Saturday, July 4, 2015

മാതൃഭുമി വാരാന്തപ്പതിപ്പില്‍ വന്ന കഥ

കഥ                                                  മിനി.പി.സി

                      ക്വിറ്റ്‌ ഇന്ത്യ


തോമസ് പാറ്റിസണിന്‍റെ വാക്കിംഗ് സ്റ്റിക്ക് കൊണ്ടുള്ള ആദ്യഅടി വീണത്‌ എന്‍റെ ഇടത്തെ തോള്‍പ്പലകയിലാണ്.തികച്ചും അപ്രതീക്ഷിതമായ ആ അടിയുടെ നടുക്കത്തില്‍ കസേരയില്‍ നിന്നും ഞാന്‍ ചാടിയെണീറ്റു.

രണ്ടാമത്തെ അടി എന്നെക്കടന്ന് എഴുത്തുകാരി ആന്‍മിയറാണിയുടെ പാതി നഗ്നമായ മുതുകില്‍ ലക്ഷ്യം കണ്ടു.അവ ള്‍ വല്ലാത്തൊരു രോദനത്തോടെ സുവര്ണ്ണ പഗോഡകള്‍ പൂ കൊഴിച്ചിട്ട റെസ്റ്റോറന്റിന്‍റെ മുറ്റത്തേക്ക് കസേരയോടെ മറിഞ്ഞു വീണു .ആ വീഴ്ചയില്‍ അവളുടെ തോള്‍  സഞ്ചിയില്‍നിന്നും 1909 മുതല്‍ 46 വരെ ഗാന്ധിജി എഴുതിയ പുസ്തകങ്ങള്‍ ചിതറിത്തെറിച്ചു.
പതിവ് സായാഹ്ന ചായ ചര്‍ച്ചകള്‍ക്കിടെ ഞാനും ആന്‍മിയറാണിയും ഉയര്‍ത്തിയ ഗാന്ധിനിന്ദകള്‍  ആസ്വദിച്ച് ചായക്കോപ്പയ്ക്കുള്ളില്‍ ചുണ്ടുകളാല്‍ സത്യാന്വേഷണ പരീക്ഷണങ്ങള്‍ നടത്തുന്ന ഒരു പിടി ഗാന്ധിയന്മാരെ മറികടന്നാണ് റെസ്റ്റോറന്‍റ് ഉടമയായ തോമസ് പാറ്റിസണ്‍ എന്ന വൃദ്ധന്‍ സായിപ്പ് യുദ്ധകാലത്തെ പാറ്റണ്‍ ടാങ്ക് പോലെ പൊട്ടി വീണത്‌ .

"യൂ  സ്കൌണ്ട്രല്‍സ്!നിങ്ങള്‍ക്കെങ്ങനെ ആ മഹാത്മാവിനെപ്പറ്റി ഇങ്ങനെ പറയാനാവുന്നു?ലോകം മുഴുവന്‍ മാനിയ്ക്കുന്ന അദേഹത്തെ എത്ര ഈസിയായാണ് നിങ്ങള്‍ ബ്രിട്ടീഷ് കോര്‍പറേറ്റ്‌ ഏജെന്‍റ് ആക്കിമാറ്റിയത്?"
കഠിനമായ കോപം കൊണ്ട്‌ സായിപ്പിന്‍റെ ചുണ്ടുകള്‍ വിറയ്ക്കുകയും ചുളിവാര്‍ന്ന മുഖം രൌദ്രമാവുകയും ചെയ്തു.

ഒരിക്കല്‍,രാജ്യാഭിമാനികളായ  ഇന്ത്യക്കാരുടെ പരസഹസ്രം  ചുണ്ടുകളിളുടെ മുഴങ്ങിയിരുന്ന  ഒരു  മുദ്രാവാക്യം   ഇപ്പോള്‍ അതിനേക്കാള്‍ തിവ്രമായി  ഒരൊറ്റ സായിപ്പിന്‍റെ വായില്‍ നിന്ന് ബോംബ്‌ പോലെ ഞങ്ങളുടെ  ആത്മാവിലേക്ക് വീണ് പൊട്ടി.
"ക്വിറ്റ്‌ ഇന്ത്യ!" ദൂരേക്ക് കൈചൂണ്ടിക്കൊണ്ട് സായിപ്പ് അലറി.