Wednesday, February 27, 2013

ഡോഡോപക്ഷിയുടെ പാട്ട്


ചെറുകഥ                        മിനി  പിസി


ചന്നം പിന്നം പെയ്യുന്ന മഴയില്‍ ആ സെല്‍ഫോണ്‍ സംഭാഷണം കുറേനേരം കൂടി നീണ്ടു പോകാന്‍ അയാള്‍ ആഗ്രഹിച്ചു .എപ്പോള്‍വേണമെങ്കിലും മുറിഞ്ഞു പോകാവുന്ന വിശേഷങ്ങളുമായി അങ്ങേത്തലയ്ക്കലിരിക്കുന്ന പേരക്കിടാവിന്‍റെ കണ്ണുകളിലെ കൌതുകവും ,നിഷ്കളങ്കമായ ചിരിയും അരികിലെന്നപോലെ അയാള്‍ക്ക്‌സങ്കല്‍പ്പിക്കാമായിരുന്നു ...ആ, സുഖകരമായ കാഴ്ചയില്‍അയാളുടെ നെഞ്ച് പിടഞ്ഞു. സെല്‍ഫോണ്‍ഒന്ന്കൂടി ചുണ്ടോടമര്‍ത്തി അയാള്‍ചോദിച്ചു ,

"ഡോഡോ ,where are you listening ?ഞാന്‍പറയുന്നത് കേള്‍ക്കുന്നില്ലേ ?why dont ,you respond ? മമ്മയോ,പപ്പയോ അവിടുണ്ടോ ?

നോ  ഗ്രാന്‍ഡ്‌പാ ,ഞാനിവിടെ ഗാര്‍ഡനിലാ ,ഫൗണ്ടന്‍റെ അരികിലുള്ള ലവ് ലോലിക്കാപ്ലാന്‍റില്‍ഒരു സ്പൈഡര്‍വെബ്‌ ! ഗ്രാന്‍ഡ്‌പാ, i have a doubt, shall  i  ask you ?

അയാള്‍പുഞ്ചിരിയോടെ ഓര്‍ത്തു ഡോഡോ അങ്ങിനെയാണ് എന്നും എപ്പോഴും സംശയങ്ങള്‍! അവന്‍റെ അച്ഛനും അങ്ങനെയായിരുന്നു പക്ഷെ അവന്‍റെ ചോദ്യങ്ങള്‍ക്ക് ഒരിക്കലും ഈ അച്ഛനില്‍നിന്നും ഒരു ഉത്തരവും അവനു കിട്ടിയിട്ടില്ല,അതിനു തക്ക അടുപ്പം തന്‍റെ മക്കളോട് താന്‍കാണിച്ചിട്ടില്ലെന്ന സത്യം അയാളുടെ ചുണ്ടിലെ ചിരി മായ്ച്ചു കളഞ്ഞു .ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങളുമായി അവര്‍അമ്മയ്ക്ക് പുറകെ കൂടുമ്പോള്‍സ്വന്തം കുറവുകള്‍പുറത്തറിയിക്കാതെ തന്‍റെ അലമാരയ്ക്കുള്ളിലെ തടിച്ച ശാസ്ത്ര  പുസ്തകങ്ങള്‍ക്കുള്ളില്‍ നിന്നും അത് പരതിയെടുത്ത് കൊടുക്കാന്‍മനസ്സ് വെച്ച ആ  ഒന്‍പതാം ക്ലാസ്സുകാരിയുടെ മിടുക്കിനെപറ്റി താന്‍അറിഞ്ഞത് വളരെ വൈകിയായിരുന്നു ശൈലജ ഒരു പാവം പെണ്ണായിരുന്നു

" grandpa.........."


ഡോഡോയുടെ ഉറക്കെയുള്ള വിളി ശൈലജയെക്കുറിച്ചുള്ള ഓര്‍മകളില്‍നിന്നും അയാളെ അടര്‍ത്തിയെടുത്തു.

grandpa, why does not the spider get trapped in its own web ? 

ചിലന്തി എന്തുകൊണ്ടാണ് സ്വന്തം വലയില്‍കുടുങ്ങാത്തതെന്ന എട്ടുവയസ്സുകാരന്‍റെ ചോദ്യത്തിന് മുന്‍പില്‍അയാളൊന്നു പകച്ചു .ഇത് വരെ താന്‍ചിന്തിച്ചിട്ടില്ലാത്ത ഒരു ചോദ്യം !ഇരകളെ പിടിയ്ക്കാന്‍വല നെയ്തു കാത്തിരിക്കുന്ന ഫ്രോഡ് ചിലന്തികളെക്കുറിച്ച് മാത്രമെ അയാളത് വരെ ചിന്തിച്ചിരുന്നുള്ളു.അതുപോലൊരു വലയില്‍യാതൊരു  മുന്‍വിധികളുമില്ലാതെ ചെന്ന് ചാടിക്കൊടുത്ത മറ്റൊരു ഫ്രോഡാണ്  താന്‍!

