Friday, March 15, 2013

അമ്മ


ചെറുകഥ              മിനി .പി സി

             അമ്മ

ഇല കൊഴിയുന്ന ശിശിരത്തിലെ കുളിരുള്ള പ്രഭാതം പോലെ


ആര്‍ദ്രയായ്‌ ആ അമ്മ നടന്നു .ഓരോന്നായ് പൊഴിയുന്ന ഇലകളെ


ഓര്‍ത്ത് വിതുമ്പുന്ന മാമരം പോലെയായി അമ്മയുടെ മനസ്സ് !


ഓരോ പുല്ലിലും , പൂവിലും തങ്ങിനില്‍ക്കുന്ന ഹിമകണങ്ങളില്‍


സൂര്യന്‍  മഴവില്ലു പൊഴിയ്ക്കുമ്പോള്‍ പ്രത്യാശയുടെ നേരിയ


കണികകള്‍  അമ്മയുടെ ഹൃദയ കോണുകളില്‍നിന്നും


കിനിഞ്ഞിറങ്ങി .ഒരു പക്ഷെ ഇന്ന് രാവിലെ കൃത്യം


പത്തേമുപ്പതിന് അമ്മയുടെ ഒരേയൊരുയൊരു മകനെ നിയമം


തൂക്കിലേറ്റും  ! കുരികിലിനു കൂടും , മീവല്‍പ്പക്ഷികള്‍ക്ക്


സങ്കേതവുമൊരുക്കുന്ന സ്വര്‍ഗത്തിലെ ദൈവം  , ഈ വിധവയെ


അനാഥ കൂടി ആക്കുന്നതിലെ പൊരുളെന്തെന്നോര്‍ത്ത് അമ്മ


വ്യാകുലപ്പെട്ടു .കത്തിച്ച മെഴുകുതിരികളുമായി കര്‍ത്താവിന്‍റെ


ക്രൂശിതരൂപത്തിനു മുന്‍പില്‍ മുട്ടികുത്തിനിന്ന അമ്മയുടെ


മിഴികളിലൂടെ കണ്ണുനീര്‍ത്തുള്ളികള്‍ ധാരധാരയായി ഒഴുകിയിറങ്ങി


. ആ കണ്ണുനീര്‍ത്തുള്ളികളില്‍ ഇന്നലെയും , ഇന്നും നിര്‍ദാക്ഷിണ്യം


തൂവിയെറിഞ്ഞ മലര്‍പ്പൊടി പോലെ ഓര്‍മ്മകള്‍ ചിതറി .


വൃശ്ചികത്തിലെ മഞ്ഞണിഞ്ഞ ഒരു സന്ധ്യയില്‍ മകനെ നെഞ്ചോടു


ചേര്‍ത്ത് പള്ളിയില്‍പോയത് , അവനെ അപ്പന്‍റെ തോളത്തിരുത്തി


കുന്നിറങ്ങി ദൂരെ പള്ളിയില്‍ പെരുന്നാളു കൂടാന്‍പോയത് ,


സെമിത്തേരിയില്‍ അപ്പന്‍റെ കുഴിമാടത്തിനു മുന്‍പില്‍ ഇനിയെന്ത് ?


എന്നോര്‍ത്ത് തളര്‍ന്നിരുന്നപ്പോള്‍  കണ്ണീരുണങ്ങിയ മുഖം നിറയെ


അവന്‍ കുഞ്ഞുമ്മകള്‍ തന്നത് , ആ കുഞ്ഞുകണ്ണുകളിലെ


സാന്ത്വനത്തിന്‍റെ തണലില്‍ ജീവിതം മുന്നോട്ടോടിയത്.....


" ഒടുവില്‍എപ്പോഴാണ് ദൈവമേ എന്‍റെ കുഞ്ഞിനെ എനിക്ക്


നഷ്ടമായത് "


അമ്മ ശബ്ദമില്ലാതെ കരഞ്ഞു .

              

          അമ്മയുടെ മനസ്സില്‍മകനെപ്പറ്റി ഒരു


സങ്കല്‍പ്പമുണ്ടായിരുന്നു , എന്നോ ഒരിക്കല്‍അമ്മയുടെ


ഹൃദയത്തിന്‍റെ ഉള്ളറകളില്‍ തങ്ങിപ്പോയ ഒരു രൂപം ! ഹൃദയ


ശുദ്ധിയും നിഷ്ക്കളങ്കതയും മുഖം നിറയുന്ന പ്രസന്നതയുമായി


പള്ളിയകത്തും കുന്നിന്‍ചെരുവിലെ കുടിലുകളിലും


സുവിശേഷഘോഷണം നടത്തുന്ന ഒരു ദൈവദാസന്‍റെ !


