Thursday, June 20, 2013

മൈക്രോ കഥകള്‍

മൈക്രോ കഥകള്‍         മിനി പി.സി

പേര്‍സണല്‍ സ്റ്റാഫ്‌


മര്യാദയ്ക്ക് പഠിക്കാഞ്ഞാല്‍ തേരാപാരാ നടക്കേണ്ടി വരുമെന്ന


അധ്യാപകന്‍റെ   ഉപദേശത്തിന്‍റെ മുനയൊടിച്ചു കൊണ്ട് അവന്‍


പറഞ്ഞു " ന്‍റെ സാറേ നോക്കിക്കോ അന്നെന്നെ  മന്ത്രീടെ


പേര്‍സണല്‍ സ്റ്റാഫില് കാണാം , അവിടെ പത്താം ക്ലാസില്


തോറ്റോര്‍ക്കാ പ്രിഫെരന്‍സ്‌ ! സാറ് ഇപ്പൊ പത്രോന്നും


വായിക്കാറില്ലെ ?"


അണ്‍ പാര്‍ലമെന്‍റ്റി ആക്ഷന്‍ത്രില്ലെര്‍

കാലവര്‍ഷക്കെടുതിയില്‍ പാടെ തകര്‍ന്നു പനിച്ചു വിറയ്ക്കുന്ന

പാവം ജനങ്ങളെ മറന്ന് ഭരണപ്രതിപക്ഷങ്ങള്‍ നിയമസഭയില്‍

അണ്‍ പാര്‍ലമെന്‍റ്റി ആക്ഷന്‍ത്രില്ലെര്‍ കളിച്ചു.


ചങ്ങലയ്ക്കും ഭ്രാന്ത്

മരിച്ചോരൊക്കെ തിരിച്ചു വരൂന്നിരിക്കട്ടെ  നമ്മടെ  സ്വാമി

വിവേകാനന്ദന്‍ വീണ്ടും ഇവിടെ വന്നാ എന്ത് പറയും ?ടീച്ചര്‍

കുട്ടിയോട് ചോദിച്ചു

" ഇവടെ ചങ്ങലകള്‍ക്കും കൂടി   ഭ്രാന്ത് പിടിച്ചിരിക്കുന്നൂ" ന്നും

പറഞ്ഞ് ഓടി രക്ഷപ്പെടും .കുട്ടി നിസംശയം പറഞ്ഞു .



ഇമ്പോസിഷന്‍

ബസ്സില്‍ കയറുന്ന വിദ്യാര്‍ത്ഥികളെ ചീത്ത വിളിച്ചും ഉന്തിയും

തള്ളിയും നിര്‍വൃതിയടയുന്ന കണ്ടക്ടര്‍മാരെ  നോക്കി

കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹം ഒന്നടങ്കം വിളിച്ചു പറഞ്ഞു

" ഞങ്ങളോട് കളിക്കല്ലേ കളിച്ചാ ഞങ്ങള്‍ ഇമ്പോസിഷന്‍

എഴുതിയ്ക്കും. "

Sunday, June 16, 2013

മൈക്രോ കഥകള്‍



മൈക്രോ കഥകള്‍
                        
         മിനി പി സി

ചില വയ്യാവേലി പാനലുകള്‍
കേരളത്തിലെ പല വി.വി.ഐ.പി ഭവനങ്ങള്‍ക്ക് മുകളിലും  കുരുത്ത ചില  വയ്യാവേലി  സോളാര്‍ പാനലുകള്‍ കണ്ട് സൂര്യന്‍ പരിസരം മറന്നു ചിരിച്ചു പിന്നെ കുസൃതിയോടെ പറഞ്ഞു
"ഈ രക്തത്തില്‍ എനിക്ക് പങ്കില്ലേ .........!"




ഒളി ക്യാമറകള്‍
പെണ്ണിന്‍റെ നഗ്നത കണ്ട്….കണ്ട് മടുത്ത ഒളി ക്യാമറകള്‍ ഒടുവില്‍ സഹികെട്ട് ചോദിച്ചു ,
"എടാ വൃത്തികെട്ടവന്മാരേ നിങ്ങള്‍ക്കുമില്ലേടാ അമ്മയും പെങ്ങന്മാരും ? "
അപ്പോള്‍ ഒരു വൃത്തികെട്ടവന്‍ പറഞ്ഞു ,
" എന്‍റെ ക്യാമറെ നീ ഞങ്ങളെ മാത്രം കുറ്റം പറയാതെ ഈ മേഖലയില്‍ ഇപ്പോ സ്ത്രീകളും കൈവെച്ചു തുടങ്ങീട്ടുണ്ട് ."