“Grandpa, mamma is coming, I call you later”

അവന്‍ഭീതിയോടെ  കാള്‍കട്ട്‌ചെയ്തു .അയാള്‍ഇച്ഛാഭംഗത്തോടെ സെല്‍ഫോണ്‍നെഞ്ചോടു ചേര്‍ത്ത് പുറത്തെ മഴയിലെയ്ക്ക് നോക്കി നിന്നു .

“ ഹലോ  എന്ത് മഴയാ അല്ലെ ,നമുക്ക് കുറച്ചു നേരം കാര്‍ഡ്സ് കളിച്ചാലോ ?”

അടുത്ത റൂമിലെ  സുരേഷ്മേനോന്‍ ആണ് .മേനോന്‍അയാളുടെ  വിളറിയ മുഖത്തെയ്ക്കും സെല്‍ഫോണിലേയ്ക്കും മാറിമാറി നോക്കി ചിരിച്ചു .

“Anything  wrong?  ആ , ഇന്നും ഡോഡോ വിളിച്ചു കാണും ,സംസാരിച്ചു തീരും മുന്‍പെ മകനോ മരുമകളോ വന്ന് പ്രശ്നമുണ്ടാക്കിക്കാണും ശരിയല്ലെ ? ഇനിയിപ്പോ ഇന്ന് മുഴുവന്‍അതുമോര്‍ത്ത് മൂഡോഫാവും .എന്‍റെ സാറെ അതൊക്കെ വിട്ടുകള വയസ്സായാല്‍ഇങ്ങിനൊക്കെയാണ് !മക്കള്‍ക്ക്‌നമ്മളോട് അത്രയ്ക്ക് സ്നേഹമുണ്ടെങ്കില്‍നമുക്ക് ഈ ഓള്‍ഡ്എയ്‌ജു ഹോമില്‍വന്നു കിടക്കണ്ട കാര്യമുണ്ടോ? ഞങ്ങളെ കാണാന്‍മാസത്തിലൊരു തവണയെങ്കിലും ഞങ്ങടെ  മക്കള്‍വരാറുണ്ട് ,പക്ഷെ തന്നെ തേടി ഇന്ന് വരെ ആരും വരുന്നത് കണ്ടിട്ടില്ലല്ലോ ,ആകെ വിളിക്കുന്നത്‌ഡോഡോയാണ് ആ കുട്ടിയെപോലും ഒന്ന് ഫോണ്‍ചെയ്യാന്‍അനുവദിക്കാതെ...! മക്കള്‍എത്ര വല്യ പൊസിഷനിലാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം ,പിതൃശാപം വാങ്ങി  തലേല്‍വയ്ക്കുകയല്ലെ . ”

“പിതൃശാപം”

അയാള്‍ആത്മനിന്ദയോടെ ചിരിച്ചു .പിന്നെ വേദനയോടെ പറഞ്ഞു ,

“ അവരെ  ശപിയ്ക്കാന്‍എനിക്കൊരു യോഗ്യതയും ഇല്ലെഡോ !ഞാന്‍ഇതൊന്നും  അനുഭവിച്ചാല്‍പോരാ ,അത്രയ്ക്ക് ദുഷ്ടതയാ ഞാന്‍അവരോടു ചെയ്തത്.  എന്നെ കുറിച്ച് കൂടുതല്‍അറിഞ്ഞാല്‍താന്‍പോലും എന്നെ വെറുക്കും ,താനിവിടെ ഇരിയ്ക്ക് ഞാനെല്ലാം പറയാം 

മേനന്‍അത്ഭുതത്തോടെ അയാളെ നോക്കി .അടുത്തടുത്ത മുറികളിലാണ് താമസമെങ്കിലും , അവരൊരുമിച്ചാണ്  കൂടുതല്‍സമയം ചിലവഴിക്കാറുള്ളതെങ്കിലും പരസ്പരം ചിക്കി ചികഞ്ഞ് ആ സൌഹൃദം വഷളാക്കാന്‍അവര്‍ശ്രമിച്ചിരുന്നില്ല !അവര്‍ഒരുമിച്ചുള്ള നിമിഷങ്ങളില്‍വന്നെത്താറുള്ള ഡോഡോയുടെ  വിളികള്‍പലതും ദുരന്തപര്യവസായികളാകുന്നത് മേനോന്‍കണ്ടിട്ടുണ്ട് .ആ വേദനകളില്‍നിന്നും അയാളെ മോചിപ്പിചെടുക്കുക എന്നത് മേനോനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ഒരു കാര്യമായിരുന്നു .അയാള്‍ചിരിക്കുന്നതും ,ചിന്തിക്കുന്നതും ,എന്തിനു ശ്വസിക്കുന്നത് പോലും ഡോഡോയ്ക്കു വേണ്ടിയാണെന്നും ,ഡോഡോയ്ക്ക് വേണ്ടി മാത്രം സ്പന്ദിക്കുന്ന ഒരു കാല്‍വേരിയാ മരമാണ് അയാളെന്നും മേനോന് തോന്നിയിട്ടുണ്ട് .!ഭാര്യ മരിച്ചെന്നും ,മക്കളുമായി എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നും  മേനോന്‍ഊ ഹിച്ചെടുത്തിട്ടുണ്ടെന്നല്ലാതെ എന്താണ് കാര്യങ്ങളുടെ നിജസ്ഥിതിയെന്ന്  അയാള്‍ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല .

