Tuesday, October 9, 2012

ഒരുക്കം



ചെറുകഥ                                   മിനി .പി.സി

           ഒരുക്കം

 അങ്ങനെ ഗൃഹസ്ഥാശ്രമത്തിലെ അവസാന ദൗത്യവും
നിറവേറ്റികഴിഞ്ഞിരിക്കുന്നു!ഇനി വാനപ്രസ്ഥമാണ്..ഇതിനായുള്ള
മുന്നൊരുക്കങ്ങള്‍ക്കും പിന്നൊരുക്കങ്ങള്‍ക്കുമായി എത്രയെത്ര
വര്‍ഷങ്ങള്‍ !കൈകളും മനസ്സും കടമകളില്‍ നിന്നും ആസക്തികളില്‍
നിന്നും ശൂന്യമാകും  വരെയുള്ള കാത്തിരുപ്പ്...ഇനി യാത്രയാണ് ,
ഒന്നിന്‍റെയും ആവശ്യമില്ലാത്ത ഒരു യാത്ര !

      എന്‍റെ വസ്ത്രങ്ങള്‍ പ്രത്യേകിച്ച് സാരികള്‍ കൌശിക്കിന്‍റെ
ഭാര്യ ഹിരണ്‍മയിക്കുള്ളതാണ് .ആ കാഞ്ചിപുരം, പോച്ചംപള്ളി
ബനാറസ്‌ സാരികള്‍  കാണാന്‍  തന്‍റെ സുഹൃത്തുക്കളെ
ക്ഷണിക്കുക അവള്‍ പതിവാക്കിയിരിക്കുന്നു . ഇന്ദ്രനീലക്കല്ലു
പതിച്ച മാലയും നക്ഷത്രകമ്മലും മകള്‍ കാദംബരിയ്ക്കും ,
വളകളും മൂക്കുത്തിയും കൊച്ചു മകള്‍ ഉപന്യയ്ക്കുമായി
വീതിച്ചു കഴിഞ്ഞു .  എന്‍റെ ജാലകങ്ങള്‍ തുറന്നിടാത്ത
മുറിയ്ക്കുള്ളില്‍ കൌശിക്കിന്‍റെ ഇളയ മകന്‍ ബിബു അവന്‍റെ
സാധന സാമഗ്രികള്‍ കൊണ്ട് വെച്ച് കഴിഞ്ഞു ,ഇനി ഈ മുറി
അവനുള്ളതാണ് ! ഒരിക്കല്‍ നീല പോച്ചംപള്ളി സാരിയുടുത്ത്
മുടി നിറയെ കനകാംബരപൂമാല ചൂടി   സര്‍വാഭരണ
വിഭൂഷിതയായി അദേഹത്തിന്‍റെ കൈ പിടിച്ച് ഞാന്‍ കയറിയ
മുറിയാണിത്! അന്ന് ഈ ജാലകങ്ങള്‍ ഒരിയ്ക്കലും അടച്ചിരുന്നില്ല !
രാത്രികളില്‍ ചന്ദ്രനൊഴുക്കിത്തരുന്ന നിലാപകര്‍ച്ചയില്‍ കുളിച്ച്
ആ തോളില്‍ തലചായ്ച്ചിരിക്കവേ ഈ ലോകത്തിന്‍റെ നൈതികമായ
ആലോസരങ്ങള്‍ക്കപ്പുറം എനിക്ക്  കാണാനായത്     മനസ്സിന്‍റെ
സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു..