കുന്തിരിക്കത്തിന്‍റെ സുഗന്ധം വമിയ്ക്കുന്ന പള്ളിയകത്തെ


അഭൌമവും അലൌകികവുമായ അന്തരീക്ഷത്തില്‍ തനിയ്ക്ക്


വേണ്ടി കാല്‍വരിക്രൂശില്‍ മരിച്ചുയര്‍ത്ത കര്‍ത്താവിനു മുന്‍പില്‍


സ്വയം സമര്‍പ്പിക്കപ്പെടുമ്പോഴുള്ള സാന്ത്വനവും സ്വസ്ഥതയും


അവനെന്തെ തിരിച്ചറിയാതെ പോയി ? പ്രസ്ഥാനങ്ങള്‍ക്കും


പ്രഹസനങ്ങള്‍ക്കും വേണ്ടി രക്തസാക്ഷിയാവാനുള്ള മൌട്യതയ്ക്ക്


പിറകെയായിരുന്നു അവന്‍!

              

             അവസാനമായി മകനുമായുണ്ടായ കൂടിക്കാഴ്ച


അമ്മ ഓര്‍ക്കാന്‍ ശ്രമിച്ചു , ജയിലഴികള്‍ക്കപ്പുറത്ത് കണ്ട ആ


കണ്ണുകളില്‍ വിപ്ലവത്തിന്‍റെ തീക്കനലുകള്‍ക്ക് പകരം ശാന്തതയും


സ്നേഹവുമുണ്ടായിരുന്നു ! അമ്മയുടെ ക്ഷീണിച്ച കരങ്ങള്‍


കൂട്ടിപ്പിടിച്ച് ഒരു കുറ്റസമ്മതമെന്നോണം അവന്‍ പറഞ്ഞു ,


"  അമ്മേ ഞാന്‍ പാപിയാണ് , എനിക്ക് ചുങ്കക്കാരനെപോലെ


മാറത്തടിച്ചു നിലവിളിക്കണമെന്നുണ്ട്...ഒരവസരം കൂടി ദൈവം


തരുമെങ്കില്‍ അമ്മ ആഗ്രഹിച്ചത്‌ പോലെ ഒരു മകനായി ഞാന്‍


ജീവിയ്ക്കും ഉറപ്പ് . "


ലാവ പോലെ തിളച്ചു മറിയുന്ന അമ്മയുടെ മനസ്സിലേയ്ക്ക് ആ


വാക്കുകള്‍ ഹെര്‍മ്മോന്‍മഞ്ഞു പോലെ കിനിഞ്ഞിറങ്ങി .


ഫാദര്‍.ജോണ്‍സാമുവല്‍ അവനു വേണ്ടി രാഷ്ട്രപതിയ്ക്ക്


സമര്‍പ്പിച്ച ദയാഹര്‍ജി അദേഹം പരിഗണിച്ചില്ലെങ്കില്‍ ?


പള്ളിയകത്തെ ഘടികാരത്തില്‍മണി എട്ടടിച്ചപ്പോള്‍അമ്മയുടെ


ആത്മാവ് തേങ്ങി .


" ദൈവമേ ഞാന്‍നിന്‍റെ രക്ഷയെ കാത്തു മൂര്‍ച്ചിച്ചിരിക്കുന്നു ,  ,


എപ്പോള്‍ നീ എന്നെ ആശ്വസിപ്പിക്കുമെന്നു വെച്ച് എന്‍റെ കണ്ണ്


നിന്‍റെ വാഗ്ദാനം കാത്ത് ക്ഷീണിക്കുന്നു , പുകയത്ത് വെച്ച


തുരുത്തി പോലെ ഞാന്‍ ആകുന്നു . ഇനി ഏതാനും


മണിക്കൂറുകള്‍ക്കുള്ളില്‍ എന്‍റെ ഏക സമ്പാദ്യവും ഈ ലോകം


വിട്ടു പോകും... "  


കഠിനമായ വ്യസനം അമ്മയുടെ കണ്ണുകളില്‍ ഇരുട്ടുനിറച്ച്


ജീവിതത്തിനും മരണത്തിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെ


അമ്മയെ മറ്റേതോ ലോകത്തിലേയ്ക്ക് നയിച്ചു....അവിടെ ഏ


ലോകത്തിന്‍റെതല്ലാത്ത പല കാഴ്ചകളും അമ്മ കണ്ടു ,കേള്‍ക്കാന്‍


ത്രാണിയില്ലാഞ്ഞിട്ടും പലതും കേട്ടു ....


" അവനെ ക്രൂശിക്ക  എന്ന് അവര്‍ വീണ്ടും നിലവിളിച്ചു  .


പീലാത്തോസ് അവന്‍ എന്ത് ദോഷം ചെയ്തു എന്ന് പറഞ്ഞാറെ


അവനെ ക്രൂശിയ്ക്ക എന്ന് അവര്‍അധികമായി നിലവിളിച്ചു . "


രക്താംബരവും മുള്‍മുടിയും ധരിച്ച് ചവിട്ടും തുപ്പലുമേറ്റ് .......


