Tuesday, October 28, 2014

കഥ-ബി നെഗറ്റീവ്

ബി നെഗറ്റിവ്  


ഭാസ്കരേട്ടന്‍റെ പുതിയ വീടിന്‍റെ ''പാലുകാച്ചൽ'' ചടങ്ങിനു തിരുവോണ ദിവസം ഓഫീസിലുള്ള എല്ലാരും ഒരുമിച്ചാണ് പോയത്. കുറെ കേരള ''മങ്കന്മാ''രും ''മങ്ക''കളും കയറി ചെല്ലുന്നത് കണ്ടു മുറ്റത്തൊരുക്കിയ പന്തലിലുണ്ടായിരുന്നവർ അതിശയത്തോടെ ആ കാഴ്ച നോക്കി നിന്നു.

പുറമേ നിന്നുള്ള ഒറ്റ നോട്ടത്തിൽ തന്നെ എന്‍റെ  മനസ്സ് നിറഞ്ഞു. ''നല്ല  വീട്'' ! ഒരു,സാധാരണക്കാരന്‍റെ കൊക്കിലൊതുങ്ങാവുന്ന ലാളിത്യം അതിനുണ്ടായിരുന്നു . വീടിന്‍റെ നിര്മ്മാണ ഘട്ടത്തിലെ ഓരോ ചെറുതരി വിശേഷം പോലും എന്നോട് അദ്ദേഹം പങ്കു വച്ചിരുന്നത് കൊണ്ടാവും ആ വീടിനോട് എനിക്ക് പ്രത്യേകമായൊരു ആത്മബന്ധം അനുഭവപ്പെട്ടു. ഒരു പക്ഷെ ഭാസ്കരേട്ടനോടുള്ള സ്നേഹക്കൂടുതൽ കൊണ്ടുമാകാം! ജോലിയിൽ പ്രവേശിച്ചു ഇന്നോളം എന്നോട് ഹൃദ്യമായി മാത്രം പെരുമാറിയിട്ടുള്ള അപൂർവ്വം ചിലരിലൊരാളാണ് ഭാസ്കരേട്ടൻ. അതുകൊണ്ട് തന്നെ ഒരു കീഴ്ജീവനക്കാരനോടെന്ന പോലെ ഞാൻ ഈ നേരം വരെ അദ്ദേഹത്തോട്  പെരുമാറിയിട്ടില്ല.

കയ്യിലുള്ളതൊക്കെ നുള്ളിപ്പെറുക്കിയും പലിശയ്ക്കു പണം എടുത്തും ഞാനടക്കമുള്ള സ്നേഹബന്ധങ്ങളിൽ നിന്നും സഹായം പറ്റിയുമൊക്കെയാണ്  അദ്ദേഹം ഈ സ്വപ്നഭവനം പൂർത്തീകരിച്ചത്.

''എനിക്ക് വല്യ സന്തോഷമായി''

ചടങ്ങുകൾ ആരംഭിക്കും മുമ്പേ കാലേകൂട്ടി ഞങ്ങൾ ചെന്നത് ഭാസ്കരേട്ടനെ വളരെ സന്തോഷിപ്പിച്ചു . അതിഥികൾ എത്തിത്തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ. പത്തഞ്ഞൂറു പേരുടെ പരിപാടിയുണ്ടെന്നാണ്അദ്ദേഹം പറഞ്ഞത്.

'' ഭാസ്കരാ ..... ഞങ്ങളിതൊക്കെ ഒന്ന് ചുറ്റി നടന്ന് കാണട്ടെ.''

സെക്രട്ടറി രാജമോഹൻ സാർ തന്‍റെ കസവ്കരയൻ മുണ്ടിന്‍റെ തലപ്പ്‌ ഇടതു കൈകൊണ്ട് ഉയർത്തിപ്പിടിച്ച് കിഴക്കേ മുറ്റത്തേക്കിറങ്ങി.

''ചുറ്റി നടന്നങ്ങനെ കാണാനും മറ്റും ഒന്നുമില്ല സാറേ,... എങ്ങിനെയൊക്കെയോ തട്ടിക്കൂട്ടി എടുത്തെന്നെ ഉള്ളൂ''.

ഭാസ്കരേട്ടൻ വിനയത്തോടെ തല ചൊറിഞ്ഞുകൊണ്ട് ഞങ്ങൾക്ക് മുമ്പേ നടന്നു. പ്രധാന റോഡിൽ നിന്നും അല്പ്പം ഉള്ളിലേക്ക് മാറി ഒരു പഞ്ചായത്ത് റോഡിന്നരികെയാണ് വീട്. റോഡിന്നിരുവശവും വിശാലമായ പാട ശേഖരങ്ങൾ ..... ദൂരെ മാറി ഒരു റൈസ് മില്ലിന്‍റെ പുകക്കുഴൽ ആകാശത്തേക്ക് പരിഭവത്തിന്‍റെ കറുത്ത പുക വിസർജ്ജിച്ചുകൊണ്ട്‌ പിണങ്ങി നിൽക്കുന്നു. ഭാസ്കരേട്ടന്‍റെ വീടിനോട് തൊട്ടുചേർന്ന് വിശാലമായ രണ്ട് തെങ്ങിൻ പുരയിടങ്ങളും അവയ്ക്ക് നടുവിൽ രണ്ടു വമ്പൻ വീടുകളും ഉണ്ട്. അതിലൊന്നിന്‍റെ കുറച്ചു ദൂരം മാറി ഉയരുന്ന പുകയും ബഹളവും ചൂണ്ടി ഭാസ്കരേട്ടൻ പറഞ്ഞു.