                  ഒരുമിച്ചൊരു വാനപ്രസ്ഥത്തിന്
യോഗമുണ്ടായില്ല..ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല ആ ആത്മാവും  ,
എന്‍റെ കൂടെയുണ്ടെന്ന തോന്നല്‍ !ആരൊക്കെയോ പരിഹസിച്ചു
" വയസ്സുകാലത്ത് വല്ലിടത്തും അടങ്ങിയൊതുങ്ങി ഇരിക്കേണ്ടതിന്
പകരം ഊരുചുറ്റി നടക്കാന്‍ നാണമില്ലേ " എന്ന് .
അപ്പോഴൊക്കെ അദേഹത്തിന്‍റെ ആത്മാവ് ആ  പഴയ   തത്വം
ഓര്‍മിപ്പിച്ച് എന്നെ ബലപ്പെടുത്തും .പ്രായാധിക്യം മൂലം തന്‍റെ
ശേഷി നഷ്ടപ്പെടുകയാണെന്ന് തിരിച്ചറിയാന്‍ കാട്ടാനയ്ക്ക് കഴിവുണ്ട്
അപ്പോള്‍ അവ കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞ് വനാന്തര്‍ഭാഗത്തുള്ള
കയങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് തുമ്പിക്കൈ വായ്ക്കുള്ളിലേക്ക്
തിരുകി വെച്ച് വെള്ളത്തില്‍ മുങ്ങിത്താഴുന്നു.മനസ്സിനെ ബ്രഹ്മത്തില്‍
ലയിപ്പിച്ച് സായൂജ്യമടയാനാകണം.

             പുറമേ മഴ തകര്‍ത്തു പെയ്യുകയാണ് ! മഴ
തോര്‍ന്നാല്‍  ഇറങ്ങുകയായി !ആരോടും യാത്ര പറയേണ്ടതില്ല .
എല്ലാവരും എത്രയോ മുന്‍പേ യാത്രാമംഗളങ്ങള്‍ നേര്‍ന്നു കഴിഞ്ഞു!
മധ്യാഹ്നമാകുന്നതെയുള്ളൂ..എന്നിരിക്കിലും,ശക്തമായ ഈ മഴയെയും 
ഇടി മുഴക്കങ്ങളെയും അതിജീവിച്ചേ മതിയാകൂ ,അതാണ്‌ ഇനി
തന്‍റെ നിയോഗം .മൂലയ്ക്ക് വെച്ചിരുന്ന കാലന്‍ കുടയെത്ത്
പുറത്തെ മഴയിലേയ്ക്കിറങ്ങവേ ജനലഴികള്‍ക്കിടയിലൂടെ
ബിബുവിന്‍റെ കൊച്ചു കൈ നീണ്ടു വന്നു 

 "മുത്തശ്ശി....അതെന്‍റെ അപ്പായ്ക്ക് കൊടുത്ത കുടയല്ലേ ? "
എനിക്ക് ലജ്ജ തോന്നി ആ കുട ഞാന്‍ കൌശിക്കിനു
കൊടുത്തതായിരുന്നു.  ബിബുവിന്‍റെ കൈകളിലേക്ക് കുട വെച്ച്
കൊടുത്ത് മഴയിലേയ്ക്കിറങ്ങി തിരിഞ്ഞു നോക്കാതെ നടക്കവേ
അദ്ദേഹത്തിന്‍റെ ആത്മാവ് എന്നോട്  മന്ത്രിച്ചു "ശൂന്യമായ മനസ്സും
കൈകളുമാണ് വാനപ്രസ്ഥത്തിലേക്കുള്ള വഴി !     അവിടെ
നിന്‍റെതല്ലാത്ത ആത്മാവിന്‍റെ കനം പോലും നിന്നെ പിറകോട്ട്
നയിക്കും." 

ഭൗതികമായ ഒരുക്കങ്ങള്‍പ്പുറം ആത്മാവിന്‍റെ ഒരുക്കമാണ്
നടത്തേണ്ടതെന്ന തിരിച്ചറിവില്‍ ഞാന്‍ മുന്നോട്ടു നടന്നു .





