Wednesday, May 30, 2012

പ്രണയം


കവിത                                                                                                            മിനി.പി സി
     
                                    പ്രണയം   
''
     പ്രണയത്തിന്‍ കിളിവാതിലിനപ്പുറമിരുന്നു ,
മനസ്സെന്ന കിളി ചോദിച്ചു "പ്രണയം കാറ്റാണോ,
മഴയാണോ?
അതോ മഴയും കാറ്റും പറഞ്ഞ
മഞ്ഞിന്‍റെ കുളിരുള്ള കഥയാണോ ?
പ്രണയം ലബാനോനിലെ ദേവദാരുവെങ്കില്‍,
ഞാനതിന്‍റെ നെറുകയില്‍ കൂടുകൂട്ടിയേനെ !
പ്രണയം മുത്തുച്ചിപ്പിയെങ്കില്‍,
ഞാനതിലെ മുത്തായേനെ!
പ്രണയം ശാരോനിലെ  പനിനീര്‍പൂവെങ്കില്‍,
ഞാനതിന്‍റെ പൂമ്പൊടിയായേനെ!
പ്രണയം മുന്തിരിവീഞ്ഞെങ്കില്‍,
ഞാനതിന്‍റെ ലഹരിയായേനെ !
          പ്രണയത്തിന്‍ കിളിവാതില്‍ തള്ളിത്തുറന്ന് മനസ്സെന്ന കിളി ചോദിച്ചു വീണ്ടും ,
"പ്രണയമേ നീ കാറ്റാണോ മഴയാണോ ?
അതോ മഞ്ഞും കുളിരും പറഞ്ഞ
മഴയുടെ ചിരിയാണോ "
പ്രണയം കിളിയെ നോക്കി ചിരിച്ചു,
പിന്നെ മഞ്ഞിന്‍ തണുപ്പുള്ള
മഴയുടെ കുളിരുള്ള....കാറ്റിന്‍റെ അലിവുള്ള
തന്‍റെ ആത്മാവോടതിനെ ചേര്‍ത്തു.........
          ആ മഞ്ഞിന്‍ തണുപ്പിലും
                                   മഴയുടെ കുളിരിലും ,കാറ്റിന്‍ അലിവിലും
കിളി അറിഞ്ഞു പ്രണയത്തിനു ചൂടുണ്ട് !!
വിരഹവും വികാരവുമിഴചേര്‍ന്ന
തീക്കനലിന്‍റെ ചൂട് !!!!!
ആ പ്രണയചൂടില്‍ പൊഴിഞ്ഞു വീഴും
തന്‍റെ തൂവലുകളെ നോക്കി വേപഥുവോടെ
കിളി മന്ത്രിച്ചു
             "പ്രണയം തീയാണ് തീക്ഷ്ണവും!!." ''
                 

മുല്ലപ്പെരിയാര്‍

ചെറുകഥ 
         മുല്ലപ്പെരിയാര്‍ 

     ഗ്ലോബല്‍ വാമിങ്ങില്‍ ഭൂമി അടിമുടി ചുട്ടുപഴുത്ത  ഒരു നൂണ്‍ ടൈമിലാണ് ഞാനും ഉബൈദ്‌ അബ്ദുള്ളയും  മുല്ലപ്പെരിയാര്‍ പരിസര നിവാസികള്‍ക്കിടയില്‍ വീണ്ടുമൊരു സന്ദര്‍ശനം നടത്തിയത്. ഏകദേശം ആറു മാസങ്ങള്‍ക്കു മുന്‍പ് അവരെ അഗാധ ഭീതിയിലേക്ക് തള്ളിയിടും വിധം ഡാമിന്‍റെ പഴക്കവും ,വിള്ളലും ,തകര്‍ച്ചാ ഭീഷണിയും  അനുബന്ധ വിഷയങ്ങളും മാസങ്ങളോളം  മത്സരിച്ച് പ്രക്ഷേപണം ചെയ്ത മാധ്യമങ്ങളും .....കിട്ടുന്നിടത്തൊക്കെ നിരഹാരമിരുന്നും കേരളത്തിന്‍റെ  രാഷ്ട്രീയ മാനങ്ങള്‍ക്ക് അതീതരെന്നു തോന്നിക്കും വിധം പ്രസംഗങ്ങള്‍ നടത്തിയും  മുല്ലപെരിയാര്‍ നിവാസികളെ  സാന്ത്വനിപ്പിച്ച  ജനനേതാക്കളും ഇന്ന് അവരെ മറന്നുകളഞ്ഞിരിക്കുന്നു.

