക്കെ പെറുക്കിക്കൂട്ടി അവിടെയ്ക്ക് കൊണ്ടുവരാം .അല്ല  കൂട്ടരേ ...ഇനീപ്പോ കരഞ്ഞു പിഴിഞ്ഞു നില്‍ക്കാണ്ട് എല്ലാരുംകൂടി ഇതൊക്കെ അങ്ങട്  എത്തിക്കാന്‍ നോക്ക് .അല്ലാണ്ടെയിപ്പോ എന്താ ചെയ്ക ?വല്ല പോക്കാനോ, കീരിയോ, കുറുക്കനോ ആയിരുന്നെങ്കി നമുക്ക് പരിഹരിക്കായിരുന്നു..  ഇതിപ്പോ  ടപ്പേന്നല്ലേ  പക്ഷിപ്പനിടെ രൂപത്തില്‍ കാലന്‍ അവതരിച്ചത് ! ഇത്രവല്യൊരു ചതി ദൈവം ചെയ്യൂന്നു കരുതീതാണോ... ?എന്തായാലും വന്നത് വന്നു.പെട്ടാ പെടയ്ക്കാണ്ട് എന്താ ചെയ്യാന്‍ പറ്റ്വാ! ”
 

പപ്പുമാസ്റ്റര്‍ തങ്ങളുടെ പ്രിയ താറാവുകള്‍ക്കും കോഴികള്‍ക്കുമരികെയിരു ന്ന്  കണ്ണീര്‍ പൊഴിക്കുന്നവരെ  ആശ്വസിപ്പിച്ച്  കയ്യില്‍ കരുതിയ തൂമ്പകൊണ്ട്  വലിയ  കൊട്ടയിലേക്ക് വിറങ്ങലിച്ച കോഴികളെയും താറാവുകളെയും കോരിയിട്ടു.... 

കരുതിയതിലും വളരെ നേരം കഴിഞ്ഞാണ് ആ  പണി പൂര്‍ത്തിയാക്കി എല്ലാര്‍ക്കും വീടണയാനായത് . പപ്പുമാസ്റ്ററുടെ തലവെട്ടം  പടിപ്പുരയില്‍ കണ്ടതേ സരോജ കൂട്ടില്‍ കിടന്ന്  കലമ്പല്‍ കൂട്ടി,
 

“കുട്ട്യോളെ...........അപ്പൂപ്പന്‍ വന്നൂ...കുട്ട്യോളെ അപ്പൂപ്പന്‍ വന്നു .”
 

ഇനി കുട്ടികള്‍ മുറ്റത്തെത്തി അപ്പൂപ്പാ..എന്ന് വിളിച്ച് അദ്ദേഹത്തിന്‍റെ ഇരു കയ്യിലും തൂങ്ങിയാലെ സരോജ ആ വിളി നിര്‍ത്തൂ.ആ വിളി നിര്‍ത്തുമ്പോള്‍ അവള്‍ക്കറിയാം അപ്പൂപ്പന്‍ കൂടുതുറക്കും എന്നിട്ട് ജുബ്ബയുടെ പോക്കറ്റില്‍ കരുതിയ പനങ്കല്‍ക്കണ്ടം   അവള്‍ക്കു സമ്മാനിക്കും.സരോജയുടെ ഓര്‍മ്മ വെച്ച കാലം മുതല്‍ ഇങ്ങനെയാണ് കാര്യങ്ങള്‍ ...അവളുടെ  ശ്രദ്ധയെത്താത്ത ഒരു സംഗതി പോലും അവിടെ ഉണ്ടാവാറില്ല ,മനയ്ക്കലെ പട്ടി" കരിങ്കുട്ടന്‍" അവളുടെ വീട്ടിലെ “ഫിക്രു”വിനെ ഇടയ്ക്കിടെ ഉപദ്രവിക്കാനായി പമ്മിപ്പമ്മി വരുമ്പോള്‍ സരോജ ഉറക്കെ പറയും 

"കരിങ്കുട്ടാ....വേണ്ടാട്ടോ.............കരിങ്കുട്ടാ വേണ്ടാട്ടോ ..........”

