Tuesday, October 28, 2014

കഥ-ബി നെഗറ്റീവ്

ബി നെഗറ്റിവ്  


ഭാസ്കരേട്ടന്‍റെ പുതിയ വീടിന്‍റെ ''പാലുകാച്ചൽ'' ചടങ്ങിനു തിരുവോണ ദിവസം ഓഫീസിലുള്ള എല്ലാരും ഒരുമിച്ചാണ് പോയത്. കുറെ കേരള ''മങ്കന്മാ''രും ''മങ്ക''കളും കയറി ചെല്ലുന്നത് കണ്ടു മുറ്റത്തൊരുക്കിയ പന്തലിലുണ്ടായിരുന്നവർ അതിശയത്തോടെ ആ കാഴ്ച നോക്കി നിന്നു.

പുറമേ നിന്നുള്ള ഒറ്റ നോട്ടത്തിൽ തന്നെ എന്‍റെ  മനസ്സ് നിറഞ്ഞു. ''നല്ല  വീട്'' ! ഒരു,സാധാരണക്കാരന്‍റെ കൊക്കിലൊതുങ്ങാവുന്ന ലാളിത്യം അതിനുണ്ടായിരുന്നു . വീടിന്‍റെ നിര്മ്മാണ ഘട്ടത്തിലെ ഓരോ ചെറുതരി വിശേഷം പോലും എന്നോട് അദ്ദേഹം പങ്കു വച്ചിരുന്നത് കൊണ്ടാവും ആ വീടിനോട് എനിക്ക് പ്രത്യേകമായൊരു ആത്മബന്ധം അനുഭവപ്പെട്ടു. ഒരു പക്ഷെ ഭാസ്കരേട്ടനോടുള്ള സ്നേഹക്കൂടുതൽ കൊണ്ടുമാകാം! ജോലിയിൽ പ്രവേശിച്ചു ഇന്നോളം എന്നോട് ഹൃദ്യമായി മാത്രം പെരുമാറിയിട്ടുള്ള അപൂർവ്വം ചിലരിലൊരാളാണ് ഭാസ്കരേട്ടൻ. അതുകൊണ്ട് തന്നെ ഒരു കീഴ്ജീവനക്കാരനോടെന്ന പോലെ ഞാൻ ഈ നേരം വരെ അദ്ദേഹത്തോട്  പെരുമാറിയിട്ടില്ല.

കയ്യിലുള്ളതൊക്കെ നുള്ളിപ്പെറുക്കിയും പലിശയ്ക്കു പണം എടുത്തും ഞാനടക്കമുള്ള സ്നേഹബന്ധങ്ങളിൽ നിന്നും സഹായം പറ്റിയുമൊക്കെയാണ്  അദ്ദേഹം ഈ സ്വപ്നഭവനം പൂർത്തീകരിച്ചത്.

''എനിക്ക് വല്യ സന്തോഷമായി''

ചടങ്ങുകൾ ആരംഭിക്കും മുമ്പേ കാലേകൂട്ടി ഞങ്ങൾ ചെന്നത് ഭാസ്കരേട്ടനെ വളരെ സന്തോഷിപ്പിച്ചു . അതിഥികൾ എത്തിത്തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ. പത്തഞ്ഞൂറു പേരുടെ പരിപാടിയുണ്ടെന്നാണ്അദ്ദേഹം പറഞ്ഞത്.

'' ഭാസ്കരാ ..... ഞങ്ങളിതൊക്കെ ഒന്ന് ചുറ്റി നടന്ന് കാണട്ടെ.''

സെക്രട്ടറി രാജമോഹൻ സാർ തന്‍റെ കസവ്കരയൻ മുണ്ടിന്‍റെ തലപ്പ്‌ ഇടതു കൈകൊണ്ട് ഉയർത്തിപ്പിടിച്ച് കിഴക്കേ മുറ്റത്തേക്കിറങ്ങി.

''ചുറ്റി നടന്നങ്ങനെ കാണാനും മറ്റും ഒന്നുമില്ല സാറേ,... എങ്ങിനെയൊക്കെയോ തട്ടിക്കൂട്ടി എടുത്തെന്നെ ഉള്ളൂ''.

ഭാസ്കരേട്ടൻ വിനയത്തോടെ തല ചൊറിഞ്ഞുകൊണ്ട് ഞങ്ങൾക്ക് മുമ്പേ നടന്നു. പ്രധാന റോഡിൽ നിന്നും അല്പ്പം ഉള്ളിലേക്ക് മാറി ഒരു പഞ്ചായത്ത് റോഡിന്നരികെയാണ് വീട്. റോഡിന്നിരുവശവും വിശാലമായ പാട ശേഖരങ്ങൾ ..... ദൂരെ മാറി ഒരു റൈസ് മില്ലിന്‍റെ പുകക്കുഴൽ ആകാശത്തേക്ക് പരിഭവത്തിന്‍റെ കറുത്ത പുക വിസർജ്ജിച്ചുകൊണ്ട്‌ പിണങ്ങി നിൽക്കുന്നു. ഭാസ്കരേട്ടന്‍റെ വീടിനോട് തൊട്ടുചേർന്ന് വിശാലമായ രണ്ട് തെങ്ങിൻ പുരയിടങ്ങളും അവയ്ക്ക് നടുവിൽ രണ്ടു വമ്പൻ വീടുകളും ഉണ്ട്. അതിലൊന്നിന്‍റെ കുറച്ചു ദൂരം മാറി ഉയരുന്ന പുകയും ബഹളവും ചൂണ്ടി ഭാസ്കരേട്ടൻ പറഞ്ഞു.

''നമുക്കിവിടെ സ്ഥല സൌകര്യമില്ലാത്തത് കൊണ്ട് അവിടെയാ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം ഒരുക്കിയത്.''

''ഇത് എത്ര സെന്റ്‌ സ്ഥലം ഉണ്ട്?''

സീനിയര് ക്ളാർക്ക് ചന്ദ്രബാബു  നടപ്പിനിടെ കൌതുകത്തോടെ തിരക്കി. ചെന്ന് കയറിയപ്പോൾ മുതൽ മുറ്റത്ത് അടിമുടി കുലച്ചു നില്ക്കുന്ന ഗൌളി തെങ്ങുകളിലും, ബഡ് ചെയ്തെടുത്ത മാവിലും പ്ലാവിലുമൊക്കെയായിരുന്നു മൂപ്പരുടെ ശ്രദ്ധ!

''അഞ്ചു സെന്റ്‌''

ഭാസ്കരേട്ടൻ വെളിപ്പെടുത്തി.

''ഉം!എന്തിനാ കുറെ സ്ഥലം? ഉള്ള സ്ഥലത്ത് എല്ലാ കൂട്ടവും വച്ച് പിടിപ്പിചിട്ടുണ്ടല്ലോ ..... ഭാസ്കരനെ സമ്മതിക്കണം!''

ചന്ദ്രമോഹൻസാര്‍ ഭാസ്കരേട്ടനെ അഭിനന്ദിച്ചു. അടുക്കള വരാന്തയിൽ നിന്നും കയ്യെത്തി പറിക്കാവുന്ന പേരയിലും ചാംബയിലും അവയിൽ പടർന്ന് ടെറസ്സിലേക്ക് കയറിയ പാഷൻ ഫ്രൂട്ടിലുമൊക്കെയായിരുന്നു സ്റ്റെനോ ജ്യോതി ലക്ഷ്മിയുടെ ശ്രദ്ധ. മൂത്ത് പഴുത്ത ഒരു പേരയ്ക്ക അവർ കയ്യെത്തി പറിച്ചത് മാനേജര്ക്ക് ഇഷ്ടമായില്ല. 

''ബീഹേവ്  യുവേർസെല്ഫ് ......! നല്ലൊരു  സദ്യയുണ്ണാൻ  നേരത്താണ്  പേരയ്ക്ക !''

അദ്ദേഹം  അടക്കിപ്പിടിച്ചു  പറഞ്ഞത്  കേട്ട്  ജ്യോതിയുടെ  മുഖം  വിളറി. അവൾ  ആ  ചമ്മൽ  ഒളിയ്ക്കാൻ  തല  വെട്ടിതിരിയ്ക്കവേ  ഞാൻ  എന്‍റെ  നോട്ടം  അയൽവീട്ടിലെ  മുറ്റത്തേയ്ക്ക്  തിരിച്ചു . അവിടെ  മനോഹരമായ  പൂക്കളത്തിനു  മുമ്പിൽ  ജീൻസും  ടോപ്പും  അണിഞ്ഞു  തിരുവാതിര  കളിക്കുന്ന  പെണ്‍കുട്ടികൾ .... എനിക്കാദ്യം  ചിരിയാണ്  വന്നത്. കൂടെ  ഓർമ്മയിൽ  സുസ്മേഷ്  ചന്ദ്രോത്തിന്‍റെ  ഫേസ്  ബുക്ക്‌  സ്റ്റാറ്റസും! മുണ്ടും  നേര്യതും  അണിഞ്ഞു  രാമായണം  വായിക്കുന്ന  പരമ്പരാഗത  രീതിയിൽ  നിന്നും  മോഡേണ്‍  വസ്ത്രധാരിയായ  ഒരു  രാമായണം  വായനക്കാരി .... ഇതും  നല്ലതാണ്, മോഡേണ്‍  തിരുവാതിര! 