 ഈ വിരോധാഭാസങ്ങള്‍ക്കിടയിലും ഡെമോക്ലിസിന്‍റെ വാളുപോലെ
ആ പാവങ്ങളുടെ  തലയ്ക്കു മുകളില്‍  തൂങ്ങികിടക്കുകയാണ് 

ആ ഡാം ...........അതേ ....പഴയ" മുല്ലപ്പെരിയാര്‍ ഡാം" .....പഴക്കം 

ആറു മാസത്തെ കൂടി  അധികരിച്ചിട്ടുണ്ടെന്നു മാത്രം !
"       അപ്പൊ എങ്ങനുണ്ട് സുഹൃത്തേ ആളുകളുടെ പേടിയൊക്കെ മാറിതുടങ്ങിയോ ?"       യാത്രയ്ക്കിടെ  ഉബൈദ്‌ ഓട്ടോ ഡ്രൈവറോട് 
കുശലം ചോദിച്ചു.  ഡ്രൈവര്‍ തല ചെരിച്ച് ഞങ്ങളെ സംശയത്തോടെ 
നോക്കി "     

 പത്രക്കാരോ ,ടി.വിക്കാരോ   ആണെങ്കി ഇറങ്ങിക്കോണം .നിങ്ങളോട്  ഞങ്ങള്‍ക്കാര്‍ക്കും  ഒരു ചുക്കും 
പറയാനില്ല.   പറഞ്ഞിടത്തോളമൊക്കെ മതി ".ആ യുവാവിന്‍റെ  
ധാര്‍മിക രോക്ഷം അണപൊട്ടിയൊഴുകി .ആ രോക്ഷം 
ആ  നാടിന്‍റെ മൊത്തം വികാരപ്രകടനമായി ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ക്ക്  കഴിഞ്ഞു. വിളറിയ  ഒരു  ചിരിയോടെ ഞാന്‍ 
പറഞ്ഞു.  
 "   സഹോദരാ  മുല്ലപ്പെരിയാര്‍ വിഷയം നനഞ്ഞ പടക്കമാക്കി  പലരും മാറ്റിയപ്പോഴും  അതൊരു കത്തുന്ന തീപ്പന്തമായി നെഞ്ചില്‍  കൊണ്ടുനടക്കുന്ന  വലിയൊരു  വിഭാഗം മനുഷ്യസ്നേഹികള്‍  ഇപ്പോഴുമുണ്ട്.! ഞങ്ങള്‍  അവരുടെ പ്രതിനിധികളാണെന്നു  കരുതിയാല്‍ മതി. "

ഓ ഇങ്ങനൊക്കെ എല്ലാര്ക്കും പറയാം മാഷേ  ..............
പക്ഷെ ഞങ്ങള്‍ അനുഭവിക്കുന്ന  ടെന്‍ഷന്‍  ആര്‍ക്കുമറിയില്ല.
.....ഈ ലോകത്തും പരലോകത്തും അനുഭവിക്കാനുള്ളത് 
മുഴുവന്‍  അനുഭവിച്ചു തീര്‍ത്തു .      ഇപ്പോ ഒരു മരവിപ്പാ 
എല്ലാര്‍ക്കും."  അയാള്‍ നിരാശനായി  ഡ്രൈവിങ്ങില്‍ മുഴുകി.        