''നമുക്കിവിടെ സ്ഥല സൌകര്യമില്ലാത്തത് കൊണ്ട് അവിടെയാ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം ഒരുക്കിയത്.''

''ഇത് എത്ര സെന്റ്‌ സ്ഥലം ഉണ്ട്?''

സീനിയര് ക്ളാർക്ക് ചന്ദ്രബാബു  നടപ്പിനിടെ കൌതുകത്തോടെ തിരക്കി. ചെന്ന് കയറിയപ്പോൾ മുതൽ മുറ്റത്ത് അടിമുടി കുലച്ചു നില്ക്കുന്ന ഗൌളി തെങ്ങുകളിലും, ബഡ് ചെയ്തെടുത്ത മാവിലും പ്ലാവിലുമൊക്കെയായിരുന്നു മൂപ്പരുടെ ശ്രദ്ധ!

''അഞ്ചു സെന്റ്‌''

ഭാസ്കരേട്ടൻ വെളിപ്പെടുത്തി.

''ഉം!എന്തിനാ കുറെ സ്ഥലം? ഉള്ള സ്ഥലത്ത് എല്ലാ കൂട്ടവും വച്ച് പിടിപ്പിചിട്ടുണ്ടല്ലോ ..... ഭാസ്കരനെ സമ്മതിക്കണം!''

ചന്ദ്രമോഹൻസാര്‍ ഭാസ്കരേട്ടനെ അഭിനന്ദിച്ചു. അടുക്കള വരാന്തയിൽ നിന്നും കയ്യെത്തി പറിക്കാവുന്ന പേരയിലും ചാംബയിലും അവയിൽ പടർന്ന് ടെറസ്സിലേക്ക് കയറിയ പാഷൻ ഫ്രൂട്ടിലുമൊക്കെയായിരുന്നു സ്റ്റെനോ ജ്യോതി ലക്ഷ്മിയുടെ ശ്രദ്ധ. മൂത്ത് പഴുത്ത ഒരു പേരയ്ക്ക അവർ കയ്യെത്തി പറിച്ചത് മാനേജര്ക്ക് ഇഷ്ടമായില്ല. 

''ബീഹേവ്  യുവേർസെല്ഫ് ......! നല്ലൊരു  സദ്യയുണ്ണാൻ  നേരത്താണ്  പേരയ്ക്ക !''

അദ്ദേഹം  അടക്കിപ്പിടിച്ചു  പറഞ്ഞത്  കേട്ട്  ജ്യോതിയുടെ  മുഖം  വിളറി. അവൾ  ആ  ചമ്മൽ  ഒളിയ്ക്കാൻ  തല  വെട്ടിതിരിയ്ക്കവേ  ഞാൻ  എന്‍റെ  നോട്ടം  അയൽവീട്ടിലെ  മുറ്റത്തേയ്ക്ക്  തിരിച്ചു . അവിടെ  മനോഹരമായ  പൂക്കളത്തിനു  മുമ്പിൽ  ജീൻസും  ടോപ്പും  അണിഞ്ഞു  തിരുവാതിര  കളിക്കുന്ന  പെണ്‍കുട്ടികൾ .... എനിക്കാദ്യം  ചിരിയാണ്  വന്നത്. കൂടെ  ഓർമ്മയിൽ  സുസ്മേഷ്  ചന്ദ്രോത്തിന്‍റെ  ഫേസ്  ബുക്ക്‌  സ്റ്റാറ്റസും! മുണ്ടും  നേര്യതും  അണിഞ്ഞു  രാമായണം  വായിക്കുന്ന  പരമ്പരാഗത  രീതിയിൽ  നിന്നും  മോഡേണ്‍  വസ്ത്രധാരിയായ  ഒരു  രാമായണം  വായനക്കാരി .... ഇതും  നല്ലതാണ്, മോഡേണ്‍  തിരുവാതിര! 

''ഭാസ്കരാ .... നേരായി   .... ഇനി   പാലുകാച്ചൽ  ങ്ങട്  നടക്കട്ടെ !''

ഭാസ്കരേട്ടന്‍റെ  അച്ഛനാണ്! വെളുത്തു  മെലിഞ്ഞ  മുഴുവൻ  നരച്ച  ഒരു സാത്വികൻ !

അടുക്കളയിലെ  തകൃതിയായ  പാല്കാച്ചലിന്  ശേഷം  സദ്യക്കായി  ഞങ്ങൾ  പന്തലിൽ  നിരന്ന  നേരത്താണ്  വീടിനകത്തെ  ആൾകൂട്ടത്തിനിടയിൽ    നിന്നും  ഒരു  യുവതി  എന്നെ  തിരഞ്ഞു  പിടിക്കുന്നത്‌  എന്‍റെ  ശ്രദ്ധയിൽ  പെട്ടത് .

''ജിജോസാർ, അതാരാ  കക്ഷി ? കുറെ  നേരമായി  ഇങ്ങോട്ടാണല്ലോ  ശ്രദ്ധ  മുഴുവൻ .''