''ഭാസ്കരാ .... നേരായി   .... ഇനി   പാലുകാച്ചൽ  ങ്ങട്  നടക്കട്ടെ !''

ഭാസ്കരേട്ടന്‍റെ  അച്ഛനാണ്! വെളുത്തു  മെലിഞ്ഞ  മുഴുവൻ  നരച്ച  ഒരു സാത്വികൻ !

അടുക്കളയിലെ  തകൃതിയായ  പാല്കാച്ചലിന്  ശേഷം  സദ്യക്കായി  ഞങ്ങൾ  പന്തലിൽ  നിരന്ന  നേരത്താണ്  വീടിനകത്തെ  ആൾകൂട്ടത്തിനിടയിൽ    നിന്നും  ഒരു  യുവതി  എന്നെ  തിരഞ്ഞു  പിടിക്കുന്നത്‌  എന്‍റെ  ശ്രദ്ധയിൽ  പെട്ടത് .

''ജിജോസാർ, അതാരാ  കക്ഷി ? കുറെ  നേരമായി  ഇങ്ങോട്ടാണല്ലോ  ശ്രദ്ധ  മുഴുവൻ .''

ഊണ്  പകുതി  പിന്നിട്ടപ്പോൾ  അക്കൌണ്ടന്റ്  ഇടിക്കുളയും  എന്നെ  തോണ്ടി  വിളിച്ചു .

എന്‍റെ  ശ്രദ്ധ  വീണ്ടും  അവളിലായി . ഇരു  നിറം , വലിയ  കണ്ണുകൾ . അത്  നിറയെ  ചിരിയാണ് . അല്പ്പം  ചീർത്ത്, പൊക്കം  കുറഞ്ഞു  ഇളം  നീലകരയുള്ള    മുണ്ടും  നേര്യതുമണിഞ്ഞു ... ഏതാവും? എനിക്ക്  വിവാഹം  ആലോചിക്കുന്ന  കാര്യം  ഭാസ്കരേട്ടന്  അറിയാം .... ഇനി  അങ്ങിനെ  വല്ല ...? എന്തായാലും   ''വരട്ടെ  നോക്കാം  ..... നോക്കാം.''

പതിവുപോലെ  മനസ്സിൽ  പറഞ്ഞുകൊണ്ട്  അവളെ  അവഗണിച്ചുകൊണ്ട്  ഞാൻ  പ്രിയപ്പെട്ട  പച്ചക്കറി  സദ്യയിലേക്ക്‌  തിരിഞ്ഞു. ഒരു  ക്രിസ്ത്യാനിയായിട്ടും  എനിക്കിഷ്ടം  ഇതാണ് ! ഒടുവിലൊരു  പായസവും .... അതും  എനിക്കിഷ്ടപ്പെട്ട  ഗോതമ്പ്  പായസം! ഊണിനു  ശേഷം  ഒരു  ഗ്ളാസ്സിൽ  എനിക്ക്  എത്തിച്ചു  തന്നത്  ഭാസ്കരേട്ടനാണ് .

''സാറിനെ  ഞാനിന്നു  വയറുനിറയെ  പായസം  കുടിപ്പിച്ചിട്ടെ  വിടുന്നുള്ളൂ .''

അദ്ദേഹം  അതും  പറഞ്ഞു  ചിരിയോടെ  മറ്റുള്ളവർക്കിടയിലൂടെ  നീങ്ങി. ഞാൻ  ഒരു  കവിൾ  പായസം  ആസ്വദിച്ചു  നുകര്ന്നിറക്കിയപ്പോഴാണ്  ആ  യുവതി  രണ്ടു  മൂന്നു  വയസ്സുള്ള  ഒരു  പെണ്‍കുഞ്ഞും  ഏകദേശം  അറുപതു  വയസ്സ്  പ്രായം  വരുന്ന   ഒരമ്മയോടുമൊപ്പം  എന്റെ  അരികിലെത്തിയത് . വെളുത്ത്  തടിച്ചു  മുണ്ടും  നേര്യതുമണിഞ്ഞ  ആ  അമ്മ  എന്നെ  കണ്ടപാടെ  ആ  പരിസരത്തിനു  താങ്ങാനാവാത്ത  വികാര വായ്പ്പോടെ  ഉറക്കെ  വിളിച്ചു .

''മോനെ .... മോനിതിനെ  മനസ്സിലായോ ? മോൻറെ  ചോരയാ  മോനെ ... മോൻറെ  ചോര!''

അവർ  ആ  കുഞ്ഞിനെ  എന്റെ  അരികിലേക്ക്  നിർത്തി .

ആ  പറഞ്ഞത്  കേട്ട്  ചുണ്ടോടടുക്കിപ്പിടിച്ച  ഗ്ളാസ്  അകത്തിപിടിച്ചു  ഞാൻ  മിഴിച്ചിരുന്നുപോയി. ഇവരെന്താണീ  പറയുന്നത് ? ഇവരാരാണ് ? ഇവരെ  ഞാൻ  അറിയുന്നതേയില്ല ..... ഞാൻ  വെപ്രാളത്തോടെ  ചുറ്റിലും  നോക്കി  എല്ലാ  കണ്ണുകളിലും  പകപ്പ്  .... എനിക്ക്  ചുറ്റിലും  ഉണ്ടായിരുന്ന  ആരവം  പെട്ടെന്നടങ്ങി . അനാവശ്യമായ  ഒരു  നിശ്ശബ്ധത  പടർന്നതുപോലെ  ... ഞാൻ  പെട്ടെന്ന്  ബലം  നഷ്ടപ്പെട്ടവനെ  പോലെ  ഇടിക്കുളയെ  നോക്കി .

'' സാറേ  വല്ല  മനസ്സറിവും?''

ഇടിക്കുളയുടെ  ചോദ്യം! മാനേജർ  ജേക്കബ്  മാത്യു  എന്നെ  ചുഴന്നു  നോക്കിക്കൊണ്ട്‌  എന്റെ  കയ്യിലിരുന്നു  വിറയ്ക്കുന്ന  പായസത്തിന്റെ  ഗ്ളാസ്  വാങ്ങി  ഡസ്കിൽ  വച്ചു .

ആ  വല്ലാത്തൊരവസ്തയിലേക്കാണ്  ഭാസ്കാരേട്ടൻ  കടന്നു  വന്നത്. വന്ന  പാടെ  സന്ദർഭത്തിന്റെ  സംഘർഷം  തകർത്തുടയ്ക്കും  വിധം  അദ്ദേഹം  അവരെ  ചൂണ്ടി  എന്നോട്  ചോദിച്ചു .

''സാറേ  .... സാറിനിവരെ  മനസ്സിലായോ ? ഇതെൻറെ  ഒരേയൊരു  പെങ്ങളാണ് .... ഇത്  ഇവൾടെ  മകൾ ..... എൻറെ  അനന്തിരവൾ ! ഇവർക്കുവേണ്ടിയാ  മൂന്നു  വർഷം  മുമ്പ്  സാറ്  ബ്ലഡ്‌  കൊടുത്തത്. ഈ  കുഞ്ഞിൻറെ  പ്രസവത്തോടനുബന്ധിച്ചായിരുന്നു.“

ഭാസ്കാരേട്ടൻ  കുഞ്ഞിനെ  കയ്യിലെടുത്തു  കളിപ്പിച്ചുകൊണ്ട്  അത്  പറയവേ  എൻറെ  വിറങ്ങലിച്ച  കൈത്തലം  കയ്യിലെടുത്തു  ആ  അമ്മ  പറഞ്ഞു .

''മോനെ  ഒന്ന്  കാണാൻ  കൊതിച്ചിരിക്കുകയായിരുന്നു  ഞങ്ങൾ. അന്ന്  ആ  ലേബർ  റൂമിന്റെ  മുമ്പിൽ  നേരത്തോടു  നേരം  കാത്തിരുന്നതും  പിന്നെ  രക്തം  തന്നു  പാതിരാത്രി  വലിയൊരു  മഴയത്ത്  ബൈക്ക്  ഓടിച്ചുപോയതും  ഇപ്പഴും  എൻറെ  കണ്ണീന്നു    മാഞ്ഞിട്ടില്ല .... അന്ന്  തുടങ്ങി  ഞങ്ങളെന്നും  മോനു  വേണ്ടി  പ്രാർഥിക്കും .... മോനെ  ദൈവം  അനുഗ്രഹിക്കും .''