അതു കേള്‍ക്കുമ്പോള്‍ത്തന്നെ ഫിക്രു ഓടി അവന്‍റെ കൂട്ടില്‍ കയറും. വലിയ ചെവിയും കുഞ്ഞിക്കാലുകളും വെഞ്ചാമരം പോലെ വാലുമുള്ള അമ്മയില്ലാത്ത കൊച്ചു പട്ടികുട്ടിയാണ് ഫിക്രു ...ഫിക്രുവിനെ അവള്‍ക്കു വലിയ ഇഷ്ടമാണ്.ഇനി തേങ്ങയോ...അടയ്ക്കയോ മോഷ്ടിക്കാന്‍ കള്ളി ദാക്ഷായണിയമ്മൂമ്മ വന്നാലോ ?
 

 “ദെ ...കള്ളി വന്നു...കള്ളി വന്നു “
 

എന്നുപറഞ്ഞ് അവരെയും നിലം തൊടീയ്ക്കില്ല.....അങ്ങനെ ആ വീട്ടിലെ ഓരോരുത്തരുടെയും ജീവാത്മാവും പരമാത്മാവുമായി കഴിയുന്ന ഓമനയാണ് “സരോജ” !
 

അപ്പൂപ്പന്‍ വന്നു പടികയറിയിട്ടും മുറ്റത്തേക്ക് കുട്ടികളെ കാണാഞ്ഞ് സരോജ അമ്പരന്നു എങ്കിലും അവള്‍ വിളി നിര്‍ത്തിയില്ല ..പപ്പുമാസ്റ്ററും അതിശയിച്ചു ,
“ഇന്ന് ഈ കുട്ട്യോള്‍ക്ക് എന്ത് പറ്റി?”
 

പപ്പുമാസ്റ്റര്‍ ഉമ്മറകോലായിലിരുന്ന് കുട്ടികളെ വിളിച്ചു.അവര്‍ വരാതെ സരോജ വിളി നിര്‍ത്തില്ലെന്ന് അദേഹത്തിന് അറിയാമായിരുന്നു.കുറെ നേരം വിളിച്ചതിനു ശേഷമാണ് കുട്ടികളെയും കൊണ്ട് പപ്പുമാസ്റ്ററുടെ  മകന്‍ പുറത്ത് വന്നത് ,കോളേജ്‌ അധ്യാപകനായ അയാളുടെ മുഖം കല്ലിച്ചിരുന്നു ..കുട്ടികള്‍ അയാളെ കുതറി അപ്പൂപ്പന്‍റെ കൈകളില്‍ പിടിച്ചതും സരോജ വിളി നിര്‍ത്തി പനങ്കല്‍ക്കണ്ടത്തിനായി കാത്തിരുന്നു ,അതറിയാവുന്ന പപ്പുമാസ്റ്റര്‍ സരോജയുടെ കൂടിനരികിലെയ്ക്ക് ചെന്നതും മകന്‍ പരുഷമായി ചോദിച്ചു ,
 

“അച്ഛനിത് എന്ത് ഭാവിച്ചാ ? വാര്‍ത്തകളൊന്നും കേള്‍ക്കുന്നില്ലേ? പക്ഷിപ്പനി പടര്‍ന്നു പിടിയ്ക്ക്യാ ....അത് മനുഷ്യരിലെയ്ക്ക് പടര്‍ന്നു കൂട്ട മരണം ഉണ്ടാവണേനു മുന്‍പ് ഇതിനെയൊക്കെ കൊന്നു കളയൂ....തുറന്നു വിട്ടാ ഈ തത്ത  പിന്നേം പറന്നു വരും .ഞാനാ ഗോപിയേട്ടനോട് പറഞ്ഞിട്ടുണ്ട് അയാള്‍ വന്നു കൊന്നുകുഴിച്ചിട്ടോളും...ഇനി അത് നമ്മള് ചെയ്തൂന്നൊരു മനസ്താപവും വേണ്ടല്ലോ .........”
 