ഊണ്  പകുതി  പിന്നിട്ടപ്പോൾ  അക്കൌണ്ടന്റ്  ഇടിക്കുളയും  എന്നെ  തോണ്ടി  വിളിച്ചു .

എന്‍റെ  ശ്രദ്ധ  വീണ്ടും  അവളിലായി . ഇരു  നിറം , വലിയ  കണ്ണുകൾ . അത്  നിറയെ  ചിരിയാണ് . അല്പ്പം  ചീർത്ത്, പൊക്കം  കുറഞ്ഞു  ഇളം  നീലകരയുള്ള    മുണ്ടും  നേര്യതുമണിഞ്ഞു ... ഏതാവും? എനിക്ക്  വിവാഹം  ആലോചിക്കുന്ന  കാര്യം  ഭാസ്കരേട്ടന്  അറിയാം .... ഇനി  അങ്ങിനെ  വല്ല ...? എന്തായാലും   ''വരട്ടെ  നോക്കാം  ..... നോക്കാം.''

പതിവുപോലെ  മനസ്സിൽ  പറഞ്ഞുകൊണ്ട്  അവളെ  അവഗണിച്ചുകൊണ്ട്  ഞാൻ  പ്രിയപ്പെട്ട  പച്ചക്കറി  സദ്യയിലേക്ക്‌  തിരിഞ്ഞു. ഒരു  ക്രിസ്ത്യാനിയായിട്ടും  എനിക്കിഷ്ടം  ഇതാണ് ! ഒടുവിലൊരു  പായസവും .... അതും  എനിക്കിഷ്ടപ്പെട്ട  ഗോതമ്പ്  പായസം! ഊണിനു  ശേഷം  ഒരു  ഗ്ളാസ്സിൽ  എനിക്ക്  എത്തിച്ചു  തന്നത്  ഭാസ്കരേട്ടനാണ് .

''സാറിനെ  ഞാനിന്നു  വയറുനിറയെ  പായസം  കുടിപ്പിച്ചിട്ടെ  വിടുന്നുള്ളൂ .''

അദ്ദേഹം  അതും  പറഞ്ഞു  ചിരിയോടെ  മറ്റുള്ളവർക്കിടയിലൂടെ  നീങ്ങി. ഞാൻ  ഒരു  കവിൾ  പായസം  ആസ്വദിച്ചു  നുകര്ന്നിറക്കിയപ്പോഴാണ്  ആ  യുവതി  രണ്ടു  മൂന്നു  വയസ്സുള്ള  ഒരു  പെണ്‍കുഞ്ഞും  ഏകദേശം  അറുപതു  വയസ്സ്  പ്രായം  വരുന്ന   ഒരമ്മയോടുമൊപ്പം  എന്റെ  അരികിലെത്തിയത് . വെളുത്ത്  തടിച്ചു  മുണ്ടും  നേര്യതുമണിഞ്ഞ  ആ  അമ്മ  എന്നെ  കണ്ടപാടെ  ആ  പരിസരത്തിനു  താങ്ങാനാവാത്ത  വികാര വായ്പ്പോടെ  ഉറക്കെ  വിളിച്ചു .

''മോനെ .... മോനിതിനെ  മനസ്സിലായോ ? മോൻറെ  ചോരയാ  മോനെ ... മോൻറെ  ചോര!''

അവർ  ആ  കുഞ്ഞിനെ  എന്റെ  അരികിലേക്ക്  നിർത്തി .

ആ  പറഞ്ഞത്  കേട്ട്  ചുണ്ടോടടുക്കിപ്പിടിച്ച  ഗ്ളാസ്  അകത്തിപിടിച്ചു  ഞാൻ  മിഴിച്ചിരുന്നുപോയി. ഇവരെന്താണീ  പറയുന്നത് ? ഇവരാരാണ് ? ഇവരെ  ഞാൻ  അറിയുന്നതേയില്ല ..... ഞാൻ  വെപ്രാളത്തോടെ  ചുറ്റിലും  നോക്കി  എല്ലാ  കണ്ണുകളിലും  പകപ്പ്  .... എനിക്ക്  ചുറ്റിലും  ഉണ്ടായിരുന്ന  ആരവം  പെട്ടെന്നടങ്ങി . അനാവശ്യമായ  ഒരു  നിശ്ശബ്ധത  പടർന്നതുപോലെ  ... ഞാൻ  പെട്ടെന്ന്  ബലം  നഷ്ടപ്പെട്ടവനെ  പോലെ  ഇടിക്കുളയെ  നോക്കി .

'' സാറേ  വല്ല  മനസ്സറിവും?''

ഇടിക്കുളയുടെ  ചോദ്യം! മാനേജർ  ജേക്കബ്  മാത്യു  എന്നെ  ചുഴന്നു  നോക്കിക്കൊണ്ട്‌  എന്റെ  കയ്യിലിരുന്നു  വിറയ്ക്കുന്ന  പായസത്തിന്റെ  ഗ്ളാസ്  വാങ്ങി  ഡസ്കിൽ  വച്ചു .