വിതുമ്പിക്കൊണ്ട്  അവരത്  പറഞ്ഞു  തീരവേ  ഞാനാ  മുഖം  ഓർത്തെടുത്തു ..... ആ  ദിവസവും.

മൂന്നു വർഷങ്ങൾക്ക്  മുമ്പ്  ഒരു  പെരുമഴയത്ത്  വീട്ടിൽ  മൂടിപ്പുതച്ചു  കിടന്നുറങ്ങുമ്പോഴാണ്  വെളുപ്പിന്  മൂന്നു  മണിയോടടുത്ത്  ഭാസ്കരേട്ടന്റെ  വിളി  വരുന്നത് .

''സാറേ  ഒരു  സഹായം  വേണം . പെങ്ങള്ടെ  മോളെ  പ്രസവത്തിനു  ക്യൂൻ  മേരീസിൽ  അഡ്മിറ്റ്‌  ചെയ്തിരിക്കുകയാ . ആകെ  പ്രശ്നങ്ങളാ  സാറേ . ബ്ലഡ്‌  വേണ്ടി  വരുമെന്നാ   ഡോക്ടർമാർ  പറയണേ . ബി  നെഗറ്റിവാ .... പാവങ്ങളാ , എനിക്ക്  വേറാരേം  ഓർമ്മ  വരുന്നില്ല , സാറ്  വരണം .''

ഭാസ്കരേട്ടൻ  അത്ര  വലിയ  ആമുഖമൊന്നും  തരേണ്ട  കാര്യമില്ലായിരുന്നു. ഞാൻ  കൃത്യ  ഇടവേളകളിൽ  ബ്ലഡ്‌  കൊടുക്കുന്ന  ഒരാളാണ് . വളരെ  മുമ്പ്  തുടങ്ങി  ഇപ്പോഴും, റെയർ  ഗ്രൂപ്പ്  ആയതു  കൊണ്ട്  തന്നെ  ആവശ്യക്കാര്ക്ക്  ബ്ലഡ്‌  നൽകുന്നതിൽ  സന്തോഷമേ  തോന്നിയിട്ടുള്ളൂ. തലേ  രാത്രി  നല്ല  ജോലി  ഭാരം  ഉണ്ടായിരുന്നത്  കൊണ്ട്  പുലര്ചെയുള്ള  പതിവ്  നടത്തത്തിനുപോലും  പോകാതെ  മൂടിപ്പുതചുറങ്ങാനായിരുന്നു    പ്ളാനിട്ടതെങ്കിലും    ഭാസ്കരേട്ടന്റെ  വിളി  കേട്ട്  ഞാൻ  ധൃതിയിൽ  എഴുന്നേറ്റു  ദിനചര്യകൾക്ക്    ശേഷം  ഹോസ്പിറ്റലിലേക്ക്  നാല്  മണിയോടെ  യാത്രയായി . ഇറങ്ങാൻ  നേരം  മമ്മി  ഉത്കണ്ഠയോടെ  തിരക്കി .

''മോൻ എവിടെക്കാ ?''

''മമ്മി  ഒരു  എമര്ജന്സി  കേസുണ്ട് ... ഉടനെ  തിരുവനന്തപുരം  വരെ  ഒന്ന്  പോകണം. സെക്രട്ടറിയാ  പോകാമെന്നേറ്റിരുന്നത്. അദ്ദേഹത്തിനെന്തോ  അസൌകര്യം . അല്പ്പം  മുമ്പാ  എന്നെ  വിളിച്ചു  പറഞ്ഞത് ...''  

മമ്മി  വിശ്വസിച്ചോ  ആവോ ? രക്തദാനത്തിനായാണ്  ഞാൻ  പോകുന്നതെന്നറിഞ്ഞാൽ  മമ്മി  വിഷമിക്കും . ഒരിക്കൽ  അങ്ങിനെ  പറഞ്ഞു  പോയി  തിരിച്ചു  വന്നപ്പോഴുള്ള  മമ്മിയുടെ  രൂപം  മനസ്സിലുണ്ട് . ആകെ  തളർന്ന്  പേടിച്ചു , അവശയായി. ഞങ്ങൾ രണ്ടു  ചെറിയ  കുട്ടികളെ  മമ്മിയെ  ഏല്പ്പിച്ചു  അകാലത്തിൽ  പപ്പ  ഈ  ലോകത്തുനിന്നും  യാത്രയായതാണ് . അതുകൊണ്ട്  തന്നെ  മമ്മിയുടെ  ലോകം  ഞങ്ങളിരുവരും  മാത്രമായിരുന്നു . ചേച്ചി  വിവാഹിതയായി  പോയതോടെ  മമ്മി  എന്നിലേക്ക്‌  മാത്രമായി  ചുരുങ്ങിക്കൂടാൻ    നിർബന്ധിതയായി . അതാവാം  മമ്മിയെ  വേദനിപ്പിക്കുന്ന  ഒന്നും  എന്നിൽ  നിന്നുണ്ടാവാതിരിക്കാൻ  ഞാൻ  ബോധപൂർവ്വം  ശ്രമിയ്ക്കുന്നത് .

പുറമേ കുറ്റാക്കൂരിരുട്ടു   .... ഇടമുറിയാതെ  പെയ്യുന്ന  കർക്കിടകത്തിലെ  കള്ള  മഴയെ  കീറി  മുറിച്ചു  ഞാൻ  എൻറെ  ബൈക്കിൽ  കുളിർന്നു  വിറച്ചു  ഹോസ്പിറ്റലിലെത്തി. ബ്ലഡ്‌  കൊടുക്കും  മുമ്പുള്ള  ഫോര്മാലിറ്റിയ്ക്ക്   ശേഷം         'ആവശ്യം  വരുമ്പോൾ  വിളിക്കാം' എന്ന്  പറഞ്ഞു   സിസ്റ്റെര്സ്  ലേബർ  റൂമിന്റെ  വരാന്തയിൽ  കാവലിരുത്തി ..... മിനുട്ടുകൾ .... മണിക്കൂറുകൾ ... മേലാകസകലം  കൊളുത്തി  വലിക്കുന്ന  വേദന , കൂടെ  ഉറക്ക  ക്ഷീണവും ...... അവിടെയിരുന്നോന്നു  മയങ്ങാൻ  കൊതിച്ചു . പെട്ടെന്ന്  വരാവുന്ന  വിളിയോർത്തിട്ടു  അതിനും  കഴിഞ്ഞില്ല . അനിശ്ചിതമായി  നീളുന്ന  ഇത്തരം    കാത്തിരുപ്പുകൾക്കൊടുവിൽ  ഇനി  ഡെലിവറി  സംബന്ധമായ  കേസുകൾക്ക്‌  വരില്ലെന്ന്  മനസ്സിലോർക്കുമെങ്കിലും ..... അതിനു  മനസ്സ്  അനുവദിക്കാറില്ല. ഞാനിടയ്ക്കിടെ  അസ്വസ്ഥതയോടെ  ലേബർ  റൂമിന്  മുമ്പിലുള്ള  വരാന്തയിലൂടെ  കൈകൾ  കൂട്ടി  തിരുമ്മി  നടക്കുന്നതിനിടെ  കരഞ്ഞു  വീർത്തൊരു  മുഖം  എനിക്ക്  നേരെ  നീളും ..... അത്  അമ്മയുടെ  മുഖമായിരുന്നു. ഏകദേശം  രാത്രി  എട്ടുമണിവരെ  നീണ്ട  കാത്തിരിപ്പിനൊടുവിൽ  വെളുത്തു  മെലിഞ്ഞ്  അല്പ്പം  മുടംപല്ലുള്ള  സുന്ദരിയായ  സിസ്റ്റർ  തല  നീട്ടി .

''ഇയാളിനി  പൊക്കോളൂ ... നോർമ്മൽ  ഡെലിവറി  ആയിരുന്നു . വേറെ  പ്രോബ്ളം  ഒന്നുമില്ല ....''

അത്  കേട്ടവഴി  ഞാൻ  വീട്ടിലേക്കു  തിരിച്ചു  വന്നു . വീട്ടിൽ  എത്താൻ  അല്പ്പം  മാത്രം  ദൂരമിരിക്കെ  ഞാൻ  മമ്മിയെ  വിളിച്ചു .

''മമ്മി  ഞാൻ  ഇപ്പോൾ  എത്തും .''

ആ  മഴയുടെ  കാഠിന്യവും  ശരീരത്തിൻറെ  ക്ഷീണവും  ഒഴിയ്ക്കാൻ  തൊട്ടടുത്ത  ദിവസങ്ങളിൽ  ലീവെടുത്ത്  വീട്ടിലിരിക്കാൻ  കൊതിച്ചുകൊണ്ട്  വീട്ടിലേക്കുള്ള  ഇടവഴി  തിരിഞ്ഞപ്പോഴാണ്  ഹോസ്പിറ്റലിൽ  നിന്നും  ആ  വിളി  വന്നത് .

