Saturday, September 15, 2012

മിനികഥകള്‍



മിനിക്കഥ                                      മിനി.പി.സി
           അവര്‍

അയാളുടെ  കാലടികള്‍ നോക്കി  അവര്‍  പിറുപിറുത്തു ,
"ഏയ് ഇയാളുടെ നടപ്പ് ശരിയല്ല ! ഒരുവേള  ,മുടന്തനാവാം ,
അല്ലെങ്കില്‍ തട്ടിവീണതാവാം ,മുടന്തോ ,വീഴ്ച്ചയിലേററ മുറിവോ ?
കാലടികളാണോ ,നാം പിന്തുടരേണ്ടത് ? അവര് ചിരിയായി ,

പരിഹാസത്തിന്‍റെ മുള്ളുകള്‍ഒളിപ്പിച്ച കൂര്‍ത്ത ചിരി !ആ ഓരോ
ചിരിയമ്പുകളും ,അയാളുടെ ലോലഹൃദയത്തെ , മുറിവേല്‍പ്പിച്ചു !
അയാളുടെ , സ്നേഹം ,  ആത്മാര്‍ത്ഥത , ത്യാഗം എല്ലാമെല്ലാം
വിമര്‍ശിക്കപ്പെട്ടുകൊണ്ടിരുന്നു .                                            
                    ആ വിമര്‍ശനങ്ങള്‍    കേട്ടുകേട്ട് ,
സുഷിരങ്ങള്‍ വീണ  മനസ്സുമായി അയാള്‍ മരിച്ചുവീണു!
അപ്പോള്‍,ഉറുമ്പരിക്കുന്ന റീത്തെടുത്ത് അയാളുടെ നെഞ്ചില്‍വെച്ച്
അവര്‍ പറഞ്ഞു  '' വളരെ നല്ലവനായിരുന്നു !എന്തേ അറ്റാക്ക്
വരാന്‍ കാര്യം ?   ഒരുവേള    കൊളസട്രോള്‍    കൂടിയതാവാം.....,
അല്ലെങ്കില്‍, ഞങ്ങളുടെ ,  അഭിനന്ദനങ്ങളുടെ ,  ബാഹുല്യവുമാകാം !"







                കിസ്സ്‌

വിരസവും ,സങ്കീര്‍ണവുമായ അനാട്ടമി ക്ലാസ്സിന്‍റെ  ബോറടി ,മാറ്റാനാണ്
അയാള്‍,തന്‍റെ പ്രിയതമയോട് ഒരു ചുംബനം ചോദിച്ചത് !  
ആരും കാണാതെ , ആരും  അറിയാതെ , ക്ലാസിനു തടസം വരാതെ അവള്‍ മനോഹരമായ കൈവെള്ളയിലൂടെ ഊതിപറപ്പിക്കുന്ന നിഷ്കളങ്കമായ ഒരു “ കുഞ്ഞുമ്മ ”!

തലേന്ന് തങ്ങള്‍, കീറി മുറിച്ചു പഠിച്ച മനുഷ്യ ശരീരത്തിന്‍റെ കണ്ണുകളിലെ തുറിച്ചു നോട്ടവും ,ഫോര്‍മാലിന്‍ഗന്ധവും,മോര്‍ച്ചറിയിലെ കനത്ത നിശബ്ദതയും , ശ്വാസനാളത്തിലൂടെ അരിച്ചിറങ്ങിയ മരണത്തിന്‍റെ, മഞ്ഞിന്‍തണുപ്പുമൊക്കെ അയാള്‍ക്ക്‌  മറന്നു കളയണമായിരുന്നു .  
പക്ഷെ  തന്‍റെ  കട്ടി  കണ്ണടചില്ലുകള്‍ക്കിടയിലൂടെ   സര്‍വതും
 കണ്ടറിഞ്ഞ അനാട്ടമി പ്രൊഫസ്സര്‍ ഡോ:ജോണ്‍തര്യന്‍തന്‍റെ
സ്വതസിദ്ധമായ കൌശലത്തോടെ അവരെ  ക്ലാസിനു കാഴ്ചയാക്കി .

ടെല്‍ മി ,വാട്ട്‌ ഈസ്‌ ദി മെഡിക്കല്‍     

ഡഫനിഷന്‍ ഓഫ് കിസ്സ്‌   ?”


“കിസ്സിന്‍റെ വൈദ്യശാസ്ത്ര   നിര്‍വചനമറിയാത്ത അവര്‍ രണ്ടു പേര്‍ക്കും ആയിരത്തൊന്നു തവണ ഇംപെസിഷന്‍വിധിച്ചു
കൊണ്ട് അദ്ദേഹം വിശാലമായ  ബ്ലാക്ബോര്‍ഡില്‍ എഴുതി ,

കിസ്സ്‌ ഈസ്‌ ദി അനാട്ടമിക്കല്‍  ജസ്ട്ടാപൊസിഷന്‍

ഓഫ്  ടു   അര്‍ബികുലാരിസ്   ഓറിസ്‌ മസില്‍സ്

ഇന്‍ എ സ്റ്റേറ്റ് ഓഫ്, കോണ്‍ട്രാക്ഷന്‍.