  അല്പദൂരം പിന്നിട്ടപ്പോള്‍ ഒരു അങ്കന്‍വാടിക്ക് മുന്‍പില്‍ വണ്ടി 
നിര്‍ത്തി അയാള്‍ ഞങ്ങളെ അങ്ങോട്ടു ക്ഷണിച്ചു. " ഒരു നാടിന്‍റെ 
സ്പന്ദനങ്ങളറിയാന്‍ ഇതു പോലുള്ള സ്ഥലങ്ങളാ സാറന്മാരെ  
നല്ലത് !"പ്രസരിപ്പ് വാര്‍ന്ന മുഖത്തോടെ  സ്ലെയിറ്റില്‍  എന്തൊക്കെയോ  കുത്തിവരയ്ക്കുന്ന  മൂന്നും നാലും  വയസുള്ള 
കുട്ടികള്‍ !റ്റീച്ചറും  ഹെല്‍പറും  കുട്ടികള്‍ക്ക് ഉപ്പുമാവുണ്ടാക്കുന്ന 
തിരക്കിലായിരുന്നു.  "എന്‍റെ സാറന്മാരെ ,ഈ  കൊച്ചുങ്ങളെ കണ്ടോ ?ഇവിടെ ഒരു തേങ്ങാ  ചാടിയാല്‍  പോലും ഇതുങ്ങള്  ഞെട്ടി 
വിറയ്ക്കും."ഭൂകമ്പമാണോ  അതോ നമ്മുടെ ഡാം പോട്ടിയോന്നൊക്കെ  ചോദിക്കും ,ഞങ്ങടെ  അവസ്ഥേം  മോശമല്ല .
ഒരു ടെന്‍ഷനുമില്ലാതിരുന്ന ഞങ്ങളെ ഓരോന്ന് പറഞ്ഞു പേടിപ്പിച്ചവരൊക്കെ ഇന്നെവിടെയാന്നറിയാവോ ?!ഞങ്ങളിവിടെ 
കിടന്നു തീ  തിന്നുവാ !ആ പ്രശ്നത്തിന്റെ  പേരില്  എന്തോരം
അക്രമങ്ങളാ  തമിഴന്മാരുണ്ടാക്കിയെ  .ഞങ്ങടെ കൃഷീം  കന്നുകാലികളെമൊക്കെ അവര് നശിപ്പിച്ചു ,ഞങ്ങടെ  അമ്പ്രന്നോന്മാരും , ആണ്മക്കളുമൊക്കെ  എത്ര രാത്രികളില്‍
ഉറങ്ങാതിരുന്നു. !"      
 ഹെല്‍പ്‌പര്‍  രാധ ചേച്ചി  ഒരു  ഗദ്ഗദത്തോടെ  പറഞ്ഞു നിര്‍ത്തി.   
അവിടെ നിന്നും ഇറങ്ങിയപ്പോള്‍  ആസന്ന മരണം  മുന്നില്‍ കണ്ടു ജീവിക്കേണ്ടി വരുന്നവന്‍റെ  ദുരവസ്ഥ യായിരുന്നു  മനസ്സില്‍ .
കുലംകുത്തി പ്രയോഗങ്ങളും  കലക്കവെള്ളത്തിലെ  മീന്‍പിടുത്തവും  ഹോബിയാക്കിയ  കേരള രാഷ്ട്രീയത്തില്‍  
മുല്ലപ്പെരിയാറിനെ ആരോര്‍ക്കാന്‍ ?
             അന്നാമ്മ ചേടത്തിയുടെ  ഒരു ചായ കൂടി  കുടിച്ചിട്ട്  യാത്ര  തിരിക്കാന്‍  ഞങ്ങള്‍  തീരുമാനിച്ചു.
അന്നാമ്മ ചേടത്തി  ദേഷ്യത്തിലായിരുന്നു. " 
   ഓ  എന്നാത്തിനാ  
ഈ രണ്ടു കാര്‍ടൊക്കെ......ആധാറും പിന്നൊരു  സെന്‍സെസ് കാര്‍ഡും    മുങ്ങി ചാവാന്‍   നേരത്ത്  പരലോകത്തോട്ടു കൊണ്ട് പോകാനായിരിക്കും .ചാകുന്ന വരെ  ജീവിക്കണ്ടാന്നായി 