''ജിജോ .... വേഗം  വരൂ ... ആ  സ്ത്രീയ്ക്ക്  ഹെവി  ബ്ലീഡിംഗ് ആണ്.... പ്ളീസ് .....''

പിന്നെ  ഒന്നുമാലോചിക്കാതെ  തിരിച്ചങ്ങോട്ടു  ഒറ്റപ്പാച്ചിലായിരുന്നു. ഹോസ്പിറ്റലിലെത്തി  ബ്ലഡ്‌  കൊടുക്കാൻ  തയ്യാറാകവേ സിസ്റ്റർ  വിലക്കി .....

''അയ്യോ  നിങ്ങൾക്ക്  നല്ല  പനിയുണ്ട്‌ .... ബ്ലഡ്‌  എടുക്കാൻ  പറ്റില്ല ...''

''ഇല്ല  സിസ്റ്റർ .... എനിക്കൊരു  കുഴപ്പവുമില്ല , ഇത്ര  ദൂരം  യാത്ര  ചെയ്തതിന്റെയാണ് ....'' ഞാൻ  തർക്കിച്ചു ...

'പക്ഷെ...' 

''എങ്കിലൊരു  കാര്യം  ചെയ്യൂ ... നിങ്ങൾ  പുറത്തൽപ്പം  വിശ്രമിക്കൂ .... എന്നിട്ട്  നോക്കാം .....'' സിസ്റ്റർ  തിരക്കിട്ട്    അകത്തേയ്ക്ക്  ഓടി . ഞാൻ  നിരാശയോടെ  പുറത്തേക്ക്  നടന്നു .... അവിടെ  ചോരക്കുഞ്ഞിനെ  പൊതിഞ്ഞു  നെഞ്ചോട്‌ ചേർത്ത് ....

''മോളെ ..... എൻറെ  മോളെ .....''

എന്ന് വിളിച്ചു കരയുന്ന ഈ അമ്മയുണ്ട്‌. ഞാൻ അസ്വസ്ഥതയോടെ താഴെ മെഡിക്കൽ സ്റ്റോറിൽ ചെന്ന് ഒരു കാല്പോൾ കഴിച്ചു വീണ്ടും നേഴ്സിനു മുമ്പിൽ ചെന്നു. വേറാരെയും അവർക്ക് അത്ര നേരം ശ്രമിച്ചിട്ടും കിട്ടിയിരുന്നില്ല. പരിശോധിച്ചപ്പോൾ ടെമ്പറേച്ചർ കുറഞ്ഞത്‌ കണ്ടു അവർ ആശ്വാസത്തോടെ മറ്റു നടപടികളിലേക്ക് തിരിഞ്ഞു.

''വേദനിയ്ക്കുന്നുണ്ടോ?''

എൻറെ കൈത്തണ്ടയിലേക്ക് സാധാരണയിലും വലിയൊരു നീഡിൽ കുത്തിയിറക്കുന്നതിനിടെ സുന്ദരിയായ വെളുത്ത കൊതുക് എന്നോട് ചോദിച്ചു. അവർ മൂന്നുപെരുണ്ട് എൻറെ ചുറ്റിലും വട്ടമിട്ടു പറന്നുകൊണ്ട്‌ സാധാരണ ഗതിയിൽ പലപ്പോഴും ഞാനീ രക്തം കൊടുപ്പ് ആസ്വദിക്കാറുണ്ട്.... പക്ഷെ അപ്പോഴെന്റെ ഉള്ളിൽ ചോരക്കുഞ്ഞിനേയും നെഞ്ചോട്‌ ചേര്ത്ത് മകളെയോര്ത്തു കരയുന്ന ആ അമ്മ മാത്രമായിരുന്നു. ഞാൻ കണ്‍പൂട്ടി നിശ്ശബ്ദം കിടന്നു. എമർജൻസിയായതുകൊണ്ടാവാം തിടുക്കപ്പെട്ടാണ് രക്തം എടുത്തത്. അതുകൊണ്ട് എല്ലാത്തവണത്തെയുംകാൾ വല്ലാത്ത ക്ഷീണം എനിക്കനുഭവപ്പെട്ടു. എനിക്ക് മമ്മിയെ ഓർമ്മ വന്നു....... ആ റൂമിൽ നിന്നും ക്ഷീണത്തോടെ പുറത്തിറങ്ങി..... പോക്കറ്റിൽ നിന്നും സെൽഫോണെടുത്ത്  അതിനെ തട്ടിയുണർത്തി, ഉണർത്തിയതും ചേച്ചിയുടെ കോളാണ് ആദ്യം തടഞ്ഞത്.  

''മോനെ നീയെവിടെയാ? മമ്മി ആകെ കരച്ചിലാണ്. ഇപ്പൊ എത്തുന്നു പറഞ്ഞിട്ട് മണിക്കൂറ് രണ്ടു കഴിഞ്ഞിട്ടും കാണുന്നില്ലെന്ന് പറഞ്ഞ്! എന്താ പറ്റ്യേ? നീയെന്താ ഫോണെടുക്കാത്തെ?''

പാവം മമ്മി..... മമ്മിയുടെ പത്തുമുപ്പതു മിസ്കോൾ ഉണ്ട്. തന്നെ കിട്ടാഞ്ഞ് കാനഡയിലുള്ള മോളെ വിളിച്ചു സങ്കടം പറഞ്ഞതാണ്. ഞാൻ തളര്ന്ന ശബ്ദത്തിൽ ചേച്ചിയോട് കാര്യം പറഞ്ഞ് .... മമ്മിയെ വിളിച്ചു ആശ്വസിപ്പിച്ചു പുറത്തേക്കിറങ്ങി. ആ കുളിർന്നു വിറയ്ക്കുന്ന മഴയത്ത് തന്നെ വീട്ടിലേക്കു പാഞ്ഞു.  അന്ന് ചെന്ന് കിടന്നിട്ടു, കിടന്നത് മാത്രമേ ഓർമ്മയുണ്ടായിരുന്നുള്ളൂ. പിന്നെ ഒരാഴ്ച കഴിഞ്ഞാണ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാര്ജ് ചെയ്തത്.... കടുത്ത പനിയായിരുന്നു.

ആ മഴയും കുളിരും പനിയുമൊക്കെയാണ് ഇപ്പോൾ മുമ്പിൽ ഉണ്ടക്കണ്ണുകളിൽ ചിരിയും നിറച്ചു നില്ക്കുന്നത്. ഒരേ ഉദരം പങ്കിട്ടിട്ടില്ലെങ്കിലും രക്ത ബന്ധമുള്ള സഹോദരി..... ഞാൻ അവളെ നോക്കി ആശ്വാസത്തോടെ ചിരിച്ചു. പിന്നെ        'കുട്ടി മോൻറെ ചോരയാണെന്ന്‘ പറഞ്ഞ പാവം അമ്മയുടെ ബുദ്ധി ശൂന്യതയെ ചിരിച്ചുതള്ളികൊണ്ട് അവളുടെ കയ്യിലിരുന്ന കുട്ടിക്ക് നേരെ കൈ നീട്ടി.

''വാവേ പൊക്കോളൂ ...... അമ്മാവനാ കുട്ടീടെ!''

അതിൻറെ അമ്മൂമ്മ കൊഞ്ചി. അത് കേട്ട് കുട്ടി തികഞ്ഞ അപരിചിതത്വത്തോടെ മമ്മിയുടെ നെഞ്ചിലേക്ക്  ചേർന്നു.... ഞാൻ എൻറെ ചെയറിലേക്ക് കൈകൾ വിരിച്ചു വച്ച്‌ ശ്വാസം വലിച്ചുവിട്ടു ആശ്വാസത്തോടെ ചാരിയിരുന്നു. ആ ഇരിപ്പുകണ്ട് ഭാസ്കാരേട്ടൻ ചിരിയോടെ ചോദിച്ചു.

''എന്നാ സാർ ഒരു ഗ്ളാസ് പായസമെടുക്കട്ടെ? അത് കേട്ട് നിറഞ്ഞ പുഞ്ചിരിയോടെ ഞാൻ ശിരസ്സിളക്കി                    
' ആവാം....ആവാം!''