 താന്‍തന്‍റെ ഭാര്യയെ വഞ്ചിച്ചിട്ടുണ്ടോ ? സത്യം പറയണം”

പെട്ടെന്ന് അയാളില്‍നിന്നും കേട്ട ചോദ്യത്തിന് മുന്‍പില്‍ മേനോന്‍ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് തന്നെ സ്വതസിദ്ധമായ ചെറു ചിരിയോടെ പറഞ്ഞു ,

“സത്യം പറഞ്ഞാ അങ്ങനെ മോഹമൊക്കെ തോന്നീട്ടുണ്ട് ,അതിനുള്ള സാഹചര്യങ്ങളും കിട്ടിയിട്ടുണ്ട് ,പക്ഷെ ആ തോന്നലുകള്‍ഉണ്ടാവുമ്പോള്‍എന്തെങ്കിലുമൊക്കെ    ദുര്നിമിത്തങ്ങള്‍ വരും,നന്ദയ്ക്കോ മക്കള്‍ക്കോ വയ്യായ്ക ,ജോലിയില്‍പ്രോബ്ലെംസ്,..അപ്പോള്‍എനിക്ക് തോന്നും എന്‍റെ വഴി ശരിയല്ലെന്ന്,അങ്ങനെ ആ ദുര്‍വിചാരങ്ങളെയൊക്കെ ,കൊന്നൊടുക്കി മനസ്സ് സ്വസ്ഥമാക്കിയാലെ നന്ദേടെ മുഖത്ത് പോലും എനിക്ക് സ്വസ്ഥമായി നോക്കാനൊക്കൂ ,പിന്നെ പിന്നെ അങ്ങനൊന്നും തോന്നാതായി ,വീട്,നന്ദ,  മക്കള്‍....”

അയാള്‍ആദ്യം കാണുന്നത് പോലെ മേനോനെ നോക്കി .തന്‍റെ അതെ പ്രായമാണ് മേനോനും ,ഈ അറുപതു വയസ്സിലും ,ചുളിവുകളില്ലാതെ,പ്രസരിപ്പാര്‍ന്ന മുഖം ,തനിക്കാരോടും ഒന്നും ഒളിച്ചു വെയ്ക്കാനില്ലെന്നു വിളിച്ചു പറയുന്ന നിഷ്ക്കളങ്കമായ കണ്ണുകള്‍...പക്ഷെ താനോ ?പ്രായത്തിനു ചെയ്യാവുന്നതിലധികമായി താന്‍ചെയ്ത പാപങ്ങള്‍ചുളിവുകള്‍തീര്‍ത്ത് വികൃതമാക്കിയ മുഖം! കാപട്യത്തിന്‍റെ കറുപ്പ് ബാധിച്ച  കണ്‍തടങ്ങള്‍...!

“ താനെന്താ എന്നെയിങ്ങനെ മിഴിച്ചു നോക്കുന്നത് ? 
തനിക്ക് അങ്ങനെ വല്ലതും ? ‘
മേനോന്‍അതിശയോക്തിയില്‍നിര്‍ത്തി .

“ഉം “ അയാള്‍മൂളി .

“ കൊള്ളാം   ഭാഗ്യവാന്‍! ” 

മേനോന്‍പൊട്ടിച്ചിരിയായി .