അതുകേട്ടതും കുട്ടികള്‍ അലമുറയിട്ടു കരഞ്ഞു .
 

“ പാവം സരോജയെ കൊല്ലണ്ട അച്ഛാ ....പ്ലീസ്‌...... അച്ഛാ........”
 

അതുകേട്ട് കുപിതനായ മകന്‍  കുട്ടികളെയും വലിച്ചിഴച്ചു വീടിനകത്തെയ്ക്ക് നടന്നപ്പോള്‍  പപ്പുമാസ്റ്റര്‍ നെഞ്ചുപൊടിയുന്ന വേദനയോടെ  തന്‍റെ പോക്കറ്റില്‍ നിന്നും പനങ്കല്‍ക്കണ്ടമെടുത്ത് സരോജയ്ക്കു  നീട്ടി ., അപ്പോള്‍ സരോജ  അപ്പൂപ്പന്‍റെ നിറഞ്ഞൊഴുകുന്ന കണ്ണുകളും അദേഹം നീട്ടിയ കല്‍ക്കണ്ടവും .... പടിപ്പുര കടന്നു വരുന്ന ഗോപിയേട്ടനെയും കണ്ട് കുട്ടികളെ അനുകരിച്ച്  ദീനയായ്‌ കേണു,
"പാവം സരോജയെ കൊല്ലണ്ട അച്ഛാ ...പ്ലീസ്‌ അച്ഛാ ."

58 comments:

  1. ഹോ............... എന്താ കുഞ്ഞെ വല്ലാത്തൊരെഴുത്തായിപ്പോയി.... എന്നെ കരയിപ്പിച്ചേ അടങ്ങൂ അല്ലേ................ മനസ്സിൽ തറക്കുന്നതാവണം രചനകൾ തറച്ചൂ................ നിറഞ്ഞൂ കണ്ണുകൾ

    ReplyDelete
    Replies
    1. നമ്മളെ സങ്കടപ്പെടുത്തുന്ന എന്തൊക്കെയാ നടക്കണേ അല്ലെ ? നന്ദി സര്‍ വരവിനും ,വായനയ്ക്കും .

      Delete
  2. പക്ഷിപ്പനിയുടെ പേരില്‍ ഈ മിണ്ടാപ്രാണികളെ മുഴുവന്‍ കൊന്നൊടുക്കിയത് എത്ര ആലോചിച്ചിട്ടും ശരിയോ തെറ്റോ എന്ന് മനസിലാവുന്നില്ല.

    ReplyDelete
    Replies
    1. അതെ ....നമുക്ക് ഇതൊക്കെ കണ്ടു സങ്കടപ്പെടാന്‍ മാത്രമാണ് കഴിയുക .

      Delete
  3. :( സങ്കടായല്ലോ മിനിയേ.....

    ReplyDelete
    Replies
    1. പാവം ജീവികള്‍ അല്ലെ മുബീ .

      Delete
  4. വായിച്ചു. കഷ്ടം തന്നെ...

    ReplyDelete
    Replies
    1. മിനി പി സിDecember 6, 2014 at 11:56 AM

      എന്താ ചെയ്യാന്‍ പറ്റ്വ ഹരി.

      Delete
  5. ചില നിമിത്തങ്ങള്‍ (അനിവാര്യതകള്‍ ?)-എനിക്കു ഇപ്പോഴും സംശയമാണ് - കൊന്നു കുഴിച്ചു മൂടുന്ന ജീവനുകളെ ഓര്‍ത്തു വിലപിക്കുന്നു ..

    ReplyDelete
    Replies
    1. മിനി പി സിDecember 6, 2014 at 12:01 PM

      അല്ലാതെ നമുക്കെന്തു ചെയ്യാനാവും ?