Wednesday, October 15, 2014

ചെറുകഥ --- ഉള്‍പ്രേരകങ്ങളും വെള്ളത്തിലാശാനും



                     
      മിനി പി.സി
       

തികച്ചും ആകസ്മികമായി ഉള്‍പ്രേരകങ്ങളും വെള്ളത്തിലാശാനും കണ്ടുമുട്ടിയത് ഉള്‍പ്രേരകത്തിന്‍റെ നാട്ടിലെ തിരക്കേറിയ  ബസ്‌സ്റ്റാന്‍ഡില്‍ വെച്ചാണ് .തന്‍റെ ഗ്രാമത്തിലേയ്ക്കുള്ള ബസ്സും തിരഞ്ഞ് നിന്ന ഉള്‍പ്രേരകത്തിന്‍റെ  കണ്ണില്‍ "ടപ്പേ"ന്നാണ് ഒരു ഫാന്‍സി സ്റ്റോറിനു മുന്‍പില്‍ നിന്ന  വെള്ളത്തിലാശാന്‍ പെട്ടത് . കണ്ടപാടെ “ അയ്യോ !ഇത് നമ്മുടെ ആശാനല്ലെ ?” എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഉള്‍പ്രേരകം ബുജി താടിയും തടവി ചിന്താക്രാന്തനായി നില്‍ക്കുന്ന വെള്ളത്തിലാശാനരികിലെയ്ക്ക് നടന്നു .
 “ ആശാനെ ,എന്നെ മനസ്സിലായോ ? ഞാന്‍ ഉള്‍പ്രേരകങ്ങള്‍...! ”

ഉള്‍പ്രേരകത്തിന്  ആശാന് തന്നെ മനസ്സിലാവും എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നതുകൊണ്ട് വലിയ ചിരിയോടെയാണ് (ചിരിയെന്നു വെച്ചാല്‍ ഒരു മുക്കുറ്റിപ്പൂവില്‍ തുടങ്ങി സൂര്യകാന്തിയില്‍ അവസാനിച്ച ചിരി !) ചോദിച്ചത് .അതുകണ്ട് ആശാന് വലിയ ചിരിയൊന്നും വന്നില്ല ,പക്ഷെ മുഖത്തിന്‍റെ ഗൌരവം കക്ഷി തന്‍റെ തോള്‍സഞ്ചിയില്‍ ഇറക്കിവെച്ചു...
അല്ലാതെന്തു രക്ഷ! ഉള്‍പ്രേരകമെന്ന ഈ ജീവിയ്ക്കു ജാഡ കണ്ടാല്‍ മനസ്സിലാക്കാനുള്ള ശേഷിയുണ്ടെന്നു തോന്നുന്നില്ല ..! ഇപ്രകാരം ആശാന്‍റെ മനസ്സ് പറഞ്ഞത്  ഉള്‍പ്രേരകം കേട്ടുവത്രേ .പരഹൃദയജ്ഞാനം ഉണ്ടെന്നാണല്ലോ  കക്ഷിയുടെ വെയ്പ്പ് !

"ഉം...മനസ്സിലായി.... മനസ്സിലായി !”

വെള്ളത്തിലാശാന്‍ തന്‍റെ കണ്ണട ശരിപ്പെടുത്തി വെയ്ക്കുകയാണെന്ന വ്യാജേന ഉള്‍പ്രേരകത്തിനു മറുപടി കൊടുത്തുകൊണ്ട് വാച്ചില്‍ നോക്കി .നേരം പതിനൊന്നര മണിയാവുന്നു...വെയിലിന് എന്താ ഒരു ചൂട് !ആകെ ഒരു മൂഡുമില്ലാത്ത പ്രഭാതം .തലേന്ന് രാത്രി  ഒരു ഫൈവ് സ്റ്റാര്‍ ബാറിലിരുന്ന് അല്‍പ്പം കഴിച്ചതാണ് ഇന്ന് ഹാങ്ങ്ഓവര്‍ മാറാനുള്ളത് പോലും കുപ്പിയിലുണ്ടായില്ല. ഇന്നലെ കശ്മലന്മാര്‍ ഒരു സിനിമാ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചതാണ് എന്നിട്ടോ ചര്‍ച്ചിച്ചു..ചര്‍ച്ചിച്ച് കുപ്പികള്‍ കുറെ കാലിയായതൊഴിച്ചാല്‍ വേറൊരു പ്രയോജനവും ഉണ്ടായില്ല .ഒരു സ്നേഹിതന്‍ തന്ന കൂതറ പാരിതോഷികമായ ജവാന്‍റെ ഒരു ബോട്ടില്‍ ഒറ്റയ്ക്ക് ആസ്വദിച്ചു കഴിക്കാം എന്നു കരുതി സഞ്ചിയില്‍ സൂക്ഷിച്ചിരുന്നു , പക്ഷെ ഇന്നലെ രാത്രി കൂടെ കൂടിയ ഒരു ബോറന്‍ ചങ്ങാതി ബോറനെന്നു  വെച്ചാല്‍ പരമ ബോറന്‍ ,ബാറുകള്‍ അടച്ചുപൂട്ടണമെന്ന് ഘോരഘോരം ഘോഷിച്ച.....മഹാ....! അവന്‍ അതു മുഴുവന്‍ രാത്രിയുടെ ഏതോ യാമത്തില്‍ അകത്താക്കി ഞാനൊന്നുമറി- ഞ്ഞില്ലേ...എന്ന മട്ടില്‍ പുതച്ചുമൂടി കിടന്നു  ...ഒറ്റ ചവിട്ടിന് സപ്രമഞ്ചത്തില്‍ നിന്നും അവനെ താഴെയെത്തിച്ചാലോ എന്ന് തോന്നിയതാണ് പക്ഷെ അക്രമത്തിന്‍റെ കാര്യത്തിലെങ്കിലും ഗാന്ധിജിയുടെ കൂടെയായത് കൊണ്ട്  ഞാന്‍ അഹിംസ പാലിച്ച് മിണ്ടാതെ ഇറങ്ങിപോന്നു .എന്തായാലും വെള്ളത്തിലൊന്നു ശരിയ്‌ക്കു മുങ്ങിനിവര്‍ന്നാലെ തുടങ്ങി വെച്ച മാസ്റ്റര്‍പീസ്‌ വിജയകരമായി പൂര്‍ത്തിയാക്കാന്‍ പറ്റൂ ......അതിനു വെള്ളമെവിടെ

 “ വെള്ളം വെള്ളം സര്‍വത്ര വെള്ളം ഒരു തുള്ളി വെള്ളം കുടിയ്ക്കാനില്ല ”

എന്ന് കവി പാടിയത് പോലെ ഒരു തുള്ളി വെള്ളത്തിനു വേണ്ടി ഇനി ബിഷപ്പുമാരുടെ അരമനകള്‍ കുത്തിതുറക്കേണ്ടി വരുമോ ?ആകെ കൈക്കും കാലിനുമൊക്കെ ചെറിയൊരു വിറയുണ്ട്...അതിനിടയ്ക്കാണ് ഒരു എഴുത്ത് സുഹൃത്ത്...! ആശാന്‍ പരിഭ്രമത്തോടെ ഒരുപാടുതവണയും ,പരിഭ്രമമില്ലാതെ രണ്ടുമൂന്നു തവണയും വാച്ചില്‍ നോക്കി സമയം ക്ളിപ്തപ്പെടുത്തുകയാണെന്നു വരുത്തി.അതുകണ്ട് ഉള്‍പ്രേരകം  വാച്ചില്‍ നോക്കിയില്ല ..നോക്കാന്‍ വാച്ച് കെട്ടിയിരുന്നില്ലല്ലോ! ആശാന്‍റെ പകപ്പു കണ്ട് ഉള്‍പ്രേരകം സ്ഥലം കാലിയാക്കാന്‍ തുനിയുമ്പോഴാണ് കണ്ടാല്‍ കഥയൊട്ടുമില്ലെന്നു തോന്നിയ്ക്കുന്ന കണ്ണും വായും നിറച്ച് ചിരിയുള്ള ഉള്‍പ്രേരകത്തിനെ നോക്കി ചെറിയൊരു അന്തം വിട്ടുകൊണ്ട് ആശാന്‍ വിശേഷങ്ങളിലേയ്ക്ക് കടന്നത് ,

“ എന്താ ചൂട് ? ഇന്നലെ ഇവിടെ മഴ പെയ്തുവോ ?”

“ ഉവ്വ് ! നല്ല മഴയായിരുന്നു ഇടിവെട്ടി പെയ്തു .”

ബസ്‌സ്റ്റാന്‍ഡില്‍ നിന്നും ചുറ്റുമുള്ള കടകളിലേക്ക് വീശുന്ന ചൂട് കാറ്റ്,ഒട്ടും സ്വരമാധുര്യമില്ലാത്ത പെണ്ണിന്‍റെ ചെവി തുളയ്ക്കുന്ന അനൌണ്‍സ്മെന്‍റ് ,വണ്ടികളുടെ അവസരോചിതമല്ലാത്ത ശബ്ദങ്ങള്‍, ആളുകളുടെ കലപില....