“ അല്ല തനിയ്ക്ക് തെറ്റി  ഞാന്‍ഭാഗ്യവാനല്ല ,നിര്‍ഭാഗ്യവാനാ ,ഞാന്‍മാത്രമല്ല നൈമിഷിക സുഖങ്ങള്‍ക്കു പിറകെ പാഞ്ഞു സ്വന്തം കുടുംബം നഷ്ടപ്പെടുത്തുന്ന എല്ലാവരും  !തനിക്കറിയാമോ ,വിവാദമായ ഒരു സ്ത്രീ  പീഡനക്കേസില്‍,നാലഞ്ചു വര്‍ഷം തടവ്‌ശിക്ഷ അനുഭവിച്ചവനാ ഞാന്‍!,വിഷയ സുഖങ്ങള്‍ക്കു പിറകെ പാഞ്ഞ ഒരു മൃഗം ! അന്നത്തെ ആ ദിവസം...കൊട്ടിയടയ്ക്കപ്പെട്ട മുറിയ്ക്കുള്ളില്‍കരഞ്ഞു വീര്‍ത്ത കണ്ണുകളും ,വിളറിയ മുഖവുമായി എന്‍റെ അമ്മുവിനോളം പ്രായമുള്ള ഒരു ചെറിയ പെണ്‍കുട്ടി !അവള്‍ക്കന്നു കടുത്ത പനിയുണ്ടായിരുന്നു മദ്യലഹരിയില്‍ഒരുമാനുഷികപരിഗണനയുമില്ലാതെ,ഞാനും..!
.വൈകിയാണറിഞ്ഞത് ദിവസങ്ങളോളം അവളെ കടിച്ചു കുടഞ്ഞ  ചെന്നാ യ്ക്കളില്‍ഒരാളായിരുന്നു താനുമെന്ന്.എന്‍റെ ഈ വിഷയത്തിലുള്ള ദൌര്‍ബല്യം ചൂഷണം ചെയ്ത പലരും ഈ  കേസില്‍ഉള്‍പ്പെട്ടിരുന്നു പക്ഷെ അവരൊക്കെ കുറ്റം നിഷേധിച്ച് ഇന്ന് കുടുംബത്തോടൊപ്പം മാന്യതയുടെ മുഖം മൂടിയണിഞ്ഞു കഴിയുന്നുണ്ട് .അന്ന് എന്‍റെ എല്ലാം പോയി ജോലിയും സമൂഹത്തിലെ നിലയും വിലയും! അതൊന്നും  എനിക്കൊരു പ്രശ്നമല്ലായിരുന്നു പക്ഷെ ,എന്‍റെ കുടുംബം, ഞാന്‍മൂലം അവര്‍ക്ക് നേരിടേണ്ടി വന്ന ചീത്ത പേര് ,ഒറ്റപ്പെടുത്തല്‍,കുറ്റപ്പെടുത്തല്‍,എല്ലാം ചെയ്തുവെച്ച് ജയിലിലേയ്ക്ക് പോയ ഞാന്‍എന്തറിഞ്ഞു ? എന്‍റെ ശൈലജ പ്ലസ്‌ടുവിനു പഠിയ്ക്കുന്ന മകനെയും പത്താം ക്ലാസ്സില്‍പഠിയ്ക്കുന്ന മകളെയും കൊണ്ട് ഇവിടെനിന്നും എന്‍റെ നാണക്കേട് എത്തിപ്പിടിക്കാത്ത ദൂരത്തേയ്ക്ക് ഓടി ,സ്വന്തം വല്യാങ്ങളയുടെ അടുത്തേയ്ക്ക് !അവരും  അവളെ കുറ്റപ്പെടുത്തിക്കാണുമോ ?ആവോ എനിക്കറിയില്ല... ” അയാള്‍കിതപ്പോടെ നിര്‍ത്തി .മേനോന്‍റെ  മുഖം ആ അസുഖകരമായ വിശേഷങ്ങളില്‍പെട്ട് വിളറി വെളുത്തിരുന്നു .

” എന്നിട്ട്   ? ” 

സഹതാപത്തോടെ മേനോന്‍ചോദിച്ചു .