      Delete
  6. "കൊല്ലരുതാരും ജീവികളെ........................"
    ആരുകേള്‍ക്കാന്‍..........!!!
    സങ്കടമായി............

    ReplyDelete
    Replies
    1. ആഹാരത്തിനു വേണ്ടി പോലും നമ്മളൊക്കെ എത്ര എണ്ണങ്ങളെയാ കൊന്നൊടുക്കുന്നത് അല്ലെ സര്‍ ?

      Delete
  7. അയ്യോ, സങ്കടമായല്ലോ.

    ReplyDelete
    Replies
    1. പാവങ്ങള്‍ അല്ലെ അജിത്തേട്ടാ .

      Delete
  8. എന്തുകൊണ്ടോ... അവയെയൊക്കെ കൊന്നൊടുക്കുന്നതിനോട് യോജിക്കാനാവുന്നില്ല.... എന്നാലോ പൂര്‍ണ്ണമായും വിയോജിക്കാനും കഴിയുന്നില്ല. മനുഷ്യന്റെ സ്വാര്‍ത്ഥത കൊണ്ടായിരിക്കുമല്ലേ....
    മറ്റേതെങ്കിലും ഒരു ജീവി മനുഷ്യനില്‍ നിന്നും ഏതെങ്കിലും അസുഖം പകരുമെന്നറിഞ്ഞാല്‍ മനുഷ്യൻമാരെയെല്ലാം കൊല്ലാന്‍ നടക്കുമോ...????
    ഈ കഥ കരളില്‍ തന്നെ കൊണ്ടു.. വേദനിച്ചൂ....

    ReplyDelete
    Replies
    1. അങ്ങനെ മനുഷ്യരെ കൊന്നൊടുക്കാന്‍ തുടങ്ങിയാലത്തെ അവസ്ഥ എന്തായിരിക്കും ....?ചിന്തനീയം .

      Delete
  9. എതിരിടാൻ കഴിവില്ലല്ലോ? അതിനാലല്ലേ അവ നമ്മുടെ തീൻ മേശകളീലും എത്തുന്നത് .

    ReplyDelete
    Replies
    1. സത്യമായും .....അങ്ങനെ നോക്കുമ്പോള്‍ എല്ലാരും പ്രശ്നക്കാര്‍ തന്നെ.

      Delete
  10. ഈ കഥ നല്ല വാരികകള്‍ക്ക് അയച്ചിരുന്നു എങ്കില്‍ മറ്റെല്ലാം മാറ്റിവച്ചു മിനിയുടെ കഥ ആദ്യം പ്രസിധീകരിചേനെ.മിനിയുടെ കഥ ചന്ദ്രികയിലും,മാധ്യമത്തിലും എല്ലാം വന്നതല്ലായിരുന്നോ?കഷ്ടമായിപോയി .വളരെ കുറിക്കു കൊള്ളുന്ന ചിന്തകള്‍..............."ദൈവത്തിന്‍റെ ആവനാഴിയിലെ ആയുധത്തോട് ആര്‍ക്കു എത്തിത്തു നില്‍ക്കാനാകും?".........മനുഷ്യന് എന്താണ് അഹങ്കരിക്കാന്‍ ലോകത്തിലുള്ളത്?GOD BLESS YOU.

    ReplyDelete
    Replies
    1. അത്ര നല്ലതൊന്നുമല്ല സര്‍ .........പിന്നെ വരികയാണെങ്കില്‍ത്തന്നെ ഒരുപാട് കാലതാമസം നേരിടും അപ്പോഴേയ്ക്കും പക്ഷിപ്പനിയൊക്കെ പോയ്ക്കഴിഞ്ഞിരിക്കും .