“നമുക്ക് അല്‍പ്പനേരം ഈ ഷേക്ക്‌ പാലസിലിരുന്ന് വിശേഷിച്ചാലോ ?”

തൊട്ടുചേര്‍ന്നുള്ള ഷേക്ക്‌ പാലസ് ചൂണ്ടി  ആശാന്‍ ചോദിച്ചു .

“ആവാലോ .”

ഉള്‍പ്രേരകം തലകുലുക്കി .അകത്തു കയറിയതും ഉള്‍പ്രേരകത്തിന്‍റെ ആതിഥേയ മര്യാദ തലപൊക്കി ,അങ്ങോട്ടെന്തെങ്കിലും പറയും മുന്‍പ് അതിലും ആതിഥേയ മര്യാദയോടെ സപ്ലയര്‍ മനോഹരമായ രണ്ടു ഗ്ലാസുകളില്‍ മില്‍ക്ക്ഷേക്കുമായി എത്തി . 

“മില്‍ക്ക് ഷേക്ക് , വേറെ ? ”

ഉള്‍പ്രേരകം മടിച്ചു മടിച്ചു ചോദിച്ചത് കേള്‍ക്കാതെ  ആശാന്‍ കസേരയില്‍ നിവര്‍ന്നിരുന്ന് ജുബയുടെ കോളര്‍ പൊക്കി ഫാനിന്‍റെ
 തണുപ്പിനെ ഉള്ളിലേയ്ക്ക് ആവാഹിച്ചു .

“ആശാനെ സുഖമാണോ ?”

ഉള്‍പ്രേരകം കുശലങ്ങളിലേയ്ക്ക് കടന്നു.

“ഉം...സുഖം ,പരമസുഖം...ഇക്കണക്കിനു പോയാല്‍ പരമപദം പൂകേണ്ടി വരും .”

ആശാന്‍ ഒരു തത്വജ്ഞാനിയെപ്പോലെ പിറുപിറുത്തു.

“പരമപദം ?ആശാന്‍ ?”

ഉള്‍പ്രേരകം ആശങ്കയോടെ ചോദിച്ചു .

“ഉം ...നടക്കാന്‍ വഴിയില്ല ന്നാലും മോഹം പറഞ്ഞതാ .അവിടാകുമ്പോ സുരപാനം ആവോളം നടത്താലോ!. വെള്ളമടിക്കാതെ എന്‍റെ എഴുത്തൊന്നും എഴുത്താവുന്നില്ല ”

ആശാന്‍റെ ആത്മഗതം  കേട്ടപ്പോള്‍ ഉള്‍പ്രേരകം  ഉള്ളില്‍ പറഞ്ഞു,

“വെറുതെയല്ല ആളുകള്‍ വെള്ളത്തിലാശാന്‍ എന്ന് വിളിക്കുന്നത്‌ .”

ആ ഉള്ളില്‍ പറച്ചില്‍ തീര്‍ന്നത് ചെറിയൊരു ചിരിയിലാണ് .ആ ചിരി 
 കണ്ട് ആശാന്‍റെ മുഖം ചുവന്നു ,

“എന്തിനാ ചിരിക്കണെ ? ഉം?”

ആ ചോദ്യം കേട്ടതും ഉള്‍പ്രേരകം കഷ്ടപ്പെട്ട് ചിരിയൊതുക്കി സീരിയസായി .

“ അല്ല ആശാനെ, എന്തിനാ ഇങ്ങനെ വെള്ളമടിക്കുന്നത് ? വെള്ളമടിച്ചാല്‍ ബോധം പോവില്ലേ ? ബോധമില്ലാതെ  എഴുതുന്നതുകൊണ്ടാവും പലപ്പോഴും കഥകളൊന്നും വായിച്ചാല്‍ ഒരു പരസ്പരബന്ധം അനുഭവപ്പെടാത്തതും ,മനസ്സിലാവാത്തതും എന്നിട്ട് പറയുന്നതോ ഉത്കൃഷ്ടം ,അത്യന്താധുനികം ........ഹും .”

ഉള്‍പ്രേരകം മനസ്സില്‍ തോന്നിയത് അതുപോലെ പറഞ്ഞു .അതുകേട്ട് ആശാന്‍ കനത്തിലൊന്നു മൂളിക്കൊണ്ട് ചോദ്യശരങ്ങളെയ്തു.

“ ഉല്പ്രേരകം മദ്യപിച്ചിട്ടുണ്ടോ ?മദ്യപിക്കുന്നവരുടെ ഹൃദയവിചാരങ്ങള്‍ എന്തെന്നറിയുമോ? മദ്യം ഭാവനയെ സ്വാധീനിക്കുന്നുണ്ടോ ,ഇല്ലയോ എന്നതിനെക്കുറിച്ച് അറിയാമോ ?അറിയുമെങ്കില്‍ പറയണം .

ആ ഘനം കണ്ട് ഉള്‍പ്രേരകത്തിന് പേടിയൊന്നും തോന്നിയില്ല .

“ ഞാന്‍ മദ്യപിച്ചിട്ടില്ല...അപ്പോഴത്തെ ഹൃദയവിചാരങ്ങളും എനിക്കറിയണ്ട,അങ്ങനെകിട്ടുന്ന ഭാവനയും എനിക്ക് വേണ്ട."ഉള്‍പ്രേരകം പ്രതിരോധിച്ചു .

“എന്നാല്‍ പിന്നെ അറിയാത്ത കാര്യങ്ങള്‍ മോശമാണെന്ന് പറയണ്ട .എന്‍റെ കഥകള്‍ മനസ്സിലാവാത്തത് തന്‍റെ വായനേടെ കുഴപ്പമാകാനാ സാധ്യത .?"

ആശാന്‍  കനത്തില്‍ മൂളിക്കൊണ്ട് തന്‍റെ തോള്‍സഞ്ചിയില്‍ നിന്നും കുറച്ചു പുസ്തകങ്ങളെടുത്ത് ഉള്‍പ്രേരകത്തിനു നീട്ടി ....

“ഇതൊക്കെ വായിച്ചിട്ടുണ്ടോന്നു നോക്കൂ, വായിക്കാത്തവ വായിച്ചോളൂ ,വായനയ്ക്കപ്പുറം എനിക്കിതൊക്കെ കൊറിയര്‍ ചെയ്തു തരേണ്ടി വരും,സമ്മതമാണെങ്കില്‍ മതി 

വായിക്കാത്ത പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതിനിടെ സമ്മതം ഒരു മൂളലിലൂടെ ഉള്‍പ്രേരകം അറിയിച്ചു .

“ഉം .”
“ എഴുത്തൊക്കെ എങ്ങനെ നടക്കുന്നുണ്ടോ ?”

ആശാന്‍ കാര്യങ്ങളിലേയ്ക്ക് കടന്നു.

“ഉവ്വ് ....ഒരുപാട് എഴുതുന്നുണ്ട് .”

ഉള്‍പ്രേരകം മനസ്സ് തുറന്നു .

“എന്നിട്ട് ഗുണമുള്ള ഒന്നും ഇതുവരെ കണ്ടില്ല ?”
ആശാന്‍ താടി ചൊറിഞ്ഞു .അതുകേട്ട് ഉള്‍പ്രേരകം ചിരി മായാതെ  ചോദിച്ചു,
“ആര്‍ക്കു ഗുണമുള്ളത് ?”

“സാഹിത്യത്തിന് .”ആശാന്‍ ഗൌരവം വിടാതെ പറഞ്ഞു .

“കളിയാക്കിക്കോളൂ....ഇതുപോലുള്ള  കളിയാക്കലുകളും,മനപ്പൂര്‍വ്വമുള്ള ഇടിച്ചു താഴ്ത്തലുകളുമാണ്  ചിലപ്പോഴെങ്കിലും എഴുത്തിനുള്ള ഊര്‍ജം തരുന്നത്. ”

ഉള്‍പ്രേരകം നിസ്സാരമട്ടില്‍ പറഞ്ഞുകൊണ്ട് പുസ്തകങ്ങള്‍ വെറുതെ മറിച്ചുനോക്കി .

“കളിയാക്കലല്ല.വല്ല ജ്ഞാനപീഠവും കിട്ടണെങ്കില്‍ കിട്ടിക്കോട്ടെ എന്നുവെച്ചാ.”

“ഞാന്‍ എഴുതുന്നത് ഇങ്ങനെ എന്തേലും മോഹിച്ചല്ല ...എന്‍റെ സംതൃപ്തിയ്ക്ക് വേണ്ടിയാ .എന്തായാലും കളിയാക്കല്‍ നടക്കട്ടെ , എന്നോട് എന്‍റെ പ്രിയഎഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ സര്‍ പറഞ്ഞിട്ടുണ്ട്,ഉള്‍പ്രേരകത്തിന്,കഥയെഴുതാനറിയാം...എഴുതിക്കൊണ്ടേയിരിക്കുക, 
അതാണ്‌ ഒരു എഴുത്തുകാരന്‍റെ/എഴുത്തുകാരിയുടെ ധര്‍മ്മം ,മറ്റൊന്നിനെ ക്കുറിച്ചും വിചാരപ്പെടരുതെന്ന് !