Tuesday, June 11, 2013

മൈക്രോ കഥകള്‍



മൈക്രോകഥകള്‍
            മിനി.പി.സി      
          


ടാപ്പിംഗ്
തിരുവനന്തപുരത്ത് ടാപ്പിങ്ങിന് ആളെ കിട്ടുമെന്നറിഞ്ഞ് അങ്ങോട്ട്‌ തിരിച്ച   പ്ലാന്‍റ്റര്‍  ഔതക്കുട്ടിച്ചായന്‍ അവിടെ റബ്ബര്‍ ടാപ്പിങ്ങല്ല , ഫോണ്‍ ടാപ്പിങ്ങാ നടക്കുന്നതെന്നറിഞ്ഞ് ഇളിഭ്യനായി തിരിച്ചു പോന്നു .


അംബാനീടെ  മോന്‍
പച്ചക്കറിക്കടയില്‍ നിന്നും അരക്കിലോ ചുവന്നുള്ളിയും ,അരക്കിലോ തക്കാളിയും വാങ്ങിപോകുന്ന അയാളെ ആരാധനയോടെ നോക്കി  നിന്നവര്‍  പറഞ്ഞു “ ദേടാ.....പോണൂ അംബാനീടെ  മോന്‍ ! ”


പോളിട്രിക്ക് സയന്‍സ്
പ്ലസ്‌ടു  ക്ലാസ്സുകളില്‍ പൊളിറ്റിക്കല്‍ സയന്‍സ്‌ പുസ്തകങ്ങള്‍ കിട്ടാതെ വലയുന്ന കുട്ടികളെ അധ്യാപകര്‍ ആശ്വസിപ്പിച്ചു “ വരും വരാതിരിക്കില്ല വന്നാലും തിരുത്താനല്ലാതെ വേറൊന്നും ഉണ്ടായിരിക്കില്ല ,അതാ ഈ പൊളിട്രിക് സയന്‍സ് ! ”  


സിക്സ് പായ്ക്ക്
പട്ടിണിമരണം  അന്വേഷിക്കാന്‍ ആദിവാസിമേഖല സന്ദര്‍ശിച്ച പ്രത്യേക സംഘം മെലിഞ്ഞുണങ്ങിയ പട്ടിണിക്കോലങ്ങളെ കണ്ട് അത്ഭുതപ്പെട്ടു ,
wow……………….! സിക്സ് പായ്ക്ക് കാണണെ...ഇവിടെ വരണം ”

Friday, June 7, 2013

മിനിക്കഥകള്‍

മിനിക്കഥകള്‍                    മിനി പി സി
                     
        


        കോടീശ്വരന്‍

" കോടീശ്വരനായാല്‍ താങ്കളെന്തു ചെയ്യും ? "
അവതാരകന്‍റെ ചോദ്യം കേട്ട് ദാരിദ്രനാരായണനായ അയാള്‍
ഗദ്ഗദത്തോടെ പറഞ്ഞു,
"   വല്യ മോഹങ്ങളൊന്നും ഇല്ല സാറെ...ഒരു ചെറിയ വീട്
വെക്കണം..ഒരു കാറ് വാങ്ങണം ,അത് ടാക്സിയായി
ഓടിക്കാനാ !  പിന്നെ ബാക്കി തുകകൊണ്ട്..  പാവങ്ങള്‍...രോഗികള്‍...
നിര്‍ദ്ധനയുവതികളുടെ വിവാഹം........." 
ആ ലിസ്റ്റ് അങ്ങനെ നീളവേ ആ വിശാല മനസ്സോര്‍ത്ത്
അവതാരകന്‍റെ കണ്ണ് നനഞ്ഞു....ഹൃദയം ആര്‍ദ്രമായി !
കോടീശ്വരനായതിനു ശേഷം വീണ്ടുമൊരിക്കല്‍ അവതാരകനെ
കണ്ടുമുട്ടിയ അയാള്‍ പറഞ്ഞു ,
 " ഓ ഇന്നത്തെക്കാലത്തു കോടീശ്വരനായീന്നൊക്കെ പറഞ്ഞിട്ടെന്താ
സാറെ കാര്യം ?ടാക്സും കഴിഞ്ഞ് കിട്ട്യ കാശ് കൊണ്ട് മുപ്പതു
ലക്ഷത്തിന്‍റെ ഒരു ചെറിയ വീടും ഒരു ബെന്‍സ്‌ കാറും
വാങ്ങിയതോടെ അത് തീര്‍ന്നു ,ഇനി ഒരു ലോണ്‍ എടുത്തുവേണം
ഹൌസ് വാമിംഗ് നടത്താന്‍ !"
അയാള്‍ പറഞ്ഞത് കേട്ട് ചിരിക്കാനോ കരയണോ എന്നറിയാതെ
അവതാരകന്‍ കുഴങ്ങി .