Sunday, September 30, 2012

സ്പന്ദിക്കുന്ന ടാജ്മഹല്‍



ചെറുകഥ                                      മിനി .പി.സി

 

സ്പന്ദിക്കുന്ന  താജ്മഹല്‍

 രാത്രിമഴ  തോര്‍ന്നമര്‍ന്നപ്പോള്‍  ഉയര്‍ന്നു  കേട്ട  കരിവണ്ടിന്‍റെ  ചിറകടി
ശബ്ദം  എന്നെ വല്ലാതെ വേദനിപ്പിച്ചു.. .. അതൊരു രോദനമായിരുന്നു 
,ശോകസംഗീതമായിരുന്നു.മഴയില്‍ ഒലിച്ചുപോയ  തന്‍റെ പ്രിയതമയെകുറി
ച്ചുള്ള ഓര്‍മകളായിരുന്നു   രോദനത്തില്‍ മുഴങ്ങിക്കേട്ടത് ! ഞാന്‍
എന്‍റെ  കരിമ്പടം  നീക്കി  പതിയെ ചെവിയോര്‍ത്തു, ...ആ രോദനം
എന്‍റെ  ജാലകവിരിയ്ക്കുള്ളില്‍നിന്നായിരുന്നു. അകത്തേക്ക്
വീശിയടിക്കുന്ന കാറ്റിനൊപ്പം അടയാത്ത    ജാലകപ്പാളികളിലൂടെ
പാറിവീണതാകാം  ആ കരിവണ്ട് !
          
             എനിക്കതിനെ ആശ്വസിപ്പിക്കണമായിരുന്നു.................ഒരിക്കലും
നികത്താനിടയില്ലാത്ത നഷ്ടങ്ങളെ ഓര്‍ത്ത് വിലപിക്കുന്ന ആ മനസ്സിനെ
തഴുകിയുറക്കണമായിരുന്നു . ഞാനതിന്‍റെ  ശിരസ്സില്‍ പതിയെ തലോടി,
പക്ഷെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കും തോറും അതിന്‍റെ  വേദന മൂര്‍ച്ചി_
_ക്കുന്നതറിഞ്ഞ് ഞാനാ പാഴ്ശ്രമം മതിയാക്കി .അപ്പോള്‍ ഞാനോര്‍ത്തത്
അതിന്‍റെ പ്രണയിനിയെക്കുറിച്ചായിരുന്നു, ഭാഗ്യവതി ! അസാന്നിധ്യത്തിലും സ്മരിക്കപ്പെടുക, അധികമായി സ്നേഹിക്കപ്പെടുക...
അപൂര്‍വവും ,അസുലഭവുമായ ഭാഗ്യം! ഈ ലോകത്ത് തനിക്കായി 
സ്പന്ദിക്കുന്ന താജ്മഹലായി മാറിയ തന്‍റെ  പ്രിയനെയോര്‍ത്ത്
അവള്‍ക്ക് അഭിമാനിക്കാം.
          അപ്രതീക്ഷിതമായി പൊട്ടിയ ഇടിയുടെ ആഘാതത്തില്‍
തെരുവ് വിളക്കുകള്‍ കണ്ണടച്ചപ്പോള്‍ ഞാന്‍ എന്നെക്കുറിച്ചോര്‍ത്തു.
അന്ന്  ആക്സിഡെന്‍റ്റില്‍ ഒരു കാല്‍നഷ്ടമായതറിഞ്ഞ് ഫോണിലൂടെ
ടേക്ക്  കെയര്‍,ബൈ ബൈ എന്ന് പറഞ്ഞു പിരിഞ്ഞ എന്‍റെ
പ്രാണപ്രിയനായിരുന്നവനെ ഓര്‍ത്തു ! മനുഷ്യര്‍ക്കിടയിലെ സൗഹൃദവും
പ്രണയവുമൊക്കെ ചിലപ്പോഴെങ്കിലും വൈകല്യങ്ങള്‍ക്കു  മുന്‍പില്‍
വഴിപിരിയുന്നുവെന്ന തിരിച്ചറിവില്‍ എന്‍റെ തലയിണ
വീണ്ടും  കണ്ണീരില്‍ കുതിര്‍ന്നു...അപ്പോള്‍ അതുവഴി പാറിയ
മിന്നാമിനുങ്ങുകളുടെ ഇത്തിരി വെട്ടത്തില്‍ എന്നെ ഉറ്റുനോക്കുന്ന
കരിവണ്ടിനെ  ഞാന്‍ കണ്ടു.അപ്പോള്‍   ഞങ്ങളുടെ  കണ്‍കോണുകളില്‍   ഉരുണ്ടു  കൂടിയ   കണ്ണീര്‍ക്കണങ്ങള്‍ക്ക്  ഒരേ നിറമായിരുന്നു !
       