“എന്നാല്‍ എഴുത്തങ്ങട് തുടരുക ...!” 

ആശാന്‍ തന്‍റെ വാക്കുകളില്‍ ക്വിന്‍റലു കണക്കിന് പുച്ഛം നിറച്ച് പാവം ഉള്‍പ്രേരകത്തിനെ വീണ്ടും വീണ്ടും പ്രകോപിപ്പിച്ചു കൊണ്ടിരുന്നു. ആ പ്രകോപനത്തില്‍ മനംനൊന്ത് ഒരു കറുത്തുമുഴുത്ത ഈച്ച ആശാന്‍റെ ഷേക്ക്‌ഗ്ലാസ്സില്‍ ചാടി ആത്മഹത്യ ചെയ്ത്‌ അതിന്‍റെ പ്രതിക്ഷേധം രേഖപ്പെടുത്തി .അതുകണ്ട് ചെറിയൊരു ഞെട്ടലോടെ വാഗ്വാദം മറന്ന് ഉള്‍പ്രേരകം പറഞ്ഞു

“അയ്യോ ,ആശാന്‍റെ ഗ്ലാസ്സിലൊരു ഈച്ച !”

“അത് നന്നായി ! ഈച്ചയ്ക്കറിയാം ഞാനീവകയൊന്നും കഴിക്കില്ലെന്ന് ! ഇപ്പോള്‍ ഈ ഗ്ലാസ്സില്‍ മറ്റവനായിരുന്നെങ്കിലോ?പണ്ടേ പലവട്ടം ഇത് കാലിയായെനെ!”
ആശാന്‍റെ ആഗ്രഹം കേട്ട് ,

“ ആശാന്‍റെ അവസ്ഥ കണ്ടിട്ട് ഉടനെ തന്നെ വാറ്റു തുടങ്ങണ ലക്ഷണമുണ്ടല്ലോ.......ബാറ്ററീം...ചത്ത എലിയേയുമൊക്കെ ഇട്ട്‌...ഹഹഹ...”

എന്ന് പറഞ്ഞ് ആ രംഗം ഉള്ളില്‍ ഓര്‍ത്തോര്‍ത്ത്കൊണ്ട്  ഉള്‍പ്രേരകം ചിരിയായി ,അതുകണ്ട് പെട്ടെന്ന് ആശാനും ചിരിപൊട്ടി ,
“ഹയ്യട !മതിമതി വിഡ്ഢിത്തം വിളമ്പിയത് .ഇപ്പോള്‍ എന്‍റെയൊരു വേഗവര നടത്തൂ ...എന്നിട്ടാകാം ബാക്കി വളിപ്പുകള്‍ .”

ആശാന്‍ പറഞ്ഞതുകേട്ട് ഉള്‍പ്രേരകത്തിന്‍റെ ചിരി സ്വിച്ചിട്ടതുപോലെ നിന്നു .അപ്പോഴാണ് കൃത്യം ഒരീച്ച ...ഒരു കറുമ്പനീച്ച ...കുറുമ്പനീച്ച ഉള്‍പ്രേരകത്തിന്‍റെ ഗ്ലാസ്സിലും വീണു മരണവെപ്രാളം തുടങ്ങിയത് .

“ ദെ ...എന്‍റെ ഷേക്കിലും ഈച്ച ...!”

ഉള്‍പ്രേരകത്തിന്‍റെ എക്സ്പ്രഷന്‍ കണ്ടു ആശാന്‍ തലകുടഞ്ഞു

“ഓ...ഈച്ച ....പുളിയനീച്ച ....കുന്തം ! എനിക്ക് പോകാന്‍ നേരമാകുന്നു ,എന്നെയൊന്നു വേഗം വരയ്ക്കു  ...”

ആശാന്‍റെ  തിരക്ക് കണ്ട് ഉള്‍പ്രേരകം ബാഗില്‍ നിന്നും പേപ്പറും പേനയും തപ്പിയെടുത്തപ്പോഴെയ്ക്കും ആശാന്‍ നിവര്‍ന്നിരുന്നു ,മുഖം ഗാംഭീര്യത്തോടെ തിടമ്പേറ്റി നിന്നു .വരയ്ക്കാനായി ആശാന്‍റെ മുഖത്തേയ്ക്ക് നോക്കിയ ഉള്‍പ്രേരകത്തിന്‍റെ കൈ വിറച്ചു ...അമ്പരപ്പ്...വിറയല്‍ സങ്കോചം !ഒരു ചിത്രം നോക്കി വരയ്ക്കുമ്പോലല്ല ,ജീവനുള്ള ഒരാളെ ഇങ്ങനെ നോക്കിയിരുന്നു വരയ്ക്കുന്നത് ! തന്‍റെ വര കുളമായെന്ന് ഉള്‍പ്രേരകത്തിന് മനസ്സിലായി ...ആശാന്‍ കൈ നീട്ടി .കിട്ടിയ പേപ്പറിലെ രൂപം കണ്ട് ആശാന്‍ പൊട്ടിച്ചിരിച്ചു ,

“ഏതാണീ കൊരങ്ങന്‍ ? ഉള്‍പ്രേരകം ആളു കൊള്ളാലോ ...ഉം ചുട്ട പെടയുടെ കുറവുണ്ട് ... “”

ആശാന്‍റെ പൊട്ടിച്ചിരിയും വര്‍ത്താനവും കേട്ട് ഉള്‍പ്രേരകത്തിന് വല്ലാത്തൊരാശ്വാസം തോന്നി .

“ആശാനെ ,അതിങ്ങു തരൂ ...പിന്നീട് ഞാന്‍ വരച്ചുതരാം .”
ഉള്‍പ്രേരകം കൈനീട്ടി .

“ വേണ്ട ,ഇത് എന്‍റെ കയ്യിലിരിക്കട്ടെ ആശാന്‍ തന്‍റെ ഡയറിയ്ക്കുള്ളില്‍ ആ ചിത്രം ഭദ്രമായി വെച്ചു ,

“ പടം അത്രയ്ക്ക് മോശായിട്ടൊന്നുമില്ല , ഉള്‍പ്രേരകത്തിന്‍റെ  എഴുത്തും നന്നായി വരുന്നുണ്ട് ,പക്ഷെ ചിലരോട് അങ്ങനെ നന്നെന്നു  പറഞ്ഞു പോയാല്‍ പിന്നെ എഴുത്തിന്‍റെ ഗ്രാഫ്‌ കീഴോട്ടാവും ,അതുപാടില്ല നെറയെ വായിക്കണം ,ഒരുപാട് എഴുതണം .ന്നാല്‍ നമുക്ക് പിരിഞ്ഞാലോ? ”

ആശാന്‍ പതിയെ എഴുന്നേറ്റ് കസേരയില്‍ കൊളുത്തിയിട്ടിരുന്ന തന്‍റെ കാലന്‍കുട എടുത്ത് കാഷ്‌ കൌണ്ടറിലേയ്ക്ക് നടന്നു .തൊട്ടു പുറകെ ഉള്‍പ്രേരകവും .തങ്ങള്‍ കുടിയ്ക്കാത്ത രണ്ടു ഗ്ലാസ്‌ മില്‍ക്ക് ഷെയ്ക്കിന്‍റെ ബില്‍ പേ ചെയ്യുന്നതിനായി തര്‍ക്കിക്കുന്ന അവരെ കടക്കാരന്‍ മനസ്സില്‍ പ്രാകി .

"പണ്ടാരങ്ങള്‍ വേഗമൊന്നു പോയിതന്നിരുന്നെങ്കില്‍ .”
അങ്ങനെ തര്‍ക്കിച്ച് ബില്ലടച്ച് പുറത്തിറങ്ങിയ അവര്‍ യാത്ര പറയും മുന്‍പേ ഉള്‍പ്രേരകം ചോദിച്ചു ,
“ആശാനെ ,ഞാനീ കൂടിക്കാഴ്ച ഒരു കഥയാക്കിക്കോട്ടെ ?എന്‍റെ അടുത്ത ബ്ലോഗ്പോസ്റ്റ്‌ ?”
“ കഥയോ ? ഉം..അതിനു മുന്‍പ് ആ  മില്‍ക്ക്ഷെയ്ക്ക് കടക്കാരന്‍ എന്തുചെയ്യുമെന്ന് ഉള്‍പ്രേരകം പറയൂ ...”  