നാഥനില്ലാ വഹുപ്പുകള്‍

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്

മല്‍സരത്തില്‍ " ഇപ്പോഴത്തെ വനം വകുപ്പു മന്ത്രിയാരെന്ന " ചോദ്യം

ചോദിച്ചു വെട്ടിലായ അദ്ധ്യാപകന്‍ ഉത്തരമറിയാതെ പകച്ചിരുന്ന

വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉത്തരം തേടി ഭരണസിരാകേന്ദ്രത്തിലെത്തി 

ദല്‍ഹിയിലെയ്ക്കും തിരിച്ചും പറക്കുന്ന വിമാനങ്ങളും നോക്കി

വാ തുറന്നു നില്‍ക്കുന്ന കാഴ്ച കണ്ട് ജനം വിളിച്ചു " ഇങ്ങു

പോരെ മാഷേ അവിടെയിങ്ങനെ നിന്നാ വേര് പിടിച്ചു 

പോകത്തെയുള്ളു, വേറെ പ്രയോജനമൊന്നും ഉണ്ടാവുമെന്ന്,തോന്നുന്നില്ല !









Saturday, June 1, 2013

മിനിക്കഥകള്‍



മിനിക്കഥകള്‍        മിനി പി സി



ആനയും ഉറുമ്പും

കാറ്റിക്കിസം ക്ലാസ്സില്‍ ഒരു സദാചാരകഥ വീതം  ഓരോരുത്തരും 

പറയണമെന്ന് ടീച്ചര്‍ നിര്‍ബന്ധം പിടിച്ചു .പലരും പറഞ്ഞു ! ഒടുവില്‍ 

അവന്‍റെ ഊഴമായി ,അവനും പറഞ്ഞു ഒരു കഥ ...ഒരു ആനയുടെയും   

ഉറുമ്പിന്‍റെയും ഒടുക്കത്തെ പ്രണയകഥ ! 

"കാണാമറയത്തിരുന്ന് ആന കാതരയായ്‌പാടി ,

"ഗൂഗിള്‍...ഗൂഗിള്‍...ഇവനെ പോലെയൊരു.....പിറന്തതില്ലെ ! "

ഇത് കേട്ട് ഉറുമ്പുകാമുകനും പാടി

 " യാഹൂ...യാഹൂ ....ഇവളെ പോലെ   ഇന്തഗ്രഹത്തിലും ഒരുത്തിയും 

പിറന്തതില്ലേ......! "

" ഇതെന്തു കഥ ?"
  
കഥ ഇത്രത്തോളമായപ്പോഴെയ്ക്കും,ടീച്ചര്‍,അന്തംവിട്ടു!മറ്റു,കുട്ടികള്‍പറഞ്ഞു

" ടീച്ചറെ..ഇത് സിനിമാപാട്ടാ ! ”

 " ഇതൊക്കെയാണോഡോ കാറ്റിക്കിസം ക്ലാസ്സില്‍പറയുന്ന കഥ ?"

 മൊത്തത്തില്‍ ഒരു തല്ലുകൊള്ളിയായ അവനെ നോക്കി ടീച്ചര്‍,കണ്ണുരുട്ടി 

.എങ്കിലും അവന്‍കഥ മുഴുമിപ്പിച്ചു .

"ഒരുപാട് ഇന്റര്‍നെറ്റ്‌ , സെല്‍ഫോണ്‍ ചതിക്കുഴികള്‍ വായിച്ചും 

കേട്ടുമറിഞ്ഞിട്ടും ഒടുവില്‍ പ്രണയം ആല്‍മരം പോലെ വളര്‍ന്ന ഒരു 

പകല്‍  തന്‍റെ പ്രാണപ്രിയനെ തിരഞ്ഞു പോയ ആനസുന്ദരിയെ 

ഉറുമ്പുസുന്ദരനും അവന്‍റെ കൂട്ടുകാരും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു! 

ഈ കഥ എന്‍റെ സഹപാഠികളായ പെണ്‍കുട്ടികള്‍ക്കും ഒരു 

പാഠമായിരിക്കട്ടെ ! ”

അവന്‍റെ മോസ്റ്റ്‌മോഡേണ്‍ഗുണപാഠംകഥ കേട്ട് ക്ലാസ്സ്‌ നിശബ്ദമായി .


പാവം പൌരന്‍

രാപ്പകല്‍ ഭേദമെന്യെ ലോഡ്‌ഷെഡിങ്ങിന്‍റെ പേരിലും അല്ലാതെയും 

ജീവിതത്തിന്‍റെ ഏറിയപങ്കും അന്ധകാരത്തിലാണ്ടുപോയ പാവം 

പൌരന്‍ വൈദ്യുതിയുടെ അധികബില്ലടയക്കാന്‍ ഞെങ്ങിഞെരുങ്ങി 

പോകുന്ന കാഴ്ച കണ്ട് സര്‍ക്കാര്‍മന്ദിരങ്ങളിലെ 

ഞായറാഴ്ചകളില്‍പോലും മിന്നിത്തിളങ്ങുന്ന വൈദ്യുത 

വിളക്കുകള്‍കളിയാക്കിച്ചിരിച്ചു !.