         അതെന്നെ അലിവോടെ അല്‍പ്പനേരം നോക്കിയിരുന്നു ,പിന്നെ
എന്നോടാ കഥ പറഞ്ഞു തുടങ്ങി..ഒരു വസന്തത്തില്‍ ഗന്ധമാദനത്തിലെ
പൂവാടികളിലലയവെ ആദ്യമായ് അവളെ കണ്ടുമുട്ടിയത്,
മനസസരസ്സിലെ താമരയല്ലികളിലെ പൂന്തേനുണ്ണവേ
ഇഷ്ടമറിയിച്ചത്..ഒടുവില്‍..ഒടുവില്‍ എന്നോ തകര്‍ത്തു പെയ്ത ഒരു
രാത്രിമഴ അവളെ  തന്നില്‍നിന്നകറ്റിയത്! പ്രിയതമയുടെ  ഓര്‍മ്മകള്‍
പേറി ജീവിക്കുന്ന ആ സ്പന്ദിക്കുന്ന താജ്മഹലിനെ
ആശ്വസിപ്പിച്ചുകൊണ്ട് ഞാനെപ്പോഴോ ഒന്ന് മയങ്ങിപ്പോയി .

        പ്രഭാതത്തില്‍കഴിഞ്ഞതൊക്കെ സ്വപ്നമായിരുന്നോ ,
സത്യമായിരുന്നോ എന്ന  ഹാലൂസിനേഷനില്‍ ഞെട്ടിയുണര്‍ന്ന് എന്‍റെ
തലയിണയ്ക്കരികില്‍ അവനെ തിരയവേ അതിശയത്തോടെ അമ്മ
പറഞ്ഞു ,
കുട്ടീ  ദാ  നോക്കൂ  വല്യൊരു   കരിവണ്ട് !      നിന്‍റെ 
തലയിണയ്ക്കരുകില്‍നിന്നു കിട്ടീതാ ,ഇത്രേം വലുതിനെ ഞാനാദ്യമായിട്ടാ
കാണണെ ! എത്ര അടിച്ചിട്ടാ ഇത് ചത്തതെന്ന് അറിയ്വോ ? ”
ഞാന്‍ അമ്മയെ  ദയനീയമായി  നോക്കി . എന്‍റെ   നോട്ടത്തിന്‍റെ
അര്‍ത്ഥമറിയാതെ മിഴിച്ചു നിന്ന അമ്മയ്ക്ക് മുന്‍പിലൂടെ സ്പന്ദനം
നിലച്ച ആ പ്രണയ സൌധവുമായി  ഞാന്‍എന്‍റെ ഉദ്യാനത്തിലേക്ക്
നടന്നു...ഒരിക്കലും ഒരാളും  ഒരു വണ്ടിനും കൊടുത്തിട്ടില്ലാത്തത്രയ്ക്ക്
മഹത്തരമായ ഒരു സംസ്കാര  ശുശ്രൂഷയ്ക്കൊടുവില്‍ ആ
മണ്‍കൂനയ്ക്കു  മുന്‍പില്‍ കൈകൂപ്പി ഞാന്‍ പ്രാര്‍ത്ഥിച്ചു .
 പുനര്‍ജന്മമെന്നൊന്നുണ്ടെങ്കില്‍  നീ എനിക്കായി പുനര്‍ജനിക്ക ,
ഗന്ധമാദനത്തിലെ  കാറ്റേല്‍ക്കാന്‍ , മാനസസരസ്സിലെ താമരയല്ലികളിലെ
പൂന്തേന്‍ നുകരാന്‍ എന്നെയും കൊണ്ടുപോവുക .