 ആശാന്‍ കുസൃതിയോടെ ചോദിച്ചു .ഉള്‍പ്രേരകത്തിന് അതെക്കുറിച്ച് ഒരു സംശയവും ഉണ്ടായിരുന്നില്ല,

“ അയാളത് ഒഴിച്ചുകളയും .”

“എങ്കില്‍ കണ്ടോളൂ എന്തുചെയ്യുമെന്ന് ! ഈ നിരീക്ഷണം കൂടി കഥയില്‍ ഉള്‍പ്പെടുത്തണം .എങ്കില്‍  ഞാന്‍  പോകുന്നു .”

ആശാന്‍ സൈഡില്‍ ഒതുക്കി നിര്‍ത്തിയിട്ടിരുന്ന ഒരു ലോ –ഫ്ലോര്‍ ബസ്സിന്‍റെ സൈഡ് സീറ്റില്‍  ഇരിപ്പുറപ്പിച്ചു .ആ നേരം ഉള്‍പ്രേരകം ചില്ലുമറയ്ക്കുള്ളിലൂടെ കടയ്ക്കത്തേയ്ക്ക് കണ്ണെറിഞ്ഞു ....കടക്കാരന്‍ ഒരു  സ്പൂണ്‍ കൊണ്ട്  ഗ്ലാസുകളില്‍ നിന്നും ഈച്ചകളെ എടുത്തു കളഞ്ഞ് അവ വീണ്ടും റെഫ്രിജറേറ്ററിനകത്തേയ്ക്ക് വെയ്ക്കുകയാണ് ....അതുകണ്ട് ഉള്‍പ്രേരകത്തിന് മനം പിരട്ടി ....ഇതുപോലെ എത്രപേര്‍ക്ക് മുന്‍പില്‍ വെച്ചതാവും ?ഇനിയും എത്രപേര്‍ക്ക് മുന്‍പില്‍ ഇവയെത്തും ? 
“...ച്ചെ...” 
ഉള്‍പ്രേരകത്തിന്‍റെ മാനസികാവസ്ഥയറിയാതെ ഷെയ്ക്ക് ഗ്ലാസ്സുകള്‍ മുട്ടിയുരുമ്മി,പൊട്ടിച്ചിരിച്ച് റെഫ്രിജറേറ്ററിന്‍റെ ഒരു മൂലയ്ക്കിരിക്കെ , ഉള്‍പ്രേരകം ആശാനെ തിരഞ്ഞു ,പക്ഷെ അപ്പോഴേയ്ക്കും ആശാനേയും വഹിച്ചുകൊണ്ട് ആ ലോ-ഫ്ലോര്‍ വാഹനം കണ്ണില്‍നിന്നും മറഞ്ഞിരുന്നു ...അപ്പോള്‍ ആ  കൂടിക്കാഴ്ചയും ബാലിശമായ ചില നിരീക്ഷണങ്ങളും കൂടിച്ചേര്‍ന്ന “ഉള്‍പ്രേരകങ്ങളും വെള്ളത്തിലാശാനും ”എന്ന കഥയുടെ ബീജം ഉള്‍പ്രേരകത്തിന്‍റെ മനസ്സില്‍ പൊട്ടി വിരിയുകയായിരുന്നു .

Wednesday, October 8, 2014

കഥ -------സന്തോഷം



                                                                              മിനി.പി.സി
                                                            

രോഗശയ്യയിലായിരുന്ന  തന്നെ  കാണാന്‍ ഒരുപാട്  ദൂരങ്ങള്‍ താണ്ടിയെത്തിയ നഥാനിയേലിനെ നോക്കിക്കിടക്കെ മത്തായിച്ചേട്ടന്‍റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു .ആ നിറഞ്ഞ കണ്ണുകളില്‍ തുറന്നിട്ട ജനാലയിലൂടെ അരിച്ചെത്തിയ പ്രകാശം  പ്രകീര്‍ണനങ്ങള്‍ സൃഷ്ടിയ്ക്കെ ഏഴ്  നിറങ്ങളില്‍ അദേഹത്തില്‍ നഥാനിയേലിനെ       ക്കുറിച്ചുള്ള  ഓര്‍മ്മകള്‍ ചിതറി .
       
പണ്ട് ചെറിയൊരു ഹോട്ടലില്‍ അടുക്കളജോലിക്കാരനായിരിക്കെയാണ് ഹോട്ടലിനു പുറകില്‍,ഭക്ഷണാവശിഷ്ടങ്ങള്‍  കുമിഞ്ഞുകൂടികിടക്കുന്നിടത്ത് തെരുവുപട്ടികള്‍ക്കിടയില്‍ ഒരു എച്ചിലിലയില്‍  കമിഴ്ന്നു കിടന്ന് എച്ചില്‍ വാരിത്തിന്നുകയായിരുന്ന അവനെ  അയാള്‍ ആദ്യമായി കാണുന്നത് . കറുത്ത്  മെലിഞ്ഞ് ,കിളരം കുറഞ്ഞ, കീറിയ വയലറ്റ്‌ നിക്കര്‍ ധരിച്ച ആ അഞ്ചു വയസ്സുകാരന്‍ അയാളെ കണ്ടപാടെ ആ എച്ചിലിലയുമെടുത്ത്  ദൂരെയ്ക്ക് ഓടിയൊളിച്ചു .ആ കാഴ്ച അയാളെ ഏറെ ദുഖിപ്പിച്ചു .
    
    നാളുകള്‍ കഴിയവെ ഇന്‍ഡിഗോ നിറമുള്ള അടുക്കള വാതിലിന പ്പുറം അവനെ തന്‍റെയരികിലിരുത്തി  ആഹാരം പങ്കുവെച്ചു കഴിച്ചതും ,നല്ലതുപോലെ നീലിച്ച ഒരു പകല്‍ അവന്‍റെ കുഞ്ഞിക്കൈകള്‍ പിടിച്ച് തന്‍റെ വാടകമുറിയിലെയ്ക്ക് നടന്നതും , അതിനപ്പുറം പ്രത്യാശയുടെ പച്ചപ്പില്‍  അവനെ “നഥനിയേലെ”ന്ന പേരുവിളിച്ചതും പരിമിതമായ  ചുറ്റുപാടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അവന് ആത്മീയവും ഭൌതികവു മായ വിദ്യാഭ്യാസം നല്‍കിയതും  തിരക്കൊഴിഞ്ഞ പകലുകളില്‍ മഞ്ഞ  ഡാലിയപ്പൂക്കള്‍  വിരിഞ്ഞു നില്‍ക്കുന്ന വീട്ടുമുറ്റത്തിരുന്ന് താന്‍       അവനെ ജീവിതം പഠിപ്പിച്ചതും  ഒരു ഓറഞ്ചു തോട്ടത്തിലെ കങ്കാണി പണിയ്ക്കിടയില്‍ അവന്‍റെ  വളര്‍ച്ചയുടെ പടവുകളെ  സാകൂതം നോക്കി കണ്ടതും  ഒടുവില്‍ അസ്തമയ സൂര്യന്‍  മാറാപ്പിലെ സിന്ദൂരം  മുഴുവന്‍ കുടഞ്ഞിട്ടു ചുവപ്പിച്ച  ഒരു  സന്ധ്യയില്‍ ഇന്ത്യയുടെ ഇരുണ്ട ഗ്രാമങ്ങളിലെയ്ക്ക് ആതുരസേവനത്തിനായി അവന്‍ വണ്ടികയറിയതും അയാള്‍ ഓര്‍ത്തു                                                                                                                                                                                                              മഴവില്ലഴകില്‍ തന്നിലൂടെ കടന്നുപോയ ഓര്‍മ്മകളുടെ  ലാളനയില്‍ ഒരു ശിശുവിനെ പോലെ  അയാള്‍ അവനെ നോക്കി ചിരിയ്ക്കെ  രോഗിയായ ആ വൃദ്ധന്‍റെ നെഞ്ചോട് ചേര്‍ന്നിരുന്ന് ആ മൂര്‍ദ്ധാവില്‍  ചുംബിച്ചുകൊണ്ട്  അവന്‍ ചോദിച്ചു ,

  അപ്പാ  അപ്പന് സന്തോഷമല്ലേ ? ”

ആ ചോദ്യം കേട്ട്  തന്‍റെ  ശുഷ്ക്കിച്ച  കൈകള്‍കൊണ്ട് അനേകരെ    പ്രതിഫലേച്ഛയില്ലാതെ സേവിയ്ക്കാനായി  സ്വന്തം ജീവിതമുഴിഞ്ഞു വെച്ച തന്‍റെ മകന്‍റെ വലിയകൈകള്‍ പൊതിഞ്ഞു പിടിച്ച്  പിന്നെ അത് തന്‍റെ നെഞ്ചോട് ചേര്‍ത്ത് അയാള്‍ മന്ത്രിച്ചു ......
“ സന്തോഷമാണ് മകനെ , വലിയ സന്തോഷം !”