രിക്കും ....
.എത്ര ദിവസായി  കടേം അടച്ചിട്ടു  പോകുന്നു. ...
പിന്നെ  മക്കളെ  നിങ്ങളൊക്കെ  ഞങ്ങളെ  ഓര്‍ക്കുന്നത്‌ 
സന്തോഷമുള്ള  കാര്യാ .പക്ഷെ  ഞങ്ങളെ  രക്ഷിക്കാന്‍  ദൈവം 
തമ്പുരാന്  മാത്രേ  കഴിയൂ ,,"ഞാന്‍  ചേടത്തിയെ  ആശ്വസിപ്പിച്ചു."പഠനങ്ങളൊക്കെ  നടക്കുന്നുണ്ടല്ലോ  എല്ലാം 
ശരി യാവും "         ""എനിക്ക് വല്ല്യ  പഠിപ്പൊന്നുമില്ല  ,
പ്രവചിച്ചു  പറയാനും  എനിക്കറിയില്ല ,എന്നാലും പറയുവാ ,
എല്ലാം പ്രഹസനങ്ങളാ ',സുര്‍ക്കി പരിശോധന നടത്താന്‍ തുരന്നു തുരന്നു  ഈ ഡാം   പൊട്ടിക്കാതിരുന്നാല്‍മതിയായിരുന്നു. .....
മക്കളിനി ,ആവും പോലെ  പ്രവര്‍ത്തിക്കേണ്ടത് , അക്രമ രാഷ്ട്രീയത്തിനും , വില വര്‍ധനയ്ക്കും , പീഡനങ്ങള്‍ക്കുംമൊക്കെ 
എതിരെയാ ..........ആ .....എത്ര    നാളായി   ആളുകള്‍   
പ്രവര്‍ത്തിക്കുന്നു,,എന്നിട്ടും  ഗുണപെടുന്നില്ലല്ലോ  കര്‍ത്താവേ ,
ഇനിയിത്   അന്തിക്രിസ്തുവിന്‍റെ  ഭരണകാലം മറ്റുമായിരിക്കു
മോ ?        ആത്മഗതത്തോടെ  അവര്‍  മറ്റു ജോലികള്‍ക്കായി ,തിരിഞ്ഞപ്പോള്‍  ഞങ്ങള്‍  യാത്ര  പറഞ്ഞിറങ്ങി .
                                                    ബസ്‌ സ്റ്റോപ്പിലേക്കുള്ള യാത്രയിലുടനീളം   എന്‍റെ ,മനസ്സില്‍ അന്നാമ്മ ചെടത്തിയും   അവരുടെ  വാക്കുകളുമായിരുന്നു. 
 ആ  വാക്കുകളിലെ   സത്യത്തിന്‍റെ കയ്പ്പ്  ഉള്ളിലേക്ക് 
കിനിഞ്ഞിറങ്ങവെ  കസബിനും,      കൊട്ടേഷന്‍കാര്‍ക്കും 
 വന്‍കിട അഴിമതിക്കാര്‍ക്കും  മാത്രം  ജീവിത സുരക്ഷിതത്വമുള്ള  ഈ നാടിനെയോര്‍ത്ത്  എനിക്ക് ലജ്ജ  തോന്നി  . തിരികെയുള്ള യാത്രയില്‍  ലൈന്‍ ബസ്സിന്‍റെ  അരികു പറ്റിയിരുന്നു  ഉബൈദ്‌ 
തന്റെ കൈകള്‍ നെഞ്ചോടു ചേര്‍ത്ത് പ്രാര്‍ത്ഥിച്ചു "അന്നാമ്മ ചേടത്തി വിളിക്കുന്ന സ്വര്‍ഗസ്ഥനായ  പിതാവേ .........................
അവരെ എല്ലാവരെയും  പൊന്നുപോലെ  കാത്തോളണെ . " 
  