ആ  വല്ലാത്തൊരവസ്തയിലേക്കാണ്  ഭാസ്കാരേട്ടൻ  കടന്നു  വന്നത്. വന്ന  പാടെ  സന്ദർഭത്തിന്റെ  സംഘർഷം  തകർത്തുടയ്ക്കും  വിധം  അദ്ദേഹം  അവരെ  ചൂണ്ടി  എന്നോട്  ചോദിച്ചു .

''സാറേ  .... സാറിനിവരെ  മനസ്സിലായോ ? ഇതെൻറെ  ഒരേയൊരു  പെങ്ങളാണ് .... ഇത്  ഇവൾടെ  മകൾ ..... എൻറെ  അനന്തിരവൾ ! ഇവർക്കുവേണ്ടിയാ  മൂന്നു  വർഷം  മുമ്പ്  സാറ്  ബ്ലഡ്‌  കൊടുത്തത്. ഈ  കുഞ്ഞിൻറെ  പ്രസവത്തോടനുബന്ധിച്ചായിരുന്നു.“

ഭാസ്കാരേട്ടൻ  കുഞ്ഞിനെ  കയ്യിലെടുത്തു  കളിപ്പിച്ചുകൊണ്ട്  അത്  പറയവേ  എൻറെ  വിറങ്ങലിച്ച  കൈത്തലം  കയ്യിലെടുത്തു  ആ  അമ്മ  പറഞ്ഞു .

''മോനെ  ഒന്ന്  കാണാൻ  കൊതിച്ചിരിക്കുകയായിരുന്നു  ഞങ്ങൾ. അന്ന്  ആ  ലേബർ  റൂമിന്റെ  മുമ്പിൽ  നേരത്തോടു  നേരം  കാത്തിരുന്നതും  പിന്നെ  രക്തം  തന്നു  പാതിരാത്രി  വലിയൊരു  മഴയത്ത്  ബൈക്ക്  ഓടിച്ചുപോയതും  ഇപ്പഴും  എൻറെ  കണ്ണീന്നു    മാഞ്ഞിട്ടില്ല .... അന്ന്  തുടങ്ങി  ഞങ്ങളെന്നും  മോനു  വേണ്ടി  പ്രാർഥിക്കും .... മോനെ  ദൈവം  അനുഗ്രഹിക്കും .''

വിതുമ്പിക്കൊണ്ട്  അവരത്  പറഞ്ഞു  തീരവേ  ഞാനാ  മുഖം  ഓർത്തെടുത്തു ..... ആ  ദിവസവും.

മൂന്നു വർഷങ്ങൾക്ക്  മുമ്പ്  ഒരു  പെരുമഴയത്ത്  വീട്ടിൽ  മൂടിപ്പുതച്ചു  കിടന്നുറങ്ങുമ്പോഴാണ്  വെളുപ്പിന്  മൂന്നു  മണിയോടടുത്ത്  ഭാസ്കരേട്ടന്റെ  വിളി  വരുന്നത് .

''സാറേ  ഒരു  സഹായം  വേണം . പെങ്ങള്ടെ  മോളെ  പ്രസവത്തിനു  ക്യൂൻ  മേരീസിൽ  അഡ്മിറ്റ്‌  ചെയ്തിരിക്കുകയാ . ആകെ  പ്രശ്നങ്ങളാ  സാറേ . ബ്ലഡ്‌  വേണ്ടി  വരുമെന്നാ   ഡോക്ടർമാർ  പറയണേ . ബി  നെഗറ്റിവാ .... പാവങ്ങളാ , എനിക്ക്  വേറാരേം  ഓർമ്മ  വരുന്നില്ല , സാറ്  വരണം .''

ഭാസ്കരേട്ടൻ  അത്ര  വലിയ  ആമുഖമൊന്നും  തരേണ്ട  കാര്യമില്ലായിരുന്നു. ഞാൻ  കൃത്യ  ഇടവേളകളിൽ  ബ്ലഡ്‌  കൊടുക്കുന്ന  ഒരാളാണ് . വളരെ  മുമ്പ്  തുടങ്ങി  ഇപ്പോഴും, റെയർ  ഗ്രൂപ്പ്  ആയതു  കൊണ്ട്  തന്നെ  ആവശ്യക്കാര്ക്ക്  ബ്ലഡ്‌  നൽകുന്നതിൽ  സന്തോഷമേ  തോന്നിയിട്ടുള്ളൂ. തലേ  രാത്രി  നല്ല  ജോലി  ഭാരം  ഉണ്ടായിരുന്നത്  കൊണ്ട്  പുലര്ചെയുള്ള  പതിവ്  നടത്തത്തിനുപോലും  പോകാതെ  മൂടിപ്പുതചുറങ്ങാനായിരുന്നു    പ്ളാനിട്ടതെങ്കിലും    ഭാസ്കരേട്ടന്റെ  വിളി  കേട്ട്  ഞാൻ  ധൃതിയിൽ  എഴുന്നേറ്റു  ദിനചര്യകൾക്ക്    ശേഷം  ഹോസ്പിറ്റലിലേക്ക്  നാല്  മണിയോടെ  യാത്രയായി . ഇറങ്ങാൻ  നേരം  മമ്മി  ഉത്കണ്ഠയോടെ  തിരക്കി .

''മോൻ എവിടെക്കാ ?''