“ശൈലജയെ പോലെ ഒരമ്മയെ കിട്ടിയത് കൊണ്ട് അവരിന്നു നല്ല  നിലയില്‍ജീവിക്കുന്നു .പണ്ട് മക്കളുടെ ചോദ്യങ്ങള്‍ക്ക് ചെവികൊടുക്കാതെ ജാടയും പ്രൌഡിയും കലര്‍ന്ന വേഷപ്പകര്‍ച്ചകളോടെ പോകുന്ന ഭര്‍ത്താവിനെ നോക്കി തെല്ലും നിരാശപ്പെടാതെ അവയ്ക്കുള്ള ഉത്തരം കണ്ടെത്തി കൊടുത്ത ആ ഒന്‍പതാം ക്ലാസ്സുകാരിയുടെ ചങ്കുറപ്പോടെ  അവള്‍അവരെ വളര്‍ത്തി അപ്പു ഐ .ഐ.എമ്മില്‍നിന്നും എം .ബി .എ എടുത്തു ഇപ്പോള്‍ ഇന്‍ഫോസിസില്‍  ജോലി നോക്കുന്നു അമ്മു പാര്‍ലിമെന്റ്ഹൌസില്‍.യു ഡി.സിയാണ് .ഇതൊക്കെ ഞാനറിഞ്ഞത് എങ്ങനെയാണെന്ന് താനോര്‍ക്കുന്നുണ്ടാവും,ജയിലില്‍നിന്നിറങ്ങി കുറെ അലഞ്ഞു തിരിഞ്ഞു ,ഹരിദ്വാര്‍,കാശി  , ഹിമാലയം ..എവിടുന്നും കിട്ടിയില്ല മനസമാധാനം! ആ യാത്രയ്ക്കിടയിലാണ്,ശൈലജയുടെ ഒരമ്മാവനെ കണ്ടുമുട്ടിയത് ,ഡെല്‍ഹിയിലെ  ഒരു ഹോസ്പിറ്റലില്‍മരണവുമായി മല്ലിട്ട് കഴിയുന്ന ശൈലജ തന്നെയൊന്നു  കാണാന്‍കൊതിച്ചിരിക്കുകയാണെന്നറിഞ്ഞപ്പോള്‍പോകാതിരിക്കാനായില്ല..പോയി എന്‍റെ ഈ നശിച്ച കൈകള്‍കൂട്ടിപ്പിടിച്ച്  അവള്‍കരഞ്ഞു ...ആ കണ്ണീരു വീണ് എന്‍റെ ഇടനെഞ്ച്, പൊള്ളുകയായിരുന്നു.എന്നോട് ക്ഷമിക്കാന്‍അവള്‍ക്കു എങ്ങിനെ കഴിഞ്ഞു? ,അവള്‍ഒരു കാര്യത്തില്‍വളരെ ഭാഗ്യവതിയായിരുന്നു .മക്കള്‍അവളെ ഒരുപാട് സ്നേഹിച്ചു ,ആ സ്നേഹത്തിന്‍റെ ആഴം എത്രയെന്നു എനിക്ക് മനസ്സിലായത്‌എന്നെപോലൊരു ദുഷ്ടനെ അമ്മയുടെ സമാധാനത്തിനു വേണ്ടി മാത്രം ആ ഹോസ്പിറ്റലില്‍ കുറെനാള്‍ നില്‍ക്കാന്‍അനുവദിച്ചപ്പോഴാണ് !ഒരിക്കല്‍പോലും മക്കളോ മരുമക്കളോ എന്നോട് മിണ്ടിയില്ല അവരുടെ അച്ഛന്‍മരിച്ചുപോയെന്നാണ് എല്ലാവരോടും പറഞ്ഞിരിക്കുന്നതെന്ന് വേദനയോടെ ശൈലജ പറഞ്ഞപ്പോള്‍ ഞാന്‍ആശ്വസിച്ചു,ആ നാളുകളില്‍ശൈലജയെ പിരിയാതെ ഡോഡോയുമുണ്ടായിരുന്നു അപ്പുവിന്‍റെ മകന്‍ !കൊച്ചു കൊച്ചു സംശയങ്ങളുമായി എന്നെ വിടാതെ പിന്തുടര്‍ന്ന് ,ഊണിലും,ഉറക്കത്തിലും എന്‍റെ  നെഞ്ചോടു പറ്റിച്ചേര്‍ന്ന് അവനങ്ങിനെ  ഇരിക്കുമ്പോള്‍,മരണം മാത്രം ശ്വസിച്ച എന്‍റെ  നാളുകള്‍ജീവിതത്തിന്‍റെ പച്ചപ്പ് നോക്കി വെറുതെ നെടുവീര്‍പ്പിട്ടു .എന്നെ അങ്കിളേ എന്ന് വിളിച്ച അവനെ ശൈലജ തിരുത്തി ,

“മോന്‍ഗ്രാന്‍ഡ്‌പാന്നു  വിളിച്ചാല്‍മതി ,ഞാന്‍മരിച്ചാല്‍ഈ ഗ്രാന്‍ഡ്‌പായ്ക്ക് ആരും ഇല്ലാണ്ടാവും അപ്പൊ മോന്‍വേണംഗ്രാന്‍ഡ്‌പായെ സ്നേഹിക്കാന്‍"

ശൈലജയുടെ മരണം കഴിഞ്ഞ്  ഞാന്‍അവിടെ  നിന്നിറങ്ങുമ്പോള്‍എന്‍റെ കൂടെ  വരാന്‍അവന്‍അലമുറയിട്ടു കരഞ്ഞു .അതുകണ്ട് അപ്പുവിന്‍റെ ഭാര്യ അവനോടു പറഞ്ഞു

“ നമ്മള്‍ജോലിയ്ക്ക് പോകുമ്പോ ,ഈ അങ്കിള്‍ഇവിടുണ്ടെങ്കില്‍ഡോഡോയുടെ കാര്യം നോക്കിക്കോളുമല്ലോ പോകണ്ടെന്നു പറയൂ,അപ്പ്വേട്ടാ ”