                                                                                                           മിനി പി സി      

ഈ കഥയിലെ കഥപാത്രങ്ങളും   പേരുകളും സാങ്ങല്പികം ആണ് 



Thursday, May 24, 2012

സൗഹൃദം


      
      സൗഹൃദം


പലരും പുകച്ചു തീര്‍ത്തെറിഞ്ഞ

സിഗരറ്റുകുറ്റികളാവരുത് സൗഹൃദങ്ങള്‍ !

അതിന്‍റെ ആസക്തി തീര്‍ക്കും ലഹരിയില്‍ നിന്ന്

പാഴാകും തുണ്ടുകളില്‍ നിന്നതു പരിണമിക്കണം.........

ആകാശം മുട്ടെ വളരണം .....

പടര്‍ന്നു പന്തലിക്കണം....അതിനു  നിറം വേണം !

മണവും മധുരവും വേണം !

എത്ര വലിച്ചാലും പുകച്ചാലും അത് പകരുന്നത്  അഷ്ടഗന്ധമാവണം.....!

അതിന്‍റെ ലഹരി സ്നേഹമാവണം.....

ഏതിരുട്ടിലും നമുക്കത് ചൂട്ടാവണം....

ഏതു മഴയിലും നമുക്കത് കുടയാവണം.....

എതു പകപ്പിലും നമുക്കത് താങ്ങാവണം......

ഇതു വെയിലിലും നമുക്കത് തണലാവണം ......

ആത്മാര്‍ത്ഥതയുടെ അസ്ഥിബലമാവണം അതിന്,

ആകൃതി നല്‍കേണ്ടത് !

സ്വന്ത ജീവരക്തമൂട്ടി വേണമതിനെ വളര്‍ത്താന്‍!

അപ്പോഴതൊരു തിരിയാവും സ്വയമെരിഞ്ഞില്ലാതാവുംപോഴും

ചൂടും വെളിച്ചവും പകരുമൊരു  മെഴുകുതിരി !!!!!
  
                       
                           മിനി.പി.സി                      

Wednesday, May 23, 2012

ഞാനും നീയും

മിനി പി .സി
                        കവിത 
                     ഞാനും നീയും       

എനിക്ക്  പകരണം.......

. ന്‍റെ മനസ്സു പകരണം......   .

.നിന്‍റെ മനസ്സിലേക്കതു  പകരുമ്പോഴാണ്  

എനിക്കു     തൃപ്തി  വരിക  !                               


            എനിക്ക്  ചിരിക്കണം....!

            പൊട്ടിപൊട്ടി ചിരിക്കണം...

            കൂടെ  നീയും ചിരിക്കുമ്പോഴാണ് 

            ചിരിയുടെ ചിലമ്പൊലിയുണരുക..........!

 എനിക്കു കരയണം.....

വിങ്ങി വിങ്ങി കരയണം...

 നിന്‍റെ നെഞ്ചില്‍ മുഖം 

 ചേര്‍ത്തു കരയുമ്പോഴാണ്

 എല്ലാം പെയ്തൊഴിയുക.......!.

            എനിക്കു ചിന്തിക്കണം ....

            ഗഹനമായ് ചിന്തിക്കണം

            നിന്‍റെ മടിത്തട്ടില്‍....... 

             തലചായ്ച്ച് ചിന്തിക്കുമ്പോഴാണ്

            എന്‍റെ ഭാവനകളുണരുക.........!.

               
 എനിക്കു പറക്കണം 
              
 മാനം മുട്ടെ പറക്കണം ............

 നിന്‍റെ ചിറകോടെന്‍റെ ചിറകു 
             
 ചേര്‍ത്തു പറന്നുയരുമ്പോഴാണ്
 
 താഴെ  ലോകത്തിന്‍റെ  നശ്വരത  

 എനിക്കു കാണാനാവുക...........!
                               
                                                                                                         

Sunday, May 20, 2012

മാരകവികിരണങ്ങള്‍


ചെറുകഥ                                                                                 മിനി.പി.സി.      
      