''മമ്മി  ഒരു  എമര്ജന്സി  കേസുണ്ട് ... ഉടനെ  തിരുവനന്തപുരം  വരെ  ഒന്ന്  പോകണം. സെക്രട്ടറിയാ  പോകാമെന്നേറ്റിരുന്നത്. അദ്ദേഹത്തിനെന്തോ  അസൌകര്യം . അല്പ്പം  മുമ്പാ  എന്നെ  വിളിച്ചു  പറഞ്ഞത് ...''  

മമ്മി  വിശ്വസിച്ചോ  ആവോ ? രക്തദാനത്തിനായാണ്  ഞാൻ  പോകുന്നതെന്നറിഞ്ഞാൽ  മമ്മി  വിഷമിക്കും . ഒരിക്കൽ  അങ്ങിനെ  പറഞ്ഞു  പോയി  തിരിച്ചു  വന്നപ്പോഴുള്ള  മമ്മിയുടെ  രൂപം  മനസ്സിലുണ്ട് . ആകെ  തളർന്ന്  പേടിച്ചു , അവശയായി. ഞങ്ങൾ രണ്ടു  ചെറിയ  കുട്ടികളെ  മമ്മിയെ  ഏല്പ്പിച്ചു  അകാലത്തിൽ  പപ്പ  ഈ  ലോകത്തുനിന്നും  യാത്രയായതാണ് . അതുകൊണ്ട്  തന്നെ  മമ്മിയുടെ  ലോകം  ഞങ്ങളിരുവരും  മാത്രമായിരുന്നു . ചേച്ചി  വിവാഹിതയായി  പോയതോടെ  മമ്മി  എന്നിലേക്ക്‌  മാത്രമായി  ചുരുങ്ങിക്കൂടാൻ    നിർബന്ധിതയായി . അതാവാം  മമ്മിയെ  വേദനിപ്പിക്കുന്ന  ഒന്നും  എന്നിൽ  നിന്നുണ്ടാവാതിരിക്കാൻ  ഞാൻ  ബോധപൂർവ്വം  ശ്രമിയ്ക്കുന്നത് .

പുറമേ കുറ്റാക്കൂരിരുട്ടു   .... ഇടമുറിയാതെ  പെയ്യുന്ന  കർക്കിടകത്തിലെ  കള്ള  മഴയെ  കീറി  മുറിച്ചു  ഞാൻ  എൻറെ  ബൈക്കിൽ  കുളിർന്നു  വിറച്ചു  ഹോസ്പിറ്റലിലെത്തി. ബ്ലഡ്‌  കൊടുക്കും  മുമ്പുള്ള  ഫോര്മാലിറ്റിയ്ക്ക്   ശേഷം         'ആവശ്യം  വരുമ്പോൾ  വിളിക്കാം' എന്ന്  പറഞ്ഞു   സിസ്റ്റെര്സ്  ലേബർ  റൂമിന്റെ  വരാന്തയിൽ  കാവലിരുത്തി ..... മിനുട്ടുകൾ .... മണിക്കൂറുകൾ ... മേലാകസകലം  കൊളുത്തി  വലിക്കുന്ന  വേദന , കൂടെ  ഉറക്ക  ക്ഷീണവും ...... അവിടെയിരുന്നോന്നു  മയങ്ങാൻ  കൊതിച്ചു . പെട്ടെന്ന്  വരാവുന്ന  വിളിയോർത്തിട്ടു  അതിനും  കഴിഞ്ഞില്ല . അനിശ്ചിതമായി  നീളുന്ന  ഇത്തരം    കാത്തിരുപ്പുകൾക്കൊടുവിൽ  ഇനി  ഡെലിവറി  സംബന്ധമായ  കേസുകൾക്ക്‌  വരില്ലെന്ന്  മനസ്സിലോർക്കുമെങ്കിലും ..... അതിനു  മനസ്സ്  അനുവദിക്കാറില്ല. ഞാനിടയ്ക്കിടെ  അസ്വസ്ഥതയോടെ  ലേബർ  റൂമിന്  മുമ്പിലുള്ള  വരാന്തയിലൂടെ  കൈകൾ  കൂട്ടി  തിരുമ്മി  നടക്കുന്നതിനിടെ  കരഞ്ഞു  വീർത്തൊരു  മുഖം  എനിക്ക്  നേരെ  നീളും ..... അത്  അമ്മയുടെ  മുഖമായിരുന്നു. ഏകദേശം  രാത്രി  എട്ടുമണിവരെ  നീണ്ട  കാത്തിരിപ്പിനൊടുവിൽ  വെളുത്തു  മെലിഞ്ഞ്  അല്പ്പം  മുടംപല്ലുള്ള  സുന്ദരിയായ  സിസ്റ്റർ  തല  നീട്ടി .

''ഇയാളിനി  പൊക്കോളൂ ... നോർമ്മൽ  ഡെലിവറി  ആയിരുന്നു . വേറെ  പ്രോബ്ളം  ഒന്നുമില്ല ....''

അത്  കേട്ടവഴി  ഞാൻ  വീട്ടിലേക്കു  തിരിച്ചു  വന്നു . വീട്ടിൽ  എത്താൻ  അല്പ്പം  മാത്രം  ദൂരമിരിക്കെ  ഞാൻ  മമ്മിയെ  വിളിച്ചു .

''മമ്മി  ഞാൻ  ഇപ്പോൾ  എത്തും .''