അതുകേട്ട് അവനൊന്നു ചിരിച്ചു പിന്നെ എനിക്ക് കൂടി കേള്‍ക്കാന്‍പാകത്തിന് പറഞ്ഞു ,

“ എനിക്ക് ഇദേഹത്തെപറ്റി കൂടുതലൊന്നും അറിയില്ല ,അമ്മ എല്ലാരേം കണ്ണടച്ച് വിശ്വസിക്കണ ആളായിരുന്നു , പണ്ടത്തെ ബന്ധത്തിന്‍റെയും കടപ്പാടിന്റെയും പേരും പറഞ്ഞാ അമ്മ മരിയ്ക്കും വരെ കൂടെ നിര്‍ത്തിയത് ,അല്ലെങ്കില്‍,അത് അമ്മയ്ക്ക് വിഷമമായാലോന്നു വെച്ച് !അമ്മ പോയി ! ഇനി ഈ മാരണമൊക്കെ എന്‍റെ തലേലെയ്ക്ക് എടുത്തു വെയ്ക്കാന്‍എനിക്ക് താല്പര്യമില്ല ,അമ്മൂം,അതാപറഞ്ഞത് നാട്ടില്‍വേണ്ട ആസ്തിയുള്ള ആളാ ,ഭാര്യേം മക്കളും ഒന്നുമില്ല ,സുഖായിട്ട്അടിച്ചു പൊളിച്ചു നടക്കണ പ്രകൃതാന്നാ കേട്ടത്  ,പിന്നെ ഡോഡോയുടെ കാര്യം കുറച്ചു ദിവസം കഴിയുമ്പോ അവനിതൊക്കെ മറക്കും .”

ഒരു ബധിരനെ പോലെ എല്ലാം കേട്ട് നിന്നു,പിന്നെ  തിരിഞ്ഞു നോക്കാതെ നടന്നു.,അങ്ങിനെയാണ് ഇവിടെയെത്തിയത് ! ജീവിതം അവസാനിപ്പിചാലെന്തെന്നു വരെ തോന്നി അക്കാലത്ത് എന്നും  രാത്രികളില്‍ഞാനാ പാവം പെണ്‍കുട്ടിയുടെ തേങ്ങല്‍കേട്ടു , ആ തേങ്ങലിനോടോപ്പം ഡോഡോയുടെ ‘ഗ്രാന്‍ഡ്‌പാ “എന്നുള്ള വിളിയും ഉണ്ടായിരുന്നു ,ഞാന്‍രണ്ടും കല്‍പ്പിച്ച് അപ്പുവിന്‍റെ ലാന്‍ഡ്‌ഫോണിലേയ്ക്കു വിളിച്ചു ഈ നമ്പര്‍അവര്‍ക്ക് പരിചിതമാല്ലാത്ത്തത് കൊണ്ട് ഒട്ടും സങ്കോചം തോന്നിയില്ല ഭാഗ്യത്തിന് എടുത്തത് ഡോഡോയായിരുന്നു ,അങ്ങനെ വീണ്ടും എന്നെ മരണത്തിനു വിട്ടു കൊടുക്കാതെ ഡോഡോ ചേര്‍ത്ത് പിടിക്കുകയായിരുന്നു ,അപ്പു ഇതറിഞ്ഞു അവനെ പലതവണ വിലക്കി ,പക്ഷെ ഈ മൂന്നു വര്‍ഷം കൊണ്ട് പറിച്ചെടുക്കാന്‍കഴിയാത്തയളവില്‍അവനെന്നോട് പറ്റിച്ചേര്‍ന്നു കഴിഞ്ഞിരിക്കുന്നു.”
അയാള്‍പറഞ്ഞു നിര്‍ത്തി .മേനോന്‍അയാളെ ആദ്യം കാണുന്നതുപോലെ നോക്കി എന്നിട്ട് പറഞ്ഞു

“,ഇത്രയൊക്കെ അടക്കിപ്പിടിച്ചാണോ  ഇത്രനാള്‍.എന്റെ  മുന്‍പില്‍നിന്നത് ?സാരമില്ലെടോ പാവം  കുട്ടികള്‍!അവര്‍ക്ക് ഇങ്ങനെയല്ലേ തന്നോട്  പ്രതികരിയ്ക്കാന്‍പറ്റൂ ,തന്നെ  സ്നേഹിക്കാന്‍ഡോഡോയില്ലേ ,വലുതാവുമ്പോ അവന്‍വരും തന്നെ  കാണാന്‍ !,പിന്നെ ഈ പാപത്തിന്‍റെ പരിണിതഫലത്തെകുറിച്ച് മനുഷ്യര്‍ക്ക്‌ഒരു ബോധ്യം   ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന എത്രയെത്ര പ്രശ്നങ്ങള്‍ഇല്ലാതായേനെ .”
മേനോന്‍അയാളുടെ കൈകള്‍ചേര്‍ത്ത് പിടിച്ചു .