മാരകവികിരണങ്ങള്‍
 



മുറിയിലെ പകല്‍വെളിച്ചം നേര്‍ത്തുനേര്‍ത്തില്ലാതാവുമ്പോള്‍ഭിത്തികളില്‍അയാള്‍കോറിയിട്ട അയഥാര്‍ത്ഥചിത്രങ്ങളിലെ അജ്ഞാത വര്‍ണ്ണക്കൂട്ടുകള്‍നുറുങ്ങുവെട്ടങ്ങള്‍പ്രസരിപ്പിച്ചുതുടങ്ങും...... അപ്പോള്‍അവയില്‍നിന്നും ക്രിസ്ത്വബ്ദതിനു മുന്‍പുള്ള ഏതോ യുദ്ധമവശേഷിപിച്ച വാളുകളുടെ ഹുങ്കാരവും ചെങ്കോലുകളുടെ കിലുക്കവും കേള്‍ക്കാം! ചിലപ്പോള്‍പെട്ടന്നതു പരിണമിച്ച് അണ്ണാഹസാരയുടെ അഴിമതിവിരുദ്ധ പ്രകടനങ്ങളിലൂടെ ...........,മാറുന്ന വിപ്ലവമുഖങ്ങളുടെ,നെഞ്ചില്‍ആഴ്ന്നിറങ്ങുന്ന,കടാരയുടെ ക്രൌര്യമായ് മാറുമ്പോള്‍തന്‍റെ ചെവി കൂര്‍പ്പിച്ചു വെച്ചുകൊണ്ട് അയാള്‍,വര തുടങ്ങും.                     
        ഗ്ലോബലൈസേഷന്‍വന്നതിനുശേഷം തന്‍റെ  മുറിയില്‍നിന്നും ,അയാള്‍പുറത്തിറങ്ങിയിട്ടില്ല,! രൂപയുടെ മൂല്യത്തകര്‍ച്ചയില്‍കിട്ടാക്കനിയായി തീര്‍ന്ന പലതിന്‍റെയും സാമ്പിള്‍ചിത്രങ്ങള്‍നാളേയ്ക്കായി അയാള്‍വരച്ചുസൂക്ഷിച്ചു.കാളവണ്ടി യുഗത്തിലേക്കൊരു തിരിച്ചുപോക്ക്  വിഭാവനം ചെയ്ത ഗാന്ധിയന്‍ചിന്താസരണിയുടെ നിഷ്ക്കളങ്കതയും സത്യസന്ധതയും എന്നും അയാള്‍നെഞ്ചോടു ചേര്‍ത്തുപിടിച്ചിരുന്നു.....;;പ്രകൃതിയെ പ്രകോപിപ്പിക്കാതെ പ്രണയിച്ച്‌;മുറ്റത്തെ ഒരു തുണ്ട് ഭൂമിയില്‍പോലും വിത്തെറിയുന്ന കര്‍ഷകന്‍.........ഗ്ലോബല്‍വാമിങ്ങില്‍വെന്തെരിഞ്ഞു പോകാതെ ശീതളിമ പ്രദാനം ചെയ്യുന്ന പഴയ ആ ഓലകുടിലുകള്‍........മുനിഞ്ഞുകത്തുന്ന റാന്തല്‍വിളക്കുകള്‍....വിഷുക്കണിയില്‍മാത്രമൊതുങ്ങുന്ന പൊന്ന് ......മാനം പോകാത്ത പെണ്ണ്..........ഭരിക്കാന്‍കൊടിയുടെനിറം  നോക്കാത്ത ;ചുറ്റും ഏറാന്‍മൂളികളും ;കെടുകാര്യസ്ഥന്‍മാരുമില്ലാത്ത;കള്ളവും ചതിവും എള്ളോളം തൊട്ടുതീണ്ടാത്ത ഒരു ആമ്പിറന്നവന്‍!തന്‍റെ  വര ഇത്രത്തോളമായപ്പോള്‍ആ   ആണ്‍പിറന്നവനു വേണ്ടിയുള്ള ഈ നാടിന്‍റെ ദാഹത്താല്‍അയാള്‍വിവശനായികഴിഞ്ഞിരുന്നു ..അത്തരമൊരു ആണ്‍പിറന്നവനെ ഈ ലോകത്തിലേക്ക്‌കൊണ്ടുവരേണ്ടതിന്‍റെ ധാര്‍മിക ഉത്തരവാദിത്വം തനിക്കാണെന്ന തിരിച്ചറിവ് നെഞ്ചില്‍കനലെരിയിക്കവേ തന്‍റെ ബ്രഷ് പ്രത്യാശയുടെ ചായത്തില്‍ മുക്കി ഈ  ലോകത്തിലേക്ക്‌അവനായി ഒരു വീഥി ഒരുക്കാന്‍അയാളാഞ്ഞു...........പൊടുന്നനെ ഭിത്തിക്കപ്പുറം നിന്ന് അയാള്‍ക്കെതിരെ അട്ടഹാസങ്ങളുയര്‍ന്നു!"ഈ നാടിനെ ഗുണം പിടിപ്പിക്കാന്‍കരുത്തുള്ള ഒരുത്തനേയും ഈ ഭൂമുഖത്ത് ഞങ്ങള്‍വെച്ചുപൊറുപ്പിക്കുകയില്ലെന്നു" ആക്രോശിച്ചു കൊണ്ട് ആ മുപ്പത്തിമുക്കോടി രാഷ്ട്രീയാസുരന്മാര്‍പ്രവഹിപ്പിച്ച
മാരകവികിരണങ്ങള്‍ഏററ് ആ പാവം മരിച്ചു വീണു.    