ആ  മഴയുടെ  കാഠിന്യവും  ശരീരത്തിൻറെ  ക്ഷീണവും  ഒഴിയ്ക്കാൻ  തൊട്ടടുത്ത  ദിവസങ്ങളിൽ  ലീവെടുത്ത്  വീട്ടിലിരിക്കാൻ  കൊതിച്ചുകൊണ്ട്  വീട്ടിലേക്കുള്ള  ഇടവഴി  തിരിഞ്ഞപ്പോഴാണ്  ഹോസ്പിറ്റലിൽ  നിന്നും  ആ  വിളി  വന്നത് .

''ജിജോ .... വേഗം  വരൂ ... ആ  സ്ത്രീയ്ക്ക്  ഹെവി  ബ്ലീഡിംഗ് ആണ്.... പ്ളീസ് .....''

പിന്നെ  ഒന്നുമാലോചിക്കാതെ  തിരിച്ചങ്ങോട്ടു  ഒറ്റപ്പാച്ചിലായിരുന്നു. ഹോസ്പിറ്റലിലെത്തി  ബ്ലഡ്‌  കൊടുക്കാൻ  തയ്യാറാകവേ സിസ്റ്റർ  വിലക്കി .....

''അയ്യോ  നിങ്ങൾക്ക്  നല്ല  പനിയുണ്ട്‌ .... ബ്ലഡ്‌  എടുക്കാൻ  പറ്റില്ല ...''

''ഇല്ല  സിസ്റ്റർ .... എനിക്കൊരു  കുഴപ്പവുമില്ല , ഇത്ര  ദൂരം  യാത്ര  ചെയ്തതിന്റെയാണ് ....'' ഞാൻ  തർക്കിച്ചു ...

'പക്ഷെ...' 

''എങ്കിലൊരു  കാര്യം  ചെയ്യൂ ... നിങ്ങൾ  പുറത്തൽപ്പം  വിശ്രമിക്കൂ .... എന്നിട്ട്  നോക്കാം .....'' സിസ്റ്റർ  തിരക്കിട്ട്    അകത്തേയ്ക്ക്  ഓടി . ഞാൻ  നിരാശയോടെ  പുറത്തേക്ക്  നടന്നു .... അവിടെ  ചോരക്കുഞ്ഞിനെ  പൊതിഞ്ഞു  നെഞ്ചോട്‌ ചേർത്ത് ....

''മോളെ ..... എൻറെ  മോളെ .....''

എന്ന് വിളിച്ചു കരയുന്ന ഈ അമ്മയുണ്ട്‌. ഞാൻ അസ്വസ്ഥതയോടെ താഴെ മെഡിക്കൽ സ്റ്റോറിൽ ചെന്ന് ഒരു കാല്പോൾ കഴിച്ചു വീണ്ടും നേഴ്സിനു മുമ്പിൽ ചെന്നു. വേറാരെയും അവർക്ക് അത്ര നേരം ശ്രമിച്ചിട്ടും കിട്ടിയിരുന്നില്ല. പരിശോധിച്ചപ്പോൾ ടെമ്പറേച്ചർ കുറഞ്ഞത്‌ കണ്ടു അവർ ആശ്വാസത്തോടെ മറ്റു നടപടികളിലേക്ക് തിരിഞ്ഞു.

''വേദനിയ്ക്കുന്നുണ്ടോ?''

എൻറെ കൈത്തണ്ടയിലേക്ക് സാധാരണയിലും വലിയൊരു നീഡിൽ കുത്തിയിറക്കുന്നതിനിടെ സുന്ദരിയായ വെളുത്ത കൊതുക് എന്നോട് ചോദിച്ചു. അവർ മൂന്നുപെരുണ്ട് എൻറെ ചുറ്റിലും വട്ടമിട്ടു പറന്നുകൊണ്ട്‌ സാധാരണ ഗതിയിൽ പലപ്പോഴും ഞാനീ രക്തം കൊടുപ്പ് ആസ്വദിക്കാറുണ്ട്.... പക്ഷെ അപ്പോഴെന്റെ ഉള്ളിൽ ചോരക്കുഞ്ഞിനേയും നെഞ്ചോട്‌ ചേര്ത്ത് മകളെയോര്ത്തു കരയുന്ന ആ അമ്മ മാത്രമായിരുന്നു. ഞാൻ കണ്‍പൂട്ടി നിശ്ശബ്ദം കിടന്നു. എമർജൻസിയായതുകൊണ്ടാവാം തിടുക്കപ്പെട്ടാണ് രക്തം എടുത്തത്. അതുകൊണ്ട് എല്ലാത്തവണത്തെയുംകാൾ വല്ലാത്ത ക്ഷീണം എനിക്കനുഭവപ്പെട്ടു. എനിക്ക് മമ്മിയെ ഓർമ്മ വന്നു....... ആ റൂമിൽ നിന്നും ക്ഷീണത്തോടെ പുറത്തിറങ്ങി..... പോക്കറ്റിൽ നിന്നും സെൽഫോണെടുത്ത്  അതിനെ തട്ടിയുണർത്തി, ഉണർത്തിയതും ചേച്ചിയുടെ കോളാണ് ആദ്യം തടഞ്ഞത്.  