" എന്‍റെ ദൈവമേ ഈ കാഴ്ചകള്‍എനിക്ക് താങ്ങാവുന്നതിലും 


അധികമാണ് "


അമ്മ കണ്ണുകള്‍ ഇറുക്കിയടച്ചു . ആ കണ്ണുകളിലൂടെ ചുടു


കണ്ണീരോഴുകി....എന്‍റെ പാപങ്ങള്‍ക്ക് വേണ്ടി എന്‍റെ കര്‍ത്താവ്


ക്രൂശിക്കപ്പെടുന്നു ...ആ വ്യഥയിലും അധികമാണോ എന്‍റെ


നൊമ്പരങ്ങള്‍! ആരോ തന്‍റെ ഉള്ളറകളെ ഞെരുക്കിയ നിരാശയുടെയും


അരക്ഷിതാവസ്ഥയുടെയും  ഉള്‍വിങ്ങലുകളെ  തഴുകി


മാറ്റുന്നുവോ ? അമ്മ ആയാസപ്പെട്ട് കണ്ണുകള്‍ ചിമ്മിത്തുറന്നു...ഉവ്വ്

..

..ഒരിയ്ക്കലും ആരും തന്നിട്ടില്ലാത്ത സ്നേഹവായ്പ്പോടെ ആരോ തന്നെ


ചേര്‍ത്തുപിടിച്ചിരിക്കുന്നു , ആ സ്നേഹചൂടില്‍ ആ നെഞ്ചോടു ചേര്‍ന്ന് 


ഒരു കുറുപ്രാവിനെ പോലെ അമ്മ കിടന്നു ,അപ്പോള്‍ ആ നെഞ്ചിന്‍റെ 


താളം അമ്മയോട് മന്ത്രിച്ചു ....


“ രക്ഷിക്കാന്‍കഴിയാതവണ്ണം എന്‍റെ കൈ കുറുകിയിട്ടില്ല ,


കേള്‍പ്പാന്‍ കഴിയാതവണ്ണം എന്‍റെ ചെവി മന്ദമായിട്ടുമില്ല ! കുരികിലിനു


കൂടും മീവല്‍പ്പക്ഷികള്‍ക്ക് സങ്കേതവുമൊരുക്കുന്ന ഞാന്‍ നിന്നെ 


കൈവിടുമെന്നു കരുതിയോ ? ”


അനിര്‍വചനീയമായ ആ അനുഭൂതിയില്‍ബോധാബോധങ്ങള്‍ക്കിടയിലൂടെ 


ഒരു അപ്പൂപ്പന്‍താടി പോലെ ഒഴുകി നടക്കവെ അനേകം കാതം അകലെ


നിന്നെന്നവിധം അമ്മ ആ വിളി കേട്ടു ,


“ എലീശബേത്ത് .....എലീശബേത്ത് എഴുന്നേല്‍ക്കൂ ,  എത്ര നേരമായി


ഞാന്‍നിന്നെ വിളിക്കുന്നു ... ”


ഒരു പുകമറയ്ക്കുള്ളിലെന്നോണം  ഫാദര്‍ജോണ്‍സാമുവലിന്‍റെ മുഖം 


അമ്മ കണ്ടു .


“ എലീശബേത്ത്‌, നിന്‍റെ പ്രാര്‍ത്ഥന കര്‍ത്താവ് കേട്ടു . ജെയിലില്‍നിന്ന് 


നിനക്ക് ഒരു ശുഭവാര്‍ത്തയുണ്ട് ! നിന്‍റെ മകന്‍റെ ശിക്ഷ 


ഇളവ്‌ചെയ്തിരിക്കുന്നു .”


വെളുത്തു പഞ്ഞിപോലുള്ള പുരികങ്ങള്‍ക്ക് താഴെ ആ വൈദികന്‍റെ


കണ്ണുകള്‍  പ്രകാശിക്കുന്നത് അമ്മ കണ്ടു ...ആ പ്രകാശത്തില്‍ ദൂരെ 


താഴ്വരയിലെ പള്ളിയിലെ  ഉയര്‍പ്പിന്‍റെ ശുശ്രൂഷകള്‍ക്കു ശേഷം 


രക്താംബരം പോലെ ചുവന്ന വസ്ത്രങ്ങള്‍വെടിഞ്ഞ് ഹിമം പോലെ 


വെളുത്ത കുപ്പായമണിഞ്ഞ് തന്‍റെ മകന്‍ വരുന്നതുമോര്‍ത്ത് അമ്മ നിന്നു .

...കുന്തിരിക്കത്തിന്‍റെ ഗന്ധം വമിയ്ക്കുന്ന ഇളങ്കാറ്റിന്‍റെ അലൌകികവും 


അഭൌമികവുമായ നിര്‍വൃതിയില്‍  ലയിച്ച് ! .