“ നോക്കൂ ,എത്രനേരായി ഞാന്‍തിരക്കുന്നു ,ഇവിടിരിക്കുവാണോ ,മഴ മാറി വരൂ  നമുക്ക് കുറച്ചു നേരം നടക്കാം .”

നന്ദയാണ് !മേനോന്‍യാത്ര പറഞ്ഞ് അവരുടെ കൈപിടിച്ച് മുറ്റത്തേയ്ക്കിറങ്ങി ,അപ്പോള്‍ മേനോന്‍ചിന്തിച്ചിരിക്കുക വിലക്കപ്പെട്ട കനി തിന്ന്   ഏദന്‍തോട്ടം നഷ്ടപ്പെടുത്തിയ തന്നെക്കുറിച്ചായിരിക്കുമെന്ന്  അയാള്‍ഓര്‍ത്തു . വേദനയോടെ തന്‍റെ അലമാരയ്ക്കുള്ളിലെ   പുസ്തകങ്ങള്‍ക്കിടയില്‍മുഖമൊളിപ്പിച്ച് ഡോഡോയുടെ ചോദ്യത്തിനുള്ള ഉത്തരം പരതവെ ഇനിയൊരിക്കലും ഡോഡോ വിളിക്കില്ലെന്ന് അയാള്‍ക്ക്‌തോന്നി ,ആ തോന്നലില്‍ ഹൃദയധമനികള്‍വലിഞ്ഞു മുറുകവെ അയാളുടെ സെല്‍ഫോണ്‍നിര്‍ത്താതെ ചിലച്ചു ,ഒരു വിധേന ആ സെല്‍ഫോണുമായി കിടക്കയിലെയ്ക്ക് വീഴവേ അതിലൂടെ   ഡോഡോയുടെ ,സ്നേഹം തുളുമ്പുന്ന പാട്ടുകേട്ടു

“ ഗ്രാന്‍ഡ്‌പാ .....മൈ സ്വീറ്റ്‌ഗ്രാന്‍ഡ്‌പാ ....ഐ ലവ് യു.... ”

അയാളെ  ജീവിയ്ക്കാന്‍പ്രേരിപ്പിച്ചു കൊണ്ട് ആ പാട്ട് ഉയരവേ  അയാള്‍സന്തോഷം കൊണ്ട് തേങ്ങിതേങ്ങിക്കരഞ്ഞു .

Thursday, February 14, 2013

പ്രണയദിനം


മിനിക്കഥ                   മിനി പി .സി



            പ്രണയദിനം

ഒരു മിന്നല്‍ക്കൊടിയെന്നോണം ആ പുല്‍മേട്ടിലേയ്ക്ക് 
പൊട്ടിവീഴപ്പെട്ടതായിരുന്നു അവര്‍ ! സാന്ധ്യമേഘത്തിന്‍റെ
സ്നിഗ്ധതയും , മഴത്തുള്ളികളുടെ ആര്‍ദ്രതയും , മിന്നലിന്‍റെ
ആകര്‍ഷകമായ പ്രഭാപൂരവും അവരില്‍ ഇഴചേര്‍ന്നിരുന്നു .
മലമടക്കുകളുടെ ഔന്ന്യത്യവും ,താഴ്വരകളുടെ അഗാധതയും
പോലെ വൈവിധ്യമാര്‍ന്ന നിമ്ന്നോന്നതങ്ങള്‍ കൊണ്ട് അവര്‍
തങ്ങളുടെ പ്രണയത്തെ എന്നും ഉല്‍കൃഷ്ടമായി പൊതിഞ്ഞു
സൂക്ഷിച്ചിരുന്നു ! അവളുടെ കണ്ണുകളിലെ ഒരിയ്ക്കലും വറ്റാത്ത
പ്രണയത്തിന്‍റെ നീര്‍ച്ചാലുകള്‍ തന്‍റെ ഹൃദയഭിത്തിയിലൂടെ
പടര്‍ന്നൊഴുകുന്ന നിര്‍വൃതി ആസ്വദിച്ചുകൊണ്ട് അയാള്‍ അവളുടെ
കണ്ണുകളിലേയ്ക്ക് നോക്കിയങ്ങനെ ഇരുന്നു . അയാളുടെ കണ്ണുകളില്‍
വിശുദ്ധ പ്രണയത്തിന്‍റെ മീവല്‍പ്പക്ഷികള്‍ കൂടൊരുക്കുന്നതും
നോക്കിയിരിയ്ക്കെ  അഭൌമമായ ഏതോ അനുഭൂതിയുടെ
ചിറകില്‍ അനന്തതയിലേയ്ക്ക് പറന്നുയരുകയായിരുന്നു
അവളപ്പോള്‍ ! അവരുടെ ആ ഇരുപ്പ് കണ്ട്.... അവരെ തഴുകി കടന്നു
പോയ ഇളംകാറ്റ് മലമടക്കുകളില്‍ തട്ടി തിരിച്ചു വന്ന് തന്‍റെ
പ്രണയിനിയായ പൊന്‍വെയിലിന്‍റെ കാതില്‍ പ്രണയദിനാശംസകള്‍
അറിയിച്ചു , പച്ചപ്പുല്‍മെത്തയില്‍ മൂക്കുരസി രസിച്ചുനടന്ന
മുയല്‍ക്കുട്ടന്മാര്‍ തങ്ങളുടെ ഹൃദയേശ്വരിമാര്‍ക്ക് തേനില്‍ചാലിച്ച
പ്രണയദിന സ്പെഷ്യല്‍ എസ്‌.എം എസ്സുകള്‍ അയച്ചു ,നാളിതുവരെ
ഒരേ സമയം പലരെയും പ്രണയിച്ച പൂവാലനണ്ണാന്‍
പീച്ചുതോട്ടത്തിനരുകിലെ യൂക്കാലിമരത്തില്‍ കൂടുകൂട്ടിയ ഒരു
സുന്ദരിയ്ക്ക് മാത്രമായി തന്‍റെ ഹൃദയം പതിച്ചു നല്‍കി ,
പൂവാലനെന്ന കളിപ്പേരില്‍ നിന്നും എന്നേയ്ക്കുമായി മോചിതനായി
!അങ്ങനെയങ്ങനെ പൂക്കളും പുഴുക്കളും പുല്‍നാമ്പുകളും തുടങ്ങി
അവരെ ചുറ്റിനില്‍ക്കുന്ന സര്‍വ്വവും അവരില്‍ നിന്നും പ്രസരിക്കുന്ന
ഉദാത്ത പ്രണയത്തിന്‍റെ മാസ്മരികതയില്‍ മുങ്ങി നില്‍ക്കെ അവര്‍
പറയാതെ പറയുന്ന വിശേഷങ്ങളിലും , പാടാതെ പാടുന്ന
പാട്ടുകളിലും ,കാണാതെ കാണുന്ന സ്വപ്നങ്ങളിലും പെട്ട് ആ
പ്രണയദിനം സാഫ്രോണ്‍ പൂക്കള്‍ പോലെ ചുവന്നു തുടുത്തു .