''മോനെ നീയെവിടെയാ? മമ്മി ആകെ കരച്ചിലാണ്. ഇപ്പൊ എത്തുന്നു പറഞ്ഞിട്ട് മണിക്കൂറ് രണ്ടു കഴിഞ്ഞിട്ടും കാണുന്നില്ലെന്ന് പറഞ്ഞ്! എന്താ പറ്റ്യേ? നീയെന്താ ഫോണെടുക്കാത്തെ?''

പാവം മമ്മി..... മമ്മിയുടെ പത്തുമുപ്പതു മിസ്കോൾ ഉണ്ട്. തന്നെ കിട്ടാഞ്ഞ് കാനഡയിലുള്ള മോളെ വിളിച്ചു സങ്കടം പറഞ്ഞതാണ്. ഞാൻ തളര്ന്ന ശബ്ദത്തിൽ ചേച്ചിയോട് കാര്യം പറഞ്ഞ് .... മമ്മിയെ വിളിച്ചു ആശ്വസിപ്പിച്ചു പുറത്തേക്കിറങ്ങി. ആ കുളിർന്നു വിറയ്ക്കുന്ന മഴയത്ത് തന്നെ വീട്ടിലേക്കു പാഞ്ഞു.  അന്ന് ചെന്ന് കിടന്നിട്ടു, കിടന്നത് മാത്രമേ ഓർമ്മയുണ്ടായിരുന്നുള്ളൂ. പിന്നെ ഒരാഴ്ച കഴിഞ്ഞാണ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാര്ജ് ചെയ്തത്.... കടുത്ത പനിയായിരുന്നു.

ആ മഴയും കുളിരും പനിയുമൊക്കെയാണ് ഇപ്പോൾ മുമ്പിൽ ഉണ്ടക്കണ്ണുകളിൽ ചിരിയും നിറച്ചു നില്ക്കുന്നത്. ഒരേ ഉദരം പങ്കിട്ടിട്ടില്ലെങ്കിലും രക്ത ബന്ധമുള്ള സഹോദരി..... ഞാൻ അവളെ നോക്കി ആശ്വാസത്തോടെ ചിരിച്ചു. പിന്നെ        'കുട്ടി മോൻറെ ചോരയാണെന്ന്‘ പറഞ്ഞ പാവം അമ്മയുടെ ബുദ്ധി ശൂന്യതയെ ചിരിച്ചുതള്ളികൊണ്ട് അവളുടെ കയ്യിലിരുന്ന കുട്ടിക്ക് നേരെ കൈ നീട്ടി.

''വാവേ പൊക്കോളൂ ...... അമ്മാവനാ കുട്ടീടെ!''

അതിൻറെ അമ്മൂമ്മ കൊഞ്ചി. അത് കേട്ട് കുട്ടി തികഞ്ഞ അപരിചിതത്വത്തോടെ മമ്മിയുടെ നെഞ്ചിലേക്ക്  ചേർന്നു.... ഞാൻ എൻറെ ചെയറിലേക്ക് കൈകൾ വിരിച്ചു വച്ച്‌ ശ്വാസം വലിച്ചുവിട്ടു ആശ്വാസത്തോടെ ചാരിയിരുന്നു. ആ ഇരിപ്പുകണ്ട് ഭാസ്കാരേട്ടൻ ചിരിയോടെ ചോദിച്ചു.

''എന്നാ സാർ ഒരു ഗ്ളാസ് പായസമെടുക്കട്ടെ? അത് കേട്ട് നിറഞ്ഞ പുഞ്ചിരിയോടെ ഞാൻ ശിരസ്സിളക്കി                    
' ആവാം....ആവാം!''

28 comments:

 1. കഥ നന്നായിരിക്കുന്നു.ലളിതസുന്ദരമായ ശൈലി!
  "മോന്‍റെ ചോരയാണ്‌..."എന്നുകേട്ടപ്പോള്‍ ഞെട്ടിപ്പോയി അല്ലേ?!!
  രക്തബന്ധങ്ങള്‍.....
  അതാണല്ലോ മനുഷ്യനും,മനുഷ്യത്വവും.
  ആശംസകള്‍

  ReplyDelete
  Replies
  1. അതെ സര്‍ ,നമ്മള്‍ മറ്റുള്ളവര്‍ക്ക് പ്രിയപ്പെട്ടവരാകുന്നത് ..അല്ലെങ്കില്‍ മറ്റുള്ളവരിലെയ്ക്ക് എത്തിപ്പെടുന്നത് എങ്ങനെയൊക്കെയാണല്ലെ.

   Delete
 2. മിനിക്കഥകളുടെ വലിപ്പം കൂടിക്കൊണ്ടിരിക്കുന്നു......

  ReplyDelete
  Replies
  1. സര്‍ ,പൊതുവേ വല്യ കഥകളാണ് എഴുതുന്നത് .കുറേയെണ്ണമുണ്ട് ...എല്ലാം ടൈപ്പ് ചെയ്തു കൊണ്ടിരിക്കയാണ് .നന്ദി സര്‍ .

