Wednesday, October 8, 2014

കഥ -------സന്തോഷം



                                                                              മിനി.പി.സി
                                                            

രോഗശയ്യയിലായിരുന്ന  തന്നെ  കാണാന്‍ ഒരുപാട്  ദൂരങ്ങള്‍ താണ്ടിയെത്തിയ നഥാനിയേലിനെ നോക്കിക്കിടക്കെ മത്തായിച്ചേട്ടന്‍റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു .ആ നിറഞ്ഞ കണ്ണുകളില്‍ തുറന്നിട്ട ജനാലയിലൂടെ അരിച്ചെത്തിയ പ്രകാശം  പ്രകീര്‍ണനങ്ങള്‍ സൃഷ്ടിയ്ക്കെ ഏഴ്  നിറങ്ങളില്‍ അദേഹത്തില്‍ നഥാനിയേലിനെ       ക്കുറിച്ചുള്ള  ഓര്‍മ്മകള്‍ ചിതറി .
       
പണ്ട് ചെറിയൊരു ഹോട്ടലില്‍ അടുക്കളജോലിക്കാരനായിരിക്കെയാണ് ഹോട്ടലിനു പുറകില്‍,ഭക്ഷണാവശിഷ്ടങ്ങള്‍  കുമിഞ്ഞുകൂടികിടക്കുന്നിടത്ത് തെരുവുപട്ടികള്‍ക്കിടയില്‍ ഒരു എച്ചിലിലയില്‍  കമിഴ്ന്നു കിടന്ന് എച്ചില്‍ വാരിത്തിന്നുകയായിരുന്ന അവനെ  അയാള്‍ ആദ്യമായി കാണുന്നത് . കറുത്ത്  മെലിഞ്ഞ് ,കിളരം കുറഞ്ഞ, കീറിയ വയലറ്റ്‌ നിക്കര്‍ ധരിച്ച ആ അഞ്ചു വയസ്സുകാരന്‍ അയാളെ കണ്ടപാടെ ആ എച്ചിലിലയുമെടുത്ത്  ദൂരെയ്ക്ക് ഓടിയൊളിച്ചു .ആ കാഴ്ച അയാളെ ഏറെ ദുഖിപ്പിച്ചു .
    
    നാളുകള്‍ കഴിയവെ ഇന്‍ഡിഗോ നിറമുള്ള അടുക്കള വാതിലിന പ്പുറം അവനെ തന്‍റെയരികിലിരുത്തി  ആഹാരം പങ്കുവെച്ചു കഴിച്ചതും ,നല്ലതുപോലെ നീലിച്ച ഒരു പകല്‍ അവന്‍റെ കുഞ്ഞിക്കൈകള്‍ പിടിച്ച് തന്‍റെ വാടകമുറിയിലെയ്ക്ക് നടന്നതും , അതിനപ്പുറം പ്രത്യാശയുടെ പച്ചപ്പില്‍  അവനെ “നഥനിയേലെ”ന്ന പേരുവിളിച്ചതും പരിമിതമായ  ചുറ്റുപാടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അവന് ആത്മീയവും ഭൌതികവു മായ വിദ്യാഭ്യാസം നല്‍കിയതും  തിരക്കൊഴിഞ്ഞ പകലുകളില്‍ മഞ്ഞ  ഡാലിയപ്പൂക്കള്‍  വിരിഞ്ഞു നില്‍ക്കുന്ന വീട്ടുമുറ്റത്തിരുന്ന് താന്‍       അവനെ ജീവിതം പഠിപ്പിച്ചതും  ഒരു ഓറഞ്ചു തോട്ടത്തിലെ കങ്കാണി പണിയ്ക്കിടയില്‍ അവന്‍റെ  വളര്‍ച്ചയുടെ പടവുകളെ  സാകൂതം നോക്കി കണ്ടതും  ഒടുവില്‍ അസ്തമയ സൂര്യന്‍  മാറാപ്പിലെ സിന്ദൂരം  മുഴുവന്‍ കുടഞ്ഞിട്ടു ചുവപ്പിച്ച  ഒരു  സന്ധ്യയില്‍ ഇന്ത്യയുടെ ഇരുണ്ട ഗ്രാമങ്ങളിലെയ്ക്ക് ആതുരസേവനത്തിനായി അവന്‍ വണ്ടികയറിയതും അയാള്‍ ഓര്‍ത്തു                                                                                                                                                                                                              മഴവില്ലഴകില്‍ തന്നിലൂടെ കടന്നുപോയ ഓര്‍മ്മകളുടെ  ലാളനയില്‍ ഒരു ശിശുവിനെ പോലെ  അയാള്‍ അവനെ നോക്കി ചിരിയ്ക്കെ  രോഗിയായ ആ വൃദ്ധന്‍റെ നെഞ്ചോട് ചേര്‍ന്നിരുന്ന് ആ മൂര്‍ദ്ധാവില്‍  ചുംബിച്ചുകൊണ്ട്  അവന്‍ ചോദിച്ചു ,

  അപ്പാ  അപ്പന് സന്തോഷമല്ലേ ? ”

ആ ചോദ്യം കേട്ട്  തന്‍റെ  ശുഷ്ക്കിച്ച  കൈകള്‍കൊണ്ട് അനേകരെ    പ്രതിഫലേച്ഛയില്ലാതെ സേവിയ്ക്കാനായി  സ്വന്തം ജീവിതമുഴിഞ്ഞു വെച്ച തന്‍റെ മകന്‍റെ വലിയകൈകള്‍ പൊതിഞ്ഞു പിടിച്ച്  പിന്നെ അത് തന്‍റെ നെഞ്ചോട് ചേര്‍ത്ത് അയാള്‍ മന്ത്രിച്ചു ......
“ സന്തോഷമാണ് മകനെ , വലിയ സന്തോഷം !”

Monday, September 8, 2014

മിനിക്കവിതകള്‍

       കവിത .........മിനി പി സി
            
                കാത്തിരുപ്പ്

" കുട്ടീ ..നീ       കരയരുത്
ജിജ്ഞാസ വെടിയരുത്
കടലോരത്ത് ചിപ്പി പെറുക്കും
കുരുന്നിനെ പോലെ  നീ
ഓരോ തിരയ്ക്കായും കാക്കുക
ആ തിരകളോട് നീ പരിഭവിക്കുക
കലമ്പല്‍ കൂട്ടുക
സ്നേഹിക്കുക
പിന്നെ ആ തിര പേറും
നുരയും പതയും കവര്‍ന്ന്
കൊലുസാക്കുക
കവിതയാക്കുക
കഥകളാക്കുക..........."

                                                       ജാഗ്രത

"എന്‍റെ തൂക്കണാം കുരുവി
കൂടിന്‍റെ വാതിലടയ്ക്കാന്‍
മറന്നാണിന്ന് തീറ്റ തേടിപ്പോയത് !
സന്ധ്യക്ക് ചേക്കേറിയവള്‍
മുട്ടകള്‍ കാണാഞ്ഞ് .
പരിതപിച്ചു കരയവേ
ഞാനവളെ പഠിപ്പിച്ചു
ജാഗ്രതയില്ലാതെ തുറന്നിടും
വാതിലുകളിലൂടെ വരും
തീരാ  നഷ്ടങ്ങളെപ്പറ്റി ."