      Delete
  11. കൊന്നാ പാപം തിന്നാ തീരുമെന്ന വാക്കുകളില്‍ വാചാലമാകുന്നത് കൊണ്ടാകാം,,,ആ കൂട്ടക്കുരുതിയില്‍ നാമിപ്പഴും മൌനമാചരിക്കുന്നത് ല്ലേ?..rr

    ReplyDelete
    Replies
    1. എന്തിനും നമുക്ക് പറയാന്‍ ഒരോ തത്വങ്ങള്‍ ഉണ്ടല്ലോ അല്ലെ ചങ്ങാതി .

      Delete
  12. ശരിയും തെറ്റും നിശ്ചയിക്കാന്‍ കഴിയാതെ വരുന്നത് പ്രകൃതിയുടെ ചില തീരുമാനങ്ങള്‍ ആയിരിക്കാം.

    ReplyDelete
    Replies
    1. തീര്‍ച്ചയായും അതാവും നമുക്ക് ഉണ്ടാവുന്ന ആശയക്കുഴപ്പം.

      Delete
  13. ഇതൊക്കെ കേൾക്കുമ്പോ പാവം തോന്നും...

    ReplyDelete
    Replies
    1. അതെ ശ്രീ .കുറച്ചു കഴിയുമ്പോള്‍ എല്ലാരും ഇതൊക്കെ മറക്കുകയും ചെയ്യും .

      Delete
  14. കഷ്ടം അല്ലെ മിനി ചേച്ചീ !!!!

    ReplyDelete
    Replies
    1. ഉം ...അതെ രോഹൂ ..പാവം പക്ഷികള്‍ .

      Delete
  15. മനുഷ്യനുവേണ്ടി വളരാനും ചാവാനും വിധിക്കപ്പെട്ട മിണ്ടാപ്രാണികള്‍.

    ReplyDelete
    Replies
    1. നമ്മള്‍ അങ്ങനെ എല്ലാം നമുക്കുവേണ്ടി എന്ന് വിശ്വസിക്കുന്നത് കൊണ്ടല്ലേ ...........

      Delete
  16. കഥ നന്നായി. കാലിക പ്രശസ്തി ഉള്ള ഒരു കാര്യം ഏതാനും വരികളില്‍ മനോഹരമായി പറഞ്ഞു.

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ട് സര്‍ ഈ സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും .

      Delete
  17. കാലിക പ്രാധാന്യമായ ഒരു വിഷയം..

    മനുഷ്യൻ മനുഷ്യനെ വരെ ഒരുകാരണവുമില്ലാതെ
    കൂട്ടക്കുരുതി നടത്തുന്ന ഈ കാലഘട്ടത്തിൽ ഒരു പാവം
    കള്ളി തത്തമ്മയുടെ പിന്നെകാര്യം പറയാനുണ്ടോ അല്ലേ

    ReplyDelete
    Replies
    1. തീര്‍ച്ചയായും മുരളിയേട്ടാ .........എങ്കിലും ചില മനസ്സുകള്‍ അവര്‍ക്ക് വേണ്ടിയും കരയുന്നു .

      Delete
  18. പിന്നെ ഫേഷ്യൽ ചെയ്ത് രൂപവും ഭാവവുമൊക്കെ മാറി ഈ
    ‘ ഉൾപ്രേരകങ്ങളും’ ഇപ്പോൾ ബ്ലൊഗുടമസ്ഥയെ പോലെ ടിപ്പ് ചുള്ളത്തിയായിട്ടുണ്ട് കേട്ടോ

    ReplyDelete
    Replies
    1. ഈ മുരളിയേട്ടന്‍റെ ഒരു കാര്യം ! സ്നേഹക്കൂടുതല്‍ കൊണ്ടാണുട്ടോ ഇങ്ങനെ തോന്നുന്നത് .സന്തോഷമുണ്ട് ഇങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍

      Delete
  19. ഈ പ്രപഞ്ചം മനുഷ്യനു വേണ്ടി മാത്രമുള്ളതാണെന്നു നമ്മൾ അഹങ്കരിക്കുന്നു. പാവം മിണ്ടാപ്രാണികൾ.