   Delete
 3. മിനിക്കഥകളിലെ വലിയ കഥ ഇഷ്ടായിട്ടോ... ലളിതമായ അവതരണം. ആശംസകള്‍

  ReplyDelete
 4. നല്ല കഥ.!!
  രെ മാറി ഒരു റൈസ് മില്ലിന്‍റെ പുകക്കുഴൽ ആകാശത്തേക്ക് പരിഭവത്തിന്‍റെ കറുത്ത പുക വിസർജ്ജിച്ചുകൊണ്ട്‌ പിണങ്ങി നിൽക്കുന്നു.
  ഈ വരികള്‍ ഒരുപാടിഷ്ടപ്പെട്ടു.

  ReplyDelete

 5. ‘മങ്കന്മാരി‘ലൊരുവനെ ശരിക്കും
  പേടിപ്പിച്ച ഒരു രക്തബന്ധത്തിന്റെ കഥ

  ReplyDelete
  Replies
  1. ഇന്നത്തെ കാലമല്ലേ മുരളിയേട്ടാ എപ്പോഴാ പണി കിട്ട്വാന്നറിയില്ലാലോ ....

   Delete
 6. കഥ കൊള്ളാം. ഈ ബ്ലോഗ്ഗില്‍ ഇതിലും നല്ല കഥകള്‍ വായിച്ചിട്ടുള്ളതിനാല്‍ ഗംഭീരം എന്നൊന്നും പറയുന്നില്ല.

  മിനിയെ പോലെയുള്ള ഒരു എഴുത്തുകാരിക്ക് ഈ കഥ ഒന്നുകൂടി ഒതുക്കി എടുക്കാമായിരുന്നു എന്ന് തോന്നി.

  ReplyDelete
  Replies
  1. നന്ദി വേണുവേട്ടാ ....ഈ വരവിനും സ്നേഹം നിറഞ്ഞ ഈ അഭിപ്രായങ്ങള്‍ക്കും .

   Delete
 7. നന്നായിരിക്കുന്നു. ഇതാണ്‌ മനുഷ്യബന്ധം.
  പച്ചക്കറിസദ്യ ഇഷ്ടമുള്ളവരെ കണ്ടുകിട്ടുന്നതും സന്തോഷമാണ്‌... :)

  ReplyDelete
 8. ഒരു മിനിക്കഥ കൂടി വായിച്ചു.

  ReplyDelete
 9. കൊള്ളാം ...ഇതും അനുഭവാണോ ആരെടെങ്കിലും ? എഴുത്തുകാരോട് ഒന്നും പറയാന്‍ പറ്റില്ല്യാന്നു ആയിരിക്കുണു .ന്നാലും ക്ഷേ ...പിടിച്ചു ..പ്രത്യേകിച്ച് ഈ വരികള്‍ ....സങ്കീര്‍ണ്ണമായ അവസ്ഥകള്‍ക്കിടയിലെ ഈ നര്‍മ്മബോധം ."എൻറെ കൈത്തണ്ടയിലേക്ക് സാധാരണയിലും വലിയൊരു നീഡിൽ കുത്തിയിറക്കുന്നതിനിടെ സുന്ദരിയായ വെളുത്ത കൊതുക് എന്നോട് ചോദിച്ചു. അവർ മൂന്നുപെരുണ്ട് എൻറെ ചുറ്റിലും വട്ടമിട്ടു പറന്നുകൊണ്ട്‌ സാധാരണ ഗതിയിൽ പലപ്പോഴും ഞാനീ രക്തം കൊടുപ്പ് ആസ്വദിക്കാറുണ്ട്.... "

  ReplyDelete
  Replies
  1. എല്ലാം അനുഭവങ്ങള്‍ തന്നെയല്ലേ ...!

   Delete
 10. ഒന്ന് ആറ്റിക്കുറുക്കിയിരുന്നെങ്കിൽ ആസ്വാദ്യത കൂടിയേനെ. മാത്രമല്ല ഒരു വിരോധാഭാസവും ഉണ്ട്. കഥ 'ബി പോസിറ്റീവ്'. ശീർഷകം ബി നെഗറ്റീവ്!

  ReplyDelete
  Replies
  1. അതാണ്‌ ഗോവിന്ദാ ചില നെഗറ്റീവുകള്‍ പോസിട്ടീവുകള്‍ ആവുന്ന വിധം !

   Delete
 11. ബി നേഗറ്റീവ്‌ റെയർ ഗ്രൂപ്പാ അല്ലേ.? അതു സമ്മാനിച്ച റെയറായ ചില പോസിറ്റീവ്‌ നിമിഷങ്ങൾ നന്നായി അവതരിപ്പിച്ചു . ഇഷ്ടമായി.

  നല്ല കഥ.

  ശുഭാശംസകൾ....

  ReplyDelete
 12. നല്ല കഥ,നന്നായി അവതരിപ്പിച്ചു..

  ReplyDelete
 13. wonderful story .

  ReplyDelete
 14. വൗ!!!!നല്ലൊരു കഥ.നേരിൽ കാണുന്നതു പോലെ .

  ReplyDelete
 15. താരങ്ങളെ താഴെ കാണുക പ്രയാസം........... ആകാശത്ത് നിന്ന് വഴുതി വീണ ഒരൂ താരത്തിന് മിനിച്ചേച്ചിയുടെ ച്ചായ..... മുഖസ്തുതി അല്ല കഥ സത്യം......ഒരു നിമിഷം ഞാൻ ജീജോ ആയി...!

  ReplyDelete