Saturday, February 9, 2013

സാന്ത്വനം

കവിത                                                                                       മിനി .പി .സി 




                                                     സാന്ത്വനം 



"പുറമെ   പൊള്ളുന്ന മേടച്ചൂട് 
ഉള്ളിലെ നെരിപ്പോടും കനലണയാതെ കത്തുന്നു
ആരോ  പറഞ്ഞു
 "പോകൂ ,ആ    കാടിനപ്പുറം
 നിനക്ക് സാന്ത്വനമുണ്ട് . "
 അതൊരു കളവായിരുന്നു
 ആ കാട്ടിനപ്പുറം ഇരുണ്ടു ശൂന്യമായിരുന്നു
ആ ഇരുണ്ട ശൂന്യതയില്‍
എനിക്കെവിടെ നിന്ന് കിട്ടും സാന്ത്വനം ?
                                   
                                    എന്‍റെ  ഉഷ്ണം  ഇരട്ടിച്ചു
                                      മുറ്റത്തെ മഞ്ഞ മന്ദാരങ്ങളില്‍ ...
                                      മാവിന്‍റെ തളിര്‍ത്ത ചില്ലയിലെ
                                      പേരറിയാക്കിളികളില്‍ .....
                                      പരിചിത മുഖങ്ങളില്‍ ....
                                       എവിടെ  എവിടെയാണ്  സാന്ത്വനം ?

സാന്ത്വനം തേടി  ഒടുവിലെന്നോ ഞാനീ ,
ക്രൂശിത രൂപത്തിന്‍ മുന്‍പില്‍
നമ്രശീര്‍ഷയാകവേ ...
എന്‍റെ  ഉടലിലാകെ
സാന്ത്വനത്തിന്‍റെ  ഇളം മഞ്ഞിഴയുന്നു
എന്‍റെ  മിഴികളിലൂടെ
സ്നേഹത്തിന്‍  തെളിനീരൊഴുകുന്നു
എന്‍റെയുള്ളിലെ  കത്തുന്ന വേനല്‍
ഒരു വസന്തത്തിനായ്‌  വഴിമാറുന്നു
എന്‍റെയോരോ  അണുവിലും
എന്‍റെ നാഥന്‍റെ സ്നേഹം  നിറയുന്നു
ഈ  കുന്തിരിക്കത്തിന്‍ പുകമറയ്ക്കുള്ളില്‍
എന്‍റെ   നാഥന്‍റെ  കരവലയങ്ങളില്‍
ഇന്ന് ഞാനറിയുന്നു  യഥാര്‍ത്ഥ  സാന്ത്വനം  . "