    ReplyDelete
    Replies
    1. എല്ലാവരും എല്ലാവര്ക്കും വേണ്ടിയുള്ളതാണെന്ന ബോധം എന്നുണ്ടാവുമോ അന്നേ ഈ ലോകത്തിന്‍റെ പോക്ക് ശരിയായ ദിശയിലൂടെ ആവൂ .

      Delete
  20. കഥ നന്നായി. കാലിക പ്രശസ്തി ഉള്ള ഒരു കാര്യം ഏതാനും വരികളില്‍ .... പാവം താറാക്കുഞ്ഞുങ്ങള്... :(

    ReplyDelete
  21. പറയാൻ വിട്ടു... എത്ര ഈസിയായിട്ടാ ഒരു ക്ലൈമാക്സ്... സരോജയെ കൊല്ലണ്ട അച്ചാ പ്ലീസ് അച്ചാ എന്ന് മനസിലിങ്ങനെ കേൾക്കണു..

    ReplyDelete
  22. ഒരു പൈങ്കിളി കഥ

    ReplyDelete
    Replies
    1. ആന കൊടുത്താലും കിളിയേ............ എന്നാ പാട്ട് ഓര്‍മ്മ വരുന്നു.

      Delete
  23. മനുഷ്യ ജീവനു ഭീഷണിയാവുമ്പോൾ കൊല്ലലല്ലാതെ വഴിയില്ലാതെ വരുമ്പോൾ പിന്നെ കൊല്ലാതെന്ത് ചെയ്യും..പക്ഷെ കൊല്ലുന്നതിലുമില്ലേ ഒരു മാന്യതയും കാരുണ്യവും.. ജീവനോടെ തീയിലിട്ടു കൊല്ലുന്ന ക്രൂരതകൾ മനുഷ്യൻ അവസാനിപ്പിക്കണം

    ReplyDelete
    Replies
    1. തീര്‍ച്ചയായും ...താങ്കളോട് പൂര്‍ണ്ണമായും യോജിക്കുന്നു .

      Delete
  24. അവസരത്തിനൊത്ത് കഥ വിരിഞ്ഞു. സരോജയുടെ അവസാന ഡയലോഗ് തന്നെ പഞ്ച്..

    ReplyDelete
  25. എന്ത് പറയാനാ അല്ലെ ??

    ReplyDelete
    Replies
    1. അതെ .നമ്മള്‍ നിസ്സഹായരല്ലെ .

      Delete
  26. കഥ ലളിതമാവുന്നത് നല്ലതാണ്. പക്ഷേ അമിതലാളിത്യവും അതിവൈകാരികതയും ദോഷവുമാണ്. പ്രമേയപരമായി സാമ്യമുള്ള തകഴിയുടെ 'വെള്ളപ്പൊക്കത്തിലും' ഈ കഥയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ അത് തിരിച്ചറിയാനാവും.

    ReplyDelete
    Replies
    1. രണ്ടറ്റങ്ങളിലെയ്ക്കും പോകാതെ സൂക്ഷിക്കാം സ്നേഹിതാ. നന്ദി , സന്തോഷം .

      Delete
  27. നല്ല ചിന്ത..,
    സഹതാപിക്കാനല്ലേ നമുക്ക് സാധിക്കൂ..?

    ReplyDelete
    Replies
    1. അതെ ശിഹാബ്‌ ,അതിനെങ്കിലും നമുക്ക് കഴിയണം .

      Delete
  28. കുറെ സാധു ജീവികളെ കൊന്നോടുക്കിക്കഴിഞ്ഞപ്പോൾ പക്ഷിപ്പനിയെന്ന വാർത്ത പോലും ഇല്ലാതെയായി..

    ReplyDelete
  29. വായിച്ച്‌ സങ്കടപ്പെട്ടല്ലോ.കർഷകരുടെയൊക്കെ വിഷമം എന്തായിരിക്കും???

    ReplyDelete