കാറ്റാടി മരത്തണല്‍


കാറ്റാടി മരത്തണല്‍

  ഉഷ്ണമാപിനികള്ക്ക് അളന്നെടുക്കാനാവാത്തയളവില്

    സിരകള്ക്കു ചൂടുപിടിക്കുമ്പോഴാണ്  

       അയാള്‍  കാറ്റാടിമരത്തണല്‍ തേടുക!

     അവിടെ ചൂളംകുത്തിയെത്തുന്ന കാറ്റിനൊപ്പ-

     മുയരുന്ന ദലമര്മ്മരങ്ങള് തിരമാലകളെയോര്മിപ്പിക്കവേ

      കടലാവണക്കുകള്ക്കിടയിലെ....കല്പ്പവൃക്ഷംപോലെ

     മരോട്ടികള്ക്കിടയിലെ    മഞ്ചാടി മരംപോലെ

     അസഹിഷ്ണുതകള്ക്കിടയിലും അയാള്ക്കു ചിരിക്കാനാവും!

    ചിരിക്കുമ്പോള്‍ നെഞ്ചില്‍  ചിറകൊതുക്കാന്‍ കുയിലുകളും

    തൂവലുകള്കടം തരാന്  ഓലേഞ്ഞാലികളും ഉണ്ടെന്ന 

    ബോദ്ധ്യം...ആ കാറ്റാടി മരത്തണലിലേക്ക് 

    അയാളെ കൈപിടിച്ച് നടത്തും ........!

    ഉള്ളിലെ ഉഷ്ണവും  കൊടിയവേനലും

   ആശ്ലേഷിച്ചില്ലതാക്കുന്ന കുയിലുകളുടെ കണ്ണില്

    അമ്മയെ തിരഞ്ഞുകൊണ്ട് ഓലേഞ്ഞാലികളുടെ തൂവല്

   തൊട്ടിലാക്കിയുറങ്ങവെ ......

    ഉഷ്ണമാപിനികള്‍ക്ക്പിടികൊടുത്തുകൊണ്ട് 

    അയാളുടെ സിരകളിലെ ഉഷ്ണം

   കാറ്റാടി പാടങ്ങള്ക്കപ്പുറം മറ്റാരെയോ തിരഞ്ഞുപോകും   "

                                           
               മിനി.പി.സി